ധനകാര്യ മന്ത്രാലയം
കാർഷിക അസംസ്കൃത വസ്തുക്കളിലെ ഗുണമേന്മ വർദ്ധിപ്പിക്കൽ, യന്ത്രവൽക്കരണം, വിപണി പിന്തുണ, വിള ഇൻഷുറൻസ്, വായ്പാസൗകര്യം എന്നിവ കാർഷിക മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് കാരണമായി: സാമ്പത്തിക സർവേ
'വിത്തുകൾക്കും നടീൽ വസ്തുക്കൾക്കുമുള്ള ഉപദൗത്യം' പ്രകാരം 6.85 ലക്ഷം വിത്തുഗ്രാമങ്ങൾ സൃഷ്ടിച്ചു; ഏകദേശം 1649.26 ലക്ഷം ക്വിന്റൽ ഗുണമേന്മയുള്ള വിത്തുകൾ ഉൽപ്പാദിപ്പിച്ചു
മൊത്തം കൃഷിഭൂമിയിൽ ജലസേചന സൗകര്യമുള്ള സ്ഥലത്തിന്റെ വിഹിതം 2001-02-ലെ 41.7 ശതമാനത്തിൽ നിന്ന് 2022-23-ൽ 55.8 ശതമാനമായി വർദ്ധിച്ചു.
25.55 കോടിയിലധികം സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു.
പിഎം-കിസാൻ പദ്ധതിപ്രകാരം, 11 കോടിയിലധികം അർഹരായ കർഷകർക്കായി 21 ഗഡുക്കളിലായി 4.09 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചു
प्रविष्टि तिथि:
29 JAN 2026 2:01PM by PIB Thiruvananthpuram
ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് കൃഷിയിടങ്ങളിലെ നേരിട്ടുള്ള ഇടപെടലുകളുടെയും വിളവെടുപ്പിന് ശേഷമുള്ള നടപടികളുടെയും ഫലമാണെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഇത് കൈവരിക്കുന്നതിനായി ഗവൺമെന്റ് നടപ്പിലാക്കിയ നിരവധി സുപ്രധാന പദ്ധതികൾ സാമ്പത്തിക സർവേയിൽ എടുത്തുകാട്ടി.
ഗുണമേന്മയുള്ള വിത്തുകൾ:
രാജ്യത്തുടനീളം വിത്തുൽപ്പാദനം, സംസ്കരണം, സംഭരണം, സർട്ടിഫിക്കേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2014-15-ൽ 'വിത്തുകൾക്കും നടീൽ വസ്തുക്കൾക്കുമുള്ള ഉപദൗത്യം' (SMSP) ആരംഭിച്ചു. ഈ പദ്ധതിക്ക് കീഴിൽ 6.85 ലക്ഷം വിത്ത് ഗ്രാമങ്ങൾ സൃഷ്ടിക്കുകയും, 1649.26 ലക്ഷം ക്വിന്റൽ ഗുണമേന്മയുള്ള വിത്തുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്തു. ഇതിലൂടെ 2.85 കോടി കർഷകർക്ക് പ്രയോജനം ലഭിച്ചു. ഗവേഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന ഉയർന്ന വിളവ് നൽകുന്ന വിത്തിനങ്ങൾ വികസിപ്പിക്കുന്നതിനുമായി 2025-26 കേന്ദ്ര ബജറ്റിൽ ഗവൺമെന്റ് 'ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യം' പ്രഖ്യാപിച്ചു. 100-ലധികം പുതിയ വിത്തിനങ്ങൾ വിപണിയിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജലസേചനവും ജല ഉപയോഗ കാര്യക്ഷമതയും:
കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ് ഉറപ്പായ ജലസേചന സൗകര്യം. കാര്യക്ഷമമായ ജലസേചന സംവിധാനങ്ങൾ ആവശ്യാനുസരണം വെള്ളം ലഭ്യമാക്കുന്നതിനൊപ്പം വിളകളുടെ പോഷകങ്ങൾ വലിച്ചെടുക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൃഷിയെ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വിള വൈവിധ്യവൽക്കരണത്തിനും വർഷത്തിൽ ഒന്നിലധികം വിളകൾ ഇറക്കുന്നതിനും കർഷകരെ സഹായിക്കുന്നു.
'ഓരോ തുള്ളിയിലും കൂടുതൽ വിള' (PDMC) പദ്ധതിക്ക് കീഴിൽ തുള്ളിനന (Drip), സ്പ്രിങ്ക്ളർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ചെറുകിട-നാമമാത്ര കർഷകർക്ക് 55 ശതമാനവും മറ്റ് കർഷകർക്ക് 45 ശതമാനവും സാമ്പത്തിക സഹായം ഗവൺമെന്റ് നൽകുന്നു. ഇതിന്റെ ഫലമായി, മൊത്തം കൃഷിഭൂമിയിൽ ജലസേചന സൗകര്യമുള്ള സ്ഥലത്തിന്റെ വിഹിതം 2001-02-ലെ 41.7 ശതമാനത്തിൽ നിന്ന് 2022-23 ആയപ്പോഴേക്കും 55.8 ശതമാനമായി ഉയർന്നു.
മണ്ണിന്റെ ആരോഗ്യവും സന്തുലിത പോഷക പരിപാലനവും:
മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നത്, പ്രത്യേകിച്ച് മണ്ണിലെ ജൈവ കാർബണിന്റെ അളവ് കുറയുന്നത് ഇന്ത്യയുടെ കാർഷിക ഉൽപ്പാദനക്ഷമതയ്ക്ക് വലിയൊരു വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 'നാഷണൽ പ്രോജക്റ്റ് ഓൺ മാനേജ്‌മെന്റ് ഓഫ് സോയിൽ ഹെൽത്ത് ആൻഡ് ഫെർട്ടിലിറ്റി'ക്ക് കീഴിൽ ഗവൺമെന്റ് സോയിൽ ഹെൽത്ത് മാനേജ്‌മെന്റ് (SHM), സോയിൽ ഹെൽത്ത് കാർഡ് (SHC) എന്നീ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. രാസവളങ്ങൾക്കൊപ്പം ജൈവവളങ്ങളും ജൈവകീടനാശിനികളും സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത പോഷക പരിപാലനത്തെ ഈ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നു. 2025 നവംബർ 14 വരെയുള്ള കണക്കനുസരിച്ച് 25.55 കോടിയിലധികം കാർഡുകൾ വിതരണം ചെയ്തു.
രാസവള പരിപാലനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഇതിനകം സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പോഷകാധിഷ്ഠിത വിലനിർണയം, യൂറിയയിലെ വേപ്പെണ്ണ പുരട്ടൽ, ആധാർ അധിഷ്ഠിത പോയിന്റ്-ഓഫ്-സെയിൽ പരിശോധന, സംയോജിത വളം പരിപാലന സംവിധാനം എന്നിവ രാസവളങ്ങളുടെ വിതരണത്തിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവന്നു.
യന്ത്രവൽക്കരണവും കൂട്ടായ പ്രവേശനവും:
കാർഷിക യന്ത്രവൽക്കരണത്തിനായുള്ള ഉപദൗത്യം (SMAM) വഴി കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്. കാർഷിക യന്ത്രങ്ങളുടെ പരിശീലനത്തിനും പ്രദർശനത്തിനുമായി സംസ്ഥാന ഗവണ്മെന്റുകൾക്ക് ധനസഹായം നൽകുക, കസ്റ്റം ഹയറിംഗ് സെന്ററുകൾ (CHCs) സ്ഥാപിക്കുക, കർഷകർക്ക് കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് പിന്തുണ നൽകുക എന്നിവ ഇതിന്റെ ഭാഗമാണ്. 2014-15 നും 2025-26 നും ഇടയിൽ ഈ പദ്ധതിക്ക് കീഴിൽ ആകെ 25,689 CHC-കൾ സ്ഥാപിച്ചു. ഇതിൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് 2025-26 കാലയളവിൽ മാത്രം സ്ഥാപിച്ച 558 കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളും വിപണന പിന്തുണയും:
കാർഷിക വിപണന മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, 2014 മുതൽ 'കാർഷിക വിപണനത്തിനായുള്ള സംയോജിത പദ്ധതി' (ISAM) പ്രകാരം ഗവൺമെന്റ് 'കാർഷിക വിപണന അടിസ്ഥാനസൗകര്യം' (AMI) എന്ന ഉപപദ്ധതി നടപ്പിലാക്കി വരുന്നു.
2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, 4,832.70 കോടി രൂപ അനുവദിച്ചുകൊണ്ട് 49,796 സംഭരണ പദ്ധതികൾക്ക് അംഗീകാരം നൽകി. കൂടാതെ, മറ്റ് 25,009 വിപണന അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി 2,193.16 കോടി രൂപ സബ്‌സിഡിയായും നൽകിയിട്ടുണ്ട്.
വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, കമ്മ്യൂണിറ്റി ഫാമിങ് പദ്ധതികൾ എന്നിവയ്ക്കായി ഇടക്കാല വായ്പ ലഭ്യമാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായത്തോടെ 'കാർഷിക അടിസ്ഥാനസൗകര്യ നിധി'ക്കു (AIF) തുടക്കമിട്ടു. 2021 മുതൽ 2026 വരെയുള്ള ഈ പദ്ധതിയുടെ പിന്തുണ 2033 വരെ നീട്ടിയിട്ടുണ്ട്. പലിശ ഇളവും വായ്പ ഉറപ്പും ഈ പദ്ധതിയുടെ പ്രത്യേകതയാണ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുന്നതിനും വാങ്ങുന്നവർക്ക് മത്സരാധിഷ്ഠിത സൗകര്യം ഒരുക്കുന്നതിനുമായി 2016 ഏപ്രിലിൽ ഗവൺമെന്റ് അഖിലേന്ത്യാ വിർച്വൽ വിപണനവേദിയായ ഇ-നാം (e-NAM) ആരംഭിച്ചു. 2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,522 കമ്പോളങ്ങളെ ബന്ധിപ്പിച്ച്, 1.79 കോടി കർഷകരും, 2.72 ലക്ഷം വ്യാപാരികളും, 4,698 കർഷക ഉൽപ്പാദക സംഘടനകളും (FPOs) ഇ-നാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂട്ടായ വിപണനം ശക്തിപ്പെടുത്തുന്നതിനായി, 10,000 FPO രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 2020-ൽ 6,860 കോടി രൂപ ബജറ്റിൽ പുതിയ പദ്ധതിക്ക് ഗവൺമെന്റ് രൂപം നൽകി. 2027-28 വരെ നീളുന്ന ഈ ദൗത്യത്തിന് കീഴിൽ, 2025 ഡിസംബർ 31 ആയപ്പോഴേക്കും ലക്ഷ്യമിട്ട 10,000 എഫ്.പി.ഒകളും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
വിലയും വരുമാന പിന്തുണയും:
കാലാവസ്ഥാ വ്യതിയാനങ്ങൾ, വിപണിയിലെ അസ്ഥിരത, വർദ്ധിച്ചുവരുന്ന കൃഷി ചെലവ് എന്നിവ കാരണം കർഷകരുടെ വരുമാനം അനിശ്ചിതത്വത്തിലായതിനാൽ വില-വരുമാന പിന്തുണാ നയങ്ങൾ അത്യന്താപേക്ഷിതമാണ്. ചെറുകിട-നാമമാത്ര കർഷകർക്ക് പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷിയും വിപണിയിലെ വിലപേശൽ ശേഷിയും കുറവാണ്. ഉറപ്പായ വരുമാനവും ന്യായമായ വിലയും കർഷകർക്ക് അടിസ്ഥാനപരമായ സ്ഥിരത നൽകുന്നതിനൊപ്പം ഉൽപ്പാദനപരമായ നിക്ഷേപങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനായി 22 വിളകൾക്ക് ഗവൺമെന്റ് താങ്ങുവില (MSP) പ്രഖ്യാപിക്കുന്നുണ്ട്. ഉൽപ്പാദന ചെലവിന്റെ 1.5 ഇരട്ടിയായി MSP നിലനിർത്തുക എന്ന തത്വം 2018-19 കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപിച്ചത്.
2025-26 ഖാരിഫ് വിപണന കാലയളവിലേക്കും 2026-27 റാബി വിപണന കാലയളവിലേക്കുമായി നിർദ്ദിഷ്ട വിളകളുടെ MSP-യിൽ ഗവൺമെന്റ് വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികളിലൂടെയുള്ള വരുമാന പിന്തുണ കർഷകരുടെ ആകെ വരുമാനം ശക്തിപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നിക്ഷേപവും വളർച്ചയും നിലനിർത്തുന്നതിനും സഹായിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 11 കോടിയിലധികം അർഹരായ കർഷകർക്കായി 21 ഗഡുക്കളിലായി 4.09 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു.
കാർഷിക വായ്പ:
വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (RRBs), സഹകരണ സ്ഥാപനങ്ങൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (MFIs) തുടങ്ങിയ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും പണമിടപാടുകാർ, വ്യാപാരികൾ തുടങ്ങിയ അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുമാണ് കാർഷിക വായ്പകൾ പ്രധാനമായും ലഭിക്കുന്നത്. അർഹരായ കർഷക കുടുംബങ്ങൾക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കൃത്യസമയത്ത് വായ്പ ഉറപ്പാക്കുന്നതിനായി 'ലീഡ് ബാങ്ക് സ്‌കീം', മുൻഗണനാ വിഭാഗം വായ്പ തുടങ്ങിയ പ്രധാന ചട്ടക്കൂടുകൾ ഗവൺമെന്റ് നടപ്പിലാക്കുന്നു.
2025 സാമ്പത്തിക വർഷത്തിൽ താഴേത്തട്ടിലുള്ള വായ്പവിതരണം (GLC)28.69 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ 15.93 ലക്ഷം കോടി രൂപ ഹ്രസ്വകാല വായ്പകളും 12.77 ലക്ഷം കോടി രൂപ ദീർഘകാല വായ്പകളുമാണ്. ഇത് ലക്ഷ്യമിട്ടിരുന്ന 27.5 ലക്ഷം കോടി രൂപയെക്കാൾ കൂടുതലാണ്. 2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതിക്ക് കീഴിൽ 10.20 ലക്ഷം കോടി രൂപ ബാക്കിനിൽക്കുന്ന 7.72 കോടി സജീവ അക്കൗണ്ടുകളുണ്ട്. പരിഷ്കരിച്ച പലിശ സബ്‌സിഡി പദ്ധതി (MISS) വഴി ഈ സംവിധാനം കൂടുതൽ ശക്തമാക്കി. ഇത് 7 ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നതിനൊപ്പം കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം പ്രോത്സാഹന ഇളവും നൽകുന്നു. 2015 സാമ്പത്തിക വർഷം മുതൽ 2026 വരെ ആകെ 1.77 ലക്ഷം കോടി രൂപ പലിശ സബ്‌സിഡിയായി വിതരണം ചെയ്തു.

***
NK
(रिलीज़ आईडी: 2220202)
आगंतुक पटल : 7