വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വ്യാജ വാർത്തകൾക്ക് തടയിടാൻ സർക്കാർ ബഹുതല സംവിധാനം ഏർപ്പെടുത്തി; വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എഫ്.സി.യു, ഐ.ടി നിയമങ്ങൾ, മാധ്യമ നിയന്ത്രണങ്ങൾ എന്നിവ ശക്തമാക്കി
കൃത്യമായ വിവര കൈമാറ്റം ഉറപ്പാക്കാൻ പി.ഐ.ബി ഫാക്റ്റ് ചെക്ക് വിഭാഗം സജീവം
പോസ്റ്റഡ് ഓണ്‍:
02 APR 2026 4:09PM by PIB Thiruvananthpuram
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലാണ് (PIB) ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും ഈ വിഭാഗം കണ്ടെത്തുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തിയ ശേഷം, അതിർത്തി ജില്ലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശരിയായ വിവരങ്ങൾ എത്തിക്കുന്നതിനായി തങ്ങളുടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ എഫ്.സി.യു ഇത് പ്രസിദ്ധീകരിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഓൺലൈനിലൂടെ പ്രചരിച്ച വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും കണ്ടെത്തുന്നതിൽ ഫാക്റ്റ് ചെക്ക് വിഭാഗം സജീവമായി പ്രവർത്തിച്ചു. വ്യാജ അവകാശവാദങ്ങൾ കൃത്യസമയത്ത് തന്നെ പരിശോധിച്ച് ബോധ്യപ്പെട്ട യൂണിറ്റ്, യഥാർത്ഥ വിവരങ്ങൾ നൽകുകയും പൊതുജനങ്ങളുമായുള്ള ആശയവിനിമയം കൃത്യതയുള്ളതാണെന്ന് ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, ഓപ്പറേഷൻ സിന്ദൂർ വേളയിൽ ഡിജിറ്റൽ മീഡിയയിലുള്ള 1,400-ലധികം URL-കൾ തടയാൻ മന്ത്രാലയം നിർദ്ദേശം നൽകി. പ്രധാനമായും പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും ഇന്ത്യാ വിരുദ്ധവുമായ വാർത്തകൾ, വർഗീയ - വൈകാരിക ഉള്ളടക്കങ്ങൾ, ഇന്ത്യൻ സായുധ സേനയെ അപകീർത്തിപ്പെടുത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങൾ എന്നിവയായിരുന്നു ഈ URL-കളിൽ ഉണ്ടായിരുന്നത്.
ഐടി നിയമത്തിലെ 69A വകുപ്പ് പ്രകാരം, ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും തടയാൻ സർക്കാരിന് അധികാരമുണ്ട്. വ്യാജവാർത്തകൾ തടയുന്നതിനായി നിലവിലുള്ള നിയമപരവും സ്ഥാപനപരവുമായ സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ സ്വീകരിക്കുന്ന പ്രധാന നടപടികൾ ചുവടെ വിവരിക്കുന്നു:
അച്ചടി മാധ്യമങ്ങൾ: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) പുറപ്പെടുവിച്ചിട്ടുള്ള "പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങൾ" പത്രങ്ങൾ പാലിക്കേണ്ടതുണ്ട്. വ്യാജമോ, അപകീർത്തികരമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെ ഈ ചട്ടങ്ങൾ വിലക്കുന്നു. പി.സി.ഐ ആക്ട് സെക്ഷൻ 14 പ്രകാരം, ഈ ചട്ടങ്ങളുടെ ലംഘനത്തെക്കുറിച്ച് കൗൺസിൽ അന്വേഷണം നടത്തുകയും സാഹചര്യത്തിനനുസരിച്ച് പത്രങ്ങൾക്കോ എഡിറ്റർമാർക്കോ പത്രപ്രവർത്തകർക്കോ മുന്നറിയിപ്പ് നൽകുകയോ ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാം.
ടെലിവിഷൻ: 1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റഗുലേഷൻ) ആക്ട് പ്രകാരമുള്ള 'പ്രോഗ്രാം കോഡ്' ടിവി ചാനലുകൾ പാലിക്കേണ്ടതുണ്ട്. അശ്ലീലമോ, അപകീർത്തികരമോ, മനഃപൂർവം തെറ്റായതോ, അർദ്ധസത്യങ്ങളോ ആയ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (ഭേദഗതി) ചട്ടങ്ങൾ 2021 പ്രകാരം, ചാനലുകൾ ഈ നിയമം ലംഘിച്ചാൽ പരാതികൾ പരിശോധിക്കുന്നതിനായി മൂന്ന് തലങ്ങളിലുള്ള പരാതി പരിഹാര സംവിധാനം നിലവിലുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടികൾ സ്വീകരിക്കും.
ഡിജിറ്റൽ മീഡിയ: ഡിജിറ്റൽ മീഡിയയിലെ വാർത്താ പ്രസാധകർക്കും ഓൺലൈൻ ഉള്ളടക്ക പ്രസാധകർക്കുമായി 2021-ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ (ഐടി നിയമം 2021) നിലവിലുണ്ട്. ഇത് പെരുമാറ്റച്ചട്ടം നൽകുന്നതിനൊപ്പം, ആ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി മൂന്ന് തലങ്ങളിലുള്ള സ്ഥാപനപരമായ സംവിധാനവും ഉറപ്പാക്കുന്നു.
1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റഗുലേഷൻ) ആക്ട് പ്രകാരമുള്ള പ്രോഗ്രാം കോഡും അഡ്വർടൈസിംഗ് കോഡും പാലിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കൃത്യമായ ഇടവേളകളിൽ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അതിർത്തി ജില്ലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൃത്യവും സമയബന്ധിതവും അതോടൊപ്പം പ്രാദേശികമായി പ്രസക്തവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (CRSs) പ്രധാന പങ്ക് വഹിക്കുന്നു. പ്രാദേശിക സമൂഹത്തിന് പെട്ടെന്ന് പ്രയോജനപ്പെടുന്നതും അവരുടെ ആശങ്കകൾ പരിഹരിക്കുന്നതും തെറ്റായ വിവരങ്ങളെ ഫലപ്രദമായി ചെറുക്കുന്നതുമായിരിക്കണം ഇത്തരം പരിപാടികൾ. കമ്മ്യൂണിറ്റി റേഡിയോയിൽ പ്രക്ഷേപണം ചെയ്യേണ്ടവയുടെ ഉള്ളടക്കം തീരുമാനിക്കുന്നതിനായി പ്രാദേശിക സമൂഹത്തിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു 'അഡ്വൈസറി ആൻഡ് കണ്ടെന്റ് കമ്മിറ്റി' രൂപീകരിക്കേണ്ടതുണ്ട്. വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്താനും അവർക്ക് എളുപ്പത്തിൽ മനസ്സിലാകാനും പ്രാദേശിക ഭാഷകളിലും ഭാഷാഭേദങ്ങളിലും പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് ഇതിലൂടെ മുൻഗണന നൽകുന്നത്.
ശ്രീ ഉമ്മേദ റാം ബേനിവാൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
******
( റിലീസ് ഐ.ഡി: 2248510)
സന്ദര്‍ശക കൗണ്ടര്‍ : 14