വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദാവോസിൽ ഇന്ത്യക്ക് ഗംഭീര തുടക്കം

ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യൻ നിർമിത ബുദ്ധി മോഡലുകൾ പ്രസക്തം; അഞ്ചാം വ്യാവസായിക വിപ്ലവത്തിൻ്റെ കാലഘട്ടത്തിൽ കുറഞ്ഞ ചെലവിൽ പരമാവധി വരുമാനം ഉറപ്പാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: അശ്വിനി വൈഷ്ണവ്

प्रविष्टि तिथि: 21 JAN 2026 5:20PM by PIB Thiruvananthpuram

"എഐ പവർ പ്ലേ” എന്ന പ്രമേയത്തിലൂന്നിയുള്ള ഉന്നതതല ആഗോള പാനൽ ചർച്ചയിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പങ്കെടുത്തു. നിർമ്മിതബുദ്ധിയുടെ വികസിക്കുന്ന ഭൗമരാഷ്ട്രീയ പ്രഭാവം, സാമ്പത്തിക ഫലങ്ങൾ, ഭരണ വെല്ലുവിളികൾ, സർവ്വാശ്ലേഷിയായ വ്യാപനത്തിനുള്ള മാർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ച സംഘടിപ്പിച്ചത്. വിവിധരാജ്യങ്ങൾ എങ്ങനെയാണ് ഊർജ്ജം, ഉത്പാദനക്ഷമത, നയങ്ങൾ എന്നിവയെ  എഐ മുഖേന പുനർനിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രമുഖ ആഗോള നയരൂപകർത്താക്കളെയും വ്യവസായ പ്രമുഖരെയും ബഹുമുഖ സ്ഥാപനങ്ങളെയും ഒരു വേദിയിൽ കൊണ്ടുവന്നു.


 

യുറേഷ്യ ഗ്രൂപ്പ് പ്രസിഡൻ്റ് ഇയാൻ ബ്രെമ്മർ പാനലിൻ്റെ മോഡറേറ്ററായി. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ, മൈക്രോസോഫ്റ്റ് പ്രസിഡൻ്റും വൈസ് ചെയർമാനുമായ ബ്രാഡ് സ്മിത്ത്, സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ്, കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്ത പ്രമുഖർ.

ഇന്ത്യ വ്യക്തമായും മുൻ നിര എഐ സജ്ജ രാജ്യങ്ങളുടെ പട്ടികയിൽ  ഉൾപ്പെട്ടിട്ടുണ്ടെന്നും,  എഐ ആർക്കിടെക്ചറിൻ്റെ അഞ്ചു തലങ്ങളായ ആപ്ലിക്കേഷനുകൾ, മോഡലുകൾ, ചിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം എന്നിവയിൽ സ്ഥിരമായും വ്യവസ്ഥാപിതമായും പുരോഗതി കൈവരിക്കുന്നുണ്ടെന്നും ചർച്ചയിൽ സംസാരിച്ച ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വളരെ വലിയ മോഡലുകളിൽ അമിത ശ്രദ്ധ ചെലുത്തുന്നതിന് പകരം, പ്രായോഗിക ലോക വിന്യാസങ്ങളിലും നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിലും (ROI) ഇന്ത്യയുടെ എഐ തന്ത്രം ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“നിക്ഷേപത്തിൽ നിന്നുള്ള വരുമാനം സാധ്യമാകുന്നത് ഏറ്റവും വലിയ മോഡലുകൾ സൃഷ്ടിക്കുന്നതിൽ നിന്ന് അല്ല. 20–50 ബില്യൺ പാരാമീറ്ററുള്ള മോഡലുകൾ ഉപയോഗിച്ച് യഥാർത്ഥ ഉപയോഗ കേസുകളിൽ ഏകദേശം 95 ശതമാനവും പരിഹരിക്കാനാകും,” മന്ത്രി പറഞ്ഞു. ഉത്പാദനക്ഷമത, കാര്യക്ഷമത, ഫലപ്രദമായ സാങ്കേതിക വിന്യാസം എന്നിവ വർദ്ധിപ്പിക്കുന്നതിന് വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ മോഡലുകളുടെ ഒരു കൂട്ടം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ ചെലവിൽ പരമാവധി വരുമാനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമീപനം, സാമ്പത്തിക സുസ്ഥിരതയുള്ള എഐ വിന്യാസത്തിന് ഇന്ത്യ പകരുന്ന ഊർജ്ജത്തെ പ്രതിഫലിപ്പിക്കുന്നു. ആഗോള മാനദണ്ഡങ്ങൾ ഉദ്ധരിച്ച്, എഐ സ്വാധീനത്തിലും പ്രാപ്തിയിലും മൂന്നാതായും, എഐ പ്രതിഭയിൽ ആഗോളതലത്തിൽ രണ്ടാമതായുമാണ് സ്റ്റാൻഫോർഡ് സർവകലാശാല ഇന്ത്യയെ വിലയിരുത്തിയിരിക്കുന്നത് എന്ന് ശ്രീ വൈഷ്ണവ് വ്യക്തമാക്കി.

വൻതോതിലുള്ള എഐ വ്യാപനത്തിലും വ്യാപകമായ എഐ വൈദഗ്ധ്യത്തിലേക്കുള്ള ജനാധിപത്യ പ്രവേശനത്തിലും ഇന്ത്യ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരാമർശിക്കവെ, പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ജിപിയു ലഭ്യതയുടെ നിർണായക പരിമിതികൾ പരിഹരിക്കാനുള്ള സർക്കാറിൻ്റെ ഉദ്യമങ്ങൾ ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. ഈ സംരംഭത്തിന് കീഴിൽ ഏകദേശം 38,000  ജിപിയുകൾ അടങ്ങുന്ന ദേശീയ കമ്പ്യൂട്ട് സൗകര്യം എംപാനൽ ചെയ്തിട്ടുണ്ടെന്നും, സർക്കാർ സബ്‌സിഡി നൽകുന്നതിലൂടെ, ആഗോള നിരക്കുകളുടെ മൂന്നിലൊന്ന് ചെലവിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഐടി വ്യവസായവും സ്റ്റാർട്ടപ്പുകളും ആഭ്യന്തര, ആഗോള സേവന വിതരണത്തിനായി എഐയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, 10 ദശലക്ഷം പേരെ പരിശീലിപ്പിക്കാൻ രാജ്യവ്യാപക എഐ നൈപുണ്യ വികസന പരിപാടി ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ മേഖലയിൽ സാങ്കേതിക–നിയമ അധിഷ്ഠിത സമീപനത്തിൻ്റെ ആവശ്യകത, നിയന്ത്രണത്തെയും ഭരണരീതികളെയും കുറിച്ച് സംസാരിക്കവേ ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. “എഐ ഗവേണൻസിന് നിയമങ്ങളെ മാത്രം ആശ്രയിക്കാനാകില്ല. പക്ഷപാതം കണ്ടെത്തുന്നതിനും, കോടതികളിൽ അംഗീകരിക്കാവുന്ന കൃത്യതയോടെ ഡീപ്ഫേക്കുകൾ തിരിച്ചറിയുന്നതിനും, അൺലേണിംഗ് പോലുള്ള സംവിധാനങ്ങളിലൂടെ സുരക്ഷിതമായ വിന്യാസം ഉറപ്പാക്കുന്നതിനും വിവിധ സാങ്കേതിക ഉപാധികൾ നമ്മുക്ക് വികസിപ്പിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇതിനോടകം ഇത്തരത്തിലുള്ള തദ്ദേശീയ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള എഐ മേഖലയിലെ ഇന്ത്യയുടെ വളരുന്ന സ്വാധീനം, ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഒരു പ്രധാന ഭൗമരാഷ്ട്രീയ, സാങ്കേതിക ശക്തിയായി ഉയർന്നുവന്നുവെന്ന് ഇയാൻ ബ്രെമ്മർ അഭിപ്രായപ്പെട്ടു. കൂടാതെ, വളരുന്ന സമ്പദ്‌വ്യവസ്ഥകൾക്കൊരു മാതൃകയായി, എഐ വ്യാപനം, പ്രവേശനക്ഷമത, പരമാധികാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യ നൽകുന്ന സംഭാവനകളെ, ആഗോള സ്ഥാപനങ്ങളുടെയും വ്യവസായമേഖലയുടെയും പ്രതിനിധികൾ ശ്ലാഘിച്ചു.

***


(रिलीज़ आईडी: 2217107) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , Odia , हिन्दी , English , Urdu , Marathi , Assamese , Tamil , Kannada