രാജ്യരക്ഷാ മന്ത്രാലയം
പശ്ചിമേഷ്യൻ സാഹചര്യവും ഇന്ത്യയിലെ ആഘാതവും വിലയിരുത്താൻ രാജ്യരക്ഷ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രഥമ അനൗദ്യോഗിക മന്ത്രിതല സമിതി യോഗം ചേര്‍ന്നു
പോസ്റ്റഡ് ഓണ്‍:
28 MAR 2026 9:11PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ ശിപാർശ ചെയ്യാനുമായി രൂപീകരിച്ച അനൗദ്യോഗിക മന്ത്രിതല സമിതിയുടെ പ്രഥമ യോഗം 2026 മാർച്ച് 28-ന് രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2 ൽ ചേര്‍ന്ന യോഗത്തിൽ കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി, ഊർജ മന്ത്രി ശ്രീ മനോഹർ ലാൽ, രാസവസ്തു-വളം മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ, ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി, വ്യോമയാന മന്ത്രി ശ്രീ കെ. റാംമോഹൻ നായിഡു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ് എന്നിവർ പങ്കെടുത്തു.
പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങളും രാജ്യത്തെ വിവിധ മേഖലകളിൽ അവയുണ്ടാക്കുന്ന ആഘാതവും സമിതി വിശദമായി വിലയിരുത്തി. മാറുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും ഏകോപിത- ദീർഘവീക്ഷണ സമീപനം കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യകതയും രാജ്യരക്ഷ മന്ത്രി യോഗത്തിൽ എടുത്തുപറഞ്ഞു.
യോഗത്തിൻ്റെ ഭാഗമായി ഏഴ് സെക്രട്ടറിതല ശാക്തീകരണ സമിതികള്‍ വിവിധ മേഖലകളിലെ പ്രധാന പ്രശ്നങ്ങളും സാഹചര്യം കൈകാര്യം ചെയ്യാൻ ഇതിനകം സ്വീകരിച്ച നയ നടപടികളും വിശദീകരിക്കുന്ന അവതരണങ്ങള്‍ നടത്തി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരാനും ഇടക്കാല - ദീർഘകാല തയ്യാറെടുപ്പിലൂന്നിയ സമീപനം സ്വീകരിക്കാനും ഉന്നതതല ഏകോപനവും ദ്രുതഗതിയിലുള്ള തീരുമാനങ്ങളും ഉറപ്പാക്കാനും ശ്രീ രാജ്‌നാഥ് സിങ് ശാക്തീകരണ സമിതികള്‍ക്ക് നിർദേശം നൽകി. നയപരമായ എല്ലാ ശ്രമങ്ങളും പരസ്പര പൂരകമായിരിക്കണമെന്നും നിശ്ചിത സമയപരിധിയ്ക്കകം നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയുടെ സര്‍വസജ്ജതയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ മന്ത്രിമാരിൽ നിന്നും അദ്ദേഹം ക്രിയാത്മക നിർദേശങ്ങൾ തേടി.
സംസ്ഥാനങ്ങളുമായും ജില്ലാ ഭരണകൂടങ്ങളുമായും അടുത്ത ഏകോപനം ഉറപ്പാക്കേണ്ടതിൻ്റെയും നയപരമായ പ്രധാന തീരുമാനങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെയും പ്രാധാന്യം അനൗദ്യോഗിക മന്ത്രിതല സമിതി യോഗം ആവർത്തിച്ചു. നിലവിലെ സാഹചര്യം വിവിധ വ്യാവസായിക മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതം വിലയിരുത്തുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും അഭ്യൂഹങ്ങളെയും തെറ്റായ വിവരങ്ങളെയും വ്യാജവാർത്തകളെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിനും എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങളും നിർദേശങ്ങളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വാട്ട്‌സ്ആപ്പ് ചാനൽ വഴി പങ്കുവെക്കണമെന്നും യോഗം നിർദേശിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്മൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം എക്സില്‍ പങ്കിട്ട കുറിപ്പില്‍ രാജ്യരക്ഷ മന്ത്രി വ്യക്തമാക്കി.
***
( റിലീസ് ഐ.ഡി: 2246607)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Telugu
,
Kannada