ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ശരിയായ നൈപുണ്യം, സംരംഭകത്വ മനോഭാവം, ഗവണ്മെന്റ് ഉദ്യമങ്ങൾ എന്നിവ തൊഴിലില്ലായ്മ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് സാമ്പത്തിക സർവ്വേ- 2025-26


നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ വഴി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ 2.3 കോടിയിലധികം ഒഴിവുകൾ ലഭ്യമാക്കി

ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 31 കോടിയിലധികം അസംഘടിത തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികൾ വ്യാപിപ്പിച്ചു

തൊഴിലാളികളുടെ ക്ഷേമവും തൊഴിലുടമകൾക്ക് ബിസിനസ്സ് എളുപ്പവും ഉറപ്പാക്കുന്നതാണ് പുതിയ ലേബർ കോഡുകൾ

സ്ത്രീ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജോലി സമയത്തിൽ ഇളവുകൾ നൽകേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സർവ്വേ അംഗീകരിക്കുന്നു.

ഗ്രാമീണ ഇന്ത്യയിൽ സ്വയം തൊഴിൽ വിപ്ലവത്തിന് നേതൃത്വം നൽകുന്ന സംരംഭക പ്രവർത്തനങ്ങൾ; 12.9 കോടി വ്യക്തികൾ ( 28% സ്ത്രീകൾ) അസംഘടിത കാർഷികേതര മേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നു

2021 സാമ്പത്തിക വർഷം മുതൽ 2025 വരെ ജിഐജി തൊഴിലാളികളുടെ എണ്ണത്തിൽ 55 ശതമാനം വർദ്ധനയുണ്ടായി

प्रविष्टि तिथि: 29 JAN 2026 1:54PM by PIB Thiruvananthpuram

ഡിജിറ്റലൈസേഷൻ, ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം, ഗിഗ്-പ്ലാറ്റ്‌ഫോം ജോലികൾ പോലുള്ള പുതിയ തൊഴിൽ രീതികൾ എന്നിവയുടെ സ്വാധീനത്തിൽ ഇന്ത്യൻ തൊഴിൽ വിപണി വൻതോതിലുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മ കുറയ്ക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന പദ്ധതികൾ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കി വരുന്നു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക സർവ്വേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള വളർച്ചാ ഘട്ടത്തിൽ, തൊഴിലുകളുടെ എണ്ണത്തേക്കാളുപരി ജോലിയുടെ ഗുണമേന്മയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇത് തൊഴിൽ വിപണിയെ കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ കാഴ്ചപ്പാടിലേക്ക് മാറ്റുന്നു.  തൊഴിലാളി പ്രമുഖ്യമുള്ള മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ, ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ഇന്ത്യയുടെ ജനസംഖ്യാ സമ്പത്തിനെ പൂർണ്ണമായി പ്രയോജനപ്പെടുത്താനുമുള്ള പ്രതിബദ്ധത അടിവരയിടുന്നു.

ഘടനപരമായ പരിഷ്കാരങ്ങൾ, നികുതി യുക്തിസഹമാക്കൽ, നൈപുണ്യ വികസനത്തിലുള്ള തുടർച്ചയായ ശ്രദ്ധ എന്നിവയുടെ ഫലമായി അടുത്തകാലത്തായി ഇന്ത്യ തൊഴിൽ മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ ലഘൂകരിക്കൽ, ജി.എസ്.ടി 2.0 (GST 2.0), വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ എന്നിവ വ്യവസായ-സേവന മേഖലകളിലെ തൊഴിൽ പങ്കാളിത്തവും വളർച്ചയും വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നു.

തൊഴിൽ മേഖലയിലെ നിലവിലെ  പ്രവണതകൾ

അടുത്തകാലത്തായി ഇന്ത്യയിലെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ (FLFPR) വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. 2017-18-ൽ 23.3 ശതമാനമായിരുന്നത് 2023-24 ആയപ്പോഴേക്കും 41.7 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞു. ഇത് രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ സ്ത്രീകളെ ഉൾക്കൊള്ളുന്നതിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും സൂചനയാണ്. വിവിധ സർവ്വേകളിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സാമ്പത്തിക സർവ്വേ ഇന്ത്യയിലെ തൊഴിൽ പ്രവണതകൾ വിശദീകരിക്കുന്നത്.

പിരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ (PLFS) പ്രകാരം, ഇന്ത്യയിലെ തൊഴിൽ വിപണി സ്ഥിരതയാർന്ന വളർച്ചയിലാണ്. 2025 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ (H1 FY26) തൊഴിലില്ലായ്മ നിരക്ക് കുറയുകയും തൊഴിൽ പങ്കാളിത്തം മെച്ചപ്പെടുകയും ചെയ്തു. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY26) 15 വയസ്സിനു മുകളിൽ പ്രായമുള്ള 56.2 കോടി ജനങ്ങൾ ജോലിചെയ്യുന്നുണ്ട്. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഏകദേശം 8.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും സർവ്വേ വ്യക്തമാക്കുന്നു.

"ഗ്രാമീണ മേഖലയിൽ 57.7% പേർ കൃഷിയിലും 62.8% പേർ സ്വയം തൊഴിലിലും ഏർപ്പെട്ടിരിക്കുന്നു. ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. എന്നാൽ നഗരങ്ങളിൽ 62.0% തൊഴിലും സേവന മേഖലയിലാണ് (Services sector), അവിടെ 49.8% പേർക്ക് സ്ഥിരവരുമാനമുള്ള തൊഴിലുകളുമുണ്ടെന്ന്" PLFS ഡാറ്റയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഉദ്ധരിച്ച് സർവേ വ്യക്തമാക്കുന്നു. 

സംഘടിത നിർമ്മാണ മേഖലയെക്കുറിച്ചുള്ള വാർഷിക വ്യവസായ സർവ്വേ (ASI) പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ 6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം പുതിയ തൊഴിലുകൾ ഈ വർഷം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ (2015 സാമ്പത്തിക വർഷം മുതൽ 2024 വരെ), ഈ മേഖലയിൽ 57 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വർദ്ധിച്ചു; അതായത് പ്രതിവർഷം ശരാശരി 4 ശതമാനം (CAGR) വളർച്ചാ നിരക്ക് രേഖപ്പെടുത്തി എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു.

അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള ത്രൈമാസ ബുള്ളറ്റിൻ (QBUSE) പ്രകാരം, അസംഘടിത കാർഷികേതര മേഖലയിൽ ആകെ 7.9 കോടി സ്ഥാപനങ്ങളുണ്ട്; ഇവയിലായി 12.9 കോടി വ്യക്തികൾ ജോലി ചെയ്യുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളിൽ ഉടമസ്ഥർ തന്നെ നേരിട്ട്  ജോലി ചെയ്യുന്നവരുടെ വിഹിതം 2023-24-ലെ 58.9 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY26) 60 ശതമാനമായി വർദ്ധിച്ചു. ഇത് സ്വയം തൊഴിലിലേക്കും സംരംഭകത്വ പ്രവർത്തനങ്ങളിലേക്കുമുള്ള ചുവടുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഈ മേഖലയിലെ ഗ്രാമീണ തൊഴിലാളികളുടെ എണ്ണം ആറ് കോടിയായിരുന്നു; ഗ്രാമീണ സാമ്പത്തിക പ്രവർത്തനങ്ങളിൽ അസംഘടിത സംരംഭങ്ങൾ നൽകുന്ന വലിയ സംഭാവനയാണ് ഇത് വ്യക്തമാക്കുന്നത്. കൂടാതെ, ഈ മേഖലയിലെ തൊഴിലാളികളിൽ 28.7 ശതമാനം സ്ത്രീകളാണ്. അസംഘടിത കാർഷികേതര മേഖലയിലെ വർദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷൻ പ്രവണത ബിസിനസ് യൂണിറ്റുകൾക്കിടയിലെ ഇന്റർനെറ്റ് ഉപയോഗത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത് 2023-24-ലെ 26 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ക്രമാനുഗതമായി 39 ശതമാനമായി  വർദ്ധിച്ചു.

തൊഴിൽ ശക്തിയെ ശാക്തീകരിക്കൽ:

അസംഘടിത തൊഴിലാളികളെ തിരിച്ചറിയുന്നതിനും ക്ഷേമപദ്ധതികൾ, നൈപുണ്യ വികസനം എന്നിവയിലൂടെ അവരെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനും സമീപകാല നയങ്ങൾ വഹിച്ച പങ്ക് സാമ്പത്തിക സർവ്വേ എടുത്തുപറയുന്നു.

ഇ-ശ്രം (e-Shram):

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭ്യമാക്കുന്നതിനും, അനൗദ്യോഗിക-ഔദ്യോഗിക തൊഴിൽ മേഖലകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുമുള്ള ഒരു പ്രധാന സംവിധാനമായി ഇ-ശ്രം പോർട്ടലിനെ സാമ്പത്തിക സർവ്വേ അവതരിപ്പിക്കുന്നു. നിർമ്മാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന അസംഘടിത തൊഴിലാളികളുടെ ഒരു ദേശീയ ഡാറ്റാബേസ് ആയി ഈ പോർട്ടൽ പ്രവർത്തിക്കുന്നു.

“2026 ജനുവരിയിലെ കണക്കനുസരിച്ച്, 31 കോടിയിലധികം അസംഘടിത തൊഴിലാളികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് അസംഘടിത മേഖലയെ ഔദ്യോഗികമാക്കുന്നതിനും തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാനമായ മുന്നേറ്റമാണ്. രജിസ്റ്റർ ചെയ്തവരിൽ 54 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്, ഇത് സ്ത്രീ കേന്ദ്രീകൃത ക്ഷേമപദ്ധതികളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു,” രേഖ വ്യക്തമാക്കുന്നു.

തൊഴിലവസരങ്ങൾ, അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ, നൈപുണ്യ വികസന പരിശീലനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ഇ-ശ്രം പ്ലാറ്റ്‌ഫോം തൊഴിലാളികളെ സഹായിക്കുന്നു. ഇത് അവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളിലേക്ക് മാറാൻ വഴിയൊരുക്കുന്നു. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയും സാമൂഹിക സുരക്ഷയും വർദ്ധിപ്പിക്കുക എന്ന വിപുലമായ കാഴ്ചപ്പാടുമായാണ് ഈ ശ്രമങ്ങൾ ചേർന്നുനിൽക്കുന്നത്.

നാഷണൽ കരിയർ സർവീസ് പോർട്ടൽ:

നാഷണൽ കരിയർ സർവീസ് (NCS):

2015-ൽ ആരംഭിച്ച നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ, ഉദ്യോഗാർത്ഥികൾ, തൊഴിലുടമകൾ, പരിശീലന സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് ഏജൻസികൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഏകജാലക സംവിധാനമായി മാറിയിരിക്കുന്നു. സൗജന്യ രജിസ്ട്രേഷൻ, തൊഴിൽ അപേക്ഷകൾ സമർപ്പിക്കൽ, ഇന്റർവ്യൂ സഹായം, മറ്റ് തൊഴിലധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്ക് പുറമെ വിവിധ ഭാഷകളിൽ ലഭ്യമായ ഹെൽപ്പ് ലൈൻ സേവനവും ഈ പോർട്ടൽ വാഗ്ദാനം ചെയ്യുന്നു.

"ആരംഭം മുതൽ ഇന്നുവരെ, രാജ്യത്തെ തൊഴിലവസരങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന പ്ലാറ്റ്‌ഫോമായി ഈ പോർട്ടൽ വളർന്നു. നിലവിൽ 5.9 കോടിയിലധികം ഉദ്യോഗാർത്ഥികളും വിവിധ മേഖലകളിലായി 53 ലക്ഷം തൊഴിലുടമകളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഏകദേശം 8 കോടി ഒഴിവുകളാണ് ഇതിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്," സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു. "2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-ൽ തൊഴിൽ ഒഴിവുകളുടെ എണ്ണത്തിൽ 200 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തിൽ 2.8 കോടിയിലധികം ഒഴിവുകൾ ലഭ്യമായപ്പോൾ, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (സെപ്റ്റംബർ വരെ) തന്നെ ഇത് 2.3 കോടി പിന്നിട്ടു," റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ 'ഇ-മൈഗ്രേറ്റ്' (e-Migrate) സംവിധാനവുമായി എൻ.സി.എസ് പോർട്ടൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, അംഗീകൃത ഏജൻസികൾ നൽകുന്ന സുരക്ഷിതമായ വിദേശ തൊഴിൽ അവസരങ്ങൾ  ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുന്നു. 'സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബ്' (SIDH) വഴിയുള്ള സംയോജനം ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 'കരിയർ സ്കിൽസ്', 'ഡിജിറ്റൽ സ്കിൽസ്' എന്നിവയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നതിനായി സ്വകാര്യ പോർട്ടലുകളുമായും ഇത് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിൽ 7 കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 30 സംസ്ഥാന തൊഴിൽ പോർട്ടലുകൾ എൻ.സി.എസുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും സർവ്വേ വിശദമാക്കുന്നു.

ലേബർ കോഡുകളിലൂടെ തൊഴിൽ വളർച്ച ത്വരിതപ്പെടുത്തുന്നു

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും സാമ്പത്തിക വികസനം വേഗത്തിലാക്കാനുമുള്ള ലേബർ കോഡുകളുടെ സാധ്യതകളെ 2025-26 സാമ്പത്തിക സർവ്വേ എടുത്തുപറയുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ 29 പഴയ തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് നാല് ലേബർ കോഡുകളാണ് രൂപീകരിച്ചിരിക്കുന്നത്: വേതന സംബന്ധമായ കോഡ് 2019, വ്യവസായ ബന്ധങ്ങളുമായി ബന്ധപ്പെട്ട കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോഡ് 2020. നിയമങ്ങൾ ലഘൂകരിക്കുന്നതിനും തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ഇവ നടപ്പിലാക്കുന്നത്. ഈ കോഡുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം 2025 നവംബർ 21-ന് പുറപ്പെടുവിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ഒപ്പം തന്നെ, നിയമപരമായ നിയന്ത്രണങ്ങളും  പ്രായോഗികമായ ഇളവുകളും  തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ ഈ കോഡുകൾ ശ്രമിച്ചിട്ടുണ്ടെന്ന് സർവ്വേ നിരീക്ഷിക്കുന്നു. 2015 മുതൽ 2019 വരെ ഗവണ്മെന്റ്, തൊഴിലുടമകൾ, വ്യവസായ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയനുകൾ എന്നിവർ പങ്കെടുത്ത ത്രികക്ഷി ചർച്ചകളുടെ ഫലമായാണ് ഈ പരിഷ്കാരങ്ങൾ രൂപപ്പെട്ടത്.

'ലേബർ കോഡുകൾ നടപ്പിലാക്കുന്നത് തൊഴിൽ വിപണിയിലെ വലിയൊരു മാറ്റത്തിന്റെ ആദ്യ പടിയാണ്. ഈ മാറ്റം പൂർണ്ണമാകണമെങ്കിൽ സ്വകാര്യ മേഖലയുടെ ഏകോപനവും നിക്ഷേപവും ആവശ്യമാണ്', സർവ്വേ വ്യക്തമാക്കുന്നു. 'മത്സരക്ഷമത നിലനിർത്തുന്നതിനായി കമ്പനികൾ തങ്ങളുടെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും, നയങ്ങൾ പരിഷ്കരിക്കുകയും, തൊഴിൽ മാതൃകകൾ പുനർമൂല്യനിർണ്ണയം നടത്തുകയും, ഡിജിറ്റൽ സന്നദ്ധത വർദ്ധിപ്പിക്കുകയും വേണം. ഈ കോഡുകൾ ഒരു ഏകീകൃത ചട്ടക്കൂട് നൽകുന്നുണ്ടെങ്കിലും, അത് ദൈനംദിന പ്രവർത്തനങ്ങളിൽ നടപ്പിലാക്കേണ്ടത് സ്വകാര്യ മേഖലയുടെ ഉത്തരവാദിത്തമാണെന്നും സർവ്വേ നിർദ്ദേശിക്കുന്നു.

ഗിഗ് തൊഴിൽശക്തിയുടെ പുതിയ ചക്രവാളങ്ങൾ

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സമീപകാല വികാസങ്ങളും നയപരമായ പരിഷ്കാരങ്ങളും തൊഴിൽ ഘടനയെ മാറ്റിമറിക്കുകയാണെന്ന് സാമ്പത്തിക സർവ്വേ അടിവരയിടുന്നു. ഇത് ജോലിയിൽ കൂടുതൽ ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ തൊഴിൽ മേഖലയെ ഔദ്യോഗികമാക്കാനും സഹായിക്കുന്നു. പുതിയ ലേബർ കോഡുകൾ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ ഔദ്യോഗികമായി അംഗീകരിക്കുകയും അവർക്ക് സാമൂഹിക സുരക്ഷ, ക്ഷേമനിധി, ആനുകൂല്യങ്ങളുടെ കൈമാറ്റം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.

ഡെലിവറി, റൈഡ് ഷെയറിംഗ്, ഫ്രീലാൻസിങ് എന്നിവയുൾപ്പെടുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥ വലിയ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് അനൗദ്യോഗിക ജോലികളെ ഒരു സമഗ്രമായ തൊഴിൽ ശൃംഖലയുടെ ഭാഗമാക്കി മാറ്റുന്നു. 2021 സാമ്പത്തിക വർഷത്തിൽ 77 ലക്ഷമായിരുന്ന ഗിഗ് തൊഴിലാളികളുടെ എണ്ണം 2025-ൽ 55 ശതമാനം വർദ്ധിച്ച് 1.2 കോടിയായി ഉയർന്നു. 80 കോടിയിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കളും പ്രതിമാസം നടക്കുന്ന 1500 കോടി യുപിഐ (UPI) ഇടപാടുകളുമാണ് ഈ വളർച്ചയ്ക്ക് കരുത്തേകുന്നത്. ഇപ്പോൾ ഇന്ത്യയിലെ ആകെ തൊഴിൽശക്തിയുടെ 2 ശതമാനത്തിലധികം വരുന്ന ഗിഗ് തൊഴിലാളികളുടെ വളർച്ചാ നിരക്ക് മറ്റ് തൊഴിൽ മേഖലകളേക്കാൾ കൂടുതലാണ്. 2029-30 ഓടെ കാർഷികേതര മേഖലയിലെ ഗിഗ് തൊഴിലാളികൾ ആകെ തൊഴിൽശക്തിയുടെ 6.7 ശതമാനമായി മാറുമെന്നും ജിഡിപിയിലേക്ക് (GDP) 2.35 ലക്ഷം കോടി രൂപയുടെ സംഭാവന നൽകുമെന്നും സർവ്വേ രേഖ വ്യക്തമാക്കുന്നു.

ഗിഗ് സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതോടെ തൊഴിലവസരങ്ങളിലും സാമ്പത്തിക വളർച്ചയിലും അതിന്റെ സ്വാധീനം കൂടുതൽ വ്യക്തമാകും. ഇത് വരുമാന വർദ്ധനവിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും അഭൂതപൂർവമായ അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും, ദീർഘകാലവും സന്തുലിതവുമായ വളർച്ച ഉറപ്പാക്കാൻ ഈ മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കേണ്ടത് നിർണായകമാണ്.

ജോലി സമയത്തിൽ ഇളവുകൾ നൽകേണ്ടതിന്റെ ആവശ്യകത

തൊഴിൽ രീതികളിൽ ലിംഗപരമായ ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോ കുടുംബ സംരംഭങ്ങളിൽ പങ്കുചേരുന്നവരോ ആയ സ്ത്രീകളുടെ എണ്ണം, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ വളരെ കൂടുതലാണ്. വ്യക്തികൾ ഓരോ പ്രവൃത്തികൾക്കായി എത്ര സമയം ചെലവഴിക്കുന്നു എന്നത് കണക്കാക്കാൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തുന്ന 'ടൈം യൂസ് സർവ്വേ' (TUS) സഹായിക്കുന്നു. 2024-ലെ സർവ്വേ പ്രകാരം, 15-59 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 41 ശതമാനം പേരും തങ്ങളുടെ കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനായി സമയം ചെലവഴിക്കുന്നു; പുരുഷന്മാരിൽ ഇത് 21.4 ശതമാനം മാത്രമാണ്.

ശമ്പളം ലഭിക്കുന്ന ജോലികളും ശമ്പളമില്ലാത്ത വീട്ടുജോലികളും കൂടി പരിഗണിക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്ന് സർവ്വേ വ്യക്തമാക്കുന്നു. ശമ്പളമില്ലാത്ത ജോലികൾക്കായി സ്ത്രീകൾ ചെലവഴിക്കുന്ന സമയം പുരുഷന്മാരേക്കാൾ വളരെ കൂടുതലാണ്. ശമ്പളമുള്ള ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾ അതിനായി ഗണ്യമായ സമയം നീക്കിവെക്കുന്നുണ്ടെങ്കിലും, പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ ആകെ പങ്കാളിത്തം കുറവാണ്. വീട്ടുജോലികളുടെയും കുടുംബാംഗങ്ങളെ പരിചരിക്കുന്നതിന്റെയും ഇരട്ട ഭാരം വനിതാ തൊഴിലാളികൾ അനുഭവിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ജോലി സമയത്തിൽ ഇളവുകൾ നൽകുന്ന 'ഫ്ലെക്സിബിൾ വർക്ക് മാതൃകകളോടുള്ള അവരുടെ താൽപ്പര്യത്തിന് പ്രധാന കാരണവും ഇതാണ്.

***

NK


(रिलीज़ आईडी: 2220222) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Tamil