ധനകാര്യ മന്ത്രാലയം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ MGNREGS അതിന്റെ പരിധിയിൽ എത്തി; മാറിക്കൊണ്ടിരിക്കുന്ന ഗ്രാമീണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതി പുനർമൂല്യനിർണ്ണയം ചെയ്യേണ്ടത് അനിവാര്യം: സാമ്പത്തിക സർവേ
VB - G RAM G എന്നത് 2047ൽ വികസിത ഇന്ത്യ എന്ന ദീർഘകാല കാഴ്ചപ്പാടിന് അനുസൃതമായി ഗ്രാമീണ തൊഴിൽ മേഖലയെ ക്രമീകരിക്കുന്നതിനായി MGNREG-യെ സമന്വയിപ്പിക്കുന്ന ഗ്രാമീണ തൊഴിലിന്റെ സമഗ്രമായ നിയമനിർമ്മാണ പുനരവലോകനമാണ്
ഗ്രാമീണ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2014 സാമ്പത്തിക വർഷത്തിലെ 48 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തോടെ 58.1 ശതമാനമായി സ്ഥിരമായി വർദ്ധിച്ചു.
प्रविष्टि तिथि:
29 JAN 2026 1:59PM by PIB Thiruvananthpuram
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ സാമൂഹ്യ സംരക്ഷണ ചട്ടക്കൂടിന്റെ ആധാരശിലയാണ് ഗ്രാമീണ തൊഴിൽ മേഖലയെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
2005-ൽ നിയമമാക്കിയത് മുതൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ധ തൊഴിൽ ഉറപ്പാക്കുകയും, ഗ്രാമീണ വരുമാനം സുസ്ഥിരമാക്കുകയും, അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കാലക്രമേണ, വരുമാനത്തിലുണ്ടായ വർധനയും, മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങളും, വ്യാപകമായ ഡിജിറ്റൽ സ്വീകാര്യതയും ഗ്രാമീണ തൊഴിൽ ആവശ്യങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പദ്ധതിയുടെ നേട്ടങ്ങളെ എടുത്തുകാണിക്കുന്നതിനൊപ്പം അതിന്റെ രൂപകൽപ്പനയും ലക്ഷ്യങ്ങളും പുനർമൂല്യനിർണ്ണയം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടപ്പിലാക്കിയ ഭരണപരവും സാങ്കേതികവുമായ പരിഷ്കാരങ്ങൾ പദ്ധതിയുടെ സുതാര്യതയും ഡിജിറ്റൽ നിർവഹണവും മെച്ചപ്പെടുത്തിയിട്ടുണ്ട്. 2014 സാമ്പത്തിക വർഷത്തിലെ 48 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ സ്ത്രീപങ്കാളിത്തം 58.1 ശതമാനമായി സ്ഥിരമായി വർദ്ധിച്ചു. ആധാർ സീഡിങ് വ്യാപകമാക്കുകയും, ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനം (ABPS) നടപ്പിലാക്കുകയും ചെയ്തതോടെ ഇലക്ട്രോണിക് രൂപത്തിൽ വേതനം നൽകൽ സാർവത്രികമായി. ജിയോ-ടാഗിങ് വഴി ആസ്തികളുടെ നിരീക്ഷണം മെച്ചപ്പെട്ടു. പരിമിതമായ വിഭവങ്ങൾക്കിടയിലും പദ്ധതി നടപ്പിലാക്കുന്നതിൽ ഫീൽഡ് തലത്തിലുള്ള ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിച്ചു.
എങ്കിലും, ഈ നേട്ടങ്ങൾക്കൊപ്പം ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളും നിലനിൽക്കുന്നു. ഗ്രൗണ്ടിൽ ജോലികൾ നടക്കാതിരിക്കുക, ചിലവ് ഭൗതിക പുരോഗതിയുമായി പൊരുത്തപ്പെടാതിരിക്കുക, കായികാധ്വാനത്തിന് പകരം യന്ത്രങ്ങൾ ഉപയോഗിക്കുക, ഡിജിറ്റൽ അറ്റൻഡൻസ് സംവിധാനങ്ങൾ മറികടക്കുക തുടങ്ങിയ വിടവുകൾ പല സംസ്ഥാനങ്ങളിലും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മഹാമാരിക്ക് ശേഷം വളരെ കുറഞ്ഞ ശതമാനം കുടുംബങ്ങൾ മാത്രമാണ് 100 ദിവസത്തെ തൊഴിൽ പൂർത്തിയാക്കിയത്. വിതരണ സംവിധാനങ്ങൾ മെച്ചപ്പെട്ടെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന ഗ്രാമീണ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ നിലവിലെ ഘടന പരിധിയിൽ എത്തിയതായും പുനർമൂല്യനിർണ്ണയം ആവശ്യമാണെന്നും ഇത് സൂചിപ്പിക്കുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, 'വികസിത ഭാരതം - തൊഴിലിനും ഉപജീവനത്തിനും ഉറപ്പേകുന്ന ദൗത്യം (ഗ്രാമീണ)' നിയമം, 2025' അഥവാ VB - G RAM G Act, 2025 ഗവൺമെന്റ് പാസാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) സമഗ്രമായ നിയമപരമായ പരിഷ്കരണമാണ് ഈ നിയമം. ഇത് ഗ്രാമീണ തൊഴിൽ മേഖലയെ 'വികസിത ഇന്ത്യ 2047' എന്ന ദീർഘകാല കാഴ്ചപ്പാടിനോട് ചേർത്തുനിർത്തുകയും ഉത്തരവാദിത്വം, അടിസ്ഥാനസൗകര്യ വികസനം, വരുമാന സുരക്ഷ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ നയത്തിലെ നിർണ്ണായകമായ ഒരു മാറ്റത്തെയാണ് VB G-RAM G ആക്ട്, 2025 പ്രതിനിധാനം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തത്തിലും ഡിജിറ്റൈസേഷനിലും സുതാര്യതയിലും വലിയ നേട്ടങ്ങൾ കൈവരിച്ചെങ്കിലും, ചില ഘടനാപരമായ ബലഹീനതകൾ അതിന്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തിയിരുന്നു. ഈ പുതിയ നിയമം പഴയ കുറവുകൾ പരിഹരിച്ച്, കൂടുതൽ ആധുനികവും ഉത്തരവാദിത്വമുള്ളതും അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകുന്നതുമായ ചട്ടക്കൂട് ഒരുക്കുന്നു.
2025ലെ VB - G RAM G നിയമത്തിന്റെ പ്രധാന സവിശേഷതകൾ:
വേതനവും സാമൂഹ്യ സംരക്ഷണ നടപടികളും
വേതനം ആഴ്ചതോറും അല്ലെങ്കിൽ ജോലി പൂർത്തിയായി രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഈ കൃത്യസമയത്തുള്ള പണം നൽകൽ സംവിധാനം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മുമ്പ് പങ്കാളിത്തത്തെ ബാധിച്ചിരുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നു.
ഭരണപരമായ ശക്തിപ്പെടുത്തലും ശേഷി വർദ്ധിപ്പിക്കലും:
പരിമിതമായ വിഭവങ്ങൾക്കിടയിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ ഫീൽഡ് തലത്തിലുള്ള ജീവനക്കാർ വഹിക്കുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞ്, VB G-RAM G ഭരണപരമായ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിനായി ഭരണപരമായ ചെലവ് പരിധി ആകെ ചെലവിന്റെ 6 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർത്തി. മതിയായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും, അവർക്ക് പരിശീലനം നൽകുന്നതിനും, വേതനം ഉറപ്പാക്കുന്നതിനും, സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കൂടുതൽ പ്രൊഫഷണലായ ഈ പുതിയ സംവിധാനം വഴി പദ്ധതി ആസൂത്രണവും നടത്തിപ്പും സേവന വിതരണവും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക ശാക്തീകരണവും:
VB G-RAM G പദ്ധതിക്ക് കീഴിലുള്ള ആസൂത്രണം 'വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികളിലൂടെ' പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായാണ് നടപ്പിലാക്കുന്നത്. ഇവ 'പിഎം ഗതിശക്തി' പോലുള്ള ദേശീയ സംവിധാനങ്ങളുമായി ഭൂമിശാസ്ത്രപരമായി സംയോജിപ്പിച്ചിരിക്കുന്നു. പദ്ധതിച്ചെലവിന്റെ പകുതിയെങ്കിലും ഗ്രാമപഞ്ചായത്തുകൾ നേരിട്ട് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ അവയ്ക്ക് ഈ സംവിധാനത്തിൽ നിർണായക പങ്ക് നൽകുന്നു. വിവിധ വിഭവങ്ങളുടെയും പദ്ധതികളുടെയും ഏകോപനം ഈ പ്രക്രിയയിൽ ഉറപ്പാക്കുന്നുണ്ട്. ഈ സമീപനം ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണം മെച്ചപ്പെടുത്തുന്നു. ഗ്രാമീണ വികസന പ്രവർത്തനങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യവും, സുസ്ഥിരവും, സമൂഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമാണെന്ന് ഇത് ഉറപ്പാക്കുന്നു.
ആസ്തി സൃഷ്ടിയും ദേശീയ വികസന സംയോജനവും:
VB G-RAM G പദ്ധതിക്ക് കീഴിൽ നിർമ്മിക്കപ്പെടുന്ന എല്ലാ ആസ്തികളും 'വികസിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിന്റെ' ഭാഗമാക്കും. ഇത് രാജ്യവ്യാപകമായി ഏകോപിപ്പിച്ച വികസന തന്ത്രം ഉറപ്പാക്കുന്നു. പ്രാദേശികമായ ജോലികളെ ദേശീയ മുൻഗണനകളുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഗ്രാമീണ ഉപജീവനമാർഗങ്ങൾക്ക് പെട്ടെന്നുള്ള പിന്തുണ നൽകുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസനവും ഈ നിയമം സുഗമമാക്കുന്നു.
സുതാര്യത, ഉത്തരവാദിത്വം, നിരീക്ഷണം:
ഈ പുതിയ നിയമം സംവിധാനത്തിലുടനീളം സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നു. പരാതികൾ അന്വേഷിക്കാനും, ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ തുക വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാനും, ആവശ്യമായ തിരുത്തൽ നടപടികൾക്ക് നിർദേശം നൽകാനും കേന്ദ്രത്തിന് അധികാരമുണ്ട്. തത്സമയ നിരീക്ഷണം, ജിപിഎസ് അധിഷ്ഠിത ട്രാക്കിങ്, എംഐഎസ് ഡാഷ്‌ബോർഡുകൾ, പ്രതിവാര പൊതു വെളിപ്പെടുത്തലുകൾ എന്നിവയിലൂടെ ഡിജിറ്റൽ ഭരണം ശക്തമാക്കുകയാണ്. കുറഞ്ഞത് ആറുമാസത്തിലൊരിക്കൽ 'സോഷ്യൽ ഓഡിറ്റ്' നിർബന്ധമാക്കിയിട്ടുണ്ട്. പദ്ധതികളുടെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾ കൂടുതൽ നിർണായക പങ്ക് വഹിക്കും. കേന്ദ്ര-സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റികൾ തുടർച്ചയായ മേൽനോട്ടവും ഏകോപനവും നൽകും. ബയോമെട്രിക് ഒതന്റിക്കേഷൻ, AI അധിഷ്ഠിത നിരീക്ഷണം തുടങ്ങിയ ആധുനിക വിവര സംവിധാനങ്ങൾ ക്രമക്കേടുകൾ നേരത്തെ കണ്ടെത്താൻ സഹായിക്കും.
സാമ്പത്തിക സുസ്ഥിരത:
സംസ്ഥാനങ്ങൾക്ക് അമിതഭാരം നൽകാതെ കൃത്യമായ ഫണ്ട് ലഭ്യമാക്കുന്ന സാമ്പത്തിക ചട്ടക്കൂടാണ് ഈ നിയമം ഉറപ്പാക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫണ്ട് വിതരണവും, ചെലവ് പങ്കിടൽ സംവിധാനങ്ങളും, ദുരന്തസമയത്തെ അധിക പിന്തുണയും പദ്ധതിക്ക് സുസ്ഥിരമായ അടിത്തറ നൽകുന്നു. ശക്തമായ മേൽനോട്ടവും ഉത്തരവാദിത്വ സംവിധാനങ്ങളും പണം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും പൊതുവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
***
NK
(रिलीज़ आईडी: 2220296)
आगंतुक पटल : 4