മന്ത്രിസഭ
വിപണിയെ ആശ്രയിച്ചുള്ള നഗര പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
പോസ്റ്റഡ് ഓണ്‍:
14 FEB 2026 1:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ ആരംഭിക്കുന്ന അർബൻ ചലഞ്ച് ഫണ്ടിന് (UCF) അംഗീകാരം നൽകി. പദ്ധതി ചെലവിന്റെ 25% വരെ കേന്ദ്ര സഹായം ലഭിക്കും. പദ്ധതി ചെലവിന്റെ, കുറഞ്ഞത് 50% എങ്കിലും വിപണിയിൽ നിന്ന് സമാഹരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നഗരമേഖലയിൽ മൊത്തം നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ഇന്ത്യയുടെ നഗരവികസന സമീപനത്തിൽ മാതൃകാപരമായ മാറ്റത്തിന് നാന്ദി കുറിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രാന്റ് അധിഷ്ഠിത ധനസഹായത്തിൽ നിന്ന് വിപണിയുമായി ബന്ധപ്പെട്ട, പരിഷ്കരണാധിഷ്ഠിത, ഫലാധിഷ്ഠിത അടിസ്ഥാന സൗകര്യ സൃഷ്ടിയിലേക്കുള്ള ഇന്ത്യയുടെ മാറ്റമാണ് ഈ രീതിയിലൂടെ അടയാളപ്പെടുത്തുന്നത്.
ഉയർന്ന നിലവാരമുള്ള നഗര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അർബൻ ചലഞ്ച് ഫണ്ട് (UCF) വിപണിയിൽ നിന്നുള്ള ധന സമാഹരണം-മാർക്കറ്റ് ഫിനാൻസ്, സ്വകാര്യ പങ്കാളിത്തം, പൗര കേന്ദ്രീകൃത പരിഷ്കാരങ്ങൾ എന്നിവ പ്രയോജനപ്പെടുത്തും. പ്രതിരോധശേഷിയുള്ളതും, ഉൽപ്പാദനക്ഷമവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ നഗരങ്ങൾ നിർമ്മിക്കുക എന്നതാണ് അർബൻ ചലഞ്ച് ഫണ്ടിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ അടുത്ത ഘട്ട സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി അവയെ രൂപപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം.
ഈ ഫണ്ട് 2025–26 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെ പ്രവർത്തനക്ഷമമായിരിക്കും. കൂടാതെ 2033–34 സാമ്പത്തിക വർഷം വരെ ദീർഘിപ്പിക്കാവുന്ന നടപ്പാക്കൽ കാലയളവും ഇതിന് ഉണ്ടാകും. 2025–26 ബജറ്റ് പ്രഖ്യാപങ്ങളായ, നഗരങ്ങളെ വളർച്ചയുടെ കേന്ദ്രങ്ങളായി മാറ്റുക, നഗരങ്ങളുടെ സൃഷ്ടിപരമായ പുനർവികസനം, ജല-ശുചിത്വം, എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള സർക്കാരിന്റെ ദർശനം ഇതിലൂടെ യാഥാർഥ്യമാകും.
അർബൻ ചലഞ്ച് ഫണ്ടിന്റെ പ്രധാന സവിശേഷതകൾ:
i. പദ്ധതി ധനസഹായത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും വിപണിയിലെ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തണം. മുനിസിപ്പൽ ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന പങ്ക് സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, നഗരസഭകൾ അല്ലെങ്കിൽ മറ്റ് സ്രോതസ്സുകൾ എന്നിവ വഴി ലഭ്യമാക്കാം.
ii . സുതാര്യവും മത്സരാധിഷ്ഠിതവുമായ രീതിയിലൂടെയായിരിക്കും പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ ഉയർന്ന സ്വാധീനമുള്ള പരിഷ്കരണ കേന്ദ്രീകൃതമായ നിർദ്ദേശങ്ങൾക്കാണ് പിന്തുണ ലഭിക്കുക.
iii. നഗരഭരണം, വിപണിയും സാമ്പത്തിക സംവിധാനങ്ങളും, പ്രവർത്തന കാര്യക്ഷമത, നഗരാസൂത്രണം എന്നിവയിലുടനീളം ശക്തമായ പരിഷ്കാരങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും.
iv. ഘടനാപരമായ റിസ്ക്-ഷെയറിംഗ് ചട്ടക്കൂടുകളിലൂടെയും സേവന വിതരണ മാനദണ്ഡങ്ങളുടെ ബെഞ്ച്മാർക്കിംഗിലൂടെയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടും.
v. ടയർ-2, ടയർ-3 നഗരങ്ങൾ ഉൾപ്പെടെ 4223 നഗരങ്ങളുടെ, വായ്പാ യോഗ്യത വർദ്ധിപ്പിക്കുന്നതിന്, 5,000 കോടി രൂപയുടെ പ്രത്യേക നിധി രൂപീകരിച്ചു. ആദ്യമായി മാർക്കറ്റ് ഫിനാൻസിൽ പ്രവേശിക്കുന്ന നഗരങ്ങളെ ഇത് വളരെയധികം സഹായിക്കും.
vi. നഗര സഭകളെ ബാങ്കുകൾക്ക് നിക്ഷേപയോഗ്യമായ - ബാങ്കബിൾ ആസ്തി വിഭാഗമായി രൂപപ്പെടുത്തും.
ചെറിയ നഗരങ്ങൾക്കുള്ള വായ്പാ തിരിച്ചടവ് ഗ്യാരണ്ടി:
വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങൾക്കും/നഗരസഭകൾക്കും; കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചെറിയ യുഎൽബികൾക്കും (1,00,000 ത്തിൽ താഴെ ജനസംഖ്യ) ആദ്യമായി വിപണി ധനസമാഹരണത്തിൽ പ്രവേശനം സാധ്യമാക്കുന്നത് ലക്ഷ്യമിട്ട്, 5,000 കോടി രൂപയുടെ ക്രെഡിറ്റ് റീപേയ്‌മെന്റ് ഗ്യാരണ്ടി സ്കീമിന് അംഗീകാരം നൽകി. ഈ പദ്ധതിപ്രകാരം ആദ്യ തവണത്തെ വായ്പക്ക് 7 കോടി രൂപ വരെ അല്ലെങ്കിൽ വായ്പ തുകയുടെ 70 ശതമാനം വരെ (ഏതാണ് കുറവ് അത്) കേന്ദ്ര ഗ്യാരണ്ടി ലഭിക്കും. ആദ്യ വായ്പ വിജയകരമായി തിരിച്ചടച്ചാൽ, 7 കോടി അല്ലെങ്കിൽ വായ്പ തുകയുടെ 50 ശതമാനം വരെ (ഏതാണ് കുറവ് അത്) കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകും. ഇതിലൂടെ ചെറിയ നഗരങ്ങളിൽ ആദ്യമായി കുറഞ്ഞത് 20 കോടി രൂപയുടെ പദ്ധതികൾക്കും, തുടർന്ന് 28 കോടി രൂപയുടെ പദ്ധതികൾക്കും ഫലപ്രദമായി ധനസഹായം ലഭ്യമാക്കാൻ സാധിക്കും.
വെല്ലുവിളി അടിസ്ഥാനമാക്കിയുള്ള പദ്ധതി തിരഞ്ഞെടുപ്പ്:
പരിവർത്തനാത്മക സ്വാധീനം, സുസ്ഥിരത, പരിഷ്കരണ ദിശാബോധം എന്നീ വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ള ഒരു ചട്ടക്കൂടിലൂടെയാണ് ഫണ്ടിന് കീഴിലുള്ള പദ്ധതികൾ തിരഞ്ഞെടുക്കപ്പെടുന്നത്. പരിഷ്കാരങ്ങൾ, നാഴികക്കല്ലുകൾ, വ്യക്തമായി നിർവചിക്കപ്പെട്ട ഫലങ്ങൾ എന്നിവയുമായി ധനസഹായത്തെ ബന്ധിപ്പിക്കും. തുടർ ധനസഹായം ലഭിക്കുന്നതിന് പരിഷ്കാരങ്ങളുടെ തുടർച്ചയായ നടപ്പാക്കൽ ഒരു നിർബന്ധിത വ്യവസ്ഥയായിരിക്കും. പദ്ധതികളും പരിഷ്കാരങ്ങളും പേപ്പർലെസ് രീതിയിൽ നിരീക്ഷിക്കുന്നതിന് ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റൽ പോർട്ടൽ പ്രയോജനപ്പെടുത്തും.
പദ്ധതി കേന്ദ്രങ്ങൾ:
നഗരങ്ങളെ വളർച്ചയുടെ കേന്ദ്രങ്ങളായി വികസിപ്പിക്കാൻ, നഗര പ്രദേശങ്ങളുടെയും, പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളുടെയും തിരിച്ചറിയൽ, സാമ്പത്തികവും -ഗതാഗതവുമായി ബന്ധപ്പെട്ട സംയോജിത ആസൂത്രണം - അതായത് ഗ്രീൻഫീൽഡ്, സെമി-ഗ്രീൻഫീൽഡ് വികസനങ്ങൾ, ഗതാഗത, സാമ്പത്തിക ഇടനാഴികളിലൂടെയുള്ള വികസനം, നഗര മൊബിലിറ്റി, സാമ്പത്തിക മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾ - എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നഗരങ്ങളുടെ സൃഷ്ടിപരമായ പുനർവികസനം യാഥാർഥ്യമാകാൻ കേന്ദ്ര വ്യാപാര മേഖലയുടെയും, പൈതൃക കേന്ദ്രങ്ങളുടെയും നവീകരണം, ബ്രൗൺഫീൽഡ് പുനരുജ്ജീവനം, പാരമ്പര്യ അടിസ്ഥാന സൗകര്യങ്ങളുടെ ഗതാഗതാധിഷ്ഠിത വികസനം, നവീകരണം എന്നിവ സാധ്യമാകണം. കൂടാതെ കാലാവസ്ഥാ പ്രതിരോധ ശേഷി, ദുരന്ത ലഘൂകരണ നിവാരണ നടപടികൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും, മലയോര പ്രദേശങ്ങളിലെയും നിലവിലുള്ള നഗരങ്ങളിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ എന്നിവയും ഇതിൽ പ്രധാനമാണ് ; കൂടാതെ
ജലവും ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളിൽ - ശുദ്ധജല വിതരണം, മലിനജല- മഴവെള്ള നിർമാർജ്ജന സംവിധാനങ്ങൾ, ഗ്രാമ നഗര അടിസ്ഥാന സൗകര്യ അന്തരം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള റൂർബൻ അടിസ്ഥാന സൗകര്യങ്ങൾ, വാട്ടർ ഗ്രിഡുകൾ, ഏകീകൃത ഖര മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ, സ്വച്ഛതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പാരമ്പര്യ മാലിന്യ സംസ്കരണ രീതികൾ എന്നിവ ഉൾപ്പെടുന്നു.
കവറേജ്:
താഴെ പറയുന്നവ ഫണ്ടിന്റെ പരിധിയിൽ വരുന്നു:
.10 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളും (2025 ലെ കണക്കു പ്രകാരം);
. മുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളും;
. ഒരു ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള പ്രധാന വ്യാവസായിക നഗരങ്ങൾ കൂടാതെ,
മലയോര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നഗരസഭകൾക്കും, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ നഗരസഭകൾക്കും ക്രെഡിറ്റ് റീപേയ്‌മെന്റ് ഗ്യാരണ്ടി സ്കീമിന് കീഴിലുള്ള പിന്തുണയ്ക്ക് അർഹതയുണ്ടായിരിക്കും. തത്വത്തിൽ എല്ലാ നഗരങ്ങളും യുസിഎഫിന് കീഴിൽ വരും.
പരിഷ്കരണ-ബന്ധിത ഫണ്ടിംഗ് ചട്ടക്കൂട്:
അർബൻ ചലഞ്ച് ഫണ്ടിനു കീഴിലുള്ള ധനസഹായം ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര പരിഷ്കരണ അജണ്ടയെ അടിസ്ഥാനമാക്കിയുള്ളതാണ്:
. ഭരണനിർവ്വഹണവും ഡിജിറ്റൽ പരിഷ്കാരങ്ങളും;
. വായ്പാ യോഗ്യത ശക്തിപ്പെടുത്തുന്നതിനുള്ള വിപണി, സാമ്പത്തിക പരിഷ്കാരങ്ങൾ;
. മെച്ചപ്പെട്ട സേവന വിതരണത്തിനും കാര്യക്ഷമതയ്ക്കുമുള്ള പ്രവർത്തന പരിഷ്കാരങ്ങൾ;
. ഗതാധിഷ്ഠിത വികസനവും ഹരിത അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള നഗരാസൂത്രണവും പ്രാദേശികമായ പരിഷ്കാരങ്ങളും; കൂടാതെ
. വ്യക്തമായി നിർവചിക്കപ്പെട്ട പ്രധാന പ്രകടന സൂചകങ്ങൾ (കെപിഐകൾ), മൂന്നാം കക്ഷി പരിശോധന, സുസ്ഥിരമായ പ്രവർത്തനവും പരിപാലന സംവിധാനങ്ങളും ഉൾക്കൊള്ളുന്ന പദ്ധതി-നിർദ്ദിഷ്ട പരിഷ്കാരങ്ങൾ.
ഫല കേന്ദ്രീകൃത സമീപനം:
. സാമ്പത്തിക, സാമൂഹിക, കാലാവസ്ഥ മേഖലകളിൽ പരിവർത്തനാത്മക ഫലങ്ങൾ സൃഷ്ടിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ പദ്ധതികളെ വിലയിരുത്തും. ഇതിൽ വരുമാന സമാഹരണം, സ്വകാര്യ നിക്ഷേപം, തൊഴിലവസര സൃഷ്ടി, മെച്ചപ്പെട്ട സുരക്ഷ, എല്ലാപേരെയും ഉൾക്കൊള്ളൽ, സേവന സമത്വം, ശുചിത്വം എന്നിവ ഉൾപ്പെടുന്നു.
. അർബൻ ചലഞ്ച് ഫണ്ട് വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും , നഗര ഭരണം ശക്തിപ്പെടുത്തുകയും, ദേശീയ വികസന മുൻഗണനകളുമായി യോജിപ്പിച്ച് ഭാവിക്ക് അനുയോജ്യമായ നഗരങ്ങളുടെ സൃഷ്ടി ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
-SK-
( റിലീസ് ഐ.ഡി: 2228128)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada