പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-EU ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

ഇന്ത്യ-EU ബന്ധങ്ങൾ യോജിപ്പിന്റെ പുതിയൊരു യു​ഗത്തിലേക്ക് പ്രവേശിക്കുന്നു: പ്രധാനമന്ത്രി

ചരിത്രപ്രാധാന്യമുള്ള ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ തൊഴിലധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നു: പ്രധാനമന്ത്രി

ഇന്ത്യ-EU ബന്ധങ്ങൾ വിപുലീകരിക്കുന്നതിന് സമ്പൂർണ്ണ സാമൂഹിക പങ്കാളിത്തത്തിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ഇന്ത്യ-EU ആഗോള വളർച്ചയുടെ ഇരട്ട എഞ്ചിനായി മാറണം: പ്രധാനമന്ത്രി

प्रविष्टि तिथि: 27 JAN 2026 9:21PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമാരുടെ ഇന്ത്യാ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനം മാത്രമല്ലെന്നും മറിച്ച് ഇന്ത്യ-EU ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ EU നേതാക്കൾ മുഖ്യാതിഥികളായി എത്തിയെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ പൂർത്തീകരിച്ചുവെന്നും നിരവധി സിഇഒമാരുടെ സാന്നിധ്യത്തിൽ ഇന്ന് ഇത്രയും വിപുലമായി ഇന്ത്യ-EU ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള അഭൂതപൂർവമായ യോജിപ്പിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഈ യോജിപ്പ് യാദൃശ്ചികമല്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു; വിപണി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ ഇന്ത്യയും EUവും പൊതുവായ മൂല്യങ്ങളും ആഗോള സ്ഥിരതയ്ക്കായുള്ള സംയുക്ത മുൻഗണനകളും സ്വതന്ത്ര സമൂഹങ്ങൾ എന്ന നിലയിൽ ജനങ്ങൾ തമ്മിലുള്ള സ്വാഭാവിക ബന്ധങ്ങളും പങ്കിടുന്നു. ഈ ശക്തമായ അടിത്തറയിൽ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും വ്യക്തമായ ഫലങ്ങൾ കണ്ടുതുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പങ്കാളിത്തങ്ങളിലൊന്നായി ഇത് മാറുന്നുവെന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വ്യാപാരം ഇരട്ടിയായി വർധിച്ച് 180 ബില്യൺ യൂറോയിൽ എത്തിയെന്നും 6,000-ത്തിലധികം യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും EUവിൽ നിന്നുള്ള നിക്ഷേപം 120 ബില്യൺ യൂറോ കവിഞ്ഞുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. കൂടാതെ 1,500 ഇന്ത്യൻ കമ്പനികൾ EUവിലുണ്ടെന്നും ഇന്ത്യയുടെ അവിടെയുള്ള നിക്ഷേപം ഏകദേശം 40 ബില്യൺ യൂറോയിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഇന്ത്യയും യൂറോപ്യൻ കമ്പനികളും ഗവേഷണ വികസനം (R&D), നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ ആഴത്തിൽ സഹകരിക്കുന്നുണ്ടെന്നും ബിസിനസ് നേതാക്കൾ ഈ സഹകരണത്തിന്റെ ചാലകശക്തികളും ഗുണഭോക്താക്കളുമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇനി ഈ പങ്കാളിത്തത്തെ ഒരു 'സമ്പൂർണ്ണ സാമൂഹിക പങ്കാളിത്ത'മാക്കി മാറ്റേണ്ട സമയമാണെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ഈ കാഴ്ചപ്പാടോടെ ഒരു സമഗ്രമായ എഫ്‌ടിഎ ഇന്ന് പൂർത്തീകരിക്കുകയാണെന്നും ഇത് ഇന്ത്യയുടെ തൊഴിലധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുണിത്തരങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, ഓട്ടോ പാർട്‌സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇതിലൂടെ നേട്ടമുണ്ടാകുമെന്നും പഴങ്ങൾ, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണം, സമുദ്രോൽപ്പന്നങ്ങൾ എന്നിവ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സേവന മേഖലയ്ക്കും പ്രത്യേകിച്ച് ഐടി, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം, ബിസിനസ് സേവനങ്ങൾ എന്നിവയ്ക്കും നേരിട്ട് ഗുണം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോള ബിസിനസ് വലിയ മാറ്റങ്ങൾക്ക് വിധേയമാവുകയാണെന്നും കമ്പനികൾ അവരുടെ വിപണി തന്ത്രങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ച് പുനർവിചിന്തനം നടത്തുകയാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. അത്തരമൊരു സമയത്ത്, ഈ എഫ്‌ടിഎ ബിസിനസ് ലോകത്തിന് വ്യക്തവും ക്രിയാത്മകവുമായ സന്ദേശം നൽകുന്നുണ്ടെന്നും ഇത് ഇരുവശത്തെയും ബിസിനസ് സമൂഹങ്ങളെ കഴിവുറ്റതും വിശ്വസനീയവും ഭാവി ലക്ഷ്യമിട്ടുള്ളതുമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കരാറിൽ നിന്നുള്ള അവസരങ്ങൾ ബിസിനസ് നേതാക്കൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിസിനസ് പങ്കാളിത്തത്തിന് പ്രയോജനകരമാകുന്ന നിരവധി മുൻഗണനകൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും പങ്കിടുന്നുണ്ടെന്ന് ശ്രീ മോദി തുടർന്നു പറഞ്ഞു. അദ്ദേഹം മൂന്ന് പ്രധാന മുൻഗണനകളെക്കുറിച്ച് വിവരിച്ചു: ഒന്നാമതായി വ്യാപാരവും സാങ്കേതികവിദ്യയും നിർണ്ണായക ധാതുക്കളും ആയുധമാക്കപ്പെടുന്ന ലോകത്ത്, പരസ്പരാശ്രിതത്വത്തിന്റെ അപകടസാധ്യതകൾ സംയുക്തമായി കുറയ്ക്കേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ (EV), ബാറ്ററികൾ, ചിപ്പുകൾ, എപിഐകൾ (API) എന്നിവയിൽ പുറംനാടുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിശ്വസനീയമായ വിതരണ ശൃംഖലകൾക്കായി ഒരു പൊതു ബദൽ നിർമ്മിക്കാനും ബിസിനസ് സമൂഹത്തിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. രണ്ടാമതായി ഇന്ത്യയും EUവും പ്രതിരോധ വ്യവസായങ്ങളിലും നൂതന സാങ്കേതിക വിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു; പ്രതിരോധം, ബഹിരാകാശം, ടെലികോം, എഐ (AI) എന്നിവയിൽ കൂടുതൽ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാമതായി ശുദ്ധവും സുസ്ഥിരവുമായ ഭാവി ഇരുപക്ഷത്തിന്റെയും മുൻഗണനയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു; ഗ്രീൻ ഹൈഡ്രജൻ, സൗരോർജ്ജം, സ്മാർട്ട് ഗ്രിഡുകൾ എന്നിവയിൽ സംയുക്ത ഗവേഷണത്തിനും നിക്ഷേപത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. സ്മോൾ മോഡുലാർ റിയാക്ടറുകളിലും സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങളിലും വ്യവസായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതോടൊപ്പം ജല മാനേജ്‌മെന്റ്, സർക്കുലർ ഇക്കോണമി, സുസ്ഥിര കൃഷി എന്നിവയിൽ പരിഹാരങ്ങൾ വികസിപ്പിക്കണമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇന്നത്തെ ചരിത്രപരമായ തീരുമാനങ്ങൾക്ക് ശേഷം ബിസിനസ് സമൂഹത്തിന് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടം ബിസിനസ് സമൂഹം സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, "പന്ത് നിങ്ങളുടെ കോർട്ടിലാണ്" എന്ന് അദ്ദേഹം പ്രസ്താവിച്ചു. പരസ്പര സഹകരണത്തിലൂടെ മാത്രമേ പങ്കാളിത്തത്തിന് വിശ്വാസവും വ്യാപ്തിയും വളർച്ചയും ലഭിക്കൂവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ പങ്കിട്ട അഭിവൃദ്ധി കൈവരിക്കാനാകുമെന്ന് അദ്ദേഹം അടിവരയിട്ടു. എല്ലാവരും അവരവരുടെ ശക്തികൾ ഒന്നിപ്പിച്ച് ലോകത്തിന് മുഴുവൻ വളർച്ചയുടെ ഇരട്ട എഞ്ചിനായി മാറണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഇന്ത്യയിലെയും യൂറോപ്പിലെയും ബിസിനസ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

***


(रिलीज़ आईडी: 2219520) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Bengali , Assamese , Gujarati , Odia , Telugu , Kannada