പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു 


കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വ്യോമയാനമേഖല ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രത്യേക വിഭാഗത്തിന് മാത്രം പ്രാപ്യമായിരുന്ന മേഖലയിൽനിന്നും ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറി: പ്രധാനമന്ത്രി

ഇന്ത്യയുടെ വ്യോമയാനമേഖലയിലെ വളർച്ച ഗവണ്മെന്റിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഫലമാണ്, ഓരോ പൗരനും വിമാനയാത്ര സുഗമമാക്കുക എന്ന ദൗത്യത്തിലൂടെ വിമാനയാത്ര എല്ലാവർക്കും പ്രാപ്യമാക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു: പ്രധാനമന്ത്രി

രാജ്യത്തുടനീളം പ്രാദേശികവും കുറഞ്ഞ ചെലവിലുള്ളതുമായ വ്യോമഗതാഗതസൗകര്യവും സീ-പ്ലെയിൻ സർവീസുകളും വ്യാപിപ്പിക്കുന്നതിനായി ഉഡാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി ഗവണ്മെന്റ് പ്രവർത്തിച്ചുവരികയാണ്: പ്രധാനമന്ത്രി

ഇന്ത്യ സൈനിക-ഗതാഗത വിമാനങ്ങൾ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചുകഴിഞ്ഞു; സിവിൽ വിമാനനിർമ്മാണ മേഖലയിലും രാജ്യം മുന്നേറുകയാണ്: പ്രധാനമന്ത്രി

ഗ്ലോബൽ സൗത്തിനും ലോകത്തിനും ഇടയിലുള്ള പ്രധാന വ്യോമയാന കവാടമായി ഇന്ത്യ ഉയർന്നുവരികയാണ്: പ്രധാനമന്ത്രി

प्रविष्टि तिथि: 28 JAN 2026 6:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, വ്യോമയാനവ്യവസായത്തിന്റെ അടുത്ത യുഗം വലിയ അഭിലാഷങ്ങൾ നിറഞ്ഞതാണെന്നും ഇന്ത്യ ഇതിൽ പ്രധാന ശക്തിയായി ഉയർന്നുവരികയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വ്യവസായ പ്രമുഖരെയും വിദഗ്ധരെയും നിക്ഷേപകരെയും സ്വാഗതം ചെയ്തു. വിമാനനിർമ്മാണം, പൈലറ്റ് പരിശീലനം, നൂതന എയർ മൊബിലിറ്റി, എയർക്രാഫ്റ്റ് ലീസിങ് എന്നീ മേഖലകളിൽ ഇന്ത്യ നൽകുന്ന വിപുലമായ അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ‘വിങ്‌സ് ഇന്ത്യ’ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വ്യോമയാനമേഖല ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. വിമാനയാത്ര പണ്ട് പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെട്ടിരുന്നുവെന്നും എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാനവിപണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായും ഇന്ത്യൻ വിമാനക്കമ്പനികൾ വിമാനങ്ങളുടെ എണ്ണം വിപുലീകരിക്കുകയാണെന്നും സമീപവർഷങ്ങളിൽ 1,500-ലധികം വിമാനങ്ങൾക്കായി ഓർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമയാനം കുറച്ചുപേർക്ക് മാത്രം പ്രാപ്യമായ ഒന്നായി മാറാതെ, ഓരോ പൗരനും എളുപ്പത്തിൽ ആകാശയാത്ര നടത്താൻ സാധിക്കണമെന്ന ഗവണ്മെന്റിന്റെ ദീർഘവീക്ഷണമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലുള്ള നഗരങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. 2014-ൽ ഇന്ത്യയിൽ വെറും 70 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത് എങ്കിൽ, ഇന്ന് ആ എണ്ണം 160-ലധികം ആയി വർധിച്ചിരിക്കുന്നു; അതായത് വെറും ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. നൂറിലധികം വിമാനത്താവളങ്ങൾ ഇതിനോടകം പ്രവർത്തനസജ്ജമായെന്നും, ഇതിനോടൊപ്പം സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉഡാൻ പദ്ധതി ഗവണ്മെന്റ് ആരംഭിച്ചെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ‘ഉഡാൻ’ പദ്ധതിയുടെ ഫലമായി, ഒന്നരക്കോടിയോളം (15 ദശലക്ഷം) യാത്രക്കാർ വിമാനയാത്ര നടത്തിയെന്നും, ഇതിൽ ഭൂരിഭാഗം പാതകളും മുമ്പ് നിലവിലില്ലാത്തവയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ, വ്യോമയാന മേഖലയിലെ ഈ വളർച്ച പല മടങ്ങായി വർധിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. 2047-ഓടെ ഇന്ത്യയിൽ 400-ലധികം വിമാനത്താവളങ്ങൾ ഉണ്ടാകുമെന്നും ഇത് രാജ്യത്തുടനീളം വിപുലമായ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, പ്രാദേശിക സമ്പർക്കസൗകര്യവും  കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗവണ്മെന്റ് ഉഡാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകിവരികയാണെന്ന് ശ്രീ മോദി പറഞ്ഞു. ഇതിനോടൊപ്പം സീ-പ്ലെയിൻ സർവീസുകൾ വ്യാപിപ്പിക്കാനും ഗവണ്മെന്റ് ലക്ഷ്യമിടുന്നുണ്ട്.

വിനോദസഞ്ചാരമേഖലയുടെ വികസനത്തിലും ഗവണ്മെന്റ് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ നവീകരിക്കുകയാണെന്നും വലിയൊരു വിഭാഗം ജനങ്ങളുടെ ഇഷ്ടയാത്രാമാർഗമായി വ്യോമയാനം മാറിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. വരുംവർഷങ്ങളിൽ വിമാനയാത്രയ്ക്കുള്ള ആവശ്യം അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും ഇത് നിക്ഷേപത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

ഇന്ത്യ പ്രധാന ആഗോള വ്യോമയാനകേന്ദ്രമായി ഉയർന്നുവരുമ്പോൾ, വ്യോമയാന ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതും സ്വയംപര്യാപ്തതയുടെ പാത ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്കും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനങ്ങളുടെ ഡിസൈൻ, നിർമ്മാണം, MRO സംവിധാനം എന്നിവയിൽ ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നതായി ശ്രീ മോദി എടുത്തുപറഞ്ഞു. വിമാനഭാഗങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും ഇന്ത്യ ഇതിനകം പ്രധാന രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക-ചരക്ക് വിമാനങ്ങൾ ഇന്ത്യ ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചു തുടങ്ങിയെന്നും, സിവിൽ വിമാനങ്ങളുടെ നിർമ്മാണരംഗത്തും രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആഗോള വ്യോമ ഇടനാഴികളിലെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, സമാനതകളില്ലാത്ത ആഭ്യന്തര ഫീഡർ ശൃംഖല, ദീർഘദൂര വിമാനങ്ങളുടെ ഭാവിയിലെ വികാസം എന്നിവ ഒത്തുചേരുമ്പോൾ അത് രാജ്യത്തിന് വലിയ കരുത്തായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ രൂപകൽപ്പന ചെയ്തും നിർമ്മിച്ചതുമായ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (eVTOL) വിമാനങ്ങൾ വ്യോമയാന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതുമായ ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ കാര്യത്തിൽ ഇന്ത്യ വ്യാപകമായി പ്രവർത്തിച്ചുവരികയാണെന്നും വരുംവർഷങ്ങളിൽ ഹരിത വ്യോമയാന ഇന്ധനത്തിന്റെ പ്രധാന ഉൽപ്പാദകരും കയറ്റുമതിക്കാരുമായി ഇന്ത്യ മാറാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യോമയാനമേഖലയിൽ ഗവണ്മെന്റ് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ഇതിന്റെ ഫലമായി ഗ്ലോബൽ സൗത്തിനും ലോകത്തിനുമിടയിലെ പ്രധാന വ്യോമയാന കവാടമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് പ്രസ്താവിച്ചു. വ്യോമയാന വ്യവസായവുമായി ബന്ധപ്പെട്ട നിക്ഷേപകർക്കും നിർമ്മാതാക്കൾക്കും ഇത് വലിയ അവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

വിവിധ മേഖലകളെയും വിപണികളെയും ഇന്ത്യ പരസ്പരം ബന്ധിപ്പിക്കുകയാണെന്നും, വിവിധ ഗതാഗതമാർഗങ്ങളിലൂടെ നഗരങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുവരികയാണെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ വ്യോമയാനദർശനം എയർ കാർഗോയ്ക്കും തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്നും, ചരക്ക് നീക്കം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ ആവശ്യമായ എല്ലാ നിയന്ത്രണ പരിഷ്കാരങ്ങളിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കാർഗോ പ്ലാറ്റ്‌ഫോമുകൾ മുഴുവൻ പ്രക്രിയയും ലളിതവും കൂടുതൽ സുതാര്യവുമാക്കുന്നു, അതേസമയം വിമാനത്താവളത്തിന് പുറത്തുള്ള പ്രോസസിങ് സംവിധാനങ്ങൾ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ചരക്ക് കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനുമായി ആധുനിക സംഭരണശാലകൾ നിർമ്മിച്ചുവരികയാണെന്നും ഇത് ഭാവിയിൽ വിതരണസമയവും ലോജിസ്റ്റിക്സ് ചെലവും കുറയ്ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ പ്രധാനപ്പെട്ടതും മത്സരശേഷിയുള്ളതുമായ ട്രാൻസ്-ഷിപ്പ്‌മെന്റ് ഹബ്ബായി മാറാൻ ഒരുങ്ങുകയാണെന്ന് പറഞ്ഞ ശ്രീ മോദി, സംഭരണശാലകൾ, ചരക്ക് കൈമാറ്റം, എക്സ്പ്രസ് ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരോട് അഭ്യർത്ഥിച്ചു.

ഇന്നത്തെ ലോകത്ത് ഇന്ത്യയെപ്പോലെ ഇത്ര വലിയ തോതിലുള്ള വളർച്ചയും, നയപരമായ സ്ഥിരതയും, സാങ്കേതികമായ അഭിലാഷവും വ്യോമയാന മേഖലയിലുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമേയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സുവർണ്ണാവസരം പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഓരോ രാഷ്ട്രത്തോടും വ്യവസായപ്രമുഖരോടും നൂതനാശയ ഉപജ്ഞാതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ വികസനയാത്രയിൽ ദീർഘകാല പങ്കാളികളാകാനും ആഗോള വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും ശ്രീ മോദി അവരോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ഈ പ്രയാണത്തിൽ നിക്ഷേപകർ ‘സഹ-പൈലറ്റുമാരായി’ പങ്കുചേരണമെന്ന് ക്ഷണിച്ച അദ്ദേഹം, ‘വിങ്സ് ഇന്ത്യ’യുടെ വിജയകരമായ നടത്തിപ്പിന് ആശംസകൾ നേർന്നു.

 

 

***


(रिलीज़ आईडी: 2219801) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Telugu