ധനകാര്യ മന്ത്രാലയം
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ധനകാര്യ തന്ത്രത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കഴിഞ്ഞു: 2025-26 ലെ സാമ്പത്തിക സർവേ
प्रविष्टि तिथि:
29 JAN 2026 2:17PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ, ഇന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ,ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിൻ്റെ സ്ഥൂല സാമ്പത്തിക സ്ഥിരത കാരണം വേറിട്ടുനിൽക്കുന്നതായി എടുത്തുകാണിക്കുന്നു. മികച്ച രീതിയിൽ ആസൂത്രണം ചെയ്ത നമ്മുടെ ധനകാര്യ തന്ത്രം, ധനകാര്യ, റവന്യൂ കമ്മികൾ കുറയ്ക്കൽ എന്നിവയിലൂടെയാണ് ഇത് സാധ്യമായത്. പ്രതിരോധശേഷിയുള്ള വരുമാന സമാഹരണവും മൂലധന ചെലവിലേക്കുള്ള വരുമാനത്തിൻ്റെ പുനഃക്രമീകരണവും നമ്മുടെ സാമ്പത്തിക ശക്തിയെ കൂടുതൽ കരുത്തുറ്റതാക്കി. കേന്ദ്രത്തിൻ്റെ വിവേകപൂർണ്ണമായ ധനകാര്യ പരിപാലനം ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക, ധനകാര്യ ചട്ടക്കൂടിലുള്ള വിശ്വാസ്യത ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്തു. സാമ്പത്തിക ഏകീകരണത്തിലേക്കുള്ള ഈ യാത്രയിൽ സംസ്ഥാനങ്ങൾ പ്രധാന പങ്കാളികളാണ്.
കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര ഗവൺമെൻ്റ് സ്വീകരിച്ച പ്രവചനീയവും വിശ്വസനീയവുമായ ധനനയം,, വളർച്ചാ ഘടകങ്ങളെ സാമ്പത്തിക സുസ്ഥിരതയുമായി സന്തുലിതമാക്കുന്നതിലൂടെ മൊത്തത്തിലുള്ള സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്ക് കാരണമായി. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഏകീകരണ പ്രക്രിയ, വ്യക്തമായി നിർവചിക്കപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളുടെ മൂല്യവും വഴക്കവും അടിവരയിടുന്നു. അത്, അനിശ്ചിതത്വത്തിൻ്റെ കാലഘട്ടങ്ങളിൽ വളർച്ചയെ നിയന്ത്രിക്കുന്നതിനുപകരം ധനനയത്തെ പിന്തുണയ്ക്കാൻ അനുവദിക്കുന്നു. സാമ്പത്തിക ഏകീകരണത്തിൻ്റെ ഈ യാത്രയിൽ സംസ്ഥാനങ്ങൾ പ്രധാന പങ്കാളികളാണ്. മൂലധനച്ചെലവുകൾക്കായുള്ള സംസ്ഥാനങ്ങളുടെ പ്രത്യേക സഹായ പദ്ധതി (SASCI) പലിശരഹിത വായ്പകളിൽ ദീർഘകാല ആസ്തികൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. സംസ്ഥാനത്തിൻ്റെ മുൻഗണനയെ അടിസ്ഥാനമാക്കിയുള്ള പരിഷ്കരണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും നിക്ഷേപങ്ങൾക്കും ഇടയിലുള്ള സന്തുലിതാവസ്ഥ ഈ പദ്ധതി കൈവരിക്കുന്നു, ഇത് രാജ്യത്ത് സുസ്ഥിരമായ മൂലധന അന്തരീക്ഷം സാധ്യമാക്കുന്നു.
സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന ധനപരമായ അച്ചടക്കം
2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായിരിക്കുമെന്നാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. തൊട്ടു മുൻവർഷത്തെ 4.8 ശതമാനത്തിൽ നിന്നാണ് ഈ കുറവ്. ഇതേ കാലയളവിൽ, ജിഡിപിയുടെ അനുപാതമെന്ന നിലയിൽ റവന്യൂ കമ്മി ക്രമമായി കുറയുകയും 2009 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 0.8 ശതമാനത്തിൽ എത്തുകയും ചെയ്തു. ഇത് മൂലധന ചെലവുകൾക്കായി കൂടുതൽ തുക അനുവദിക്കാൻ സാഹചര്യമൊരുക്കുകയും ചെലവുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടതായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. റവന്യൂ ചെലവ് 2022 സാമ്പത്തിക വർഷത്തിലെ 13.6 ശതമാനത്തിൽ നിന്ന് 2025-ൽ 10.9 ശതമാനമായി കുറഞ്ഞത് കൂടുതൽ ഉൽപ്പാദനക്ഷമമായ മൂലധന ചെലവുകൾക്ക് ഇടം നൽകി. പ്രധാന സബ്‌സിഡികൾക്കായുള്ള ചെലവ് 2022-ലെ 1.9 ശതമാനത്തിൽ നിന്ന് 2026-ൽ 1.1 ശതമാനമായി യുക്തിസഹമായി കുറച്ചു. ഇതോടൊപ്പം തന്നെ, 2025 ഒക്ടോബർ വരെ ഏകദേശം 78.9 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്ര ഗവൺമെൻ്റ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു. നേരിട്ടുള്ള നികുതി അടിത്തറ ക്രമമായി വികസിച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 2022-ലെ 6.9 കോടിയിൽ നിന്ന് 2025-ൽ 9.2 കോടിയായി വർദ്ധിച്ചു. റിട്ടേൺ ഫയലിംഗിലെ ഈ വർദ്ധന, നികുതി നിയമങ്ങൾ പാലിക്കുന്നതിലെ പുരോഗതിയെയും നികുതിപരിപാലനത്തിൽ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തെയും സൂചിപ്പിക്കുന്നു. കൂടാതെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നികുതിശൃംഖലയിലേക്കു എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു.
സുസ്ഥിരമായ വരുമാന സമാഹരണം
കേന്ദ്ര ഗവൺമെൻ്റിൻ്റെ റവന്യൂ വരുമാനം 2016-20 സാമ്പത്തിക വർഷങ്ങളിലെ ശരാശരി 8.5 ശതമാനത്തിൽ (ജിഡിപിയുടെ) നിന്ന് 2022-25 കാലയളവിൽ ഏകദേശം 9.1 ശതമാനമായി ഉയർന്നു. കോർപ്പറേറ്റ് ഇതര നികുതി ശേഖരണത്തിലുണ്ടായ വർദ്ധനയാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായത്; കോവിഡ് മഹാമാരിക്ക് മുൻപ് ജിഡിപിയുടെ 2.4 ശതമാനമായിരുന്ന ഇത് മഹാമാരിക്ക് ശേഷം ഏകദേശം 3.3 ശതമാനമായി വർദ്ധിച്ചു. സാങ്കേതികവിദ്യയിലധിഷ്ഠിതമായ നടപടികളിലൂടെ നികുതിപിരിവ് കാര്യക്ഷമമാക്കിയതും വരുമാന ചോർച്ച തടഞ്ഞതും വഴി 2025 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൻ്റെ റവന്യൂ വരുമാനം ജിഡിപിയുടെ 9.2 ശതമാനമായി ഉയർന്നു. ആദായനികുതി വകുപ്പിൻ്റെ ഡേറ്റാധിഷ്ഠിത പെരുമാറ്റവ്യതിയാന നടപടിയായ 'നഡ്‌ജ്' (NUDGE - Non-intrusive Usage of Data to Guide and Enable) ഇതിൽ വലിയ പങ്ക് വഹിച്ചു. നിയമനടപടികളിലൂടെയോ കർശനമായ ശിക്ഷാനടപടികളിലൂടെയോ നികുതി പിരിച്ചെടുക്കുന്നതിന് പകരം, കൃത്യമായ വിവരങ്ങളും ഡേറ്റാ വിശകലനങ്ങളും നൽകി, നികുതിദായകരുടെ മനോഭാവത്തിൽ മാറ്റം വരുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി ഇത് മാറി.
ജിഎസ്ടി 2.0: വ്യാപാര മേഖലയെ മത്സരാധിഷ്ഠിതമാക്കൽ
ജിഎസ്ടി വരുമാനത്തിൻ്റെ അടിസ്ഥാന ശക്തി പ്രതിഫലിക്കുന്നത് നികുതി അടിത്തറയുടെ സ്ഥിരമായ വികാസത്തിലാണ്. നികുതിദായകരുടെ എണ്ണം 2017-ലെ 60 ലക്ഷത്തിൽ നിന്ന് നിലവിൽ 1.5 കോടിയിലധികമായി വർദ്ധിച്ചു. 2025 ഏപ്രിൽ-ഡിസംബർ കാലയളവിലെ ആകെ ജിഎസ്ടി സമാഹരണം 17.4 ലക്ഷം കോടി രൂപയാണ്; ഇത് മുൻവർഷത്തെ അപേക്ഷിച്ച് 6.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ജിഎസ്ടി വരുമാനവളർച്ച നിലവിലെ നാമമാത്ര ജിഡിപി വളർച്ചാ നിരക്കിന് അനുസൃതമായാണ് നീങ്ങുന്നത്. ഇതിനു സമാന്തരമായി, 2025 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇ-വേ ബിൽ വോളിയം മുൻവർഷത്തേക്കാൾ 21 ശതമാനം വർദ്ധിച്ചത് സാമ്പത്തിക ഇടപാടുകളുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ജിഎസ്ടി 2.0-ന് കീഴിലുള്ള ലളിതമായ രണ്ട് സ്ലാബ് നിരക്കുകളിലേക്കുള്ള മാറ്റം, നികുതിപാലന ചെലവുകൾ കുറയ്ക്കാനും ഇടപാടുകൾ ലളിതമാക്കാനും ചെറുകിട ബിസിനസ്സുകളെ ഔദ്യോഗിക സാമ്പത്തിക മേഖലയുടെ ഭാഗമാകാൻ പ്രേരിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യാപാര രംഗത്തെ മത്സരക്ഷമത വർദ്ധിപ്പിക്കുകയും ആഭ്യന്തര ഉൽപ്പാദനത്തിന് പിന്തുണ നൽകുകയും ചെയ്യും. കൂടാതെ, ഇത് ജീവിതച്ചെലവ് കുറയ്ക്കാനും ഗാർഹിക ഉപഭോഗം വർദ്ധിപ്പിക്കാനും ഇടയാക്കിയേക്കാം.
വർദ്ധിച്ചുവരുന്ന ലാഭവിഹിതവും ലാഭവും നികുതിയേതര വരുമാനത്തിന് കരുത്തേകി
കേന്ദ്ര ഗവൺമെൻ്റിൻ്റെ നികുതിയേതര വരുമാനം, ജിഡിപിയുടെ ശതമാനക്കണക്കിൽ കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിലും ഏകദേശം 1.4 ശതമാനമായി സ്ഥിരതയോടെ തുടരുന്നു. ഇത് മഹാമാരിക്ക് മുൻപുള്ള ശരാശരിക്ക് തുല്യമാണ്, ഇതിലൂടെ കേന്ദ്രത്തിൻ്റെ മൊത്തം റവന്യൂ വരുമാനത്തിന് സ്ഥിരമായ പിന്തുണ ലഭിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (CPSE) മെച്ചപ്പെട്ട പ്രകടനം ഗവൺമെൻ്റിൻ്റെ നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2020 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ, ഓരോ പൊതുമേഖലാ സ്ഥാപനത്തിൻ്റെയും അറ്റാദായത്തിൽ 174 ശതമാനവും ലാഭവിഹിതത്തിൽ 69 ശതമാനവും വർദ്ധനയുണ്ടായി. ഇത് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയിലെ പുരോഗതിയെയും കൃത്യമായ മൂലധന വിനിയോഗത്തെയുമാണ് അടിവരയിടുന്നത്. ഇത് ഗവൺമെൻ്റിൻ്റെ നികുതിയേതര വരുമാന സ്രോതസ്സിനെ കൂടുതൽ ശക്തിപ്പെടുത്തി.
സുസ്ഥിരമായ മൂലധന ചെലവ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത്' കാഴ്ചപ്പാടിന് ഗതിവേഗം പകർന്നു കൊണ്ട്, കേന്ദ്ര ഗവൺമെൻ്റിൻ്റെ ഫലപ്രദമായ മൂലധന ചെലവ് കോവിഡ് മഹാമാരിക്ക് മുൻപുള്ള കാലയളവിലെ ശരാശരി 2.7 ശതമാനത്തിൽ (ജിഡിപിയുടെ) നിന്ന് മഹാമാരിക്ക് ശേഷം ഏകദേശം 3.9 ശതമാനമായും, 2025 സാമ്പത്തിക വർഷത്തിൽ 4 ശതമാനമായും ഉയർന്നു. ആസ്തി നിർമ്മാണത്തിന് മുൻഗണന നൽകുന്ന റോഡ് ഗതാഗതം, ഹൈവേകൾ, റെയിൽവേ, വ്യോമയാനം, ജലഗതാഗതം തുടങ്ങിയ പ്രധാന അടിസ്ഥാനസൗകര്യ മേഖലകൾ ആകെ മൂലധന ചെലവിൻ്റെ പകുതിയിലധികവും കൈയാളുന്നു. 2025 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കുള്ള കൈമാറ്റം (34.9%), ടെലികോം (24.4%), ഭവന-നഗര കാര്യങ്ങൾ (19.6%) എന്നീ മേഖലകളിലെ വിഹിതത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ശക്തമായ രണ്ടക്ക വളർച്ച രേഖപ്പെടുത്തി.
നികുതി വിഹിതത്തിലൂടെയും ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകളിലൂടെയും കേന്ദ്ര-സംസ്ഥാന കൈമാറ്റങ്ങൾ വിപുലീകരിക്കുന്നു
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ, സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് ദീർഘകാല പലിശരഹിത വായ്പകൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തരത്തിലുള്ള ചെലവുകൾ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായിക്കുമെന്നുമുള്ള തിരിച്ചറിവാണ് ഇതിന് പിന്നിൽ. സംസ്ഥാനങ്ങൾക്കുള്ള മൂലധന ചെലവിനായുള്ള പ്രത്യേക സഹായ പദ്ധതി (SASCI) വഴി, 2025 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവ് ജിഡിപിയുടെ ഏകദേശം 2.4 ശതമാനമായി നിലനിർത്താൻ സംസ്ഥാനങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,49,845 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. സംസ്ഥാന ഗവണ്മെൻ്റുകളുടെ മൊത്തത്തിലുള്ള ധനക്കമ്മി മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ ജിഡിപിയുടെ 2.8 ശതമാനമായി സ്ഥിരതയോടെ തുടർന്നു. ഇത് മഹാമാരിക്ക് മുൻപുള്ള നിലവാരത്തിന് സമാനമാണ്. എന്നിരുന്നാലും, അടുത്ത കാലത്തായി ഇത് 2025 സാമ്പത്തിക വർഷത്തിൽ 3.2 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗത്ത് വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.
കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന പ്രോത്സാഹനങ്ങൾ അടുത്ത കാലത്തായി സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, സുസ്ഥിരമായ സാമ്പത്തിക വളർച്ച നിലനിർത്തുന്നത് റവന്യൂ ചെലവുകളിലെ കൃത്യമായ അച്ചടക്കത്തെക്കൂടി ആശ്രയിച്ചിരിക്കുമെന്ന് സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനങ്ങൾ തങ്ങളുടെ ചെലവുകൾക്ക് കൃത്യമായ മുൻഗണന നിശ്ചയിക്കേണ്ടതുണ്ടെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. ഹ്രസ്വകാലത്തേക്കുള്ള വരുമാന സഹായ പദ്ധതികൾ, ഉൾക്കൊള്ളുന്നതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സാമ്പത്തിക അഭിവൃദ്ധിക്ക് ആവശ്യമായ നിക്ഷേപങ്ങളെ തകർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഗവൺമെൻ്റിൻ്റെ കടബാധ്യത
ആഗോളതലത്തിൽ പൊതു കടം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, കേന്ദ്ര ഗവൺമെൻ്റിൻ്റെ കൃത്യമായ കടം മാനേജ്‌മെൻ്റ് തന്ത്രങ്ങൾ രാജ്യത്തിൻ്റെ ധനനയത്തിൻ്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. 2031 സാമ്പത്തിക വർഷത്തോടെ കടം-ജിഡിപി അനുപാതം 50±1% എന്ന നിലയിലെത്തിക്കുക എന്ന ഇടക്കാല ലക്ഷ്യം, ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ബോധപൂർവ്വമായ ശ്രമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഉയർന്ന പൊതു നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ, കടം-ജിഡിപി അനുപാതം 2020-ന് ശേഷം 7.1 ശതമാനം കുറച്ച് 2025 സാമ്പത്തിക വർഷത്തിൽ 55.7 ശതമാനത്തിലെത്തിക്കാൻ സാധിച്ചു.

പൊതു നിക്ഷേപത്തിൻ്റെ കാര്യക്ഷമതയിലൂടെ വിലയിരുത്തുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക മാതൃക വേറിട്ടുനിൽക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ, ആകെ പൊതു നിക്ഷേപം ജിഡിപിയുടെ 4 ശതമാനമായിരുന്നു; ഇത് ഗവൺമെൻ്റിൻ്റെ ആകെ വരുമാനത്തിൻ്റെ ഏകദേശം അഞ്ചിലൊന്നാണ്. മറ്റ് സമാന സമ്പദ്‌വ്യവസ്ഥകളേക്കാൾ വളരെ ഉയർന്നതാണിത്. സംസ്ഥാന തലത്തിലുള്ള ഏതൊരു സാമ്പത്തിക അച്ചടക്കമില്ലായ്മയും രാജ്യത്തിൻ്റെ പൊതുവായ കടമെടുപ്പ് ചെലവിനെ ദോഷകരമായി ബാധിക്കും. അതിനാൽ, കേന്ദ്രം ഇടക്കാലാടിസ്ഥാനത്തിൽ ധനപരമായ ഏകീകരണം തുടരുമ്പോൾ, സംസ്ഥാനങ്ങളും ഉൾപ്പെടുന്ന പൊതു ഭരണകൂടവും ഇതേ പാതയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്നോട്ടുള്ള വഴി
കൂടുതൽ സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിനായി സർവേ പ്രധാനപ്പെട്ട ചില പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നു. ക്രോസ്-സബ്‌സിഡികൾ കുറയ്ക്കുക, ഗവൺമെൻ്റ് കമ്പനികളുടെ നിർവ്വചനം പരിഷ്കരിച്ചുകൊണ്ട് ഇക്വിറ്റി മോണിറ്റൈസേഷൻ പ്രക്രിയ സുസ്ഥിരമാക്കുക, ഇ-വേ ബില്ലിംഗിൽ 'ട്രസ്റ്റ് ആൻഡ് നഡ്‌ജ്' (Trust and Nudge) സിദ്ധാന്തം നടപ്പിലാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ചെലവുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹ്രസ്വകാല മിച്ചം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സർവേ ഊന്നൽ നൽകുന്നു.
മുന്നോട്ടുള്ള പാതയിൽ, ജിഎസ്ടി 2.0, വ്യക്തിഗത ആദായനികുതി എന്നിവയുൾപ്പെടെ നികുതി മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ നികുതി വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി ഘടനകൾ ലളിതമാക്കുന്നതിലൂടെയും, നികുതി പാലിക്കുന്നതിനുള്ള ചെലവുകൾ കുറയ്ക്കുന്നതിലൂടെയും, നികുതി അടിത്തറ വിപുലീകരിക്കുന്നതിലൂടെയും ഇത് സാധ്യമാകും. ഈ മാറ്റങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളിലും റവന്യൂ സമാഹരണത്തിലും വലിയ സ്വാധീനം ചെലുത്തും.
***
(रिलीज़ आईडी: 2220173)
आगंतुक पटल : 5