പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

നെതർലാൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫിന്റെ ഇന്ത്യ സന്ദർശനം

പോസ്റ്റഡ് ഓണ്‍: 19 FEB 2026 8:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 19-ന് ആദരണീയ നെതർലാൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 'എഐ ഇംപാക്ട് സമ്മിറ്റിൽ' (AI Impact Summit) പങ്കെടുക്കുന്ന നെതർലാൻഡ്‌സ് പ്രതിനിധി സംഘത്തെ നയിക്കുന്നത് പ്രധാനമന്ത്രി ഷൂഫാണ്.

ഉച്ചകോടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ഷൂഫിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള എഐ (AI) വർക്കിംഗ് ഗ്രൂപ്പിന്റെ കോ-ചെയർ എന്ന നിലയിൽ നെതർലാൻഡ്‌സ് നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചു. ഉച്ചകോടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഷൂഫ്, ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ ഭാവിയിലെ നയരൂപീകരണ ചർച്ചകൾക്ക് വഴികാട്ടിയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവ് സാങ്കേതിക പരിണാമത്തിലെ ഒരു നിർണ്ണായക നിമിഷമാണെന്നും അത് സമൂഹത്തിന് വലിയ അവസരങ്ങൾ നൽകുന്നുവെന്നും ഇരുനേതാക്കളും അംഗീകരിച്ചു. സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിന് എഐയുടെ പൂർണ്ണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയും നെതർലാൻഡ്‌സും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ എഐ, ക്വാണ്ടം, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത ഇരുനേതാക്കളും, ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്തത്തിലെ സ്ഥിരമായ പുരോഗതിയെ സ്വാഗതം ചെയ്തു. 'WAH' (ജലം, കൃഷി, ആരോഗ്യം - Water, Agriculture, Health), ശുദ്ധമായ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, പ്രതിരോധവും സുരക്ഷയും, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ (India-EU Free Trade Agreement) ചർച്ചകൾ പൂർത്തിയാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്തത്തിന്റെ പൂർണ്ണ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുളള ചരിത്രപരമായ അവസരം നൽകിയെന്ന് അവർ സമ്മതിച്ചു.

പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറുകയും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ബഹുരാഷ്ട്ര വേദികളിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. യുക്രെയ്നിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താൻ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണ്. 

 വ്യാപാരം, നിക്ഷേപം, WAH (ജലം, കൃഷി, ആരോഗ്യം), ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പരമ്പരാ​ഗത മേഖലകളിൽ ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം, സമുദ്ര മേഖല തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലേക്ക് ഈ ബന്ധം അടുത്തിടെ വ്യാപിപ്പിച്ചിട്ടുമുണ്ട്.

***

NK


( റിലീസ് ഐ.ഡി: 2230630) സന്ദര്‍ശക കൗണ്ടര്‍ : 5