പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 26 MAR 2026 3:29PM by PIB Thiruvananthpuram

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, ഭാരത സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിര്‍ണ്ണായക മേഖലകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഊര്‍ജ്ജ വിതരണം, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പിന്തുണ എന്നിവയുള്‍പ്പെടെ പ്രധാന കാര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ചുവടെ നല്കുന്നു.

ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത വിതരണം നിലനിര്‍ത്തുന്നതിനായി ഭാരത സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം താഴെ പറയുന്ന പ്രകാരമാണ്:

ക്രൂഡ് ഓയില്‍ /റിഫൈനറികള്‍

• എല്ലാ റിഫൈനറികളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയില്‍ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ സ്‌റ്റോക്കും രാജ്യം നിലനിര്‍ത്തുന്നുണ്ട്.

• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


ചില്ലറ വില്പനശാലകള്‍

•  രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വില്‍പനശാലകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

•  ചിലയിടങ്ങളില്‍ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു  ചില കിംവദന്തികള്‍ ചില സംസ്ഥാനങ്ങളിലെ ചില്ലറ വില്പനശാലകളില്‍ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് അസാധാരണമാം വിധം ഉയര്‍ന്ന വില്‍പനയ്ക്കും ചില്ലറ വില്‍പനശാലകളില്‍ വന്‍ തിരക്കിനും ഇടയാക്കി. എന്നാല്‍, രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് പെട്രോള്‍, ഡീസല്‍ ശേഖരം ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

•  കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് സര്‍ക്കാര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു.

പ്രകൃതിവാതകം

• ഡി-പിഎന്‍ജി, സിഎന്‍ജി ഗതാഗതം എന്നിവയ്ക്കുള്ള നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.

• ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള വിതരണം അവരുടെ ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.

• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി, തങ്ങളുടെ എല്ലാ ഗ്യാസ് വിതരണ മേഖലകളിലുമുള്ള റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഎന്‍ജി കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്കാന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (CGD) സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎല്‍, എംജിഎല്‍, ഗെയില്‍ ഗ്യാസ്, ബിപിസിഎല്‍ തുടങ്ങിയ സിജിഡി കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ പിഎന്‍ജി കണക്ഷനുകള്‍ എടുക്കുന്നതിന് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ഭാരത സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

• വേഗത്തിലുള്ള RoU/RoW അനുമതികള്‍, കൂടുതല്‍ പ്രവൃത്തി സമയം,  RoU/RoW ചാര്‍ജ്ജുകളുടെ ഏകീകരണം എന്നിവയ്ക്കായി ചില സംസ്ഥാനങ്ങള്‍ പുതിയ നയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

• മേല്‍പ്പറഞ്ഞ ഭാരത സര്‍ക്കാരിന്റെ കത്തിന് മറുപടിയായി, സിജിഡി അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അതായത് ലഭിച്ച് 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (PESO) അതിന്റെ  എല്ലാ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്കി.

• പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ സ്ഥലങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയ്ക്ക് 5 ദിവസത്തിനുള്ളില്‍ പിഎന്‍ജി കണക്ഷന്‍ നല്കണമെന്ന് 23.03.2026ലെ ഉത്തരവ് വഴി പിഎന്‍ജിആര്‍ബി എല്ലാ സിജിഡി സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചു.

•  24.03.2026ലെ കത്തിലൂടെ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ഒരു സുപ്രധാന തീരുമാനം അറിയിച്ചു. സിജിഡി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സമയപരിധി കുറച്ചുകൊണ്ടുള്ള 'ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട്' മൂന്ന് മാസക്കാലത്തേക്ക് ഒരു പ്രത്യേക നടപടിയായി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സിജിഡി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും മുന്‍ഗണനാടിസ്ഥാനത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

• 1955ലെ അവശ്യവസ്തു നിയമപ്രകാരം,  2026ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് ഭാരത സര്‍ക്കാര്‍ 2026 മാര്‍ച്ച് 24ലെ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് നല്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍  മെച്ചപ്പെടുത്തുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട്  കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

•  ഇന്നലെ മാത്രം 110 പ്രത്യേക ഭൂപ്രദേശങ്ങളിലായി 11,089 പിഎന്‍ജി കണക്ഷനുകള്‍ (പുതിയ കണക്ഷനുകളും പഴയ കണക്ഷനുകളിലെ ഗ്യാസ് ലഭ്യമാക്കലും ഉള്‍പ്പെടെ) നല്കിയതായി സിജിഡി സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എല്‍പിജി

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിച്ചിട്ടുണ്ട്.

ഗാര്‍ഹിക എല്‍പിജി വിതരണം

•  എല്‍പിജി വിതരണ ഏജന്‍സികളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

• ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.

വാണിജ്യ എല്‍പിജി വിതരണം

•  ഉപഭോക്താക്കള്‍ക്കുള്ള വാണിജ്യ എല്‍പിജി വിതരണം ഭാഗികമായി (20 ശതമാനം) സര്‍ക്കാര്‍ ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, പിഎന്‍ജി വിപുലീകരണത്തിനായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 10 ശതമാനം അധിക വാണിജ്യ എല്‍പിജി കൂടി അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

•  21.03.2026ലെ കത്തിലൂടെ വാണിജ്യ എല്‍പിജിയുടെ മറ്റൊരു 20 ശതമാനം വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയരും (പിഎന്‍ജി വിപുലീകരണത്തിനായുള്ള പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള 10 ശതമാനം വിഹിതം ഉള്‍പ്പെടെ). ഈ അധിക 20 ശതമാനം വിഹിതം റെസ്‌റ്റോറന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണം/ക്ഷീര യൂണിറ്റുകള്‍, സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി നിരക്കിലുള്ള കാന്റീനുകള്‍/ഔട്ട്‌ലെറ്റുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ എഫ്ടിഎല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കും.

• ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വാണിജ്യ എല്‍പിജി വിതരണം ചെയ്യുന്നതിനായി 27 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിട്ട് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. 2026 മാര്‍ച്ച് 14 മുതല്‍ ഏകദേശം 25,922 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്.

•  ഇന്നലെ മാത്രം 37,000ലധികം 5 കിലോ എഫ്ടിഎല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.


മണ്ണെണ്ണ

•  എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

•  മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി ജില്ലകളിലെ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

• 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ണെണ്ണ (SKO) വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കൂടാതെ, ഹിമാചല്‍ പ്രദേശും ലഡാക്കും തങ്ങള്‍ക്ക് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ പങ്ക്

• 1955ലെ അവശ്യവസ്തു നിയമം, 2000ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. 13.03.2026, 18.03.2026 എന്നീ തീയതികളിലെ കത്തുകളിലൂടെ ഭാരത സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

• പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, കിംവദന്തികള്‍ പ്രചരിപ്പിക്കല്‍ എന്നിവ തടയുന്നതില്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രാധാന്യം ഭാരത സര്‍ക്കാര്‍ ഊന്നിപ്പറയുന്നു. ഇതനുസരിച്ച്, 25.03.2026ല്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം (MoP&NG) സെക്രട്ടറി, എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയും  ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഭക്ഷ്യസിവില്‍ സപ്ലൈസ് സെക്രട്ടറിമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ്  നടത്തുകയും താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു:

 • സംസ്ഥാന/ജില്ലാ തലങ്ങളില്‍ ദിവസേനയുള്ള പത്രസമ്മേളനങ്ങള്‍ ഔദ്യോഗികമാക്കുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക.

• ഇതിനായി മാത്രമുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍/ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിക്കുക

•  സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക.

•  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസേനയുള്ള പരിശോധനകള്‍ കര്‍ശനമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ചുകൊണ്ട് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

? അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍പിജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

•  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ച മണ്ണെണ്ണ (SKO) വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

• RoW/RoU അനുമതികള്‍ വേഗത്തിലാക്കുക, 24 മണിക്കൂര്‍ പ്രവൃത്തി അനുമതി നല്കുക തുടങ്ങിയവയിലൂടെ സിജിഡി വിപുലീകരണം വേഗത്തിലാക്കുക.

• പിഎന്‍ജി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

• പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായുള്ള (MoPNG) ഏകോപനത്തിനായി മുതിര്‍ന്ന നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുക.

പരിശോധനാ നടപടികള്‍

• എല്‍പിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും പരിശോധിക്കുന്നതിനായി പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെയ്ഡുകള്‍ തുടരുന്നു. ഇന്നലെ മാത്രം ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2600ലധികം റെയ്ഡുകള്‍ നടത്തുകയും 450ലധികം സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

• സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്/കരിഞ്ചന്ത കേസുകള്‍ പരിശോധിക്കുന്നതിനുമായി പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളം 1,700ലധികം ചില്ലറ വില്‍പനശാലകളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി.


•  ഇതുവരെ 680ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 195 പേരെ അറസ്റ്റും ചെയ്തു.

മറ്റ് സര്‍ക്കാര്‍ നടപടികള്‍

•  യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന മുന്‍ഗണന നല്കുന്നതിനൊപ്പം, ഗാര്‍ഹിക എല്‍പിജി, പിഎന്‍ജി എന്നിവയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണന നല്കിയിട്ടുണ്ട്.

•  റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി മുന്‍ഗണനാ മേഖലകള്‍ നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്കും മറ്റുള്ളവര്‍ക്കും വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കല്‍ക്കരി ഖനികള്‍ക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. പരിഭ്രാന്തരായി പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതും എല്‍പിജി ബുക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.

• എല്‍പിജി ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാനും, എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു

• സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക്/ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പുകള്‍ തുടങ്ങിയ ബദല്‍ ഇന്ധന  മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

• ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം പറയുന്നതനുസരിച്ച്:

• കപ്പലുകളുടെ നീക്കം, തുറമുഖ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ നാവികരുടെ സുരക്ഷ എന്നിവ തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതോടൊപ്പം, സമുദ്ര വ്യാപാരത്തിന്റെ  തുടര്‍ച്ചയും മന്ത്രാലയം ഉറപ്പാക്കുന്നു.

•  ഈ മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

• 540 ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെടുന്ന 20 ഇന്ത്യന്‍ കപ്പലുകള്‍ പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുണ്ട്. കപ്പല്‍ ഉടമകള്‍, ആര്‍പിഎസ്എല്‍ ഏജന്‍സികള്‍, ഇന്ത്യന്‍ മിഷനുകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ഡിജി ഷിപ്പിംഗ് സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിക്കുന്നു.

• ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇതുവരെ 4,228 കോളുകളും  8,221 ഇമെയിലുകളും ഈ കേന്ദ്രം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 കോളുകളും 312 ഇമെയിലുകളും ലഭിച്ചു.

 • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39 പേരെ ഉള്‍പ്പെടെ ഇതുവരെ 674ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്, തുറമുഖങ്ങളില്‍ തിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

•  നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത തുറമുഖ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, മറ്റ് സമുദ്ര പങ്കാളികള്‍ എന്നിവയുമായി ഏകോപനം തുടരുന്നു.


മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ

ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുവരികയും സഹായങ്ങള്‍ നല്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. കൂടാതെ, അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഉചിതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള വിവരങ്ങള്‍ താഴെ നല്കുന്നു:

•  ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലകളിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് മന്ത്രാലയം ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്കുന്നത്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ഏകോപനം നടത്തിക്കൊണ്ട്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സമര്‍പ്പിത  കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

•  ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക, കമ്മ്യൂണിറ്റി സംഘടനകളുമായും പ്രാദേശിക അധികാരികളുമായും സമ്പര്‍ക്കം പുലര്‍ത്തുക
എന്നിവയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. നാവികര്‍, വിദ്യാര്‍ത്ഥികള്‍, കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഹ്രസ്വകാല സന്ദര്‍ശകര്‍ എന്നിവര്‍ക്ക് വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി സഹായം നല്കിവരുന്നു.

• മേഖലയില്‍ നിന്നുള്ള അധിക വിമാന സര്‍വീസുകള്‍ വഴി വിമാനയാത്ര മെച്ചപ്പെട്ടുവരികയാണ്; ഫെബ്രുവരി 28 മുതല്‍ ഏകദേശം 4,50,000 യാത്രക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇ : എയര്‍ലൈനുകള്‍ പരിമിതമായ ഷെഡ്യൂള്‍ ചെയ്യാത്ത വിമാന സര്‍വീസുകള്‍ നടത്തുന്നു, വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്ന് ഏകദേശം 80  വിമാന സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു.

• സൗദി അറേബ്യ, ഒമാന്‍: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നത് തുടരുന്നു.

• ഖത്തര്‍: വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നു, ഇന്ന് ഇന്ത്യയിലേക്ക്  8–9 ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നു.

• കുവൈറ്റ്, ബഹ്‌റൈന്‍ : വ്യോമപാത അടച്ചിരിക്കുന്നു. ജസീറ എയര്‍വേയ്‌സിന്റേയും ഗള്‍ഫ് എയറിന്റേയും പ്രത്യേക വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം വഴി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നു.

• ഇറാന്‍: അര്‍മേനിയ, അസര്‍ബൈജാന്‍ വഴി യാത്രാ സൗകര്യമൊരുക്കുന്നു

• ഇസ്രായേല്‍: ജോര്‍ദ്ദാന്‍ വഴി യാത്ര സുഗമമാക്കുന്നു.

• കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്: സൗദി അറേബ്യ വഴിയും യാത്രാ സൗകര്യമൊരുക്കുന്നു.

 

****


( റിലീസ് ഐ.ഡി: 2245762) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Odia , Telugu , Kannada