വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ ആഡ്ട്രസ്റ്റ് ഉച്ചകോടിയില്‍ കേന്ദ്ര ഐ & ബി സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി ; ഉത്തരവാദിത്വപൂര്‍ണവും വിശ്വസനീയവുമായ പരസ്യ ആവാസവ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 18 MAR 2026 4:22PM by PIB Thiruvananthpuram
ഇന്ന് മുംബൈയില്‍ നടന്ന ആഡ്ട്രസ്റ്റ് ഉച്ചകോടി 2026 ല്‍ കേന്ദ്രവാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു മുഖ്യ പ്രഭാഷണം നടത്തി. 'പരസ്യം എല്ലാവരിലും എത്തിച്ചേരുക മാത്രമല്ല, വിശ്വാസം വളര്‍ത്തിയെടുക്കുകയും വേണം'എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് പരസ്യ മേഖല സങ്കീര്‍ണ്ണതയിലും സ്വാധീനത്തിലും വിപുലമാകുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ളതും സുതാര്യവും വിശ്വസനീയവുമായ ഒരു പരസ്യ ആവാസവ്യവസ്ഥയുടെ അടിയന്തിര ആവശ്യകത കേന്ദ്ര ഐ & ബി സെക്രട്ടറി എടുത്തുപറഞ്ഞു. മേഖല വളരുമ്പോള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ രംഗത്ത് ഉത്തരവാദിത്വം  ഉണ്ടായിരിക്കണമെന്ന് ശ്രീ ജാജു ഊന്നിപ്പറഞ്ഞു. വിശ്വാസം വളര്‍ത്തുന്നതിലും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിലും ഉത്തരവാദിത്വം ഉറപ്പാക്കുന്നതിലും ഐ & ബി മന്ത്രാലയത്തിന്റെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) സംഘടിപ്പിച്ച 'ആഡ്ട്രസ്റ്റ് ഉച്ചകോടി '2026 ന്റെ ആദ്യ പതിപ്പില്‍ ഉത്തരവാദിത്വമുള്ള പരസ്യവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പരസ്യം, മാധ്യമം, സാങ്കേതികവിദ്യ, ഗവണ്മെന്റ് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഉയര്‍ന്നുവരുന്ന പ്രവണതകള്‍, നിയമ ചട്ടക്കൂടുകള്‍, പരസ്യ രീതികളില്‍ പുതിയ സാങ്കേതികവിദ്യകളുടെ സ്വാധീനം എന്നിവ പ്രധാനമായും ചര്‍ച്ചയായി.

ഉച്ചകോടിയില്‍ സംസാരിച്ച ശ്രീ ജാജു, വിപണികളെ രൂപപ്പെടുത്തുന്നതും, ബ്രാന്‍ഡുകളെ നിര്‍മ്മിക്കുന്നതും, ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതും, സംസ്‌കാരത്തെ സൂചിപ്പിക്കുന്നതും, അഭിലാഷങ്ങളെ സ്വാധീനിക്കുന്നതുമായ ഒരു വാണിജ്യ പ്രക്രിയയെക്കാള്‍ ഉപരിയാണ് പരസ്യമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ പോലുള്ള ബൃഹത്തായതും വേഗത്തില്‍ ഡിജിറ്റൈസ് ചെയ്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, നൂതനാശയങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനം, ഉള്ളടക്ക സൃഷ്ടി, ഉള്‍പ്പെടുത്തല്‍ എന്നിവയുടെ നിര്‍ണായക ചാലകമായി പരസ്യം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബ്രാന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രാദേശിക ബിസിനസുകള്‍, സ്രഷ്ടാക്കള്‍ എന്നിവരെ വലിയ തോതില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും നിര്‍മിത ബുദ്ധിയും സഹായിക്കുന്നു. ഇത് പ്രവേശന തടസ്സങ്ങള്‍ കുറയ്ക്കുകയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, ഡിജിറ്റല്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ശ്രീ ജാജു മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക തട്ടിപ്പുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ വാഗ്ദാനങ്ങള്‍, വഞ്ചനാപരമായ ജോലി വാഗ്ദാനങ്ങള്‍ എന്നിവ പലപ്പോഴും ദുര്‍ബലരായ ജന വിഭാഗങ്ങളെ   ലക്ഷ്യം വയ്ക്കുന്നവയാണ്. വാണിജ്യപരമായ സംഭാഷണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും, തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പരസ്യങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരസ്യത്തില്‍ AI യുടെ പങ്ക്, ഡീപ്‌ഫേക്കുകള്‍, ഡാര്‍ക്ക് പാറ്റേണുകള്‍, ആന്റി ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണത തുടങ്ങിയ ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍ ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. പരസ്യദാതാക്കള്‍ ജനങ്ങളില്‍ എത്തിച്ചേരുന്നതിനൊപ്പം വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; ഉള്ളടക്ക സ്രഷ്ടാക്കളും ഇന്‍ഫ്‌ലുവന്‍സര്‍മാരും ആധികാരികത നിലനിര്‍ത്തുന്നതിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും പ്രേക്ഷക വിശ്വാസം സംരക്ഷിക്കണമെന്നും ശ്രീ. ജാജു അഭ്യര്‍ത്ഥിച്ചു.

ഉത്തരവാദിത്വമുള്ള പരസ്യത്തിനുള്ള അഞ്ച് പ്രധാന തത്വങ്ങള്‍ ശ്രീ. ജാജു കൂടുതല്‍ വിശദീകരിച്ചു, അവ i) എല്ലാ ആശയവിനിമയങ്ങളിലും സത്യസന്ധത വിട്ടുവീഴ്ചയില്ലാതെ തുടരണം, ii) പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, പ്രമോഷണല്‍ ബന്ധങ്ങള്‍ എന്നിവ തിരിച്ചറിയുന്നതില്‍ സുതാര്യതയുടെ അനിവാര്യത, iii) എല്ലാ ഉള്ളടക്കത്തിന്റെയും രൂപകല്‍പ്പനയിലും വിതരണത്തിലും ഉത്തരവാദിത്വം പ്രധാന ഘടകമായിരിക്കണം iv) ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം, v) ഉത്തരവാദിത്വത്തോടെയുള്ള നൂതനാശയങ്ങള്‍, സാങ്കേതികവും ഉള്ളടക്കപരവുമായ പുരോഗതി-  വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതിനുപകരം ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം.

ഉച്ചകോടിയില്‍ ശ്രീ. സഞ്ജയ് ജാജു, ASCI സെക്രട്ടറി ജനറലും സിഇഒയുമായ ശ്രീമതി മനീഷ കപൂര്‍, മാഡിസണ്‍ ചെയര്‍മാന്‍ ശ്രീ. സാം ബല്‍സാര, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും ASCI ചെയര്‍മാനുമായ ശ്രീ. സുധാന്‍ശു വാട്‌സ്, ASCI ബോര്‍ഡ് അംഗം ശ്രീ. പ്രവീണ്‍ ത്രിപാഠി, ഖൈതാന്‍ & കമ്പനിയുടെ പങ്കാളികളായ ശ്രീ. ഇഷാന്‍ ജോഹ്രി, ശ്രീമതി തനു ബാനര്‍ജി എന്നിവര്‍ ചേര്‍ന്ന് പരസ്യ നിയമ സംഗ്രഹം പുറത്തിറക്കി. പരസ്യ വ്യവസായ മേഖലയിലുടനീളം കൂടുതല്‍ അവബോധം, ധാരണ, അനുസരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പരസ്യ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ഒരു പ്രായോഗിക മാര്‍ഗ്ഗരേഖയായി ഇത് പ്രവര്‍ത്തിക്കും.
 


 
ASCIനേതൃനിരയിലുള്ളവര്‍, വിപണനക്കാര്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, നിയമ കൂട്ടായ്മകളിലെ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ പരസ്യ വ്യവസായത്തിലെ പങ്കാളികളുമായി കേന്ദ്ര ഐ & ബി സെക്രട്ടറി കൂടിക്കാഴ്ചയും നടത്തി.
 
****

( റിലീസ് ഐ.ഡി: 2242033) സന്ദര്‍ശക കൗണ്ടര്‍ : 7