മന്ത്രിസഭ
നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളില്‍ നിന്ന് 'സേവാ തീര്‍ത്ഥ്', 'കര്‍തവ്യ ഭവനങ്ങള്‍' എന്നിവയിലേക്ക് മാറുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി: 'യുഗേ യുഗീന്‍ ഭാരത്' ദേശീയ മ്യൂസിയത്തിന് പാതയൊരുക്കുന്നു
പോസ്റ്റഡ് ഓണ്‍:
14 FEB 2026 2:24PM by PIB Thiruvananthpuram
ഇന്ന്, 2082 വിക്രമ സംവത്സരം.. ഫാല്‍ഗുണ കൃഷ്ണ പക്ഷം... വിജയ ഏകാദശി... 1947 ലെ മാഘ 24-ന്റെ ശുഭവേള...
2026 ഫെബ്രുവരി 13-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അത് ഇപ്പോള്‍ 'സേവാ തീര്‍ത്ഥ്' എന്നറിയപ്പെടുന്നു.
ഇന്ത്യയെ കോളനിവാഴ്ചയുടെ ചങ്ങലകളില്‍ ബന്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍. 1947-ല്‍ ഇന്ത്യ കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും, ഈ കെട്ടിടങ്ങള്‍ അന്നത്തെ ഗവണ്‍മെന്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനായി നിലനിര്‍ത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷം, പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിലെ ഈ കെട്ടിടത്തില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ന്, സൗത്ത് ബ്ലോക്കിലെ ഈ ചേംബറില്‍ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം നടക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് സ്ഥലം മാറ്റത്തിന്റെ ഒരു നിമിഷം മാത്രമല്ല; ചരിത്രത്തിന്റെയും ഭാവിയുടെയും സംഗമത്തിന്റെ ഒരു നിമിഷം കൂടിയാണ്. അടിമത്തം മുതല്‍ സ്വാതന്ത്ര്യം വരെയും പിന്നീട് സ്വതന്ത്ര ഇന്ത്യ വരെയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ഈ സമുച്ചയം സാക്ഷ്യം വഹിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ 16 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭകള്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ക്ക് ഈ സമുച്ചയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നെഹ്റു ജി മുതല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി വരെയുള്ളവരുടെ കാല്‍പ്പാടുകള്‍ ഇതിന്റെ പടികളില്‍ പതിഞ്ഞിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പടവുകള്‍ രാജ്യത്തെ പടിപടിയായി പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ദശകങ്ങളില്‍, ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ നിന്നും, ജനങ്ങളില്‍ നിന്ന് ലഭിച്ച ജനവിധിയില്‍ നിന്നും, രാഷ്ട്രത്തിന്റെ അഭിലാഷങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഇവിടെ നടന്ന മന്ത്രിസഭാ യോഗങ്ങളില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവിടെ ഇന്ത്യയുടെ വിജയങ്ങള്‍ ആഘോഷിക്കപ്പെട്ടു, പരാജയങ്ങള്‍ വിലയിരുത്തി, പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ ശക്തവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങള്‍ എടുത്തു.
വിഭജനത്തിന്റെ ഭീകരത, യുദ്ധത്തിന്റെയും അടിയന്തരാവസ്ഥയുടെയും വെല്ലുവിളികള്‍, സമാധാനകാലത്തെ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയ്ക്ക് സൗത്ത് ബ്ലോക്കിലെ മുറികള്‍ സാക്ഷ്യം വഹിച്ചു. ടൈപ്പ്‌റൈറ്ററുകളില്‍ നിന്ന് ഡിജിറ്റല്‍ ഭരണത്തിലേക്കുള്ള സാങ്കേതികവിദ്യയുടെ നീണ്ട കുതിപ്പ് അവ അനുഭവിച്ചിട്ടുണ്ട്.
ഇവിടെ ഇരുന്ന്, നിരവധി തലമുറകളിലെ ഉദ്യോഗസ്ഥര്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയെ അനിശ്ചിതത്വത്തില്‍ നിന്ന് കരകയറ്റുകയും സ്ഥിരതയുടെ പാതയിലേക്ക് മുന്നോട്ട് നയിക്കുകയും ചെയ്ത തീരുമാനങ്ങള്‍ എടുത്തു. സാമ്പത്തിക വെല്ലുവിളികളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന്, ഇന്ന് ഇന്ത്യ ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രമായി നിലകൊള്ളുന്നത് എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമാണ്.
ഇന്നത്തെ ഇന്ത്യ ലോകത്തിലെ മുന്‍നിര സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണ്. ഇന്ത്യ സുരക്ഷിതവും പ്രാപ്തിയുള്ളതുമായ ഒരു രാഷ്ട്രമായി ഉയര്‍ന്നുവരികയും ആഗോള വേദികളില്‍ അതിന്റെ വ്യക്തവും ഫലപ്രദവുമായ ശബ്ദം അവതരിപ്പിക്കുകയും ചെയ്യുന്നു
കഴിഞ്ഞ ദശകത്തില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍, സൗത്ത് ബ്ലോക്ക് രാജ്യത്തിന്റെ നിരവധി ചരിത്രപരമായ തീരുമാനങ്ങളുടെ കേന്ദ്രമായിരുന്നു. കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടല്‍, പരമാവധി ഭരണനിര്‍വ്വഹണം എന്നിവയുടെ പ്രചോദന കേന്ദ്രമായി ഈ സ്ഥലം മാറി. ഇവിടെ നിന്നാണ്, പരിഷ്‌കരണങ്ങളുടെ നടപ്പാക്കലിന് രാജ്യത്തുടനീളം പ്രോത്സാഹനം ലഭിച്ചത്. ഇവിടെ നിന്നാണ്, ഡിബിടി, സ്വച്ഛ് ഭാരത് അഭിയാന്‍, ദരിദ്രരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയ വിപുലമായ പരിഷ്‌കാരങ്ങള്‍ രൂപപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുക, മുത്തലാഖിനെതിരെ നിയമം നിര്‍മ്മിക്കുക തുടങ്ങിയ സാമൂഹിക നീതിയുടെ ധീരവും സംവേദനക്ഷമതയുള്ളതുമായ തീരുമാനങ്ങള്‍ ഇവിടെ നിന്നാണ് എടുത്തത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുടെ തീരുമാനങ്ങളും ഇവിടെ നിന്നാണ് എടുത്തത്, അതിലൂടെ ഇന്ത്യ ലോകത്തിന് ഉറച്ചതും ആത്മവിശ്വാസമുള്ളതുമായ സുരക്ഷാ നയത്തിന്റെ വ്യക്തമായ സന്ദേശം നല്‍കി.
ഇന്ന്, വികസിത ഭാവിയുടെ ദൃഢനിശ്ചയത്തോടെ രാജ്യം മുന്നോട്ട് നീങ്ങുകയാണ്. ഇതിനായി, ആധുനികവും സാങ്കേതികവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ഓഫീസ് ആവശ്യമായി വന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ഓരോ കര്‍മ്മയോഗിയുടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും സേവനത്തിന്റെ ദൃഢനിശ്ചയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ജോലിസ്ഥലം.
ഈ ആവേശത്തോടെ, സൗത്ത് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ഏകദേശം 95 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് 2026 ഫെബ്രുവരി 13 ന് ഇന്ത്യാ ഗവണ്‍മെന്റ് ഈ കെട്ടിടങ്ങള്‍ ഒഴിവാക്കി 'സേവാ തീര്‍ത്ഥ'ത്തിലേക്കും 'കര്‍തവ്യ ഭവന'ത്തിലേക്കും മാറുന്നു. പ്രതീകാത്മകമായി, അടിമത്തത്തിന്റെ ഭൂതകാലത്തില്‍ നിന്ന് 'വികസിത ഇന്ത്യ'യുടെ ഭാവിയിലേക്കുള്ള രാജ്യത്തിന്റെ മറ്റൊരു ചുവടുവയ്പ്പാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, 'അധികാര'ത്തിന്റെ സംസ്‌കാരത്തിന് പകരം, രാജ്യത്ത് 'സേവന'ത്തിന്റെ സംസ്‌കാരം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പരിവര്‍ത്തനം ഈ മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.
ഇന്ന്, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളെ 'യുഗേ യുഗീന്‍ ഭാരത് ദേശീയ മ്യൂസിയത്തിന്റെ' ഭാഗമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ നാഗരികതയുടെ തലമുറകളെ ഇത് പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഈ മ്യൂസിയം നമ്മുടെ കാലാതീതവും ശാശ്വതവുമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുകയും നമ്മുടെ മഹത്തായ ഭൂതകാലത്തെ സമൃദ്ധമായ ഭാവിയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
ഭരണകേന്ദ്രത്തെ ഒരു കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്ന് പുതിയ ഇന്ത്യയുടെ 'സേവാ തീര്‍ത്ഥ'മാക്കി മാറ്റിയതിന് പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കേന്ദ്ര മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നു.
-SK-
( റിലീസ് ഐ.ഡി: 2228189)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada