ധനകാര്യ മന്ത്രാലയം
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വ്യവസായ മേഖലയിലെ മൊത്ത മൂല്യവർധന മുൻവർഷത്തെ അപേക്ഷിച്ച് 7.0 ശതമാനം വളർച്ച കൈവരിച്ചു; രാജ്യത്തിന്റെ വ്യാവസായിക പ്രകടനം ശക്തമായി തുടരുന്നു: 2025-26 സാമ്പത്തിക സർവേ
प्रविष्टि तिथि:
29 JAN 2026 2:09PM by PIB Thiruvananthpuram
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വ്യവസായ മേഖലയിലെ മൊത്ത മൂല്യവർധന മുൻവർഷത്തെ അപേക്ഷിച്ച് യഥാർത്ഥ നിരക്കിൽ 7.0 ശതമാനം വളർച്ച രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വ്യാവസായിക പ്രകടനം ശക്തമായി തുടരുന്നുവെന്നും കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 5.9 ശതമാനമായി കുറഞ്ഞ വളർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

നിർമാണ മേഖലയിലെ മൊത്ത മൂല്യവര്‍ധന 2026 സാമ്പത്തിക വർഷം ഒന്നും രണ്ടും പാദങ്ങളിൽ യഥാക്രമം 7.72 ശതമാനവും 9.13 ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു. ഈ മേഖലയിലെ ഘടനാപരമായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമായത്. മൂല്യമേറിയ നിർമാണ വിഭാഗങ്ങളിലേക്ക് ക്രമാനുഗതമായ മാറ്റം, ഇടനാഴി അധിഷ്ഠിത വികസനത്തിലൂടെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വിപുലീകരണം, സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന ഉപയോഗം, സ്ഥാപനങ്ങളുടെ ഔദ്യോഗികവൽക്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും സർവേ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയുടെ ആകെ നിർമാണ മൂല്യവർധനയുടെ 46.3 ശതമാനവും ഇപ്പോൾ ഇടത്തരം, ഉയർന്ന സാങ്കേതിക പ്രവർത്തനങ്ങളിൽ നിന്നാണെന്ന് സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതികൾ, ഇന്ത്യ അര്‍ധചാലക ദൗത്യം തുടങ്ങിയ വിവിധ സർക്കാർ സംരംഭങ്ങൾക്കൊപ്പം ഇലക്ട്രോണിക്സ്, മരുന്നുകൾ, രാസവസ്തു, ഗതാഗതം തുടങ്ങിയ മേഖലകളിലെ ആഭ്യന്തര ശേഷി വര്‍ധനയും ഇതിന് കാരണമായി. മത്സരാധിഷ്ഠിത വ്യാവസായിക പ്രകടന റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം 2022-ലെ 40-ൽ നിന്ന് 2023-ൽ 37-ലേക്ക് ഉയര്‍ന്നതോടെ ആഗോളതലത്തിൽ രാജ്യത്തിന്റെ നില മെച്ചപ്പെട്ടതായും സർവേ ശുഭപ്രതീക്ഷയോടെ വ്യക്തമാക്കുന്നു.
വാണിജ്യ ബാങ്കുകളിലെ വ്യാവസായിക വായ്പാ വളർച്ച 2024 സാമ്പത്തിക വർഷത്തെ 9.39 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ 8.24 ശതമാനമായി കുറഞ്ഞെങ്കിലും ഫണ്ടിങ് സ്രോതസ്സുകൾ ബാങ്കുകളിൽ നിന്ന് മാറി വൈവിധ്യവൽക്കരിക്കപ്പെടുന്നതായി വിലയിരുത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് സർവേ പറയുന്നു. ബാങ്ക് വായ്പയിലെ കുറവ് വാണിജ്യ മേഖലയിലേക്ക് മൊത്തത്തിലുള്ള സാമ്പത്തിക സ്രോതസ്സുകളുടെ വർധനയുമായി ഒത്തുപോകുന്നതായി 2025 ഓഗസ്റ്റിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തെ ഉദ്ധരിച്ച് സർവേ നിരീക്ഷിച്ചു. 2020 മുതൽ 2025 വരെ കാലയളവിൽ ബാങ്കിങ് ഇതര സ്രോതസ്സുകളിൽ നിന്ന് വാണിജ്യ മേഖലയിലേക്കുണ്ടായ സാമ്പത്തിക ഒഴുക്ക് 17.32 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.


അടിസ്ഥാന ഉല്പന്ന വ്യവസായങ്ങൾ
ഉരുക്ക്, സിമന്റ് ഉല്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ പ്രധാന വ്യവസായങ്ങൾ ശക്തമായ മുന്നേറ്റം നിലനിർത്തിയതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ചൈനയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത് സിമന്റ് ഉല്പാദക രാജ്യമായ ഇന്ത്യയിലെ ആഭ്യന്തര സിമന്റ് ഉപഭോഗം പ്രതിശീർഷം ഏകദേശം 290 കിലോഗ്രാമാണ്. 540 കിലോഗ്രാമാണ് ആഗോള ശരാശരി പ്രതിശീർഷം. ദേശീയപാതകള്‍, റെയിൽവേ, ഭവന പദ്ധതികൾ, സ്മാർട്ട് സിറ്റികൾ, ഗ്രാമവികസനം, വ്യാവസായിക വളർച്ച തുടങ്ങി സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിമന്റ് ആവശ്യകത ഗണ്യമായി വർധിപ്പിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉരുക്ക് മേഖല വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. നിർമാണ- ഉല്പാദന മേഖലകളിലെ ശക്തമായ ആഭ്യന്തര ആവശ്യകതയാണ് ഇതിന് പ്രധാനമായും കാരണമായത്.

ഇന്ത്യയുടെ കൽക്കരി വ്യവസായം 2025 സാമ്പത്തിക വർഷം ചരിത്ര നേട്ടങ്ങളാണ് സ്വന്തമാക്കിയത്. 1,047.52 ദശലക്ഷം ടൺ കൽക്കരി ഉല്പാദിപ്പിച്ചു—മുൻവർഷത്തെ 997.83 ദശലക്ഷം ടണ്ണിൽ നിന്ന് 4.98 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
രാസവസ്തു, പെട്രോകെമിക്കൽസ് മേഖല സമ്പദ്‌വ്യവസ്ഥയുടെ വ്യാവസായിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നത് തുടരുകയാണ്. 2024 സാമ്പത്തിക വർഷം ആകെ നിർമാണ മേഖലയുടെ മൊത്ത മൂല്യവര്‍ധനയിലേക്ക് ഈ മേഖല 8.1 ശതമാനം സംഭാവന നൽകി.
വാഹന വ്യവസായം 2015-2025 സാമ്പത്തിക വർഷങ്ങളിൽ ഉല്പാദനത്തിൽ ഏകദേശം 33 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ സംരംഭങ്ങൾ സമീപ വർഷങ്ങളിൽ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനിൽ കാര്യമായ വളർച്ചയ്ക്ക് കാരണമായെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.
വാഹന, വാഹന ഘടക വ്യവസായത്തിന്റെ പിഎല്‍ഐ പദ്ധതി, 'നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജ്' പിഎല്‍ഐ പദ്ധതി, പിഎം ഇ-ഡ്രൈവ് സ്കീം, പിഎം ഇ-ബസ് സേവാ-പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം സ്കീം, ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി എന്നിവ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപരവും നയപരവുമായ ഇടപെടലുകളിൽ ഉൾപ്പെടുന്നുവെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖല സമീപ വർഷങ്ങളിൽ ഘടനാപരമായ മാറ്റത്തിന് വിധേയമായെന്നും 2022 സാമ്പത്തിക വർഷത്തെ ഏഴാമത് വലിയ കയറ്റുമതി വിഭാഗത്തിൽ നിന്ന് 2025-ൽ ഏറ്റവും വേഗം വളരുന്ന മൂന്നാമത് വലിയ വിഭാഗമായി ഉയർന്നുവെന്നും സർവേ പരാമർശിക്കുന്നു. ആഭ്യന്തര ഉല്പാദനത്തിലും കയറ്റുമതി വ്യാപ്തിയിലുമുണ്ടായ ശ്രദ്ധേയ വർധനയാണ് ഈ വളർച്ചയ്ക്ക് അടിത്തറയെന്ന് സർവേ നിരീക്ഷിക്കുന്നു. ഈ വിപുലീകരണത്തിന്റെ കേന്ദ്രബിന്ദുവായ മൊബൈൽ നിർമാണ വിഭാഗത്തിന്റെ ഉല്പാദന മൂല്യം 2015 സാമ്പത്തിക വർഷത്തെ 18,000 കോടി രൂപയിൽ നിന്ന് 2025-ൽ 5.45 ലക്ഷം കോടി രൂപയായി ഏകദേശം 30 മടങ്ങ് വർധിച്ചു.
ഇന്ത്യൻ ഔഷധനിര്‍മാണ വ്യവസായം അളവിൽ ലോകത്ത് മൂന്നാമതാണ്. ആഗോള ജനറിക് മരുന്ന് ആവശ്യകതയുടെ ഏകദേശം 20 ശതമാനം ഈ മേഖല നിറവേറ്റുന്നു. 2025 സാമ്പത്തിക വർഷം 191 രാജ്യങ്ങളിലേക്കാണ് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത്. 2025 സാമ്പത്തിക വർഷം മേഖലയുടെ വാർഷിക വിറ്റുവരവ് 4.72 ലക്ഷം കോടി രൂപയിലെത്തിയെന്നും കഴിഞ്ഞ ദശകം (2015 മുതൽ 2025 വരെ) കയറ്റുമതി 7 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചുവെന്നും സർവേ വ്യക്തമാക്കുന്നു.
അടുത്ത കുതിച്ചുചാട്ടത്തിന്റെ കർമരേഖ
അടിസ്ഥാന സൗകര്യങ്ങൾ, ചരക്കുനീക്കം, നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, നൂതനാശയ സംവിധാനങ്ങൾ എന്നിവയിലെ പരിഷ്കാരങ്ങളുടെ പിന്തുണയോടെ വെല്ലുവിളിയേറിയ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ വ്യാവസായിക മേഖല ശക്തമായ മുന്നേറ്റം തുടരുന്നുവെന്ന് സർവേ പരാമർശിക്കുന്നു. വ്യാവസായികവൽക്കരണത്തിന്റെ അടുത്ത ഘട്ടത്തിനായി ഇറക്കുമതി ബദലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതൃകയിൽ നിന്ന് വ്യാപ്തി, മത്സരക്ഷമത, നൂതനാശയം, ആഗോള മൂല്യശൃംഖലകളുമായി ആഴത്തില്‍ സംയോജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതൃകയിലേക്ക് കൃത്യമായ പരിവര്‍ത്തനം ആവശ്യമാണെന്ന് സാമ്പത്തിക സർവേ ശുഭപ്രതീക്ഷയോടെ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഭാഗങ്ങളിലും സമ്പൂര്‍ണ സ്വയംപര്യാപ്തത തേടുന്നതിന് പകരം, വൈവിധ്യവൽക്കരണത്തിലും ശേഷി വര്‍ധനയിലുമൂന്നി ഇന്ത്യ തന്ത്രപരമായ പ്രതിരോധശേഷി കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ഗവേഷണ-വികസനം, സാങ്കേതിക വിദ്യയുടെ അവലംബം, നൈപുണ്യ വികസനം, ഗുണനിലവാര സംവിധാനങ്ങൾ എന്നിവയിൽ സ്വകാര്യ മേഖലയുടെ നിക്ഷേപം വർധിപ്പിക്കേണ്ടതുണ്ടെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.
***
(रिलीज़ आईडी: 2220482)
आगंतुक पटल : 8