പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യയിലെ ഊര്‍ജ്ജ വിതരണം പൂര്‍ണ്ണമായും സുരക്ഷിതവും സുസ്ഥിരവും; മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്ന കിംവദന്തികള്‍ അവഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
പോസ്റ്റഡ് ഓണ്‍:
26 MAR 2026 2:15PM by PIB Thiruvananthpuram
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വിതരണം പൂര്‍ണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്നും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ഇന്ധന പമ്പുകളില്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്, എവിടെയും ഒരു ക്ഷാമവുമില്ല. ചില വ്യക്തികളും ഗ്രൂപ്പുകളും പൗരന്മാര്‍ക്കിടയില്‍ അനാവശ്യ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് വിശദീകരിച്ച മന്ത്രാലയം, ഇത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പെട്രോളും ഡീസലും: ക്ഷാമമില്ല, റേഷനിംഗ് ആലോചനയിലില്ല
1. ഊര്‍ജ്ജ സുരക്ഷയുടെ ഒരു മരുപ്പച്ചയായാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശേഷിയുള്ള ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. 150ലധികം രാജ്യങ്ങള്‍ക്ക് ശുദ്ധീകരിച്ച ഇന്ധനം ഇന്ത്യ വിതരണം ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍, രാജ്യത്തിനുള്ളില്‍ ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് ഉറപ്പാക്കുന്ന ശക്തവും വിശ്വസനീയവുമായ സംവിധാനം പ്രവര്‍ത്തനക്ഷമമാണ്. രാജ്യത്തുടനീളമുള്ള എല്ലാ ഇന്ധന സ്‌റ്റേഷനുകളും സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കുന്നു. ഇന്ധനം പരിമിതപ്പെടുത്താനോ റേഷനിംഗ് ഏര്‍പ്പെടുത്താനോ നിര്‍ദ്ദേശങ്ങളില്ല. ലോകമെമ്പാടും, വിലവര്‍ദ്ധന, റേഷനിംഗ്, ഒറ്റ, ഇരട്ട വാഹന നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത അടച്ചുപൂട്ടലുകള്‍ എന്നിവ നടപ്പാക്കുമ്പോള്‍ ഇന്ത്യയില്‍ അത്തരത്തിലുള്ള പ്രതിസന്ധികളൊന്നുമില്ല. ചുരുക്കം ചില രാജ്യങ്ങള്‍ 'ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ' പോലും പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നടപടികളുടെ ആവശ്യകത ഇന്ത്യയ്ക്കില്ല. മറ്റ് രാജ്യങ്ങള്‍ റേഷനിംഗ് എപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ ഇന്ധന വിതരണത്തിന് ഒരു കുറവുമില്ല. ചുരുക്കം ചില പമ്പുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കും വിധമുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹ്യ മാധ്യമ വീഡിയോകള്‍ മുഖേന തെറ്റായ വിവരങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചതാണ് ഇതിന് കാരണം. ആവശ്യകത വര്‍ദ്ധിച്ചിട്ടും, അത്തരം പമ്പുകളില്‍ പോലും എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്ധനം വിതരണം ചെയ്തു. വിതരണം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. മതിയായ സ്‌റ്റോക്ക് നിലനിര്‍ത്താന്‍ പെട്രോള്‍ പമ്പ് ഉടമകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ക്കുള്ള ക്രെഡിറ്റ് നേരത്തെ അനുവദിച്ചിരുന്ന ഒരു ദിവസത്തില്‍ നിന്ന് 3 ദിവസത്തില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.
അസംസ്‌കൃത എണ്ണ വിതരണം: കുറവുകള്‍ പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്
2. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള 41ലധികം വിതരണക്കാരില്‍ നിന്ന്, മുമ്പത്തേക്കാള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ ഇന്ത്യ സ്വീകരിക്കുന്നു. മുമ്പ് കടലിടുക്ക് വഴി എത്തിയിരുന്നതിനേക്കാള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ അന്താരാഷ്ട്ര വിപണികളില്‍ നിന്ന്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് (പ്രധാനമായും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക), ലഭ്യമായതിനാല്‍, കുറവുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ ശുദ്ധീകരണശാലകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ കമ്പനികള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ക്ഷാമമില്ല എന്നാണ്.
തന്ത്രപരമായ കരുതല്‍ ശേഖരം: കൃത്യവും സമഗ്രവുമായ ചിത്രം
3. ചില ലേഖനങ്ങളിലൂടെയും സമൂഹ മാധ്യമ വീഡിയോകളിലൂടെയും, രാജ്യത്ത് 6 ദിവസത്തേയ്ക്കുള്ള സ്‌റ്റോക്ക് മാത്രമേ ഉള്ളൂ എന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാസ്തവത്തില്‍, ഇന്ത്യയ്ക്ക് ഏകദേശം 74 ദിവസത്തെ കരുതല്‍ ശേഖരമുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി 27-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍, ക്രൂഡ് ഓയില്‍, ശുദ്ധീകരിച്ച ഉത്പന്നങ്ങള്‍, തന്ത്രപരമായ ഭൂഗര്‍ഭ സംഭരണം എന്നിവയുള്‍പ്പെടെ ഏകദേശം 60 ദിവസത്തെ ഇന്ധന സ്‌റ്റോക്ക് രാജ്യത്ത് ലഭ്യമാണ്. ആഗോളതലത്തിലെ സംഭവവികാസങ്ങള്‍ എന്തുതന്നെയായാലും, എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഏകദേശം രണ്ട് മാസത്തേക്ക് ആവശ്യമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത 2 മാസത്തെ അസംസ്‌കൃത എണ്ണ സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ തന്ത്രപ്രധാനമായ ഭൂഗര്‍ഭ ഗുഹകളില്‍ സംഭരിച്ചിരിക്കുന്ന എണ്ണയുടെ അളവില്‍ ആശങ്കയല്ല. ഇന്ത്യയുടെ ഇന്ധന ശേഖരം തീരുമെന്നോ അപര്യാപ്തമാണെന്നോ ഉള്ള വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്, അത്തരം പ്രചരണങ്ങള്‍ തള്ളിക്കളയണം.
എല്‍പിജി: ഉത്പാദനം വര്‍ദ്ധിച്ചു, ഇറക്കുമതി ആവശ്യകത കുറഞ്ഞു, ചരക്കുകള്‍ സുരക്ഷിതം
4. എല്‍പിജി ക്ഷാമമില്ല. മന്ത്രാലയം പുറപ്പെടുവിച്ച എല്‍പിജി നിയന്ത്രണ ഉത്തരവിനെത്തുടര്‍ന്ന്, ആഭ്യന്തര ശുദ്ധീകരണശാലകള്‍ ഉത്പാദനം 40% വര്‍ദ്ധിപ്പിച്ചു, ഇത് പ്രതിദിന എല്‍പിജി ഉത്പാദനം 50 ടിഎംടിയായി (നമ്മുടെ ആവശ്യത്തിന്റെ 60% ല്‍ കൂടുതല്‍) ഉയര്‍ത്തി, മൊത്തം ദൈനംദിന ആവശ്യകത ഏകദേശം 80 ടിഎംടിയാണ്. തത്ഫലമായി, മൊത്തം പ്രതിദിന ഇറക്കുമതി ആവശ്യകത 30 ടിഎംടിയായി കുറഞ്ഞു അതായത് ഇന്ത്യ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതിലും കൂടുതല്‍ ഉത്പാദിപ്പിക്കുന്നു. ആഭ്യന്തര ഉത്പാദനത്തിന് പുറമേ, അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 800 ടിഎംടി എല്‍പിജി ലഭ്യത ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്, ഇത് ഇന്ത്യയിലെ 22 എല്‍പിജി ഇറക്കുമതി ടെര്‍മിനലുകളില്‍ എത്തിക്കും, 2014 ല്‍ നിലവിലുണ്ടായിരുന്ന 11 ടെര്‍മിനലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയാണിത്. ഏകദേശം ഒരു മാസത്തെ സ്ഥിരമായ വിതരണം ഇതിലൂടെ ഉറപ്പാക്കാനാകും, കൂടുതല്‍ സംഭരണത്തിനുള്ള ക്രമീകരങ്ങള്‍ നടന്നു വരുന്നു. എണ്ണക്കമ്പനികള്‍ പ്രതിദിനം 50 ലക്ഷത്തിലധികം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. ഉപഭോക്താക്കളുടെ പരിഭ്രാന്തി കാരണം സിലിണ്ടറിന്റെ ആവശ്യം 89 ലക്ഷമായി ഉയര്‍ന്നിരുന്നു, ഇപ്പോള്‍ വീണ്ടും 50 ലക്ഷമായി കുറഞ്ഞു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 50% ആയി ഉയര്‍ത്തി.
PNG പ്രോത്സാഹനം: പരിവര്‍ത്തനത്തിന്റെ ഭാഗം, പ്രതിസന്ധിയോടുള്ള പ്രതികരണമല്ല
പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നു. കാരണം ഇത് ചെലവ് കുറഞ്ഞതും ശുദ്ധവും ഇന്ത്യന്‍ കുടുംബങ്ങള്‍ളെ സംബന്ധിച്ചിടത്തോളം സുരക്ഷിതവുമാണ്. ഇന്ത്യ പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഭാഗം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു 191 MMSCMD യുടെ ദൈനംദിന ആവശ്യകതയില്‍ 92 MMSCMD - അതിനാല്‍ LPG യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറവാണ്. നഗര വാതക വിതരണം 2014 ലെ 57 പ്രദേശങ്ങളില്‍ നിന്ന് 300 ലധികമായി വികസിച്ചു, കൂടാതെ ആഭ്യന്തര PNG കണക്ഷനുകള്‍ 25 ലക്ഷത്തില്‍ നിന്ന് 1.5 കോടിയിലധികമായി വളര്‍ന്നു. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ സമീപനത്തിന്റെ ഭാഗമായി ഈ വിപുലീകരണം പുരോഗമിക്കുകയാണ്. LPG യുടെ ക്ഷാമത്തിനുള്ള പ്രതികരണമല്ല ഈ വിപുലീകരണം. LPG ലഭ്യമല്ലാത്തതിനാല്‍ PNG പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദങ്ങള്‍ തെറ്റാണ്; LPG വിതരണം സുരക്ഷിതമായി തുടരുന്നു, PNG കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്നതും സൗകര്യപ്രദവും കാര്യക്ഷമവുമായ ബദലാണ്.
സര്‍ക്കാരിന്റെ മുന്നറിയിപ്പ്: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി
6. ക്യൂ നില്‍ക്കുന്ന ചിത്രങ്ങള്‍, മറ്റ് രാജ്യങ്ങളിലെ റേഷനിംഗിനെക്കുറിച്ചുള്ള ആഗോള വാര്‍ത്താ ദൃശ്യങ്ങള്‍, ഇന്ത്യയില്‍ വരാനിരിക്കുന്ന ലോക്ക്ഡൗണുകളുടെയും അടിയന്തര ഇന്ധന നടപടികളുടെയും വ്യാജവും കെട്ടിച്ചമച്ചതുമായ ഊഹാപോഹങ്ങള്‍ എന്നിവ മുഖേന സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് മന്ത്രാലയം ഗൗരവതരമായും ആശങ്കയോടെയും കാണുന്നു. ക്ഷാമം എന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനാണ് ഇത്തരം പ്രചാരവേലകള്‍ ഉപയോഗിക്കുന്നത്.
7. ചില പോസ്റ്റുകള്‍ സര്‍ക്കാര്‍ ഉത്തരവുകളെ പ്രകൃതിവാതക നിയന്ത്രണ ഉത്തരവിനെയും എല്‍പിജി നിയന്ത്രണ ഉത്തരവിനെയും പ്രതിസന്ധിയെ സൂചിപ്പിക്കുന്ന അടിയന്തര പ്രഖ്യാപനങ്ങളായി മനഃപൂര്‍വ്വം ചിത്രീകരിച്ചിട്ടുണ്ട്, വാസ്തവത്തില്‍ അവ മുന്‍കരുതല്‍ നടപടിയെന്നനിലയില്‍ പുറപ്പെടുവിക്കുന്ന വിതരണ മുന്‍ഗണനയ്ക്കുള്ള വിവേകപൂര്‍ണ്ണമായ സ്റ്റാന്‍ഡേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഉപാധികളാണ്.
8. കുഴപ്പക്കാരായ ചിലര്‍ ഇന്ധന, വാതക ലഭ്യത സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ ചില ഗ്രൂപ്പുകളുടെ പിന്തുണയോടെ പ്രചരിപ്പിക്കുന്നു. ഇത് പൊതുജനങ്ങളില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ധന, വാതക വിതരണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാന്‍ മന്ത്രാലയം എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു. അവശ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്, പരിഭ്രാന്തി സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
***
( റിലീസ് ഐ.ഡി: 2245830)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Khasi
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Bengali
,
Gujarati
,
Odia
,
Telugu
,
Kannada