ധനകാര്യ മന്ത്രാലയം
പെൻഷൻ, ഇൻഷുറൻസ് പരിരക്ഷകളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ വർഷങ്ങളായി കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ
2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, എൻ.പി.എസ് (NPS) ഗുണഭോക്താക്കളുടെ എണ്ണം 9.5 ശതമാനം സി.എ.ജി.ആർ (CAGR) വളർച്ചയോടെ 211.7 ലക്ഷമായി ഉയർന്നു.
ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനായി എൻ.പി.എസ് ഇ-ശ്രമിക് മോഡലിന് കീഴിൽ സാമൂഹിക സുരക്ഷാ ശൃംഖല വിപുലീകരിക്കുന്നതിൽ പി.എഫ്.ആർ.ഡി.എ (PFRDA) ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
'നോൺ-ലൈഫ്' ഇൻഷുറൻസ് മേഖലയിലെ ഘടനാപരമായ മാറ്റം; മൊത്തം ആഭ്യന്തര പ്രീമിയത്തിന്റെ 41 ശതമാനവും ആരോഗ്യ ഇൻഷുറൻസ് വിഹിതമാണ്.
ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുന്നതിനായി 22,076 ഇൻഷുറൻസ് ഓഫീസുകളും 83 ലക്ഷം വിതരണക്കാരുടെ ശൃംഖലയും പ്രവർത്തിക്കുന്നു.
प्रविष्टि तिथि:
29 JAN 2026 1:44PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ പെൻഷൻ, ഇൻഷുറൻസ് എന്നീ മേഖലകളിലൂടെ പൗരന്മാർക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകുന്നതിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങളെ എടുത്തുകാട്ടി. സാമ്പത്തിക ഉൾപ്പെടുത്തൽ ആഴത്തിലാക്കാനും പരിരക്ഷ ലഭിക്കാത്ത വിഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും ഇൻഷുറൻസ്, പെൻഷൻ മേഖലകളിലെ നിയന്ത്രണ ഏജൻസികളായ IRDAI, PFRDA എന്നിവ പരിഷ്കാരങ്ങൾ കൊണ്ടുവന്നതായും സർവേ കൂട്ടിച്ചേർത്തു.
പെൻഷൻ മേഖല
ഉപയോക്താക്കൾക്കായി വിവിധ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും വലിയൊരു വിഭാഗം ജനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഊർജ്ജസ്വലമായ ഒരു പെൻഷൻ സംവിധാനത്തിന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) അടിത്തറയിട്ടതായി സർവേ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പെൻഷൻ രംഗം മാർക്കറ്റ്-ലിങ്ക്ഡ് നാഷണൽ പെൻഷൻ സിസ്റ്റം (NPS), 2025-ൽ ആരംഭിച്ച ഗവൺമെന്റ് പിന്തുണയുള്ള യൂണിഫൈഡ് പെൻഷൻ സ്കീം (UPS), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), അടൽ പെൻഷൻ യോജന (APY) പോലുള്ള മറ്റ് പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന ഒരു ബഹുതല സംവിധാനമാണ്.
2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് എൻ.പി.എസിൽ (NPS) 211.7 ലക്ഷം ഗുണഭോക്താക്കളുണ്ട്, കൂടാതെ 16.1 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ (FY15 മുതൽ FY25 വരെ), എൻ.പി.എസ് ഗുണഭോക്താക്കളുടെ എണ്ണം 9.5 ശതമാനം സി.എ.ജി.ആർ വളർച്ച രേഖപ്പെടുത്തി, കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 37.3 ശതമാനം എന്ന വേഗത്തിലുള്ള സി.എ.ജി.ആർ വളർച്ചയും കൈവരിച്ചു. അതുപോലെ, 2016-ൽ ആരംഭിച്ചത് മുതൽ എ.പി.വൈ (APY) ഗുണഭോക്താക്കളുടെ എണ്ണം 43.7 ശതമാനം സി.എ.ജി.ആർ വളർച്ചയോടെയും, ആസ്തി 64.5 ശതമാനം സി.എ.ജി.ആർ വളർച്ചയോടെയും മികച്ച മുന്നേറ്റം നടത്തിയതായി സർവേ അറിയിച്ചു.
ഇന്ത്യയിലെ വലിയൊരു വിഭാഗം വരുന്ന അസംഘടിത തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ ശൃംഖല വിപുലീകരിക്കുന്നതിലാണ് PFRDA ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സർവേ നിരീക്ഷിക്കുന്നു. 2025 ഒക്ടോബറിൽ ആരംഭിച്ച എൻ.പി.എസ് ഇ-ശ്രമിക് മോഡൽ പ്ലാറ്റ്‌ഫോം (ഗിഗ്) തൊഴിലാളികളെ ലക്ഷ്യം വെക്കുകയും അവരെ മുഖ്യധാരാ വിരമിക്കൽ സമ്പാദ്യ പദ്ധതികളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കർഷക ഉത്പാദക സംഘടനകളുമായും (FPO) എം.എസ്.എം.ഇകളുമായും (MSMEs) പങ്കാളിത്തം സ്ഥാപിച്ച് കർഷകർ, എഫ്.പി.ഒ അംഗങ്ങൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ എന്നിവരിലേക്ക് എൻ.പി.എസ്, എ.പി.വൈ വഴി പെൻഷൻ പരിരക്ഷ എത്തിക്കാൻ PFRDA ശ്രമിക്കുന്നു.
ബോധവൽക്കരണത്തിലുള്ള കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കുറഞ്ഞ വരുമാനമുള്ളവർക്കും ഗ്രാമീണ കുടുംബങ്ങൾക്കും ദീർഘകാല റിട്ടയർമെന്റ് ഉൽപ്പന്നങ്ങളിൽ പരിമിതമായ അറിവേ ഉള്ളൂവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ലളിതമായ എൻറോൾമെന്റ് രീതികൾ, എൻ.പി.എസ് ലൈറ്റ് വേരിയന്റുകൾ, എ.പി.വൈ ബോധവൽക്കരണ ക്യാമ്പയ്‌നുകൾ, ഇ-എൻ.പി.എസ്, ഡിജിറ്റൽ കെ.വൈ.സി, സൗകര്യപ്രദമായ നിക്ഷേപ ഘടനകൾ, പ്രായപൂർത്തിയാകാത്തവർക്കും ഗിഗ് തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ള പ്രത്യേക ഉൽപ്പന്നങ്ങൾ എന്നിവ ഈ കുറവുകൾ നികത്തുന്നതിലെ പുരോഗതിയെ കാണിക്കുന്നു.
ഇന്ത്യയുടെ പെൻഷൻ ആവാസവ്യവസ്ഥയുടെ ഭാവി എന്നത് ഗവൺമെന്റ് വിഹിതമുള്ളതും അല്ലാത്തതുമായ പദ്ധതികളുടെ കൃത്യമായ വിപുലീകരണത്തിലാണെന്ന് സർവേ നിർദ്ദേശിക്കുന്നു. സംസ്ഥാന ഗവൺമെന്റുകൾ, സഹകരണ സ്ഥാപനങ്ങൾ, കർഷക ശൃംഖലകൾ, ഗിഗ്-പ്ലാറ്റ്‌ഫോം കമ്പനികൾ എന്നിവയുമായുള്ള സഹകരണം പദ്ധതികൾ താഴേത്തട്ടിൽ എത്തുന്നത് ഉറപ്പാക്കും. EPFO, PFRDA, സംസ്ഥാനതല പെൻഷൻ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള മികച്ച ഏകോപനം ഭരണനിർവഹണം സുഗമമാക്കുന്നതിന് ആവശ്യമാണെന്നും സർവേ വ്യക്തമാക്കുന്നു.
NPS, APY, മറ്റ് പദ്ധതികൾ എന്നിവയ്ക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത വിപുലീകരിക്കുന്നത്, തൊഴിലാളികൾ ജോലി മാറുന്നതിനോ കുടിയേറുന്നതിനോ അനുസരിച്ച് തടസ്സങ്ങളില്ലാത്ത പോർട്ടബിലിറ്റി ഉറപ്പാക്കാൻ സഹായിക്കുമെന്ന് സർവേ കൂട്ടിച്ചേർക്കുന്നു. ഇൻഷുറൻസ് സാമ്പത്തിക പ്രത്യാഘാത വിശകലന ശേഷി ശക്തിപ്പെടുത്തുന്നതും റിസ്ക്-മോഡലിംഗ് ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുന്നതും ദീർഘകാല നിക്ഷേപ വഴികൾ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതികളുടെ കരുത്തും ആദായവും വർദ്ധിപ്പിക്കും. സ്ഥാപനപരമായ തുടർച്ചയായ ശാക്തീകരണത്തിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിയിലേക്ക് സജ്ജമായതും ആഗോള മാതൃകകളിൽ അധിഷ്ഠിതവുമായ ഒരു പെൻഷൻ സംവിധാനം വികസിപ്പിക്കാൻ ഇന്ത്യ സജ്ജമാണെന്ന് സർവേ കുറിച്ചു.
ഇൻഷുറൻസ് മേഖല
'2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻഷുറൻസ് മേഖല വലിയൊരു മാറ്റത്തിന് വിധേയമാവുകയാണ്. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ചട്ടക്കൂടിലേക്ക് മാറിയിരിക്കുന്നു, ഇത് നിയന്ത്രണങ്ങൾ ഏകീകരിക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരാൻ കൂടുതൽ സ്വാതന്ത്ര്യം നൽകാനും സഹായിക്കുന്നു. 'സബ്കാ ബീമാ സബ്കി രക്ഷ' ഇൻഷുറൻസ് വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യാനും പരിരക്ഷാ സൗകര്യം എല്ലാവരിലേക്കും എത്തിക്കാനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.
'നോൺ-ലൈഫ്' ഇൻഷുറൻസ് വിഭാഗത്തിൽ ഘടനാപരമായ മാറ്റങ്ങൾ പ്രകടമാണെന്ന് സർവേ പ്രസ്താവിക്കുന്നു. ആകെ ആഭ്യന്തര പ്രീമിയത്തിന്റെ 41 ശതമാനം കൈവരിച്ചുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് മോട്ടോർ ഇൻഷുറൻസിനെ മറികടന്ന് മുൻപന്തിയിലെത്തിയിരിക്കുന്നു. നോൺ-ലൈഫ് മേഖലയിൽ, ക്ലെയിമുകൾ 2021 സാമ്പത്തിക വർഷം മുതൽ 70 ശതമാനത്തിലധികം വർദ്ധിച്ച് 2025 സാമ്പത്തിക വർഷത്തിൽ 1.9 ലക്ഷം കോടി രൂപയായി. ലൈഫ് ഇൻഷുറൻസ് മേഖലയാണ് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത്, ഇത് ആകെ ആസ്തിയുടെ (AUM) 91 ശതമാനവും പ്രീമിയം വരുമാനത്തിന്റെ 75 ശതമാനവും കൈവശം വെച്ചിരിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ 6.3 ലക്ഷം കോടി രൂപ ആനുകൂല്യങ്ങൾ നൽകിയതായി സർവേ ചൂണ്ടിക്കാട്ടി.
നിലവിൽ 26 ലൈഫ് ഇൻഷുറൻസും 26 നോൺ-ലൈഫ് ഇൻഷുറൻസും ഏഴ് ഹെൽത്ത് ഇൻഷുറൻസും രണ്ട് പ്രത്യേക ഇൻഷുറൻസും സജീവമായി പ്രവർത്തിക്കുന്നു. 83 ലക്ഷത്തിലധികം വിതരണക്കാരുടെ ശൃംഖല ഇവയെ പിന്തുണയ്ക്കുന്നു. 2025 മാർച്ച് വരെ ഇൻഷുറൻസ് ഓഫീസുകളുടെ എണ്ണം 22,076 ആയിരുന്നു. ഏജന്റുമാരും ഇൻസ്റ്റിറ്റ്യൂഷണൽ പങ്കാളികളും ഉൾപ്പെടുന്ന വിതരണ ശൃംഖല 2021-ലെ 48 ലക്ഷത്തിൽ നിന്ന് 2025-ൽ ഏകദേശം 83 ലക്ഷമായി വർദ്ധിച്ചു.
ലൈഫ് ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എന്നിവയ്ക്ക് ജി.എസ്.ടി (GST) ഇളവ് നൽകിയത് പോളിസി ഉടമകൾക്ക് വലിയ ആശ്വാസമാകുകയും ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയും ചെയ്തു. 'സബ്കാ ബീമ സബ്കി സുരക്ഷാ ആക്ട്, 2025' നടപ്പിലാക്കുന്നത് ഇൻഷുറൻസ് മേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിഷ്കാരങ്ങൾക്ക് തുടക്കമിടും. മറ്റ് ഭേദഗതികൾക്കൊപ്പം FDI പരിധി 100 ശതമാനമായി ഉയർത്തുന്നത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും മേഖലയുടെ വികാസം സാധ്യമാക്കുന്നതിനും വഴിയൊരുക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് മേഖല നിലവിൽ ഒരു നിർണ്ണായക ഘട്ടത്തിലാണ്. കുറഞ്ഞ വ്യാപനവും ഉയർന്ന വിതരണ ചെലവുകളും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇൻഷുറൻസ് കമ്പനികൾ വിതരണ സംവിധാനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് മുൻഗണന നൽകണമെന്നും അതിലൂടെ ചെലവ് കുറച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകണമെന്നും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു.
***
NK
(रिलीज़ आईडी: 2220110)
आगंतुक पटल : 9