ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിര സാമ്പത്തിക വളർച്ച, ശേഷി വികസനം, എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നീ മൂന്ന് കർത്തവ്യങ്ങളിൽ കേന്ദ്ര ബജറ്റ് 2026-27 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പോസ്റ്റഡ് ഓണ്‍: 01 FEB 2026 1:07PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ 2026-2027 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, വികസിത ഭാരതത്തിലേക്കുള്ള പരിഷ്കരണ വേഗത വർദ്ധിപ്പിക്കുന്നതിനായി മൂന്ന്  കർത്തവ്യങ്ങൾ നിർദ്ദേശിച്ചു. ഉത്പാദനക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിലൂടെയും അസ്ഥിരമായ ആഗോള സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കെട്ടിപ്പടുക്കുന്നതിലൂടെയും സാമ്പത്തിക വളർച്ച വേഗത്തിലാക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ ശേഷി വികസിപ്പിക്കുകയും വഴി ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയിൽ അവരെ കരുത്തുറ്റ പങ്കാളികളാക്കുക എന്നതാണ് രണ്ടാമത്തെ കർത്തവ്യം. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനം എന്ന കാഴ്ചപ്പാടിന് അനുസൃതമായി, ഓരോ കുടുംബത്തിനും സമൂഹത്തിനും പ്രദേശത്തിനും മേഖലയ്ക്കും അർത്ഥവത്തായ പങ്കാളിത്തത്തിന് ആവശ്യമായ വിഭവങ്ങളും സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് മൂന്നാമത്തെ കർത്തവ്യം.



ഈ മൂന്നിന സമീപനത്തിന് അനുകൂലമായ ഒരു ആവാസവ്യവസ്ഥ ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിൽ ഒന്നാമത്തെ ആവശ്യം  നിരന്തരവും സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതും ദീർഘവീക്ഷണമുള്ളതുമായ ഘടനാപരമായ പരിഷ്കാരങ്ങളുടെ വേഗത നിലനിർത്തുക എന്നതാണ്. രണ്ടാമതായി, സമ്പാദ്യം സമാഹരിക്കുന്നതിനും മൂലധനം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ശക്തമായ ഒരു സാമ്പത്തിക മേഖല പ്രധാനമാണ്. മൂന്നാമതായി, നിർമ്മിതബുദ്ധി (എഐ)  ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ മെച്ചപ്പെട്ട ഭരണനിർവ്വഹണത്തിന് കരുത്തുപകരുന്ന ഘടകങ്ങളായി വർത്തിക്കും.



2026 ലെ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി പങ്കുവെച്ച നിരവധി നൂതന ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സവിശേഷമായ ഒരു യുവശക്തി അധിഷ്ഠിത ബജറ്റാണ്‌ കർത്തവ്യ ഭവനിൽ തയ്യാറാക്കിയ ആദ്യ ബജറ്റെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.



കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യയുടെ സാമ്പത്തിക പാത സ്ഥിരത, ധനപരമായ അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പൊതു നിക്ഷേപത്തിന് ശക്തമായ ഊന്നൽ നല്കിക്കൊണ്ട് തന്നെ ദൂരവ്യാപകമായ ഘടനാപരമായ പരിഷ്കാരങ്ങളും ധനപരമായ ജാഗ്രതയും സാമ്പത്തിക സ്ഥിരതയും സർക്കാർ നിരന്തരം പിന്തുടരുന്നു. ആത്മനിർഭരത കേന്ദ്രബിന്ദുവായി നിലനിർത്തിക്കൊണ്ട്, സർക്കാർ ആഭ്യന്തര ഉത്പാദന ശേഷിയും ഊർജ്ജ സുരക്ഷയും കെട്ടിപ്പടുക്കുകയും നിർണ്ണായക ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്തു. അതോടൊപ്പം പൗരകേന്ദ്രീകൃതമായ വികസനം ഉറപ്പാക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക ഉത്പാദനക്ഷമത, കുടുംബങ്ങളുടെ വാങ്ങൽ ശേഷി, സാർവത്രിക സേവനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു . ഈ നടപടികൾ ഏകദേശം 7 ശതമാനം എന്ന ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ സഹായിച്ചെന്നും ദാരിദ്ര്യ ലഘൂകരണത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ഗണ്യമായ മുന്നേറ്റം നടത്താൻ സഹായിക്കുകയും ചെയ്തു.



വ്യാപാരവും ബഹുരാഷ്ട്ര ബന്ധങ്ങളും വെല്ലുവിളികൾ നേരിടുന്നതും, വിഭവലഭ്യതയും വിതരണ ശൃംഖലകളും തടസ്സപ്പെടുന്നതുമായ ഒരു ആഗോള സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യകൾ ഉത്പാദന രീതികളെ മാറ്റിമറിക്കുകയും ജലം, ഊർജ്ജം, നിർണ്ണായക ധാതുക്കൾ എന്നിവയുടെ ആവശ്യകത കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ഈ സാഹചര്യത്തിലും, അഭിലാഷങ്ങളേയും ഉൾക്കൊള്ളൽ നയങ്ങളേയും സന്തുലിതമാക്കിക്കൊണ്ട് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെയ്പ്പുകൾ ഇന്ത്യ ആത്മവിശ്വാസത്തോടെ തുടരും. ആഗോള വിപണികളുമായി ആഴത്തിൽ സംയോജിച്ചും, കയറ്റുമതി വർദ്ധിപ്പിച്ചും, ദീർഘകാല നിക്ഷേപങ്ങൾ ആകർഷിച്ചും ഇന്ത്യ മുന്നോട്ട് പോകേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറാനുള്ള യാത്രയിൽ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് ധനമന്ത്രി നന്ദി രേഖപ്പെടുത്തി.



അഭിലാഷങ്ങളെ നേട്ടങ്ങളായും കഴിവുകളെ പ്രകടനമായും മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. വളർച്ചയുടെ ഗുണഫലങ്ങൾ ഓരോ കർഷകനിലേക്കും, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലേക്കും, നാടോടികളിലേക്കും, യുവജനങ്ങളിലേക്കും, പാവപ്പെട്ടവരിലേക്കും, സ്ത്രീകളിലേക്കും എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
 


തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വളർച്ച വേഗത്തിലാക്കുന്നതിനുമായി സർക്കാർ സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി ധനമന്ത്രി പറഞ്ഞു. 2025-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് ശേഷം 350-ലധികം പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി അവർ പറഞ്ഞു. ജിഎസ്ടി ലളിതവൽക്കരണം, തൊഴിൽ നിയമങ്ങളുടെ വിജ്ഞാപനം, നിർബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവുകളുടെ യുക്തിസഹമായ പരിഷ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനായി ഉന്നതതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സമാന്തരമായി, നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും പാലിക്കേണ്ട നിബന്ധനകൾ കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ  പരിഷ്കരണ എക്സ്പ്രസ് ശരിയായ പാതയി ലാണെന്നും കർത്തവ്യം നിറവേറ്റുന്നതിനായി ഈ വേഗത നിലനിർത്തുമെന്നും അവർ പറഞ്ഞു.



സാമ്പത്തിക വളർച്ച  ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി ഒന്നാമത്തെ കർത്തവ്യത്തിന് കീഴിൽ ആറ് മേഖലകളിൽ ശ്രീമതി നിർമല സീതാരാമൻ ഇടപെടലുകൾ നിർദ്ദേശിച്ചു:  i) 7 തന്ത്രപ്രധാനവും അത്യാധുനികവുമായ മേഖലകളിൽ ഉത്പാദനം വ്യാപിപ്പിക്കുക ii) പരമ്പരാഗത വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കുക iii) "ചാമ്പ്യൻ എംഎസ്എംഇ-കൾ" സൃഷ്ടിക്കുക iv) അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ ഉത്തേജനം നല്കുക v) ദീർഘകാല ഊർജ്ജ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക  vi) നഗര സാമ്പത്തിക മേഖലകൾ വികസിപ്പിക്കുക എന്നിവയാണവ.



ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ശേഷി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. നമ്മുടെ സർക്കാരിൻ്റെ  ഒരു ദശാബ്ദക്കാലത്തെ സുസ്ഥിരവും പരിഷ്കരണാധിഷ്ഠിതവുമായ പരിശ്രമങ്ങളിലൂടെ  25 കോടിയോളം വ്യക്തികൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി അവർ ചൂണ്ടിക്കാട്ടി. യുവ ഇന്ത്യയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനായി സേവന മേഖലയ്ക്ക് പുതിയ ഊന്നൽ നല്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. ഇതിൻ്റെ ഭാഗമായി, 'വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും' എന്ന ഒരു ഉന്നതതല സ്ഥിരസമിതി രൂപീകരിക്കും. വികസിത ഭാരതത്തിൻ്റെ  പ്രധാന ചാലകശക്തിയായി സേവന മേഖലയെ മാറ്റാനുള്ള നടപടികൾ ഈ സമിതി നിർദ്ദേശിക്കും. വളർച്ച, തൊഴിൽ, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്ന മേഖലകൾക്ക് സമിതി മുൻഗണന നല്കും. നിർമ്മിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ തൊഴിലുകളിലും നൈപുണ്യ ആവശ്യകതകളിലും ചെലുത്തുന്ന സ്വാധീനം അവർ വിലയിരുത്തുകയും ആവശ്യമായ നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. ഇത് ഇന്ത്യയെ സേവന മേഖലയിലെ ആഗോള നേതാവാക്കി മാറ്റുമെന്നും 2047-ഓടെ ആഗോള വിപണിയിൽ 10 ശതമാനം വിഹിതം കൈവരിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.


'എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന കാഴ്ചപ്പാടിന് അനുസൃതമായ മൂന്നാമത്തെ കർത്തവ്യം നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു. എ) ചെറുകിട-നാമമാത്ര കർഷകർക്ക് പ്രത്യേക പരിഗണന നല്കിക്കൊണ്ട്, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും സംരംഭകത്വത്തിലൂടെയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക ബി) ഉപജീവന അവസരങ്ങൾ, പരിശീലനം, ഉയർന്ന നിലവാരമുള്ള സഹായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക സി) മാനസികാരോഗ്യം, ട്രോമ കെയർ എന്നിവ ലഭ്യമാക്കുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുക ഡി) വികസനവും തൊഴിലവസരങ്ങളും വേഗത്തിലാക്കുന്നതിനായി പൂർവ്വോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

 

****


( റിലീസ് ഐ.ഡി: 2221577) സന്ദര്‍ശക കൗണ്ടര്‍ : 56