പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യന്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രധാന മേഖലകളിലെ പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 31 MAR 2026 2:55PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർണായക മേഖലകളിൽ സ്ഥിരത നിലനിർത്താന്‍ കേന്ദ്രസർക്കാർ ഏകോപിത നടപടികൾ സജീവമായി സ്വീകരിച്ചുവരുന്നു.  തടസരഹിത ഊർജ വിതരണം ഉറപ്പാക്കുന്നതിലും സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിലും മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഈ ശ്രമങ്ങളുടെ നിലവിലെ സ്ഥിതി താഴെ നല്‍കുന്നു.

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജി.യുടെയും തടസരഹിത ലഭ്യത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം ഇപ്രകാരമാണ്:

അസംസ്‌കൃത എണ്ണയും എണ്ണ സംസ്കരണശാലകളും 

  • എല്ലാ എണ്ണ സംസ്കരണശാലകളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു. അസംസ്‌കൃത എണ്ണയുടെ ശേഖരം ആവശ്യത്തിന് ലഭ്യമാണ്. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരം രാജ്യം നിലനിർത്തുന്നു.  
  • ആഭ്യന്തര ഉപഭോഗം മുൻനിർത്തി എണ്ണസംസ്കരണശാലകളിലെ  എൽ.പി.ജി. ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്.  

ചില്ലറവില്പന കേന്ദ്രങ്ങള്‍ 

  • രാജ്യത്തെ എല്ലാ ചില്ലറവില്പന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണവിലയിൽ അസാധാരണ വർധനയ്ക്ക്  കാരണമായിട്ടുണ്ട്. ഇതിന്റെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍  കേന്ദ്രസർക്കാർ ഈ ഭാരത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കുകയും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
  • കൂടാതെ, ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന് ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധന കയറ്റുമതിക്ക് ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ സർക്കാർ ഏർപ്പെടുത്തി.  
  • അഭ്യൂഹങ്ങൾ മൂലം ചിലയിടങ്ങളിൽ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പമ്പുകളിൽ അസാധാരണമായ വില്പനയ്ക്കും വലിയ തിരക്കിനും കാരണമാകുന്നു. എന്നാൽ രാജ്യത്തെ എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരം ലഭ്യമാണെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.  
  • അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് സർക്കാർ ആവര്‍ത്തിച്ച് നിര്‍ദേശിച്ചു.  അഭ്യൂഹങ്ങൾ തടയുന്നതിനായി വാര്‍ത്താസമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

 

പ്രകൃതിവാതകം

  • ഗാർഹിക പി.എൻ.ജി, ഗതാഗതത്തിനുപയോഗിക്കുന്ന സി.എൻ.ജി എന്നിവയ്ക്ക് 100% വിതരണമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മുൻഗണന നൽകിയിട്ടുണ്ട്.
  • ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ച വ്യാവസായിക-വാണിജ്യ ഉപഭോക്താക്കൾക്ക് ശരാശരി ഉപഭോഗത്തിന്റെ 80% വിതരണം നിലനിർത്തുന്നു.
  • വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കുന്നതിന്  എല്ലാ ഭൂമിശാസ്ത്ര മേഖലകളിലെയും റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
  • നിലവിൽ പ്രവർത്തനക്ഷമമായ യൂറിയ പ്ലാന്റുകളിലേക്ക് ഇന്ധനവിതരണം കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 70 മുതല്‍ 75%  വരെയെന്ന  നിലയിൽ സുസ്ഥിരമായി തുടരുന്നു. വിതരണവും പൈപ്പ്‌ലൈനിലെ മര്‍ദവും നിലനിര്‍ത്താന്‍ അധിക ദ്രവീകൃത പ്രകൃതിവാതക ശേഖരവും  പുനർവാതകീകരിച്ച  എൽ.എൻ.ജിയും ലഭ്യമാക്കുന്നുണ്ട്.
  • വളം പ്ലാന്റുകൾ ഉൾപ്പെടെ എല്ലാ വ്യാവസായിക ഉപഭോക്താക്കളോടും അവരുടെ അധിക ആവശ്യകതകൾ തത്സമയ ആവശ്യാനുസരണം അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് ഗ്യാസ് വിപണന കമ്പനികൾ വഴി ലഭ്യമാക്കും.
  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ പുതിയ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അപേക്ഷകളിലെ അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രാലയങ്ങളോടും  കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു.
  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തില്‍ നടത്തുന്ന മാറ്റത്തിന് സഹായകമായ വിധത്തിൽ സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകാമെന്ന് 2026 മാര്‍ച്ച് 18-ലെ കത്തിലൂടെ കേന്ദ്രസർക്കാർ ഉറപ്പുനല്‍കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഗ്യാസ് വിതരണ ശൃംഖല പ്രോത്സാഹിപ്പിക്കാന്‍ പരിഷ്കാരങ്ങൾ നടപ്പാക്കിയ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചു. ഇതിനനുസരിച്ച് ചില സംസ്ഥാനങ്ങൾക്ക് അധിക വിഹിതം അനുവദിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.
  • പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ ഇടങ്ങളിൽ റെസിഡൻഷ്യൽ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകള്‍,  അങ്കണവാടികൾ എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തിനകം പി.എൻ.ജി കണക്ഷനുകൾ നൽകാൻ 2026 മാര്‍ച്ച് 23-ലെ ഉത്തരവിലൂടെ  പി.എൻ.ജി.ആർ.ബി  നിർദേശം നല്‍കി.  
  • സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾക്ക് മുൻഗണന നൽകുന്നതിന് മൂന്ന് മാസത്തേക്ക് 'ത്വരിതപ്പെടുത്തിയ അനുമതി ചട്ടക്കൂട്' സ്വീകരിച്ചതായി 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
  • പൈപ്പ്‌ലൈൻ വിപുലീകരണത്തിലെ കാലതാമസവും ഭൂമി ലഭ്യമാക്കുന്നതിലെ തടസങ്ങളും പരിഹരിക്കുന്നതിന് 1955-ലെ അവശ്യസാധന നിയമപ്രകാരം 'പ്രകൃതിവാതക-പെട്രോളിയം ഉല്പന്ന വിതരണ (നിർമാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ പൈപ്പ്‌ലൈനുകളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കൽ) ഉത്തരവ് - 2026'  മാര്‍ച്ച് 24-ന് സർക്കാർ വിജ്ഞാപനം ചെയ്തു.  രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും ലളിതവും സമയബന്ധിതവുമായ  ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. വിവിധ അനുമതികളിലെ കാലതാമസവും ഭൂമി ലഭ്യമാക്കുന്നതിലെ തടസങ്ങളും പരിഹരിച്ച് താമസമേഖലകളിലുൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നു.  പി.എൻ.ജി  ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്താനും വിദൂരമേഖലകളിലടക്കം നേരിട്ട് കണക്ഷൻ  ഉറപ്പാക്കാനും മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് പിന്തുണ നൽകാനനും ഇത് സഹായിക്കും. രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്താനും  വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ  മുന്നോട്ട് നയിക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • പ്രതിരോധ മേഖലയിലെ എല്ലാ താമസസ്ഥലങ്ങളിലും പി.എൻ.ജി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് ത്വരിതപ്പെടുത്താന്‍ 2026 ജൂൺ 30 വരെ പ്രാബല്യത്തില്‍ ഹ്രസ്വകാല നയ മാറ്റങ്ങൾ 2026 മാര്‍ച്ച് 27-ലെ കത്തിലൂടെ രാജ്യരക്ഷാമന്ത്രാലയം പുറപ്പെടുവിച്ചു.
  • പി.എൻ.ജി.ആർ.ബി ചെയർപേഴ്സൺ 2026 മാര്‍ച്ച് 30-ന് വീഡിയോ കോൺഫറൻസ് നടത്തുകയും ഗാർഹിക പി.എൻ.ജി കണക്ഷനുകൾ വേഗത്തിലാക്കാൻ നിർദേശം നല്‍കുകയും ചെയ്തു.  കൂടാതെ പി.എൻ.ജി വ്യാപനത്തിന്റെ വേഗം നിലനിർത്തുന്നതിന് 'നാഷണൽ പി.എൻ.ജി ഡ്രൈവ് 2.0' (2026 ജനുവരി 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ) ഇപ്പോൾ 2026 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
  • മാർച്ച് മാസം ഗാർഹികം, വാണിജ്യം, ഹോസ്റ്റൽ, മെസ്, കാന്റീൻ തുടങ്ങിയ വിഭാഗങ്ങളിലായി 3.1 ലക്ഷത്തിലധികം കണക്ഷനുകൾ നൽകി വാതകവിതരണം തുടങ്ങി.  ഇതിനുപുറമെ നല്‍കിയ 2.7 ലക്ഷത്തിലധികം പുതിയ കണക്ഷനുകളില്‍  വാതക വിതരണം നടന്നുവരികയാണ്.  

എൽ.പി.ജി  

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം മൂലം എൽ.പി.ജി വിതരണത്തിൽ തടസങ്ങൾ നേരിടുന്നു.  

ഗാർഹിക എൽ.പി.ജി വിതരണം 

  • എൽ.പി.ജി വിതരണ ഏജൻസികളിൽ ഇന്ധനശേഖരം തീർന്നുപോയ സാഹചര്യം  ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • രാജ്യത്തെ എൽ.പി.ജി സിലിണ്ടർ ബുക്കിങില്‍ ഓൺലൈൻ ബുക്കിങ് ഇന്നലെ 92 ശതമാനമായി ഉയർന്നു
  • വിതരണ തലത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിന് ഡെലിവറി ഓതന്റിക്കേഷൻ കോഡ്  അധിഷ്ഠിത വിതരണം ഫെബ്രുവരിയിലെ 53 ശതമാനത്തിൽ നിന്ന് ഇന്നലെ 83 ശതമാനമായി വർധിച്ചു.  
  • 2026 മാർച്ച് 1 മുതൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനം ശരാശരി 50 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു. 

വാണിജ്യ എൽ.പി.ജി വിതരണം 

  • വാണിജ്യ എൽ.പി.ജി വിതരണം നേരത്തെ തന്നെ ഭാഗികമായി (20%) സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കൂടാതെ, പി.എൻ.ജി വ്യാപനത്തിനായി നടത്തുന്ന പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകാമെന്ന്  2026 മാര്‍ച്ച് 18-ലെ കത്തിലൂടെ കേന്ദ്രസർക്കാർ നിർദേശിച്ചു.  
  • 2026 മാര്‍ച്ച് 21-ലെ കത്തിലൂടെ വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 20% കൂടി അനുവദിച്ചു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി (പി.എൻ.ജി പരിഷ്കാരങ്ങളുടെ 10% വിഹിതം ഉൾപ്പെടെ) ഉയർന്നു. റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകള്‍, ഹോട്ടലുകൾ, വ്യാവസായിക കാന്റീനുകൾ, ഭക്ഷ്യസംസ്കരണ/ക്ഷീര കേന്ദ്രങ്ങള്‍, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ ധനസഹായത്തോടെ നടത്തുന്ന  കാന്റീനുകൾ, സമൂഹ അടുക്കളകൾ, അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന അഞ്ചുകിലോ എഫ്.ടി.എൽ  സിലിണ്ടറുകൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ഈ അധിക വിഹിതം.
  • 2026 മാര്‍ച്ച് 27-ലെ കത്തിലൂടെ വാണിജ്യ എൽ.പി.ജി വിഹിതം 20% കൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ആകെ വിതരണം പ്രതിസന്ധിക്ക് മുൻപത്തെ കാലയളവിലുണ്ടായിരുന്നതിന്റെ  70 ശതമാനമായി ഉയർന്നു. ഈ അധിക വിഹിതം സ്റ്റീൽ, വാഹനനിര്‍മാണം,  വസ്ത്രനിര്‍മാണം, ഡൈ, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങൾക്കായി നൽകും. പ്രകൃതിവാതകം പകരമായി ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക താപ ആവശ്യകതകള്‍ ബാധകമായ വ്യവസായങ്ങള്‍ക്ക് ഇതിൽ മുൻഗണന നല്‍കും.
  • 2026 മാർച്ച് 23 മുതൽ രാജ്യത്തെ അതിഥി തൊഴിലാളികൾക്കായി 3.2 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.
  • അതിഥി തൊഴിലാളികൾക്കായി 63,000-ത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളാണ് ഇന്നലെ മാത്രം വിതരണം ചെയ്തത്.  
  • കേന്ദ്ര സർക്കാര്‍  മാർഗനിർദേശങ്ങൾ പ്രകാരം ഗാർഹികേതര എൽ.പി.ജി വിഹിതം അനുവദിക്കുന്നതിന് മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവുകൾ പുറപ്പെടുവിച്ചു. 2026 മാർച്ച് 14 മുതൽ വിവിധ സംസ്ഥാനങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ ആകെ 47,928 മെട്രിക് ടൺ എൽ.പി.ജി വിതരണത്തിനായി ഏറ്റെടുത്തു.

മണ്ണെണ്ണ  

  • സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി സാധാരണ വിഹിതത്തിന് പുറമെ 48,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
  • മണ്ണെണ്ണ മുക്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാചകത്തിനും വെളിച്ചത്തിനും മാത്രമായി മണ്ണെണ്ണ വിതരണം ചെയ്യാന്‍‍ 2026 മാര്‍ച്ച് 29-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചു:
    • ഒരു ജില്ലയിൽ പരമാവധി രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സർവീസ് സ്റ്റേഷനുകൾക്ക് (പ്രധാനമായും കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവ) 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകി.
    • ഓരോ ജില്ലയിലും ഇത്തരം സർവീസ് സ്റ്റേഷനുകളെ നിശ്ചയിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരോ കേന്ദ്രഭരണ പ്രദേശമോ ആയിരിക്കും.
  • 17 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശും ലഡാക്കും നിലവിൽ മണ്ണെണ്ണ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക്

  • 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുൾപ്പെടെ  അവശ്യസാധനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ്. വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്രസർക്കാർ ഇക്കാര്യം സംസ്ഥാനങ്ങളെ ഓർമിപ്പിച്ചിട്ടുണ്ട്.
  • എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ/പ്രിൻസിപ്പൽ സെക്രട്ടറിമാർ/ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിമാർ എന്നിവരോട് താഴെ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ അഭ്യർത്ഥിച്ചു:
    • സംസ്ഥാന/ജില്ലാ തലങ്ങളിൽ ദിവസേന വാര്‍ത്താസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക.  
    • പ്രത്യേക കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും സജ്ജീകരിക്കുക.
    • സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
    • ജില്ലാ ഭരണകൂടങ്ങൾ വഴി പ്രതിദിന പരിശോധനകൾ കർശനമാക്കുകയും എണ്ണക്കമ്പനികളുമായി ചേർന്ന് പരിശോധന നടപടികള്‍ തുടരുകയും ചെയ്യുക.
    • സംസ്ഥാനത്തെ വാണിജ്യ എൽ.പി.ജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
    • സംസ്ഥാനങ്ങൾക്ക് അധികമായി അനുവദിച്ച മണ്ണെണ്ണയുടെ  വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
    • സിറ്റി ഗ്യാസ് വിതരണത്തിന്റെ വ്യാപനം ത്വരിതപ്പെടുത്താനാവശ്യമായ ‘റൈറ്റ് ഓഫ് വേ’ / ‘റൈറ്റ് ഓഫ് യൂസ്’ അംഗീകാരങ്ങളും 24 മണിക്കൂർ ജോലി ചെയ്യാന്‍ അനുമതിയും നൽകുക.
    • പി.എൻ.ജി  ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
    • പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍  മുതിർന്ന നോഡൽ ഓഫീസർമാരെ നിയോഗിക്കുക.
  • കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും അഭ്യൂഹങ്ങൾ ഒഴിവാക്കാനും പ്രതിദിന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെയും  ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന്  2026 മാര്‍ച്ച് 27-ലെ കത്തിലൂടെ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് വീണ്ടും അഭ്യർത്ഥിച്ചു.
  • നിലവിൽ ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, അരുണാചൽ പ്രദേശ് എന്നീ 16 സംസ്ഥാനങ്ങളാണ് പ്രതിദിന വാര്‍ത്താസമ്മേളനങ്ങൾ നടത്തുന്നത്.

നിയമനിർവഹണ നടപടികൾ  

  • എൽ.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധനകള്‍ തുടരുന്നു. ഇന്നലെ മാത്രം 3,000-ത്തിലേറെ പരിശോധനകള്‍ നടത്തുകയും 500-ലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
  • സുഗമമായ വിതരണം ഉറപ്പാക്കാനും ക്രമക്കേടുകൾ പരിശോധിക്കാനും പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർ രാജ്യത്തെ  1,200-ലേറെ പെട്രോൾ പമ്പുകളിലും എൽ.പി.ജി. ഏജൻസികളിലും ഇന്നലെ മിന്നൽ പരിശോധനകൾ നടത്തി.
  • ചട്ടലംഘനം കണ്ടെത്തിയ എൽ.പി.ജി. വിതരണ ഏജൻസികൾക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ 540-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്.

മറ്റ് സർക്കാർ നടപടികൾ

  • യുദ്ധസാഹചര്യത്തിലും ഗാർഹിക എൽ.പി.ജി., പി.എൻ.ജി. വിതരണത്തിന് സർക്കാർ പരമപ്രധാന മുൻഗണന നൽകുന്നു. ഒപ്പം ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നൽകിവരുന്നു.
  • വിതരണ-ആവശ്യകത മേഖലകളിൽ നിരവധി പരിഷ്കാരങ്ങൾ ഇതിനകം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. എണ്ണസംസ്കരണശാലകളിലെ ഉല്പാദനം വർധിപ്പിക്കുക, സിലിണ്ടർ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും ഉയർത്തുക, മുൻഗണനാടിസ്ഥാനത്തിൽ വിതരണം ക്രമീകരിക്കുക തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
  • എൽ.പി.ജി ആവശ്യകത കുറയ്ക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി അനുവദിക്കാൻ കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും കൽക്കരി മന്ത്രാലയം ഇതിനകം നിർദേശിച്ചിട്ടുണ്ട്.
  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി. കണക്ഷനുകൾ നൽകാൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ  

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.  അതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതും അനാവശ്യമായി എൽ.പി.ജി ബുക്ക് ചെയ്യുന്നതും ഒഴിവാക്കുക.
  • അഭ്യൂഹങ്ങളിൽ ജാഗ്രത പാലിക്കുകയും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യുക.
  • എൽ.പി.ജി ഉപഭോക്താക്കളോട് താഴെ പറയുന്ന കാര്യങ്ങള്‍ അഭ്യർത്ഥിക്കുന്നു:
    • ബുക്കിങിന് ഡിജിറ്റൽ സംവിധാനങ്ങൾ  ഉപയോഗിക്കുക.
    • എൽ.പി.ജി വിതരണ ഏജൻസികൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കുക.
  • പി.എൻ.ജി, ഇൻഡക്ഷൻ/ഇലക്ട്രിക് കുക്ക്ടോപ്പുകൾ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
  • നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദൈനംദിന ജീവിതത്തിൽ ഊർജ ഉപഭോഗം കുറയ്ക്കാനും ഊർജ സംരക്ഷണത്തിനും  എല്ലാ പൗരന്മാരും ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് സര്‍ക്കാര്‍ അഭ്യർത്ഥിക്കുന്നു.

സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും

പശ്ചിമേഷ്യന്‍ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം:

  • സമുദ്ര വ്യാപാരത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം  കപ്പല്‍ നീക്കവും തുറമുഖ പ്രവർത്തനങ്ങളും ഇന്ത്യൻ നാവികരുടെ സുരക്ഷയും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
  • ഈ മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • പടിഞ്ഞാറൻ പേർഷ്യൻ ഉൾക്കടൽ മേഖലയിൽ 485 ഇന്ത്യൻ നാവികരുമായി 18 ഇന്ത്യൻ കപ്പലുകളുണ്ട്. കപ്പലുടമകൾ, ആർ.പി.എസ്.എൽ ഏജൻസികൾ, ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങള്‍ എന്നിവയുമായി ഏകോപനത്തോടെ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ സാഹചര്യം സജീവമായി നിരീക്ഷിച്ചുവരുന്നു.  ‌
  • ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ 4,699 ഫോൺ കോളുകളും 9,364 ഇമെയിലുകളും കൺട്രോൾ റൂം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 കോളുകളും 290 ഇമെയിലുകളും ലഭിച്ചു.
  • ഇതുവരെ 959-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സാധിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ തിരികെയെത്തിയ 9 പേരും ഇതിലുൾപ്പെടുന്നു.
  • ഇന്ത്യയിലെ തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ മാരിടൈം ബോർഡുകൾ തുറമുഖങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതായി സ്ഥിരീകരിച്ചു.
  • നാവികരുടെ ക്ഷേമവും തടസരഹിത സമുദ്ര ഗതാഗതവും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങള്‍, മറ്റ് സമുദ്ര സുരക്ഷാ ഏജൻസികൾ എന്നിവയുമായി മന്ത്രാലയം ഏകോപിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുന്നു.

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ ഇന്ത്യൻ സമൂഹവുമായി നിരന്തര സമ്പർക്കം പുലർത്തുകയും  ആവശ്യമായ സഹായങ്ങൾ നൽകുകയും സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു:

  • പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി സംസാരിക്കുകയും ഇന്ത്യ-നെതർലൻഡ്‌സ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. അര്‍ധചാലകങ്ങള്‍, വൻകിട ജലപദ്ധതികൾ, ഹരിത ഹൈഡ്രജൻ, നൈപുണ്യ കൈമാറ്റം എന്നീ മേഖലകളിലെ സഹകരണ സാധ്യതകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ഇരുനേതാക്കളും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. 
  • ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം പരമപ്രധാന മുൻഗണന നൽകുന്നത്.
  • പ്രത്യേക കൺട്രോൾ റൂം പ്രവർത്തനസജ്ജമാണ്. വിവരങ്ങൾ പങ്കുവെക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നു.  
  • മേഖലയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളും കോണ്‍സുലേറ്റുകളും  24 മണിക്കൂറും പ്രവർത്തിക്കുന്നു. ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിക്കുകയും ഇന്ത്യൻ സാമുദായിക സംഘടനകൾ, അസോസിയേഷനുകൾ, കമ്പനികൾ എന്നിവയുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുന്നു. പുതുക്കിയ നിർദേശങ്ങൾ കൃത്യമായി പുറപ്പെടുവിക്കുന്നുണ്ട്.
  • നയതന്ത്ര കാര്യാലയങ്ങള്‍ പ്രാദേശിക സർക്കാരുകളുമായി അടുത്ത ബന്ധം പുലർത്തുകയും നാവികർ, വിദ്യാർത്ഥികൾ, മറ്റ് ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് വിസ സേവനങ്ങളും കോൺസുലർ സഹായങ്ങളും ലോജിസ്റ്റിക് പിന്തുണയും നൽകുന്നത് തുടരുകയും ചെയ്യുന്നു.
  • ഫെബ്രുവരി 28 മുതൽ ഏകദേശം 5,72,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
    • യു.എ.ഇയിൽ നിന്ന് ഇന്ന് 85 ഓളം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍കൂര്‍ സമയക്രമം നിശ്ചയിക്കാത്ത വിമാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്  സർവീസുകൾ തുടരുന്നുണ്ട്.
    • ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ തുടരുന്നു.
    • ഖത്തർ വ്യോമപാത ഭാഗികമായി തുറന്നതോടെ ഇന്ന് പത്തോളം പ്രത്യേക വാണിജ്യ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
    • കുവൈറ്റ്, ബഹ്‌റൈൻ വ്യോമപാതകള്‍ അടഞ്ഞുകിടക്കുന്നതിനാൽ സൗദിയിലെ ദമാം വിമാനത്താവളം വഴിയാണ് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നത്.
    • ഇറാന്റെ വ്യോമപാത അടച്ച സാഹചര്യത്തിൽ അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു.  
    • ഇസ്രായേലിലെ വ്യോമപാതാ നിയന്ത്രണങ്ങൾ കാരണം ഈജിപ്ത്, ജോർദാൻ എന്നിവ വഴിയും യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു.  
    • ഇറാഖിലെ വ്യോമപാത അടച്ചതിനാൽ ജോർദാൻ, സൗദി അറേബ്യ എന്നിവ വഴിയാണ് യാത്രാസൗകര്യമൊരുക്കുന്നത്.

****


( റിലീസ് ഐ.ഡി: 2247392) സന്ദര്‍ശക കൗണ്ടര്‍ : 11