പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 23 JAN 2026 2:06PM by PIB Thiruvananthpuram

ജയ് സ്വാമിനാരായൺ!

ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യ ജ്ഞാന യോഗയ്ക്കായി സമർപ്പിക്കപ്പെട്ട രാജ്യമാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദങ്ങൾ ഇന്നും നമുക്ക് പ്രചോദനമാണ്. നമ്മുടെ ഋഷിമാരും മുനിമാരും സമകാലിക സാഹചര്യങ്ങൾക്കനുസരിച്ചും വേദങ്ങളുടെ വെളിച്ചത്തിലും ആ കാലഘട്ടത്തിലെ വ്യവസ്ഥിതികളെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരുന്നു. വേദങ്ങൾ മുതൽ ഉപനിഷത്തുകൾ വരെ, ഉപനിഷത്തുകൾ മുതൽ പുരാണങ്ങൾ വരെ, ശ്രുതികൾ, സ്മൃതികൾ, കഥപറച്ചിൽ, ഗാനാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന തലങ്ങളിലൂടെ നമ്മുടെ പാരമ്പര്യം കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടിരുന്നു.

സുഹൃത്തുക്കളേ,

കാലത്തിന്റെ ആവശ്യാനുസരണം, വ്യത്യസ്ത കാലഘട്ടങ്ങളിൽ മഹാത്മാക്കളും ഋഷിമാരും ചിന്തകരും ഈ പാരമ്പര്യത്തിലേക്ക് പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഭഗവാൻ സ്വാമിനാരായണിന്റെ ജീവിതത്തിലെ സംഭവങ്ങൾ പൊതുവിദ്യാഭ്യാസവുമായും പൊതുസേവനവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അനുഭവം അദ്ദേഹം ലളിതമായ വാക്കുകളിൽ വിശദീകരിച്ചു. ശിക്ഷാപത്രിയുടെ രൂപത്തിൽ, ജീവിതത്തിനായുള്ള വിലമതിക്കാനാവാത്ത മാർഗനിർദ്ദേശങ്ങൾ ഭഗവാൻ സ്വാമിനാരായൺ നമുക്ക് നൽകി.

സുഹൃത്തുക്കളേ,

ഇന്ന് ഈ ദ്വിശതാബ്ദി ആഘോഷത്തിന്റെ സവിശേഷ സന്ദർഭം ശിക്ഷാപത്രിയിൽ നിന്ന് പുതിയതായി നമ്മൾ എന്തൊക്കെ പഠിക്കുന്നുവെന്നും അതിന്റെ ആദർശങ്ങൾ നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കുന്നുവെന്നും വിലയിരുത്താനുള്ള അവസരം നമുക്ക് നൽകുന്നു.

സുഹൃത്തുക്കളേ,

ഭഗവാൻ സ്വാമിനാരായണിന്റെ ജീവിതം ആത്മീയ സാധനയോടൊപ്പം സേവനത്തിന്റെ കൂടി പ്രതീകമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ അനുയായികൾ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മാനവികതയുടെയും സേവനത്തിനായി നിരവധി പ്രചാരണങ്ങൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികൾ, കർഷക ക്ഷേമത്തിനായുള്ള തീരുമാനങ്ങൾ, ജലവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ - ഇവയെല്ലാം തീർച്ചയായും പ്രശംസനീയമാണ്. സന്ന്യാസിമാരും ഹരിഭക്തരുമായ നിങ്ങളെല്ലാവരും സാമൂഹിക സേവനത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിരന്തരം വിപുലീകരിക്കുന്നത് കാണുന്നത് വളരെ പ്രചോദനകരമാണ്.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യം സ്വദേശി, ശുചിത്വം തുടങ്ങിയ ബഹുജന പ്രസ്ഥാനങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയാണ്. 'വോക്കൽ ഫോർ ലോക്കൽ' എന്ന മന്ത്രത്തിന്റെ പ്രതിധ്വനി ഓരോ വീട്ടിലും എത്തുന്നു. നിങ്ങളുടെ പരിശ്രമങ്ങൾ ഈ പ്രചാരണങ്ങളിൽ ചേരുകയാണെങ്കിൽ, ശിക്ഷാപത്രിയുടെ ഈ ദ്വിശതാബ്ദി ആഘോഷം കൂടുതൽ അവിസ്മരണീയമാകും. പുരാതന കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി രാജ്യം 'ജ്ഞാന ഭാരതം മിഷൻ' ആരംഭിച്ചത് നിങ്ങൾക്കെല്ലാവർക്കും അറിയാം. നിങ്ങളെ പോലുള്ള പ്രബുദ്ധമായ എല്ലാ സംഘടനകളും ഈ പ്രവർത്തനത്തിൽ കൂടുതൽ സഹകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ ഇന്ത്യയുടെ പുരാതന ജ്ഞാനത്തെ നമുക്ക് സംരക്ഷിക്കണം, അതിന്റെ സ്വത്വം നമുക്ക് കാത്തുസൂക്ഷിക്കണം, ഇതിൽ നിങ്ങളുടെ സഹകരണം ജ്ഞാന ഭാരതം മിഷന്റെ വിജയത്തെ പുതിയ ഉയരങ്ങളിലെത്തിക്കും.

സുഹൃത്തുക്കളേ,

ഈ സമയത്ത്, സോമനാഥ് സ്വാഭിമാൻ പർവ് എന്ന വലിയ സാംസ്കാരിക ഉത്സവം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. സോമനാഥ ക്ഷേത്രത്തിന്റെ ആദ്യ തകർച്ച മുതൽ ഇന്നുവരെയുള്ള ആയിരം വർഷത്തെ യാത്രയെ സോമനാഥ് സ്വാഭിമാൻ പർവ് ആയി രാജ്യം ആഘോഷിക്കുകയാണ്. നിങ്ങളെല്ലാവരും ഈ ഉത്സവത്തിൽ പങ്കുചേരണമെന്നും അതിന്റെ ലക്ഷ്യങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തിക്കാൻ പ്രവർത്തിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളിലൂടെ ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഭ​ഗവാൻ സ്വാമിനാരായണിന്റെ അനുഗ്രഹം ഇത്തരത്തിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, എല്ലാ സന്ന്യാസിമാർക്കും എല്ലാ ഹരിഭക്തർക്കും എല്ലാ തീർഥാടകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

ജയ് സ്വാമിനാരായൺ!

ഒത്തിരി നന്ദി!

-SK-


(रिलीज़ आईडी: 2219136) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Telugu , Kannada