പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംയുക്ത മന്ത്രാലയതല വാര്‍ത്താസമ്മേളനം

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനവും ഇപ്പോള്‍ ഹോർമുസ് കടലിടുക്കിന് പുറത്തെ പാതകളിലൂടെ; ഊർജ വിതരണം സുരക്ഷിതമായി തുടരുന്നു

ഇന്ത്യയുടെ എൽ.പി.ജി ഉപഭോഗത്തിൻ്റെ 60 ശതമാനവും ഇറക്കുമതി; ഇറക്കുമതിയുടെ 90 ശതമാനവും എത്തുന്നത് നിലവിലെ സാഹചര്യങ്ങള്‍ ബാധിച്ച ഹോർമുസ് കടലിടുക്കിലൂടെ

സർക്കാർ നടപടികളുടെ ഫലമായി ആഭ്യന്തര എൽ.പി.ജി ഉല്പാദനത്തിൽ 25 ശതമാനം വർധന

റെസ്റ്റോറൻ്റുകളുടെയും ഹോട്ടലുകളുടെയും വാണിജ്യ ഉപഭോക്താക്കളുടെയും എൽ.പി.ജി വിതരണം വിലയിരുത്തി മൂന്നംഗ സമിതി

ഇന്ത്യൻ പതാക വഹിക്കുന്ന 28 കപ്പലുകൾ പേർഷ്യൻ ഉള്‍ക്കടലില്‍ നിരന്തര നിരീക്ഷണത്തിൽ

ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടരുന്നു; കയറ്റുമതി-ഇറക്കുമതി വ്യാപാരത്തുടർച്ച ഉറപ്പാക്കാൻ നടപടികൾ

ജി.സി.സി രാജ്യങ്ങളിലെ ഒരു കോടിയിലധികം ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിന് മുൻഗണന

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം

പോസ്റ്റഡ് ഓണ്‍: 11 MAR 2026 7:56PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങൾ പങ്കെടുത്ത  സംയുക്ത വാര്‍ത്താസമ്മേളനം  ഇന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററിൽ സംഘടിപ്പിച്ചു. പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ മേഖലയിൽ വികസിച്ചുവരുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത്  കേന്ദ്ര സർക്കാർ സ്വീകരിച്ച മുൻകരുതലുകളെക്കുറിച്ചും നടപടികളെക്കുറിച്ചും  മാധ്യമങ്ങളോട് വിശദീകരിച്ചു. ഊർജ വിതരണ സജ്ജീകരണം, സമുദ്ര സുരക്ഷ, വിദേശത്തെ  ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം, സർക്കാർ സ്വീകരിക്കുന്ന ആശയവിനിമയ നടപടികൾ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങൾ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു.

 

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഇന്ധന വിതരണ സാഹചര്യം, തടസരഹിത ഊർജ വിതരണം ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ച് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

 

ക്രൂഡ് ഓയിൽ

  • ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതമായി തുടരുന്നു. രാജ്യത്തെ പ്രതിദിന ഉപഭോഗം ഏകദേശം 55 ലക്ഷം ബാരലാണ്. വ്യത്യസ്ത  സ്രോതസ്സുകളിൽ നിന്ന് ക്രൂഡ് ഓയില്‍ സംഭരിച്ചതുവഴി ഹോർമുസ് കടലിടുക്കിലൂടെ ഇക്കാലയളവിൽ സാധാരണ എത്തുന്നതിനേക്കാള്‍  ഉയര്‍ന്ന  അളവ് നിലവില്‍ ഉറപ്പാക്കിയിട്ടുണ്ട്.

  • ഇന്ത്യ ഇപ്പോൾ ഏകദേശം 40 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വൈവിധ്യവൽക്കരണത്തിൻ്റെ ഫലമായി ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും  ഹോർമുസ് കടലിടുക്കിന് പുറത്തെ പാതകളിലൂടെയാണ് വരുന്നത്. നേരത്തെ ഇത് ഏകദേശം 55 ശതമാനമായിരുന്നു.

  • രണ്ട് അധിക ക്രൂഡ് ഓയിൽ കപ്പലുകൾ ഇതിനകം രാജ്യത്തേക്ക് വരുന്നുണ്ട്.  ഇവ വരും ദിവസങ്ങളിൽ എത്തുന്നതോടെ ക്രൂഡ് ഓയിൽ വിതരണ നില കൂടുതൽ ശക്തമാകും. 

  • രാജ്യത്തുടനീളം എണ്ണ സംസ്കരണശാലകള്‍ വളരെ ഉയർന്ന ശേഷിയിലാണ് പ്രവർത്തിക്കുന്നത്.  ചിലയിടങ്ങളിൽ 100 ശതമാനത്തിന് മുകളിലും ശേഷി ഉപയോഗപ്പെടുത്തുന്നു.  

 

പ്രകൃതിവാതകം

  • ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഉപഭോഗം പ്രതിദിനം ഏകദേശം 189 MMSCMD ആണ്. ഇതിൽ 97.5 MMSCMD ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നു.  അപ്രതീക്ഷിത സാഹചര്യങ്ങൾ ഏകദേശം 47.4 MMSCMD വിതരണത്തെ ബാധിച്ചിട്ടുണ്ട്.

  • ഈ തടസ്സം പരിഹരിക്കാന്‍ ഇതര വിതരണക്കാരെയും പാതകളെയും കണ്ടെത്താന്‍ നടപടികൾ പുരോഗമിക്കുകയാണ്. ഗ്യാസ് കമ്പനികൾ പുതിയ സ്രോതസ്സുകളിൽ നിന്ന് പ്രകൃതിവാതക കാർഗോകൾ ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പ്രകൃതിവാതക കാർഗോകൾ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.  

  • വാതക വിതരണം നിയന്ത്രിക്കാനും മുൻഗണനാ മേഖലകളെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് 2026 മാർച്ച് 9-ന് അവശ്യ സാധന നിയമപ്രകാരം സർക്കാർ  'പ്രകൃതിവാതക നിയന്ത്രണ ഉത്തരവ്' പുറപ്പെടുവിച്ചിട്ടുണ്ട്.  

  • വീടുകളിലെ പിഎൻജി വിതരണത്തിനും വാഹനങ്ങളുടെ സിഎൻജി  വിതരണത്തിനും യാതൊരു കുറവുമില്ലാതെ 100 ശതമാനം വിതരണം ഉറപ്പാക്കും.   

  • ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ച തേയില വ്യവസായങ്ങൾക്കും നിർമാണ കേന്ദ്രങ്ങള്‍ക്കും മറ്റ് വ്യാവസായിക ഉപഭോക്താക്കൾക്കും  കഴിഞ്ഞ ആറ് മാസത്തെ ശരാശരി വിതരണത്തിൻ്റെ ഏകദേശം 80 ശതമാനം ലഭിക്കും. 

  • വളം നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് ഏകദേശം 70 ശതമാനം വിതരണം ലഭിക്കും.  അതേസമയം ഉയർന്ന മുൻഗണനാ മേഖലകളെ സംരക്ഷിക്കുന്നതിന് എണ്ണസംസ്കരണശാലകളിലും  പെട്രോകെമിക്കൽ യൂണിറ്റുകളിലും വിതരണത്തിൽ ഏകദേശം 35 ശതമാനം കുറവ് വരുത്തും.

 

എൽപിജി 

  • ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിൻ്റെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ 90 ശതമാനവും എത്തുന്നത് നിലവിലെ സാഹചര്യങ്ങള്‍ ബാധിച്ച ഹോർമുസ് കടലിടുക്കിലൂടെയാണ്.

  • പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടീൻ തുടങ്ങിയ വാതകങ്ങള്‍ എൽ.പി.ജി നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തി ഉല്പാദനം പരമാവധിയാക്കാൻ 2026 മാർച്ച് 8-ന് എണ്ണസംസ്കരണശാലകള്‍ക്കും പെട്രോകെമിക്കൽ കേന്ദ്രങ്ങള്‍ക്കും സർക്കാർ നിർദേശം നൽകി. ഈ നടപടികളുടെ ഫലമായി ആഭ്യന്തര എൽപിജി ഉല്പാദനം ഏകദേശം 25 ശതമാനം വർധിച്ചു. ആഭ്യന്തര എൽപിജി ഉല്പാദനം മുഴുവനായും ഗാർഹിക ഉപഭോക്താക്കൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.

  • ഗാർഹികേതര എൽപിജി ആവശ്യങ്ങളില്‍  ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്ക് മുൻഗണന നൽകുന്നു. 

  • ഹോട്ടലുകൾക്കും  റെസ്റ്റോറൻ്റുകള്‍ക്കും മറ്റ് വാണിജ്യ ഉപഭോക്താക്കൾക്കും നല്‍കുന്ന വിഹിതം പുനഃപരിശോധിക്കാനും ലഭ്യമായ എൽപിജി സുതാര്യമായും നീതിയുക്തമായും വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ,  ബി.പി.സി.എൽ   എന്നിവയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മൂന്നംഗ സമിതി രൂപീകരിച്ചു.

  • ഡൽഹിയിൽ ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ നിലവിലെ വില 913 രൂപയാണ് (60 രൂപ വർധനയ്ക്ക് ശേഷം). പി.എം ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 613 രൂപയായി തുടരുന്നു. 

  • പി.എം. ഉജ്വല യോജന പദ്ധതിയുടെ ഭാഗമായ കുടുംബങ്ങള്‍ക്ക് വിലവർധന പ്രതിദിനം 80 പൈസയിൽ താഴെ മാത്രമാണ്. 

  • 2023 ജൂലൈ മുതൽ സൗദി കരാര്‍ വില 41 ശതമാനത്തോളം വർധിച്ചിട്ടും സർക്കാർ പിന്തുണയോടെ ഇക്കാലയളവിൽ പി.എം. ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിലെ വിലയില്‍ 32 ശതമാനത്തോളം കുറവുണ്ടായി.  

  • എൽ.പി.ജി വിൽപന നഷ്ടത്തില്‍  എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം സർക്കാർ അനുവദിച്ചു. 

  • പരിഭ്രാന്തി കാരണം ചിലയിടങ്ങളിൽ ബുക്കിങും പൂഴ്ത്തിവെപ്പും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എങ്കിലും ഗാർഹിക സിലിണ്ടറുകളുടെ സാധാരണ വിതരണ സമയം ഏകദേശം 2.5 ദിവസമായി തുടരുന്നു. ഉപഭോക്താക്കൾ സിലിണ്ടറുകൾ തിരക്ക് കൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

  • വിതരണ തലത്തിലെ വെട്ടിപ്പുകൾ തടയുന്നതിന് വിതരണസമയത്തെ സ്ഥിരീകരണ കോഡ്  സംവിധാനം 90 ശതമാനം ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കുന്നു.  

  • താൽക്കാലികമായി ആവശ്യകതയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന നടപടിയെന്ന നിലയിൽ എൽപിജി ബുക്കിങുകള്‍ക്കിടയിലെ കുറഞ്ഞ സമയം 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തിയിട്ടുണ്ട്. 

  • വിതരണക്കാരുടെ കുടിശ്ശിക തീർക്കാനും വിതരണം സുഗമമാക്കാനും എണ്ണവിപണന  കമ്പനികളും പരിശോധനാ സംഘങ്ങളും പ്രാദേശിക തലത്തിൽ ഏകോപിച്ച്  പ്രവർത്തിക്കുന്നു.

  • ആഗോള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. തടസരഹിത ഇന്ധന വിതരണം ഉറപ്പാക്കാനും വീടുകളെയും മുൻഗണനാ മേഖലകളെയും സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.  

 

സമുദ്ര സുരക്ഷയും കപ്പൽ ഗതാഗതവും

പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ നിലവിലെ സമുദ്ര സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ നാവികരെയും കപ്പലുകളെയും വ്യാപാര പ്രവർത്തനങ്ങളെയും  സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും  തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയം മാധ്യമങ്ങളോട് വിശദീകരിച്ചു.  മന്ത്രാലയത്തിൻ്റെ  വിവരങ്ങൾ പ്രകാരം:

  • നിലവിൽ ഇന്ത്യൻ പതാക വഹിക്കുന്ന 28 കപ്പലുകൾ പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 24 കപ്പലുകൾ ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് 677 ഇന്ത്യൻ നാവികരുമായി സഞ്ചരിക്കുന്നു.  4 കപ്പലുകൾ 101 ഇന്ത്യൻ നാവികരുമായി കടലിടുക്കിന് കിഴക്ക് ഭാഗത്താണ്.  ഇവരുടെ സുരക്ഷയും സംരക്ഷണവും സജീവമായി നിരീക്ഷിച്ചുവരുന്നു. 

  • സംഭവവികാസങ്ങൾ നിരീക്ഷിക്കാനും സഹായങ്ങൾ ഏകോപിപ്പിക്കാനും 2026 ഫെബ്രുവരി 28 മുതൽ മന്ത്രാലയത്തിലും കപ്പല്‍ഗതാഗത ഡയറക്ടറേറ്റ് ജനറൽ  ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.

  • ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്കും ഇന്ത്യൻ നാവികർക്കും സുരക്ഷാ നടപടികൾ കർശനമാക്കാനും കപ്പല്‍ ജീവനക്കാരുടെ  വിശദാംശങ്ങൾ സമർപ്പിക്കുന്നതടക്കം റിപ്പോർട്ടിങ് ചട്ടങ്ങള്‍ പാലിക്കാനും നിർദേശം നൽകി 2026 ഫെബ്രുവരി 28-ന്  ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ മാർഗനിർദേശങ്ങൾ  പുറപ്പെടുവിച്ചു.

  • ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ സാഹചര്യങ്ങളില്‍ സഹായം നൽകാനും അധികൃതരും കപ്പൽ മാനേജർമാരും റിക്രൂട്ട്‌മെൻ്റ് ഏജൻസികളും  ഇന്ത്യൻ എംബസികളുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

  • ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടരുന്നു. കയറ്റുമതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കയറ്റുമതി-ഇറക്കുമതി  വ്യാപാരത്തിൻ്റ തുടർച്ച ഉറപ്പാക്കാനുമാവശ്യമായ സഹായങ്ങൾ നല്‍കാന്‍  തുറമുഖങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

  • പ്രധാന തുറമുഖങ്ങൾ കപ്പലുകളുടെ നീക്കം നിരന്തരം നിരീക്ഷിക്കുകയും മേഖലയിലെ സംഭവവികാസങ്ങൾ തത്സമയം വിലയിരുത്തുകയും കപ്പലുകളുടെയും ചരക്കുകളുടെയും സ്ഥിതിവിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

  • ഇന്ത്യൻ നാവികരുടെയും ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ മാറിവരുന്ന സാഹചര്യങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നു.  

  • സമുദ്ര വ്യാപാരത്തിനും നാവികർക്കും ആവശ്യമായ പിന്തുണ നൽകാന്‍ മന്ത്രാലയം വ്യവസായ പങ്കാളികളുമായി പതിവായി ആശയവിനിമയം നടത്തുന്നു.

  • ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും രാജ്യത്തിൻ്റെ സമുദ്ര താല്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

 

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ വഴി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു:

  • ജി.സി.സി രാജ്യങ്ങളിലെ ഏകദേശം ഒരു കോടിയോളം വരുന്ന വിശാലമായ ഇന്ത്യന്‍ പ്രവാസി സമൂഹത്തിൻ്റെക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് മുൻഗണന നല്‍കുന്നത്. 

  • യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഇസ്രയേൽ തുടങ്ങി നിരവധി ഗൾഫ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു.

  • വിദേശകാര്യമന്ത്രിയും ഈ രാജ്യങ്ങളിലെയും ഇറാനിലെയും  വിദേശകാര്യ മന്ത്രിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു.

  • മേഖലയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ഇന്ത്യൻ പൗരന്മാർക്ക് കൃത്യമായ ഇടവേളകളിൽ മാർഗനിർദേശങ്ങൾ  നല്‍കുന്നുണ്ട്.

  • പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അംബാസഡർമാരും കോൺസൽ ജനറൽമാരും സാമുദായികതലത്തിലെ  അംഗങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നിവരുന്നു.   

  • മസ്കറ്റ്, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴി വിനോദസഞ്ചാരികളും യാത്രാമധ്യേയുള്ളവരുമടക്കം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഈ നയതന്ത്ര കാര്യാലയങ്ങള്‍ സഹായിച്ചിട്ടുണ്ട്.

  • ഇന്ത്യൻ പൗരന്മാരുടെ സഹായത്തിന് വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം സ്ഥാപിച്ചു.

  • ചരക്ക് കപ്പലുകള്‍ ആക്രമണത്തിനിരയായ സംഭവങ്ങളിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.

  • പരിക്കേറ്റ ചില ഇന്ത്യൻ പൗരന്മാർ ചികിത്സയിലാണെന്നും അവർക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ സഹായം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ സുഖം പ്രാപിച്ചുവരുന്നു; ദുബായിൽ പരിക്കേറ്റ മറ്റൊരു പൗരൻ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുന്നുണ്ട്.

  • നിലവിൽ ഏകദേശം 9,000 ഇന്ത്യൻ പൗരന്മാർ ഇറാനിലുണ്ട്. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ഇറാനിലെ പ്രവാസി സമൂഹവുമായി അടുത്ത സമ്പർക്കം പുലർത്തിവരുന്നു. 

  • ഇന്ത്യൻ വിദ്യാർത്ഥികളെയും തീർത്ഥാടകരെയും ടെഹ്‌റാന്  പുറത്തെ സുരക്ഷിത നഗരങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

  • വ്യക്തികൾക്ക് വാണിജ്യ വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് മടങ്ങാന്‍ അർമേനിയയിലേക്കും അസർബൈജാനിലേക്കും കര അതിർത്തികൾ കടക്കുന്നതിന് സഹായം നൽകിവരുന്നു.

  • കൃത്യമായ വിവരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റേയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

പൊതുവിനിമയവും അവശ്യസാധന ലഭ്യത നിരീക്ഷണവും 

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വിശദീകരണ യോഗത്തിൽ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:

  • എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി  കൂടിക്കാഴ്ച നടത്തി.

  • അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി സ്വീകരിക്കാനും അവശ്യസാധനങ്ങളുടെ തടസരഹിത ലഭ്യത ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

  • പൊതുജനങ്ങൾക്ക് കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകാന്‍  സംസ്ഥാനതല വക്താവിനെ  നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

  • ഔദ്യോഗിക സർക്കാർ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ജില്ലാ ഭരണകൂടങ്ങള്‍ വഴിയും മാധ്യമ പങ്കാളികളിലൂടെയും  സ്ഥിരീകരിച്ച വിവരങ്ങൾ പങ്കുവെയ്ക്കണം.  

  • വിവരവിനിമയം ശക്തിപ്പെടുത്താന്‍  പ്രാദേശിക ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. ജില്ലാ കലക്ടർമാർ, പോലീസ് കമ്മീഷണർമാർ, മുൻസിപ്പൽ അധികൃതർ എന്നിവർ പൊതുജനങ്ങളുമായി സജീവമായി ബന്ധപ്പെടുകയും വിശ്വസനീയ വിവരങ്ങളുടെ ഉറവിടമായി നിലകൊള്ളുകയും വേണം.

പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യം കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജൻസികളും തമ്മിൽ തുടർച്ചയായ ഏകോപനം നിലനിർത്തുന്നുണ്ടെന്നും വിശദീകരണ യോഗം വ്യക്തമാക്കി. ഊർജ സുരക്ഷ ഉറപ്പാക്കാനും മേഖലയിലെ ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കാനും സമുദ്ര ദൗത്യങ്ങളുടെ സുരക്ഷ നിലനിർത്താനും അവശ്യസാധനങ്ങളുടെ തടസരഹിത ലഭ്യത ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് യോഗം ആവർത്തിച്ചു. പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കാനും രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സമയബന്ധിത നടപടികൾ കൈക്കൊള്ളാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

 

****


( റിലീസ് ഐ.ഡി: 2238651) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada