ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വൈവിധ്യമാർന്ന ആവശ്യങ്ങളും വെല്ലുവിളികളും പരിഹരിക്കാനായി ഇന്ത്യ AI മിഷൻ: എസ്. കൃഷ്ണൻ (സെക്രട്ടറി, MeitY)
പോസ്റ്റഡ് ഓണ്‍:
17 FEB 2026 3:42PM by PIB Thiruvananthpuram
ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ രണ്ടാം ദിനം, ജനകേന്ദ്രീകൃതമായ AI-യും രാജ്യത്തിന്റെ പരമാധികാര സാങ്കേതിക ശേഷിയും തമ്മിൽ സാധ്യമാകുന്ന സമന്വയത്തെക്കുറിച്ചുള്ള ചർച്ചകളോടെ ആരംഭിച്ചു.

പൊതുസേവന വിതരണത്തിലും പൗരക്ഷേമത്തിലും നിർമ്മിത ബുദ്ധി സംവിധാനങ്ങൾ എങ്ങനെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നതിനെ ആസ്പദമാക്കി “അൽഗോരിതങ്ങളിൽ നിന്ന് ഫലപ്രാപ്തിയിലേക്ക് : ജനങ്ങൾക്കായി പ്രവർത്തിക്കുന്ന AI കെട്ടിപ്പടുക്കുക” എന്ന വിഷയത്തിലായിരുന്നു പ്രധാന സെഷൻ. കമ്പ്യൂട്ട്, മോഡലുകൾ, ഡാറ്റ എന്നിവ ആത്യന്തികമായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഭരണം ശക്തിപ്പെടുത്താനും പൗരന്മാർക്ക് ഉറപ്പുള്ള പ്രയോജനങ്ങൾ നൽകുന്ന രീതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളായി മാറണം എന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) സെക്രട്ടറി എസ്. കൃഷ്ണൻ സംസാരിച്ചു. ഇന്ത്യ AI മിഷൻ വൈവിധ്യമാർന്ന ആവശ്യങ്ങളും യഥാർത്ഥ ലോകത്തെ വെല്ലുവിളികളും നേരിടാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. AI ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനമുള്ള ആപ്ലിക്കേഷനുകളെ കണ്ടെത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യഥാർത്ഥ സ്വാധീനമുള്ള ആപ്ലിക്കേഷനുകൾ നിർമ്മിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കമ്പ്യൂട്ട്, മോഡലുകൾ, ഡാറ്റ എന്നിവ നൽകുന്നത്. വെറും പരസ്യപ്രചാരണങ്ങൾക്ക് (Hype) അപ്പുറം AI വിജയിക്കുമോ എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പരിഹാരങ്ങൾ നൽകുന്നുണ്ടോ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ഇവിടുത്തെ പ്രദർശനം സന്ദർശിച്ചാൽ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെ നിങ്ങൾക്ക് കാണാൻ സാധിക്കും. അവിടെ നിന്നാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. സർക്കാരുകൾക്ക് ഒരിക്കലും ആവശ്യത്തിന് അധ്യാപകരോ ഡോക്ടർമാരോ ജഡ്ജിമാരോ ഉണ്ടാകില്ല, എന്നാൽ AI ഉപയോഗിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചാൽ സേവനങ്ങളുടെ നിലവാരം ഗണ്യമായി ഉയർത്താൻ കഴിയും. അനുയോജ്യമായവ തിരഞ്ഞെടുക്കുക, അവ ഉത്തരവാദിത്തത്തോടെ വ്യാപിപ്പിക്കുക, സ്വകാര്യത സംരക്ഷിക്കുക, പൊതുപണം ഉറപ്പായ ഫലങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് നമ്മുടെ വെല്ലുവിളി.” അദ്ദേഹം പറഞ്ഞു.
എക്സ്പോയിലുള്ള 600-ലധികം സ്റ്റാർട്ടപ്പുകളും കമ്പനികളും സന്ദർശിക്കാനും വിവിധ മേഖലകളിൽ AI എങ്ങനെയൊക്കെ പ്രയോജനപ്പെടുന്നു എന്ന് നേരിട്ട് മനസ്സിലാക്കാനും അദ്ദേഹം സദസ്സിനോട് അഭ്യർത്ഥിച്ചു.
ജെ-പാൽ (J-PAL) ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇക്ബാൽ സിംഗ് ധലിവാൾ, ചിക്കാഗോ സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസർ മൈക്കൽ ക്രെമർ, പോളിസി രൂപകർത്താക്കൾ, മറ്റ് പ്രമുഖർ എന്നിവർ സെഷനിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2229222)
സന്ദര്‍ശക കൗണ്ടര്‍ : 10