വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സ്കൂളുകളിലും കോളജുകളിലും എവിജിസി കണ്ടൻ്റ് ക്രിയേറ്റര്‍ ലാബുകൾ സ്ഥാപിക്കാന്‍ രൂപരേഖയുമായി ബജറ്റാനന്തര വെബിനാർ

പോസ്റ്റഡ് ഓണ്‍: 10 MAR 2026 3:20PM by PIB Thiruvananthpuram

“സബ്കാ സാഥ്, സബ്കാ വികാസ് – ജനകീയാഭിലാഷങ്ങളുടെ സാക്ഷാത്കാരം: വിദ്യാഭ്യാസവും നൈപുണ്യവും സർവകലാശാലാ ടൗൺഷിപ്പുകളും” എന്ന വിഷയത്തില്‍ 2026 മാർച്ച് 09-ന് സംഘടിപ്പിച്ച ബജറ്റാനന്തര വെബിനാറിൻ്റെ ഭാഗമായി “സ്കൂളുകളിലും കോളജുകളിലും ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് (AVGC) കണ്ടൻ്റ് ക്രിയേറ്റര്‍ ലാബുകൾ” എന്ന വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക സെഷൻ സംഘടിപ്പിച്ചു. 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് 15,000 സെക്കൻഡറി സ്കൂളുകളിലും 500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എവിജിസി കണ്ടൻ്റ് ക്രിയേറ്റര്‍ ലാബുകൾ  സ്ഥാപിക്കുന്നത് സംബന്ധിച്ച ആസൂത്രണത്തെക്കുറിച്ച് സെഷൻ ചർച്ച ചെയ്തു.

 

നൂതനാശയങ്ങളിലധിഷ്ഠിതമായ സമ്പദ്‌ വ്യവസ്ഥയിലേക്ക് രാജ്യം കൈവരിക്കുന്ന പരിവർത്തനത്തിൻ്റെ ഭാഗമായി ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് മേഖലയെ രാജ്യം സജീവമായി പ്രോത്സാഹിപ്പിക്കുന്നതായി വെബിനാർ പരമ്പര ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി വ്യക്തമാക്കി. വ്യാവസായിക മേഖലാ സഹകരണവും ഗവേഷണാധിഷ്ഠിത പഠനവും ശക്തിപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി ഇതിലൂടെ കാമ്പസുകൾ നൂതനാശയങ്ങളുടെയും വ്യാവസായിക ഇടപെടലുകളുടെയും കേന്ദ്രങ്ങളായി മാറുമെന്നും വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകാനുഭവം ലഭിക്കുന്നതിലൂടെ ദേശീയ നൈപുണ്യ ആവാസവ്യവസ്ഥ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടു.  

 

ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ മാതൃകയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT) സര്‍ക്കാര്‍ രൂപീകരിച്ചതായി ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകോത്തര സൗകര്യങ്ങളോടെ അത്യാധുനിക മാതൃകാ ലാബുകള്‍ ഈ കേന്ദ്രത്തിലുണ്ട്. സര്‍ഗാത്മക, മാധ്യമ, സാങ്കേതിക രംഗങ്ങളിലെ വളർന്നുവരുന്ന പുതിയ മേഖലകളിൽ യുവാക്കൾക്ക് ഉന്നത നിലവാരത്തില്‍ വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും കേന്ദ്രത്തിലൂടെ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടൻ്റ് ക്രിയേറ്റർമാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും വരുമാനം നേടാനും ഒപ്പം രാജ്യത്തിനകത്തും ആഗോളതലത്തിലും പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും അവസരം നൽകുന്ന "ക്രിയേറ്റേഴ്‌സ് കോർണർ" ദൂരദർശൻ ആരംഭിച്ചതായും ശ്രീ വൈഷ്ണവ് അറിയിച്ചു.  

സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും എവിജിസി മേഖലയിൽ ഇന്ത്യയെ ആഗോള നേതൃനിരയിലേക്കുയർത്താനും ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.

 

വളർന്നുവരുന്ന സര്‍ഗ സമ്പദ്‍ വ്യവസ്ഥയിലെ പാഠ്യപദ്ധതി വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക സഹകരണം, നൈപുണ്യ പാതകൾ എന്നിവ ചർച്ച ചെയ്യുന്നതിന് വിസിൽ വുഡ്സ് ഇൻ്റർനാഷണൽ വൈസ് പ്രസിഡൻ്റും മുഖ്യ സാങ്കേതിക ഓഫീസറുമായ  ശ്രീ ചൈതന്യ ചിഞ്ച്ലിക്കർ നിയന്ത്രിച്ച ചർച്ചാ സെഷനിൽ നയരൂപകർത്താക്കളും വ്യാവസായിക പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. പാനലിസ്റ്റുകളായി സർക്കാർ, വ്യവസായം, അക്കാദമിക്, സര്‍ഗാത്മക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ പ്രതിനീധീകരിച്ച് ശ്രീമതി എ. ശ്രീജ (സാമ്പത്തിക ഉപദേഷ്ടാവ്, സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്), ഡോ. ആശിഷ് കുൽക്കർണി (ചെയർമാൻ, ഫിക്കി എവിജിസി ഫോറം), ശ്രീ രാജൻ നവാനി (ഫൗണ്ടർ & ഗ്രൂപ്പ് സിഇഒ, ജെറ്റ് സിന്തസിസ്), ശ്രീമതി സോനം ഭഗത് (സിഇഒ, വൈഗർ), ഡോ. വിശ്വാസ് ദേവോസ്കർ (സിഇഒ, ഐഐസിടി), ശ്രീ മുഞ്ജൽ ഷ്രോഫ് (ഡയറക്ടർ & സിഒഒ, ഗ്രാഫിറ്റി സ്റ്റുഡിയോസ്), ശ്രീ ബിരേൻ ഘോഷ് (ഫൗണ്ടർ & സിഇഒ, ആസ്ട്ര സ്റ്റുഡിയോസ്), ശ്രീ മൻവേന്ദ്ര ശുകുൽ (സിഇഒ, ലക്ഷ്യ ഡിജിറ്റൽ), ശ്രീമതി മാല ശർമ (ഗ്ലോബൽ വൈസ് പ്രസിഡൻ്റ്, വിദ്യാഭ്യാസ, അന്താരാഷ്ട്ര വിഭാഗം, അഡോബി), ശ്രീമതി പ്രീതി വ്യാസ് (പ്രസിഡൻ്റ്, മിതിക്) എന്നിവരും വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു.

 

സ്കൂളുകളിലും കോളജുകളിലും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാണ ലാബുകൾ സ്ഥാപിക്കുന്നതിലൂടെ ദേശീയ വിദ്യാഭ്യാസ നയത്തിനും അതിലെ ബഹുവിഷയ പഠനം, സർഗാത്മകത, ഡിസൈൻ തിങ്കിങ് എന്നിവയ്ക്കും അനുസൃതമായി ആനിമേഷൻ, ഗെയിമിങ്, വിഎഫ്എക്സ്, ഡിജിറ്റൽ കഥാഖ്യാനം തുടങ്ങിയ മേഖലകളിൽ തൊഴില്‍ പടുത്തുയർത്താൻ വിദ്യാർത്ഥികൾക്ക് കൃത്യമായ പാതയൊരുക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മെൻ്റര്‍ഷിപ്പും ഇൻ്റേൺഷിപ്പും ഒപ്പം യഥാർത്ഥ ലോകാനുഭവത്തിന് ശക്തമായ വ്യാവസായിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും വിദഗ്ധര്‍ എടുത്തുപറഞ്ഞു.

 

രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ തുടങ്ങി തയ്യാറെടുപ്പിൻ്റെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിൽ വിപുലീകരിക്കുന്ന ഘട്ടംഘട്ടമായ നടത്തിപ്പ് രീതിയിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ലാബുകൾക്ക് അനുയോജ്യമായ സ്ഥാപനങ്ങള്‍ കണ്ടെത്തുക, ഘടനാപരമായ എവിജിസി പാഠ്യപദ്ധതി വികസിപ്പിക്കുക, വ്യാവസായിക സഹായത്തോടെ പരിശീലനം നടത്തി അധ്യാപകരുടെ ശേഷി വർധിപ്പിക്കുക, മാനദണ്ഡപ്രകാരം അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ചട്ടക്കൂടും സ്ഥാപിക്കുക, വ്യാവസായിക-അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന പ്രവർത്തന നിർദേശങ്ങൾ.

 

രാജ്യത്തെ ഏകദേശം 500 സ്കൂളുകളിലെയും 50 കോളജുകളിലെയും പ്രതിനിധികൾ, വ്യാവസായിക പങ്കാളികൾ, രക്ഷിതാക്കൾ, വ്യക്തിഗത പങ്കാളികൾ എന്നിവരടക്കം 16,600-ലേറെ പേർ വെബിനാറില്‍ പങ്കെടുത്തു.

 

ഇന്ത്യയുടെ സജീവ സംസ്കാരവും സർഗാത്മകതയും പ്രദർശിപ്പിക്കാൻ ജനങ്ങള്‍ക്ക് ജനാധിപത്യ വേദിയൊരുക്കുന്നതില്‍ സര്‍ഗ സമ്പദ്‍ വ്യവസ്ഥയുടെ വർധിച്ചുവരുന്ന പ്രാധാന്യം ബജറ്റാനന്തര വെബിനാറിൻ്റെ സമാപന സെഷനിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വിശദീകരിച്ചു. മാധ്യമ വിനോദ മേഖലയെ മാറ്റിമറിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തുടനീളം കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിൻ്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുമെന്ന് വ്യക്തമാക്കി.  

 

എവിജിസി കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾക്ക് ശക്തമായ നിര്‍വഹണ ചട്ടക്കൂട് വികസിപ്പിക്കാൻ ഈ ചർച്ചകൾ വഴിയൊരുക്കും. രാജ്യത്തെ യുവജനങ്ങളെ സർഗാത്മക ഡിജിറ്റല്‍ നൈപുണ്യം നേടാൻ പ്രാപ്തരാക്കുന്ന ഈ സംരംഭം ആഗോള എവിജിസി മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും.  

 

***


( റിലീസ് ഐ.ഡി: 2237845) സന്ദര്‍ശക കൗണ്ടര്‍ : 10