പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയ പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
01 APR 2026 5:53PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം സംബന്ധിച്ച്, പൗരന്മാർക്ക് പുതിയ വിവരങ്ങൾ നൽകുന്നതിന് ഇന്ത്യാ ഗവണ്മെൻ്റ് നിരന്തരം നടപടികൾ സ്വീകരിക്കുന്നു. ഈ സാഹചര്യത്തിൽ, പെട്രോളിയം പ്രകൃതിവാതകം, തുറമുഖങ്ങൾ, ഷിപ്പിംഗ് ജലപാത, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പിന്തുണ, സമഗ്ര സ്ഥിരത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ, ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കുവെച്ചു. കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിലെയും സിവിൽ വ്യോമയാന മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുക്കുകയും സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
കാർഷിക മേഖലയിലെ പുതിയ വിവരങ്ങൾ
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാർഷിക മേഖലയിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചും തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കൃഷി, കർഷകക്ഷേമ മന്ത്രാലയം വിവരങ്ങൾ നൽകി. മന്ത്രാലയം ഇപ്രകാരം അറിയിച്ചു:
വിത്ത് മേഖല
· 2026 ലെ ഖാരിഫ് കാലയളവിൽ സുഗമമായ വിത്ത് ലഭ്യതയുണ്ട്. 166.46 ലക്ഷം ക്വിൻ്റലിൻ്റെ ആവശ്യകതയുള്ളപ്പോൾ 185.74 ലക്ഷം ക്വിൻ്റൽ ലഭ്യതയുണ്ട്. ഏകദേശം 19.29 ലക്ഷം ക്വിൻ്റലിൻ്റെ അധിക ലഭ്യതയാണുള്ളത്.
· നെല്ല്- 80.9 ലക്ഷം ക്വിൻ്റൽ, സോയാബീൻ- 35.7 ലക്ഷം ക്വിൻ്റൽ, നിലക്കടല- 21.1 ലക്ഷം ക്വിൻ്റൽ, ചോളം- 11.9 ലക്ഷം ക്വിൻ്റൽ, പയർവർഗ്ഗങ്ങൾ (തുവര, ചെറുപയർ, ഉഴുന്ന്) എന്നിവയുൾപ്പെടെയുള്ള പ്രധാന വിളകളിൽ അധിക ഉൽപാദനമുണ്ട്.
· എണ്ണ വിപണന കമ്പനികൾ വഴി തടസ്സമില്ലാത്ത ഇന്ധന വിതരണത്തോടൊപ്പം, ചോള വിത്ത് ഉണക്കുന്നതിന് എൽപിജി/പിഎൻജിയുടെ മുൻഗണനാ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.
· 2026 ലെ ഖാരിഫ്, റാബി കാലയളവിലേക്ക് വിത്ത് ലഭ്യതയുണ്ട്.
രാസവളങ്ങൾ
· സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് 2026 ലെ ഖാരിഫ് കാലയളവിലെ വളത്തിൻ്റെ ആവശ്യകത 390.54 ലക്ഷം മെട്രിക് ടണ്ണായി കണക്കാക്കിയിട്ടുണ്ട്. ഇതിൽ 180 ലക്ഷം മെട്രിക് ടൺ (46%) ഓപ്പണിംഗ് സ്റ്റോക്കായി ലഭ്യമാണ്. ഇത് സീസൺ കാലയളവിന് തൊട്ടുമുൻപ് സാധാരണ ലഭ്യമായതിനേക്കാൾ ഏകദേശം 33% കൂടുതലാണ്; ലഭ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കൂടാതെ ഏത് ഘട്ടത്തിലും കാർഷിക സാമഗ്രികളുടെയും രാസവസ്തുക്കളുടെയും ക്ഷാമമില്ലെന്നും ഉറപ്പാക്കും.
· രാസവളങ്ങളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ചും സമയബന്ധിതവും ക്രമീകൃതവുമായ രീതിയിൽ രാജ്യത്തിൻ്റെ എല്ലാ കോണിലും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചും 30.03.2026 ന് കർഷക ക്ഷേമ മന്ത്രാലയം, വളം വകുപ്പ്, സംസ്ഥാന സെക്രട്ടറിമാർ എന്നിവരുടെ ഒരു യോഗം ചേർന്നു.
· പൂഴ്ത്തിവയ്പ്പ് അല്ലെങ്കിൽ കരിഞ്ചന്ത, അതിർത്തി കടന്നുള്ള കള്ളക്കടത്ത് അല്ലെങ്കിൽ കാർഷികേതര ആവശ്യങ്ങൾക്കായി വളം മാറ്റി ഉപയോഗിക്കൽ എന്നിവ ഒഴിവാക്കാൻ പ്രത്യേക പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
· കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത്, സബ് ഡിവിഷണൽ, ജില്ലാ തലങ്ങളിൽ സ്ഥാപിതമായ ധർത്തി മാതാ ബച്ചാവോ ആന്ദോളൻ സമിതികൾക്കായി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. നിരീക്ഷണത്തിനും വളത്തിൻ്റെ തുല്യമായ വിതരണത്തിനുമായി വീണ്ടും ഈ പ്രാദേശിക സമിതികളെ സജ്ജമാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
· വളങ്ങളുടെ വിതരണം എളുപ്പമാക്കുന്നതിന് മധ്യപ്രദേശ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഏറ്റെടുത്ത നൂതന രീതികൾ മറ്റു സംസ്ഥാനങ്ങളുമായി പങ്കിട്ടു.
കാർഷിക രാസവസ്തുക്കൾ
· മൂന്ന് തരം കാർഷിക രാസവസ്തുക്കൾ ഉണ്ട് - കീടനാശിനികൾ, കളനാശിനികൾ, കുമിൾനാശിനികൾ. ഇന്ത്യ കാർഷിക രാസവസ്തുക്കളുടെ ഏറ്റവും വലിയ ഉൽപാദകരിൽ ഒന്നാണ്. മതിയായ അളവിൽ കാർഷിക രാസവസ്തുക്കൾ രാജ്യത്ത് ലഭ്യമാണ്.
· 2025-26 കാലയളവിൽ (2026 ഫെബ്രുവരി വരെ) മൊത്തം കാർഷിക രാസവസ്തുക്കളുടെ ഉത്പാദനം 2,61,099 മെട്രിക് ടണ്ണാണ്. ആകെ കണക്കാക്കിയ ആവശ്യകത 74,266 മെട്രിക് ടണ്ണാണ്. അതിൽ ഏകദേശം 42,000 മെട്രിക് ടൺ 2026 ഖാരിഫ് കാലയളവിൽ ആവശ്യമാണ്.
· വ്യവസായ മേഖല, സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിരീക്ഷണത്തോടൊപ്പം ആഴ്ചതോറുമുള്ള തുടർച്ചയായ സംഭാഷണവും നടത്തുന്നു.
· വ്യാജ കീടനാശിനികൾക്കെതിരായ നടപടികൾ ഒന്നിലധികം പങ്കാളികളുടെ ഏകോപിത സമീപനത്തിലൂടെ സ്വീകരിച്ചുവരുന്നു.
· സംസ്ഥാനങ്ങളുമായി സഹകരിച്ച് സംയോജിത കീട പരിപാലന പദ്ധതിയിൽ (ഐപിഎം) ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
· ജൈവ കീടനാശിനികൾ, സുസ്ഥിര രീതികൾ എന്നിവയ്ക്ക് പ്രോത്സാഹനം, കർഷക അവബോധം ശക്തിപ്പെടുത്തൽ, വിള നിരീക്ഷണം, കീട നിരീക്ഷണം, കൃത്യതയുള്ള ഉപദേശം എന്നിവ നൽകുന്നു.
കാർഷികോൽപ്പന്നങ്ങളുടെ വിലനിലവാരം
· കാർഷികോൽപ്പന്നങ്ങളുടെ വില പൊതുവെ സ്ഥിരതയുള്ളതായി തുടരുന്നു. ഇത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു
· തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകൾ നിശ്ചിത പരിധിക്കുള്ളിലാണ്. മൂന്നിൻ്റെയും വിലയിൽ നേരിയ വർധന കാണിക്കുന്നു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സരഹിത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എടുത്തുകാണിച്ചുകൊണ്ട് നിലവിലുള്ള ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചു. ഇത് ഇപ്രകാരമാണ്:
ക്രൂഡ്, റിഫൈനറികൾ
· എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. ആവശ്യത്തിന് അസംസ്കൃത എണ്ണസംഭരണം നിലവിലുണ്ട്. രാജ്യം പെട്രോളിൻ്റെയും ഡീസലിൻ്റെയും ആവശ്യത്തിനുള്ള സംഭരണം നിലനിർത്തുന്നു.
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
ചില്ലറ വിൽപ്പന ശാലകൾ
· രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വിൽപ്പന ശാലകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.
· പെട്രോളിൻ്റെയും ഡീസലിൻ്റെയും പതിവ് ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ല.
· പശ്ചിമേഷ്യയിലെ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.
· ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ ഡീസലിന് ലിറ്ററിന് 21.5 രൂപയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (എടിഎഫ്) ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ ഗവണ്മെൻ്റ് ചുമത്തിയിട്ടുണ്ട്.
· ചില പ്രദേശങ്ങളിൽ കിംവദന്തികൾ കാരണം പരിഭ്രാന്തിയോടെ ഇന്ധനം അധികമായി വാങ്ങുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അസാധാരണമായി ഉയർന്ന വിൽപ്പനയ്ക്കും ചില്ലറ വിൽപ്പന ശാലകളിൽ തിരക്കിനും കാരണമായി. എന്നിരുന്നാലും, രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും സംഭരണമുണ്ട്.
· കിംവദന്തികൾ വിശ്വസിക്കരുതെന്ന് ഗവണ്മെൻ്റ് ആവർത്തിച്ചു. പത്രസമ്മേളനങ്ങളിലൂടെ ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാന ഗവണ്മെൻ്റുകളോട് അഭ്യർത്ഥിച്ചു.
പ്രകൃതി വാതകം
· ആഭ്യന്തര പിഎൻജി, സിഎൻജി ഗതാഗത ഉപഭോക്താക്കൾക്ക് 100% മുൻഗണന നൽകിയിട്ടുണ്ട്.
· ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 80% ആണ്.
· റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
· യൂറിയ പ്ലാൻ്റുകളിലേക്കുള്ള വിതരണം കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 70–75% ആണ്. വിതരണം നിലനിർത്തുന്നതിനായി അധിക എൽഎൻജി, ആർഎൽഎൻജി എന്നിവ ശേഖരിക്കുന്നു.
· വളം പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള വ്യാവസായിക ഉപഭോക്താക്കളോട് അധിക ആവശ്യകതകൾ അതാത് സമയ അടിസ്ഥാനത്തിൽ സൂചിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
· ഐജിഎൽ, എംജിഎൽ, ഗെയിൽ, ബിപിസിഎൽ തുടങ്ങിയ വാതക വിതരണ കമ്പനികൾ ആഭ്യന്തര, വാണിജ്യ പിഎൻജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
· സിജിഡി വിപുലീകരണത്തിനുള്ള അനുമതി നൽകൽ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/യുടികളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ഗവണ്മെൻ്റ് അഭ്യർത്ഥിച്ചു.
· പിഎൻജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ/യുടികൾക്ക് വാണിജ്യ എൽപിജിയുടെ 10% അധിക വിഹിതം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതനുസരിച്ച് വിഹിതം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്.
· സ്കൂളുകൾ, ഹോസ്റ്റലുകൾ, സാമൂഹ്യ അടുക്കളകൾ തുടങ്ങി സാധ്യമാകുന്നിടത്തെല്ലാം അഞ്ച് ദിവസത്തിനുള്ളിൽ പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിജിഡി സ്ഥാപനങ്ങൾക്ക് PNGRB നിർദ്ദേശം നൽകി.
· റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സിജിഡി അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ത്വരിതപ്പെടുത്തിയ അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.
· പൈപ്പ്‌ലൈൻ വിപുലീകരണം കാര്യക്ഷമമാക്കുന്നതിനും എല്ലാ ഇടങ്ങളിലും ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്ന വിതരണം 2026 ഉത്തരവ്, ഗവണ്മെൻ്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
· പ്രതിരോധ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജനവാസ മേഖലകളിൽ പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രാലയം ഒരു ഹ്രസ്വകാല നയ പരിഷ്കരണം പുറപ്പെടുവിച്ചു.
· D-PNG കണക്ഷനുകൾ ത്വരിതപ്പെടുത്തുന്നതിന് PNGRB നിർദ്ദേശം നൽകുകയും 30.06.2026 വരെയായി ദേശീയ പിഎൻജി യജ്ഞം 2.0 ദീർഘിപ്പിക്കുകയും ചെയ്തു.
· മാർച്ചിൽ, 3.25 ലക്ഷത്തിലധികം പൈപ്പ് വാതക കണക്ഷനുകൾ നൽകി. 2.85 ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ സ്ഥാപിച്ചു. 3.5 ലക്ഷം പുതിയ ഉപഭോക്താക്കൾ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തു.
എൽപിജി
· നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിച്ചിട്ടുണ്ട്.
· ഗാർഹിക ഉപഭോക്താക്കളുടെ എൽപിജി വിലയിൽ വർദ്ധന ഉണ്ടായിട്ടില്ല.
· എൽപിജി വിതരണ കേന്ദ്രങ്ങൾ, വാതകം ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
· ഓൺലൈൻ എൽപിജി ബുക്കിംഗുകൾ 92% ആയി വർദ്ധിച്ചു.
· ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള പാചകവാതക വിതരണം 53% ൽ നിന്ന് 81% ആയി വർദ്ധിച്ചു.
· ഇന്നലെ 60 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.
· പ്രതിസന്ധിക്ക് മുമ്പുള്ള സ്ഥിതിയുടെ 70% ആയി വാണിജ്യ എൽപിജി വിതരണം വർദ്ധിപ്പിച്ചു. റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, വ്യവസായങ്ങൾ, കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയ മേഖലകൾക്ക് അധിക വിഹിതം നൽകാൻ മുൻഗണന നൽകുന്നു.
· 2026 മാർച്ച് 23 മുതൽ, 5 കിലോയുടെ 3.9 ലക്ഷത്തിലധികം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.
· ഇന്നലെ 5 കിലോ എഫ്‌ടിഎൽ സിലിണ്ടറുകൾ 65,000-ത്തിലധികം എണ്ണം വിറ്റു.
· 2026 മാർച്ച് 14 മുതൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏകദേശം 55,622 മെട്രിക് ടൺ വാണിജ്യ എൽപിജി ഉത്പാദിപ്പിച്ചു.
മണ്ണെണ്ണ
· എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
· പിഡിഎസ് എസ്‌കെഒ രഹിത സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിയുക്ത പിഎസ്‌യു ഒഎംസി ഔട്ട്‌ലെറ്റുകൾ വഴി വിതരണം സാധ്യമാക്കി.
· 17 സംസ്ഥാനങ്ങളും യുടികളും എസ്‌കെഒ വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശും ലഡാക്കും ഇതിൻ്റെ ആവശ്യം ഇല്ലെന്നറിയിച്ചു.
സംസ്ഥാന ഗവണ്മെൻ്റുകൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പങ്ക്
· പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ പ്രവർത്തിക്കാൻ 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അധികാരമുണ്ട്.
· സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്:
Ø ദിവസേനയുള്ള പത്രസമ്മേളനങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
Ø കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും സ്ഥാപിക്കുക
Ø തെറ്റായ വിവരങ്ങൾ നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക
Ø എൻഫോഴ്‌സ്‌മെൻ്റ് നടപടികളും പരിശോധനകളും ശക്തമാക്കുക
Ø എൽപിജി, എസ്‌കെഒ വിഹിതത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുക
Ø സിജിഡി വിപുലീകരണം ത്വരിതഗതിയിൽ ആക്കുക
Ø പിഎൻജി, ഇതര ഇന്ധനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക
Ø ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്യുക
· 17 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ പത്രസമ്മേളനങ്ങൾ നടത്തുന്നുണ്ട്.
എൻഫോഴ്‌സ്‌മെൻ്റ് നടപടി
· പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി 2800-ലധികം റെയ്ഡുകൾ നടത്തി. ഏകദേശം 500 സിലിണ്ടറുകൾ പിടിച്ചെടുത്തു.
· റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലുമായി പൊതുമേഖലാ സ്ഥാപനങ്ങൾ 1100-ലധികം അപ്രതീക്ഷിത പരിശോധനകൾ നടത്തി.
· എൽപിജി വിതരണക്കാർക്ക് 560-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ നൽകി.
ഗവണ്മെൻ്റ് നടപടികൾ
· ഈ യുദ്ധസാഹചര്യമുണ്ടായിട്ടും, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നൽകുന്നതിനോടൊപ്പം, ആഭ്യന്തര എൽപിജി, പിഎൻജി എന്നിവയ്ക്കും ഗവണ്മെൻ്റ് മുൻഗണന നൽകിയിട്ടുണ്ട്.
· റിഫൈനറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി പ്രത്യേക മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിൻ്റെയും ആവശ്യകതയുടെയും വശങ്ങളിൽ ഗവണ്മെൻ്റ് നിരവധി യുക്തിസഹ നടപടികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
· എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധന സാധ്യതകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
· ചെറുകിട, ഇടത്തരം, മറ്റ് ഉപഭോക്താക്കൾക്ക് കൽക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് ഉയർന്ന അളവിൽ അവ അനുവദിക്കാൻ കൽക്കരി മന്ത്രാലയം, കോൾ ഇന്ത്യയ്ക്കും സിംഗറേനി കൊളിയറിസിനും ഇതിനകം ഉത്തരവ് നൽകി.
· ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്കായി പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതു അറിയിപ്പ്
· പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നു. പെട്രോൾ, ഡീസൽ എന്നിവ അധികമായി വാങ്ങുന്നതിലും എൽപിജി ബുക്കിംഗിലും പരിഭ്രാന്തി ഒഴിവാക്കുക.
· കിംവദന്തികൾ അവഗണിക്കുക. ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
· എൽപിജി സംബന്ധിച്ച് പൗരന്മാരോട് ഇപ്രകാരം അഭ്യർത്ഥിക്കുന്നു–
o ബുക്കിംഗുകൾക്ക് ഡിജിറ്റൽ രീതി ഉപയോഗിക്കുക
o എൽപിജി വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക
· പൗരന്മാരോട് പിഎൻജി, ഇൻഡക്ഷൻ/ഇലക്ട്രിക് കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.
· നിലവിലെ സാഹചര്യത്തിൽ, എല്ലാ പൗരന്മാരും അവരുടെ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജ സംരക്ഷണത്തിന് ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലനിർണ്ണയം
എടിഎഫ് വിലനിർണ്ണയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ സിവിൽ വ്യോമയാന മന്ത്രാലയം പങ്കിട്ടു. അതിൽ ഇങ്ങനെ പ്രസ്താവിച്ചു:
· ആഭ്യന്തര റൂട്ടുകളിലെ ആഭ്യന്തര ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലയിൽ 25% നിരക്കിൽ പരിമിതമായ വർദ്ധന നടപ്പിലാക്കാനുള്ള ഇന്ത്യാ ഗവണ്മെൻ്റിൻ്റെ തീരുമാനത്തെ ഇന്ത്യൻ വ്യോമയാന വ്യവസായം സ്വാഗതം ചെയ്തു.
· പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലമുണ്ടാകുന്ന അഭൂതപൂർവമായ ആഗോള ഊർജ്ജ വില വർദ്ധനക്കിടയിൽ ഈ നടപടി നിർണായക ആശ്വാസം നൽകുന്നു.
· ഇന്ത്യൻ വിമാനക്കമ്പനികളുടെ ആഭ്യന്തര പ്രവർത്തന ചെലവുകൾ കൈകാര്യം ചെയ്യാവുന്ന രീതിയിൽ നിലനിർത്താൻ ഈ ഇടപെടൽ സഹായിക്കുന്നു.
· മൊത്തം പ്രവർത്തന ചെലവിൻ്റെ ഏകദേശം 40% ഇന്ധനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഈ മിതമായ വർദ്ധന, വ്യവസായ തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
· എടിഎഫ് വിലയിൽ 25% എന്ന പരിമിതമായ വർദ്ധന, വിപണി അധിഷ്ഠിത വിലനിർണ്ണയത്തിലൂടെ അധിക ഇന്ധന സർചാർജുകൾ നൽകേണ്ടി വരുമായിരുന്ന സാഹചര്യം ഒഴിവാക്കുന്നു. ഇത് ആഭ്യന്തര യാത്രക്കാർക്ക് മിതമായ വിമാന നിരക്ക് നിലനിർത്താൻ കമ്പനികളെ പ്രാപ്തരാക്കുന്നു.
· വെല്ലുവിളി നിറഞ്ഞ ആഗോള അന്തരീക്ഷത്തിൽ പ്രവർത്തന സ്ഥിരതയും സാമ്പത്തിക സുസ്ഥിരതയും നിലനിർത്തുന്നതിനും യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അത്തരം നിർദിഷ്ട നടപടികൾ അനിവാര്യമാണെന്ന് ഇന്ത്യൻ വിമാന കമ്പനികളെ അറിയിച്ചു.
· ദിവസേന 4.5 ലക്ഷത്തിലധികം യാത്രക്കാർ ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നു. ഇന്ന് രാവിലെ നടത്തിയ ഈ പ്രഖ്യാപനം ഈ യാത്രക്കാർക്കെല്ലാം പ്രയോജനം ചെയ്യും.
• വിമാന യാത്ര താങ്ങാനാവുന്ന ചെലവിൽ ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് ഗവണ്മെൻ്റിൻ്റെ മുൻഗണന. ചരക്കുകളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിലൂടെയും വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും സുപ്രധാനമായ വ്യോമഗതാഗതം നിലനിർത്തുന്നതിലൂടെയും ഈ നടപടി വിശാലമായ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കും.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
• പേർഷ്യൻ ഗൾഫിലെ സമുദ്ര സ്ഥിതിയെക്കുറിച്ചുള്ള നിലവിലെ വിവരങ്ങൾ പങ്കിട്ടു. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചു. ഇതിൽ ഇപ്രകാരം പ്രസ്താവിച്ചു:
· വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ച് പശ്ചിമേഷ്യ മേഖലയിലെ വികസിക്കുന്ന സാഹചര്യം തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ സ്ഥിതിഗതികൾ സുസ്ഥിരമായി തുടരുന്നു.
· 485 ഇന്ത്യൻ നാവികരുള്ള 18 ഇന്ത്യൻ പതാകവാഹക കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുന്നു. കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നു.
· ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായി തുടരുന്നു. സജീവമാക്കിയതിനുശേഷം 4,769 കോളുകളും 9,599-ലധികം ഇമെയിലുകളും ഇതുവഴി കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൈകാര്യം ചെയ്ത 70 കോളുകളും 245 ഇമെയിലുകളും, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സ്വീകരിച്ച 214 കോളുകളും 535 ഇമെയിലുകളും ഉൾപ്പെടുന്നു.
· കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 പേർ ഉൾപ്പെടെ മേഖലയിൽ നിന്ന് ഇതുവരെ 964-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി സ്വദേശത്തേക്ക് എത്തിക്കാൻ ഡിജി ഷിപ്പിംഗ് സഹായിച്ചിട്ടുണ്ട്.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു തിരക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥിരത തുടരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാന മാരിടൈം ബോർഡുകൾ സുഗമമായ തുറമുഖപ്രവർത്തനം സ്ഥിരീകരിച്ചു.
· നാവികരുടെ സുരക്ഷ, ക്ഷേമം, തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി അടുത്ത ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
• ഇന്ത്യൻ മിഷനുകൾ വഴിയുള്ള സഹായം ഉൾപ്പെടെ മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം പങ്കുവച്ചു. മന്ത്രാലയം ഇപ്രകാരം അറിയിച്ചു:
· വിദേശകാര്യ മന്ത്രി പോർച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി സംഭാഷണം നടത്തി. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
· ടെഹ്‌റാനിലെ ഇന്ത്യൻ എംബസി 818 വിദ്യാർത്ഥികൾ ഉൾപ്പെടെ 1,171 ഇന്ത്യൻ പൗരന്മാർക്ക് കര അതിർത്തികൾ വഴി ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകാൻ സൗകര്യമൊരുക്കി. ഇതിൽ 977 പേർ അർമേനിയയിലേക്കും 194 പേർ അസർബൈജാനിലേക്കും കടന്നു. ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ നീക്കം സാധ്യമാക്കുന്നതിൽ അർമേനിയ, അസർബൈജാൻ അധികാരികൾ നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത അറിയിച്ചു.
· ഗൾഫിലും പശ്ചിമേഷ്യൻ മേഖലയിലും വികസിക്കുന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നു.
· ഇന്ത്യൻ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഒരു പ്രത്യേക കൺട്രോൾ റൂം ഇപ്പോഴും പ്രവർത്തിക്കുന്നു. സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും തുടർച്ചയായ ഏകോപനം നിലനിർത്തുന്നു.
· മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകളുമായി പ്രവർത്തിക്കുന്നു. പതിവായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഇന്ത്യൻ സമൂഹത്തിൻ്റെ അസോസിയേഷനുകൾ, സംഘടനകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി ഏകോപനം നടത്തുകയും ചെയ്യുന്നു. അതേസമയം പ്രാദേശിക അധികൃതരുമായും അടുത്ത ബന്ധം പുലർത്തുന്നു.
· വിസ സൗകര്യം, കോൺസുലാർ സേവനങ്ങൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾക്കിടയിൽ അയൽരാജ്യങ്ങളിലൂടെയുള്ള ഗതാഗതം സുഗമമാക്കൽ, ആവശ്യമുള്ളിടത്ത് ലോജിസ്റ്റിക്കൽ പിന്തുണ നൽകൽ എന്നിവയുൾപ്പെടെ ഇന്ത്യൻ പൗരന്മാരുടെ പ്രശ്നങ്ങളും ആശങ്കകളും മുൻകൈയെടുക്കുന്നത് പരിഹരിക്കുന്നത് മിഷനുകൾ തുടരുന്നു.
· ഗൾഫ് മേഖലയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിൽ ഗവണ്മെൻ്റ് പ്രത്യേക ശ്രദ്ധ ചെലുത്തുകയും അവരുടെ അധ്യയന വർഷത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള ബോർഡുകൾ, ജെഇഇ, നീറ്റ് പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട അക്കാദമിക് ആശങ്കകൾ പരിഹരിക്കുന്നതിന് മിഷനുകൾ പ്രാദേശിക അധികൃതർ, ഇന്ത്യൻ സ്കൂളുകൾ, ബന്ധപ്പെട്ട ബോർഡുകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവയുമായി പതിവായി ബന്ധപ്പെടുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
· മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സർവീസ് സ്ഥിതി മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 5,98,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി.
· യുഎഇയിൽ, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളെ അടിസ്ഥാനമാക്കി വിമാനക്കമ്പനികൾ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ പരിമിതമായ എണ്ണത്തിൽ സർവീസ് നടത്തുന്നത് തുടരുന്നു. ഏകദേശം 90 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നു.
· ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8 മുതൽ 10 വരെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കുവൈറ്റ്, ബഹ്‌റൈൻ വ്യോമാതിർത്തികൾ അടച്ചിട്ടിരിക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും ബഹ്‌റൈനിലെ ഗൾഫ് എയറും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നു.
· വിമാന നിയന്ത്രണങ്ങളും വ്യോമാതിർത്തി അടച്ചിടലും കാരണം, ഇന്ത്യൻ പൗരന്മാർക്ക് ഇതര റൂട്ടുകളിലൂടെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നു. അവ ഇപ്രകാരമാണ്:
Ø ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക്.
Ø ഇസ്രായേലിൽ നിന്ന്, ഈജിപ്ത്, ജോർദാൻ വഴി ഇന്ത്യയിലേക്ക്.
Ø ഇറാഖിൽ നിന്ന്, ജോർദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക്.
Ø കുവൈറ്റിൽ നിന്നും ബഹ്‌റൈനിൽ നിന്നും, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക്.
· ദുബായിൽ നടന്ന ആക്രമണങ്ങളിൽ, 3 ഇന്ത്യൻ പൗരന്മാർക്ക് നിസ്സാര പരിക്കേറ്റു. അവർ പ്രാദേശിക ആശുപത്രികളിൽ വൈദ്യ ചികിത്സയിലാണ്. ഒരാളെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. പരിക്കേറ്റ വ്യക്തികളുമായും അവരുടെ കുടുംബങ്ങളുമായും കോൺസുലേറ്റ് അടുത്ത ബന്ധം പുലർത്തുകയും അവർക്ക് എല്ലാ സഹായവും നൽകുകയും ചെയ്യുന്നു.
· മാർച്ച് 11 ന് ഇറാഖ് തീരത്ത് എംടി സേഫ് സീ വിഷ്ണുവിൽ നടന്ന അനിഷ്ട സംഭവത്തിൽ ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടമായി. മാർച്ച് 29 ന് കുവൈത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ നിർഭാഗ്യവശാൽ മറ്റൊരു ഇന്ത്യക്കാരന് ജീവഹാനി നേരിട്ടു. മരിച്ച രണ്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ ഇന്ത്യയിലെത്തിച്ചു. മന്ത്രാലയം അവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ഈ ദുഷ്‌കരമായ സമയത്ത് അവരോട് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
****
( റിലീസ് ഐ.ഡി: 2248079)
സന്ദര്‍ശക കൗണ്ടര്‍ : 3