പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
"ടീം ഇന്ത്യ" എന്ന നിലയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ രാജ്യം ഈ സാഹചര്യം വിജയകരമായി അതിജീവിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു
സാമ്പത്തിക-വ്യാപാര സ്ഥിരത നിലനിർത്തുക, ഊർജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, വ്യവസായ-വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് ഗവൺമെൻറ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു
വിതരണ ശൃംഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പൂഴ്ത്തിവെപ്പിനും അമിത ലാഭക്കൊള്ളയ്ക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
കാർഷിക മേഖലയിൽ മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമാണെന്നും, പ്രത്യേകിച്ച് വളത്തിന്റെ സംഭരണവും വിതരണവും നിരീക്ഷിക്കുന്നതിൽ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
മാറിവരുന്ന സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ എല്ലാ തലങ്ങളിലും ശക്തമായ ഏകോപന സംവിധാനങ്ങൾ വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
ഷിപ്പിംഗ്, അവശ്യസാധനങ്ങൾ, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ അതിർത്തി സംസ്ഥാനങ്ങളിലും തീരദേശ സംസ്ഥാനങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി; കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം പ്രാധാന്യം നൽകി
സാഹചര്യം നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രിമാർ അഭിനന്ദിച്ചു
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാനും സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം വർദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങളെ മുഖ്യമന്ത്രിമാർ സ്വാഗതം ചെയ്തു
തങ്ങളുടെ സംസ്ഥാനങ്ങളിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവ മതിയായ അളവിൽ ലഭ്യമാണെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രിമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു
സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന പ്രതിജ്ഞാബദ്ധത മുഖ്യമന്ത്രിമാർ ആവർത്തിച്ചു
പോസ്റ്റഡ് ഓണ്‍:
27 MAR 2026 9:22PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെത്തുടർന്നുണ്ടായ സാഹചര്യങ്ങളും ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുടെയും യോഗം വീഡിയോ കോൺഫറൻസിംഗിലൂടെ വിളിച്ചുചേർത്തു.
മുഖ്യമന്ത്രിമാർ പങ്കുവെച്ച വിലപ്പെട്ട നിർദ്ദേശങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഈ നിർദ്ദേശങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ അതീവ ജാഗ്രതയും സജ്ജീകരണങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം സൂചിപ്പിച്ചുകൊണ്ട്, സമാനമായ ആഗോള തടസ്സങ്ങളെ നേരിട്ട മുൻപരിചയം ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് വിതരണ ശൃംഖലയെയും വ്യാപാരത്തെയും ജനജീവിതത്തെയും ബാധിച്ച ആഘാതം കുറയ്ക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും "ടീം ഇന്ത്യ" ആയി എങ്ങനെ ഒത്തൊരുമിച്ച് പ്രവർത്തിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. നിലവിലെ സാഹചര്യങ്ങളെ അതിജീവിക്കുന്നതിനും ഇതേ സഹകരണവും ഏകോപനവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിനാൽ തുടർച്ചയായ നിരീക്ഷണവും സാഹചര്യങ്ങൾക്കനുസരിച്ചുള്ള തന്ത്രങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാർച്ച് 3 മുതൽ ഒരു അന്തർ മന്ത്രാലയ സമിതി (Inter-Ministerial Group) പ്രവർത്തിക്കുന്നുണ്ടെന്നും, അവർ ദിവസേന സ്ഥിതിഗതികൾ വിലയിരുത്തി കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക-വ്യാപാര സ്ഥിരത നിലനിർത്തുക, ഊർജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, വ്യവസായ-വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് ഗവൺമെൻറ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംസ്ഥാനങ്ങളുടെ നിർണ്ണായക പങ്കിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് സംസ്ഥാന തലത്തിലാണെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിരന്തരമായ ആശയവിനിമയവും ഏകോപനവും ആവശ്യമാണെന്നും, വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കുന്നതിലൂടെയും സംയുക്ത തീരുമാനങ്ങളിലൂടെയും നടപടികൾ വേഗത്തിലും കൃത്യതയുള്ളതാക്കാനും സാധിക്കുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിതരണ ശൃംഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പൂഴ്ത്തിവെപ്പിനും അമിത ലാഭക്കൊള്ളയ്ക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിന്റെയും ഭരണപരമായ ജാഗ്രത പാലിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ഖാരിഫ് സീസണിൽ കർഷകർ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ കാർഷിക മേഖലയിൽ മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമാണെന്നും, പ്രത്യേകിച്ച് വളത്തിന്റെ സംഭരണവും വിതരണവും നിരീക്ഷിക്കുന്നതിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ യഥാസമയം എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഷിപ്പിംഗ്, അവശ്യസാധനങ്ങൾ, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ അതിർത്തി സംസ്ഥാനങ്ങളിലും തീരദേശ സംസ്ഥാനങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പൊതുജനങ്ങളുടെ ആത്മവിശ്വാസം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ഉറപ്പ് നൽകുന്നത് പൗരന്മാർക്കിടയിലെ അനാവശ്യ ഭീതി തടയാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പശ്ചിമേഷ്യയിൽ പ്രവാസികളുള്ള സംസ്ഥാനങ്ങൾ ഹെൽപ്പ് ലൈനുകൾ ആരംഭിക്കണമെന്നും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും നിർദ്ദേശിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ജില്ലാതല പിന്തുണാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാമ്പത്തിക-വിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സമീപ വർഷങ്ങളിൽ നടത്തിയ ശ്രമങ്ങൾ നിലവിലെ സാഹചര്യത്തിൽ ഗുണകരമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യവസായ മേഖലയുടെയും എം.എസ്.എം.ഇ (MSME) കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനും ഉൽപ്പാദനത്തിലും തൊഴിലവസരങ്ങളിലും സ്ഥിരത ഉറപ്പാക്കുന്നതിനും അവരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാറിവരുന്ന സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള പതിവ് അവലോകനങ്ങളും ജില്ലാതലത്തിലുള്ള തുടർച്ചയായ നിരീക്ഷണവും ഉൾപ്പെടെ എല്ലാ തലങ്ങളിലും ശക്തമായ ഏകോപന സംവിധാനങ്ങൾ വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അടിയന്തര നടപടികൾക്കൊപ്പം തന്നെ ദീർഘകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ (GOBARdhan) പദ്ധതി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ബദൽ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകൾ വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളുടെ സജീവ സഹകരണത്തോടെ രാജ്യത്തിനകത്തുള്ള എണ്ണ, പ്രകൃതിവാതക പര്യവേക്ഷണങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഈ വെല്ലുവിളിയെ നേരിടുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. "ടീം ഇന്ത്യ" എന്ന നിലയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ രാജ്യം ഈ സാഹചര്യത്തെ വിജയകരമായി അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻറ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, എൽ.പി.ജി ലഭ്യത ഉറപ്പാക്കുന്നതും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചതും പോലുള്ള പോസിറ്റീവായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം നേരിടാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രവും ചേർന്നുള്ള കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തെക്കുറിച്ചും ഇത് നേരിടുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളെയും ശുപാർശകളെയും കുറിച്ചും കാബിനറ്റ് സെക്രട്ടറി ശ്രീ ടി. വി. സോമനാഥൻ അവതരണം നടത്തി.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രഗവൺമെൻറ് സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രിമാർ അഭിനന്ദിച്ചു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഈ പ്രതിസന്ധിക്കിടയിലും വിവിധ രാജ്യങ്ങളുമായി പ്രധാനമന്ത്രി നടത്തുന്ന നയതന്ത്ര ഇടപെടലുകളെയും അവർ പ്രശംസിച്ചു.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവ മതിയായ അളവിൽ ലഭ്യമാണെന്നും അവശ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാനുള്ള തീരുമാനത്തെ അവർ വ്യാപകമായി സ്വാഗതം ചെയ്തു; ഇത് പൗരന്മാർക്ക് വലിയ ആശ്വാസം നൽകുമെന്ന് അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ളതിന്റെ 50 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്താനുള്ള തീരുമാനത്തെയും മുഖ്യമന്ത്രിമാർ സ്വാഗതം ചെയ്തു. മാറിവരുന്ന സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി കേന്ദ്രവുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
***
SK
( റിലീസ് ഐ.ഡി: 2248314)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada