രാഷ്ട്രപതിയുടെ കാര്യാലയം
‘ജീവൻ രക്ഷിക്കുകയും ആരോഗ്യകരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്യുക’ എന്ന പി.ഡി. ഹിന്ദുജ ആശുപത്രിയുടെ രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു
പോസ്റ്റഡ് ഓണ്‍:
24 FEB 2026 6:33PM by PIB Thiruvananthpuram
പി.ഡി. ഹിന്ദുജ ആശുപത്രി സംഘടിപ്പിക്കുന്ന ‘ജീവൻ രക്ഷിക്കുകയും ആരോഗ്യകരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്യുക’ എന്ന രാജ്യവ്യാപക പ്രചാരണ പരിപാടി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഫെബ്രുവരി 24) മുംബൈയിലെ ലോക് ഭവനിൽ ഉദ്ഘാടനം ചെയ്തു.

എല്ലാ പൗരന്മാരും ആരോഗ്യത്തോടെയിരിക്കാനും അവർക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിഞ്ഞ ദശകത്തിൽ ഭാരത സർക്കാർ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രാജ്യത്തുടനീളം 1,80,000-ലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ആരോഗ്യ സേവനങ്ങൾ നല്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ, ഏകദേശം 12 കോടി കുടുംബങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പ്രതിവർഷം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതം ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. മിഷൻ ഇന്ദ്രധനുഷ്, ക്ഷയരോഗ മുക്ത ഭാരതം പ്രചാരണ പരിപാടി, അരിവാൾ രോഗ നിർമ്മാർജ്ജന ദൗത്യം തുടങ്ങിയ ദേശീയ പരിപാടികൾ പൗരന്മാരെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഗുണനിലവാരമുള്ള ഡോക്ടർമാരുടേയും പാരാമെഡിക്കൽ പ്രൊഫഷണലുകളുടേയും ലഭ്യത വർദ്ധിപ്പിക്കുന്നതിനായി എംബിബിഎസ്, ബിരുദാനന്തര സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി പല സംസ്ഥാനങ്ങളിലും പുതിയ എയിംസുകളും മെഡിക്കൽ കോളേജുകളും സ്ഥാപിച്ചു. ഈ ശ്രമങ്ങൾ നല്ല ഫലങ്ങൾ നല്കുന്നുണ്ട്. എന്നിരുന്നാലും, ആരോഗ്യകരമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സർക്കാരിനോടൊപ്പം എല്ലാ പങ്കാളികളുടേയും പങ്ക് നിർണ്ണായകമാണ്. ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം ഓരോ പൗരനിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ‘ജീവൻ രക്ഷിക്കുകയും ആരോഗ്യകരമായ ഒരു ഭാരതം കെട്ടിപ്പടുക്കുകയും ചെയ്യുക’ എന്ന പ്രചാരണ പരിപാടി ഈ ദിശയിലുള്ള അത്തരമൊരു ശ്രമമാണ്.

ജീവൻ രക്ഷിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമെന്ന് രാഷ്ട്രപതി പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക എന്നത് നിർണ്ണായകമാണ്. ‘ഗോൾഡൻ അവർ’ എന്നറിയപ്പെടുന്ന സമയത്തിനുള്ളിൽ കൃത്യമായ വൈദ്യസഹായം നല്കുന്നത് മിക്ക ജീവനുകളും രക്ഷിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അടിയന്തര വൈദ്യസഹായത്തിൻ്റെ അഭാവം മൂലം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലൂടെ അപകടബാധിതർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭ്യമാക്കുന്നു. ആംബുലൻസുകൾക്കും ട്രോമ കെയർ സെൻ്ററുകൾക്കുമൊപ്പം, ഗുരുതരമായ അപകടങ്ങളിലും മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിലും ജീവൻ രക്ഷിക്കുന്നതിന് അവബോധവും നിർണ്ണായകമാണ്.

ആരോഗ്യമുള്ള പൗരന്മാരാണ് ശക്തമായ ഒരു രാഷ്ട്രത്തിൻ്റെ അടിത്തറയെന്ന് രാഷ്ട്രപതി പറഞ്ഞു. ജനങ്ങളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും അവർക്ക് കൃത്യസമയത്ത് ശരിയായ വൈദ്യസഹായം നല്കുന്നതും അവരെ ആരോഗ്യത്തോടെ നിലനിർത്താൻ നിർണ്ണായകമാണ്. ആരോഗ്യ പരിപാലനം എന്നത് രാഷ്ട്രനിർമ്മാണത്തിൻ്റെ അവിഭാജ്യ ഘടകമാണ്. പൗരന്മാരുടെ ആരോഗ്യം എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് പോലും കൃത്യസമയത്ത് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പങ്കാളികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ‘എല്ലാവർക്കും താങ്ങാനാവുന്ന ലോകോത്തര ആരോഗ്യ സേവനങ്ങൾ’ എന്നത് എല്ലാവരുടെയും ദൗത്യമായിരിക്കണം.

മറ്റ് മേഖലകളെപ്പോലെ സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും (AI) ആരോഗ്യരംഗത്തും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭാവിയിൽ അവയുടെ പങ്ക് വർദ്ധിക്കുമെന്നും അതിനായി നാം തയ്യാറായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നൂതന കണ്ടുപിടിത്തങ്ങൾക്കും പുതിയ സാങ്കേതികവിദ്യകളുടെ വ്യാപകമായ സ്വീകാര്യതയ്ക്കും അനുകൂലമായ ഒരു ആവാസവ്യവസ്ഥ ഭാരത സർക്കാർ ഒരുക്കുന്നുണ്ട്. ‘ഇന്ത്യ എഐ ദൗത്യം’ നിർമ്മിതബുദ്ധി അധിഷ്ഠിത ആരോഗ്യ പരിപാലനത്തിലെ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നു.
ഇന്ത്യ ഒരു മുൻനിര ഔഷധ ഉത്പാദക രാജ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്ന മരുന്നുകൾ ലോകമെമ്പാടുമുള്ള ആളുകളുടെ ചികിത്സയ്ക്ക് സംഭാവന നല്കുന്നു. എന്നിരുന്നാലും, നിരവധി മെഡിക്കൽ ഉപകരണങ്ങൾക്കും സുപ്രധാന മരുന്നുകൾക്കുമായി നാം ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നു. ഇറക്കുമതി ചെയ്യുന്ന ഈ ഉപകരണങ്ങളും മരുന്നുകളും സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിൽ ആരോഗ്യ പരിപാലനം ലഭ്യമാക്കുന്നതിന് രാജ്യത്ത് മരുന്നുകളും ഉപകരണങ്ങളും നിർമ്മിക്കുന്നത് നിർണ്ണായകമാണ്. മെയ്ക്ക് ഇൻ ഇന്ത്യ, പിഎൽഐ പോലുള്ള സംരംഭങ്ങൾ ഈ ദിശയിൽ സഹായകരമാണെന്ന് തെളിയിക്കപ്പെടുന്നു. ഈ മേഖലയിൽ ഗവേഷണം, നവീകരണം, സ്റ്റാർട്ടപ്പുകൾ എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രാഷ്ട്രനിർമ്മാണത്തിന് സംഭാവന നല്കാൻ മെഡിക്കൽ സമൂഹത്തോടും ബിസിനസ്സ് സമൂഹത്തോടും അവർ അഭ്യർത്ഥിച്ചു.

2047-ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യവുമായാണ് നാം മുന്നോട്ട് പോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആരോഗ്യമുള്ള പൗരന്മാർ ഒരു അടിസ്ഥാന ആവശ്യകതയാണ്. ഗുണനിലവാരമുള്ള ആരോഗ്യ പരിപാലനം കൃത്യസമയത്ത് ലഭ്യമായാൽ മാത്രമേ പൗരന്മാർ ആരോഗ്യവാന്മാരായിരിക്കുകയുള്ളൂ. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ പൗരന്മാർക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കുമെന്നും ആഗോള ആരോഗ്യ പരിപാലന കേന്ദ്രം എന്ന നിലയിൽ ഇന്ത്യയ്ക്ക് കൂടുതൽ അംഗീകാരം ലഭിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
( റിലീസ് ഐ.ഡി: 2232376)
സന്ദര്‍ശക കൗണ്ടര്‍ : 8