വനിതാ, ശിശു വികസന മന്ത്രാലയം
ഐക്യരാഷ്ട്ര സഭ സാമൂഹ്യ വികസന കമീഷൻ 64-ാമത് സമ്മേളനത്തിൽ അവകാശങ്ങളെ അടിസ്ഥാനമാക്കിയ, സമഗ്ര, ജനകേന്ദ്രീകൃത വികസന സമീപനം അവതരിപ്പിച്ച് ഇന്ത്യ
പോസ്റ്റഡ് ഓണ്‍:
04 FEB 2026 8:00AM by PIB Thiruvananthpuram
"കോപ്പൻഹേഗൻ മുതൽ ദോഹ വരെയുള്ള സാമൂഹിക വികസനത്തിനായുള്ള രണ്ടാമത് ലോക ഉച്ചകോടിയുടെ ഫലങ്ങൾ പ്രയോജനപ്പെടുത്തുക" എന്ന വിഷയത്തിൽ നടന്ന യുഎൻ ചർച്ചയിൽ ഇന്ത്യ തങ്ങളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയതും സമഗ്രവും ജനകേന്ദ്രീകൃതവുമായ വികസന സമീപനത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ഇന്ത്യയുടെ പ്രസ്താവന അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, 2047-ഓടെ വികസിത ഭാരതം എന്ന ഇന്ത്യയുടെ ദേശീയ കാഴ്ചപ്പാടിൻ്റെ കേന്ദ്രബിന്ദു സാമൂഹിക നീതിയാണെന്ന് അടിവരയിട്ടു.

കോപ്പൻഹേഗൻ പ്രഖ്യാപനം ജനങ്ങളെ വികസനത്തിൻ്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുവെന്നും ഉയർന്നുവരുന്ന ആഗോള വെല്ലുവിളികൾക്കിടയിലും ദോഹ രാഷ്ട്രീയ പ്രഖ്യാപനം ഈ പ്രതിജ്ഞാബദ്ധതയെ വീണ്ടും ഉറപ്പിച്ചുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന ഇന്ത്യയുടെ ഭരണ തത്വശാസ്ത്രം എല്ലാവർക്കും അന്തസ്സും സമത്വവും അവസരവും ഉറപ്പാക്കുന്നതിനുള്ള മുഴുവൻ സർക്കാർ സംവിധാനങ്ങളുടേയും മുഴുവൻ സമൂഹത്തിൻ്റേയും സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വലിയ തോതിലുള്ള സാമൂഹിക സംരക്ഷണവും ഉൾപ്പെടുത്തൽ നടപടികളും എടുത്തുകാണിച്ചുകൊണ്ട് ശ്രീമതി സാവിത്രി ഠാക്കൂർ പങ്കുവെച്ച പ്രധാന വിവരങ്ങൾ ഇവയാണ്:
- 800 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ പരിധിയിൽ വരുന്നു.
- 550 ദശലക്ഷത്തിലധികം പൗരന്മാർക്ക് വിപുലമായ ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ സൗജന്യ ആരോഗ്യപരിചരണം ലഭിക്കുന്നു.
- 16,000 ജൻ ആരോഗ്യ കേന്ദ്രങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നു.
- തദ്ദേശഭരണ സ്ഥാപനങ്ങളിൽ 1.45 ദശലക്ഷത്തിലധികം തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ സേവനമനുഷ്ഠിക്കുന്നു. ഇത് ഇന്ത്യയുടെ താഴെത്തട്ടിലുള്ള ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.
- ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന തുടങ്ങിയ മുൻനിര സംരംഭങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്നു.
- തൊഴിൽ പരിഷ്കാരങ്ങൾ തുല്യ വേതനം, സുരക്ഷിതമായ തൊഴിലിടങ്ങൾ, തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
- വൻതോതിലുള്ള ഈടുരഹിത വായ്പകൾ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും സംരംഭകർക്കും തെരുവ് കച്ചവടക്കാർക്കും ഔപചാരിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാൻ സഹായകമായി.
- 'സ്‌മൈൽ' പോലുള്ള ലക്ഷ്യ പദ്ധതികൾ ട്രാൻസ്‌ജെൻഡർ വ്യക്തികളുടേയും മറ്റ് ദുർബല വിഭാഗങ്ങളുടേയും പുനരധിവാസത്തേയും ഉൾച്ചേർക്കലിനേയും പിന്തുണയ്ക്കുന്നു
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പൗര പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയുടെ വികസന യാത്ര സുതാര്യതയും അവസാന വ്യക്തിയിലേക്കും സേവനങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ശ്രീമതി സാവിത്രി ഠാക്കൂർ ഊന്നിപ്പറഞ്ഞു.
'വസുധൈവ കുടുംബകം' - ലോകം ഒരു കുടുംബം എന്ന ഇന്ത്യയുടെ സാംസ്കാരിക ദർശനത്തെ വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, ആഗോളതലത്തിൽ സാമൂഹിക നീതി മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വികസന അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും ഇന്ത്യ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഭൂരിഭാഗം അംഗരാജ്യങ്ങളുടേയും സജീവ പങ്കാളിത്തത്തിന് സമ്മേളനം സാക്ഷ്യം വഹിച്ചു.
സമ്മേളനത്തിന് ശേഷം സ്വീഡൻ സർക്കാരിൻ്റെ സാമൂഹിക സേവന മന്ത്രിയായ മിസ് കാമില്ല വാൾട്ടേഴ്സൺ ഗ്രോൺവാളുമായി മന്ത്രി സൗഹൃദ കൂടിക്കാഴ്ച നടത്തി.

****
( റിലീസ് ഐ.ഡി: 2222991)
സന്ദര്‍ശക കൗണ്ടര്‍ : 7