ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വ്യക്തിഗത ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന നികുതി ബാധക വസ്തുക്കളുടെ തീരുവ നിരക്ക് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും

प्रविष्टि तिथि: 01 FEB 2026 1:01PM by PIB Thiruvananthpuram

നികുതിഘടന കൂടുതൽ ലളിതമാക്കാനും ആഭ്യന്തര ഉല്പാദനം പിന്തുണയ്ക്കാനും കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും  നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാനുമാണ് കസ്റ്റംസ്, കേന്ദ്ര എക്സൈസ് നിർദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന്  2026-27-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച  കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ  പാർലമെന്റിൽ  പറഞ്ഞു.  

 

ജീവിതം സുഗമമാക്കൽ  

 

കസ്റ്റംസ് തീരുവ ഘടന യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന നികുതി വിധേയമായ എല്ലാ സാധനങ്ങളുടെയും തീരുവ നിരക്ക് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര ബജറ്റ് നിർദേശിക്കുന്നു. അര്‍ബുദ ബാധിതരടക്കം രോഗികൾക്ക് ആശ്വാസം പകരുന്നതിന് 17 മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി ഒഴിവാക്കാനും ബജറ്റില്‍ നിർദേശമുണ്ട്. കൂടാതെ അപൂർവ്വ രോഗങ്ങളുടെ പട്ടികയിൽ ഏഴ്  രോഗങ്ങള്‍കൂടി ഉൾപ്പെടുത്തി  ചികിത്സാര്‍ത്ഥം വ്യക്തിഗതമായി ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും മെഡിക്കൽ ആവശ്യത്തിനായി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണത്തിനും  ഇറക്കുമതി തീരുവ ഒഴിവാക്കാനും ബജറ്റ് നിർദേശിക്കുന്നു.

 

 

 

അന്താരാഷ്ട്ര യാത്രകൾക്കിടയിലെ ലഗേജ് അനുമതിയുമായി  ബന്ധപ്പെട്ട് യാത്രക്കാരുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കുന്നതിന് നിലവിലെ വ്യവസ്ഥകൾ പരിഷ്കരിക്കാനും കേന്ദ്ര ബജറ്റില്‍  നിർദേശമുണ്ട്.  പരിഷ്കരിച്ച നിയമങ്ങൾ നികുതിരഹിത  ഇറക്കുമതി പരിധി  വർധിപ്പിക്കുകയും താല്‍ക്കാലികമായി സാധനങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും സംബന്ധിച്ച നിയമങ്ങളില്‍ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്യും. കൂടാതെ, സത്യസന്ധരായ നികുതിദായകർക്ക് പിഴയ്ക്ക് പകരം  നിശ്ചിത അധിക തുക അടച്ച്  കുടിശ്ശിക തീർക്കാനും കേസുകൾ അവസാനിപ്പിക്കാനും സാധിക്കുമെന്നും ബജറ്റ് വ്യക്തമാക്കി.  

 

കസ്റ്റംസ് നടപടിക്രമങ്ങൾ  

 

ചരക്കുനീക്കം സുഗമവും വേഗത്തിലുമാക്കാനും വ്യാപാര രംഗത്ത് കൂടുതൽ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ട് കസ്റ്റംസ് നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടൽ കുറയ്ക്കുന്നതിന് നിരവധി നടപടികൾ ബജറ്റില്‍ നിർദേശിക്കുന്നു.

 

വിശ്വാസാധിഷ്ഠിത സംവിധാനങ്ങൾ  

 

എ.ഇ.ഒ  എന്നറിയപ്പെടുന്ന  രണ്ടാംനിര, മൂന്നാംനിര അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാരുടെ ഡ്യൂട്ടി മാറ്റിവയ്ക്കൽ കാലാവധി  15 ദിവസത്തിൽ നിന്ന് 30 ദിവസമായി ഉയര്‍ത്താന്‍ ബജറ്റ് നിർദേശിക്കുന്നു. അർഹരായ ഉല്പാദകര്‍ക്കും ഇറക്കുമതിക്കാർക്കും ഇതേ സൗകര്യം നൽകാനും അതുവഴി ഭാവിയിൽ ഒരു പൂർണ മൂന്നാംനിര എ.ഇ.ഒ എന്ന അംഗീകാരത്തിന്  അവരെ പ്രോത്സാഹിപ്പിക്കാനും ബജറ്റ് നിർദേശിക്കുന്നു.

 

കസ്റ്റംസിന് ബാധകമായ മുൻകൂർ വിധിതീർപ്പുകളുടെ  കാലാവധി നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി നീട്ടാനും കേന്ദ്ര ബജറ്റ് നിർദേശിക്കുന്നു. ചരക്കുനീക്കത്തിൽ മുൻഗണന ലഭിക്കുന്നതിന് എ.ഇ.ഒ അംഗീകാരം പ്രയോജനപ്പെടുത്താൻ സർക്കാർ ഏജൻസികളെ പ്രോത്സാഹിപ്പിക്കും. വിശ്വസനീയവും ദീർഘകാലമായി നിലനിൽക്കുന്നതുമായ വിതരണ ശൃംഖലകള്‍ സ്വന്തമായ സ്ഥിരം ഇറക്കുമതിക്കാരെ അപകടസാധ്യതാ സംവിധാനത്തിലൂടെ  തിരിച്ചറിയാനും  അതുവഴി അവരുടെ ചരക്കുകൾ ഓരോ തവണയും പരിശോധിക്കേണ്ട സാഹചര്യം കുറയ്ക്കാനും സാധിക്കും. ഇലക്ട്രോണിക് സീലിങ് ഉപയോഗിക്കുന്ന കയറ്റുമതി ചരക്കുകൾക്ക് ഫാക്ടറിയിൽ നിന്ന് നേരിട്ട് കപ്പലിലേക്ക് അനുമതി നൽകുമെന്നും ബജറ്റ് വ്യക്തമാക്കി. മറ്റ് നിബന്ധനകൾ ആവശ്യമില്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ വിശ്വസനീയ   ഇറക്കുമതിക്കാരൻ 'ബിൽ ഓഫ് എൻട്രി' ഫയൽ ചെയ്യുന്നതിലൂടെയും സാധനങ്ങൾ എത്തുന്നതിലൂടെയും കസ്റ്റംസിന് അനുമതി സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാന്‍ സ്വയമേവ അറിയിപ്പ് ലഭിക്കും.

 

കസ്റ്റംസ് സംഭരണകേന്ദ്രങ്ങളുടെ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.  ഓരോ അനുമതിയ്ക്കും ഉദ്യോഗസ്ഥരെ കാത്തുനിൽക്കുന്നതിന് പകരം സംഭരണകേന്ദ്രം നടത്തുന്നവർക്ക്  സ്വന്തമായി വിവരങ്ങൾ സാക്ഷ്യപ്പെടുത്താനാവും.  സാധനങ്ങളുടെ നീക്കം ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിരീക്ഷിക്കാനും പരിശോധനകൾ ലളിതമാക്കാനും പുതിയ പരിഷ്കാരം സഹായിക്കും. ഇത് നടപടികളിലെ കാലതാമസം ഒഴിവാക്കാനും വ്യാപാര ചെലവുകള്‍  കുറയ്ക്കാനും ഉപകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.  

 

****


(रिलीज़ आईडी: 2221629) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada