പ്രധാനമന്ത്രിയുടെ ഓഫീസ്
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2026-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
പുതുമയുള്ള ആശയങ്ങളും ഊർജ്ജവും ലക്ഷ്യബോധവുമായി,യുവശക്തി രാഷ്ട്രനിർമ്മാണത്തിന്റെ മുൻനിരയിലുണ്ട്: പ്രധാനമന്ത്രി
സ്വാമി വിവേകാനന്ദന്റെ ചിന്തകൾ യുവാക്കളെ ഇന്നും പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി
യുവാക്കളിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ തുടർച്ചയായ പദ്ധതികൾ ആവിഷ്കരിച്ചു; ഇവിടെ നിന്നാണ് ഇന്ത്യയിൽ സ്റ്റാർട്ടപ്പ് വിപ്ലവം ശരിക്കും വേഗത കൈവരിച്ചത്: പ്രധാനമന്ത്രി
സംസ്കാരം, ഉള്ളടക്കം (content), സർഗ്ഗാത്മകത എന്നിവയിൽ അധിഷ്ഠിതമായ '*ഓറഞ്ച് ഇക്കണോമിയിൽ' (Orange Economy) ഇന്ത്യ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിക്കുന്നത്: പ്രധാനമന്ത്രി
(*ഓറഞ്ച് ഇക്കണോമി,Orange Economy:സർഗ്ഗാത്മകത, ആശയങ്ങൾ, സംസ്കാരം എന്നിവയെ ചരക്കുകളിലേക്കും സേവനങ്ങളിലേക്കും പരിവർത്തനം ചെയ്യുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.)
കഴിഞ്ഞ ദശകത്തിൽ ഞങ്ങൾ തുടങ്ങിയ പരിഷ്കാരങ്ങൾ ഇപ്പോൾ ഒരു 'റിഫോം എക്സ്പ്രസ്' (Reform Express) ആയി മാറിയിരിക്കുന്നു; ഈ പരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദു നമ്മുടെ യുവശക്തിയാണ്: പ്രധാനമന്ത്രി
അടിമത്ത മനോഭാവത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഇന്ത്യയിലെ യുവാക്കൾ പ്രതിജ്ഞയെടുക്കണം: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
12 JAN 2026 9:12PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഇന്ന് നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2026'-ന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു: "ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇന്നത്തെ യുവതലമുറയിലെ പലരും ജനിച്ചിട്ടുപോലുമില്ലായിരുന്നു. 2014-ൽ ഞാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ നിങ്ങളിൽ മിക്കവരും കുട്ടികളായിരുന്നു. എന്നാൽ ഇത്രയും കാലം പിന്നിട്ടിട്ടും, യുവതലമുറയിലുള്ള എന്റെ വിശ്വാസത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അത് എന്നും സുസ്ഥിരമാണ്."
"നിങ്ങളുടെ കഴിവിലും പ്രതിഭയിലും എനിക്ക് വിശ്വാസമുണ്ട്. നിങ്ങളുടെ ഊർജ്ജത്തിൽ നിന്നാണ് ഞാൻ എപ്പോഴും ഊർജ്ജം ഉൾക്കൊള്ളുന്നത്. നോക്കൂ, ഇന്ന് നിങ്ങളെല്ലാവരും വികസിത ഭാരതം എന്ന ലക്ഷ്യത്തിന്റെ കടിഞ്ഞാൺ കൈകളിലേന്തിയിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 വരെയുള്ള കാലഘട്ടം രാജ്യത്തിനും ഇവിടുത്തെ യുവാക്കൾക്കും ഒരുപോലെ നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യൻ യുവാക്കളുടെ കരുത്തും കഴിവും ഇന്ത്യയുടെ ശക്തിയെ രൂപപ്പെടുത്തുമെന്നും, അവരുടെ വിജയം രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ' പങ്കെടുത്തവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, വികസിത ഭാരതം എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ യുവ നേതൃത്വത്തിന്റെ നിർണ്ണായക പങ്കിനെക്കുറിച്ച് അടിവരയിട്ടു പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിലാണ് ഈ പരിപാടി നടക്കുന്നു എന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചുകൊണ്ട്, ഓരോ വർഷവും ജനുവരി 12 നമ്മൾ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിനായി' ജനുവരി 12 തിരഞ്ഞെടുത്തത്. സ്വാമി വിവേകാനന്ദന്റെ ജീവിതം നമുക്കെല്ലാവർക്കും വലിയൊരു വഴികാട്ടിയാണ്,” ശ്രീ മോദി ഊന്നിപ്പറഞ്ഞു.
'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ' അതിവേഗത്തിലുള്ള വളർച്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ വികസന അജണ്ട രൂപീകരിക്കുന്നതിൽ യുവാക്കളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന ശക്തമായ വേദിയായി ഇതിനെ വിശേഷിപ്പിച്ചു."കോടിക്കണക്കിന് യുവാക്കൾ ഈ സംരംഭത്തിൽ പങ്കാളികളാകുന്നു, 50 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകൾ നടന്നു, 30 ലക്ഷത്തിലധികം യുവാക്കൾ 'വികസിത് ഭാരത് ചലഞ്ചിൽ' പങ്കെടുത്ത് രാജ്യത്തിന്റെ വികസനത്തിനായി തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്നു; യുവശക്തിയുടെ ഇത്രയും വലിയ തോതിലുള്ള ഇടപെടൽ അഭൂതപൂർവ്വമാണ്", ശ്രീ മോദി എടുത്തുപറഞ്ഞു.
യുവജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ നിലവാരത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രത്യേകിച്ച്, 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം' (Women-Led Development), 'ജനാധിപത്യത്തിലെ യുവജന പങ്കാളിത്തം' തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അവതരിപ്പിക്കപ്പെട്ട ചിന്തോദ്ദീപകമായ ആശയങ്ങളെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ നടന്ന അവതരണങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ 'അമൃത് തലമുറയുടെ' (Amrit Peedhi) ഉറച്ച തീരുമാനമാണ് ഇവ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ 'ജെൻ സി' (Gen Z) വിഭാഗത്തിന്റെ സർഗ്ഗാത്മകതയെയും നൂതന ചിന്താഗതിയെയും അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, ഈ സംവാദം വിജയകരമായി സംഘടിപ്പിച്ചതിന് എല്ലാ യുവ പങ്കാളികളെയും 'മേരാ യുവ ഭാരത്' (Mera Yuva Bharat) സംഘടനയിലെ അംഗങ്ങളെയും അഭിനന്ദിച്ചു.
നയപരമായ സ്തംഭനാവസ്ഥയുടെയും (Policy paralysis), അമിതമായ ചുവപ്പുനാടയുടെയും (Red tapeism), യുവാക്കൾക്ക് പരിമിതമായ അവസരങ്ങൾ മാത്രം ഉണ്ടായിരുന്നതുമായ 2014-ന് മുമ്പുള്ള കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാലത്ത് ജോലികൾക്കും പരീക്ഷകൾക്കും ബിസിനസ്സ് തുടങ്ങുന്നതിനും സങ്കീർണ്ണമായ നടപടിക്രമങ്ങൾ യുവാക്കൾ നേരിടേണ്ടി വന്നിരുന്നതായും തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസവും നയങ്ങൾ നടപ്പിലാക്കുന്നതിലെ വീഴ്ചയും അവരെ ബാധിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ന് അസ്വാഭാവികമെന്ന് തോന്നുന്ന കാര്യങ്ങൾ ഒരു ദശകം മുമ്പ് പതിവായിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണപരിഷ്കാരങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ അനുഭവങ്ങളിൽ എപ്രകാരം മാറ്റം വരുത്തിയെന്ന് അദ്ദേഹം ഇതിലൂടെ എടുത്തുപറഞ്ഞു.
മാറ്റത്തിന്റെ ഉദാഹരണമായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പതിറ്റാണ്ടുകളായി ആഗോളതലത്തിൽ സ്റ്റാർട്ടപ്പ് സംസ്കാരം വളർന്നിട്ടും 2014-ന് മുമ്പ് ഇന്ത്യയിൽ ഇതിന് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്ന് കുറിച്ചു."2014 വരെ രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ 500-ൽ താഴെ മാത്രമായിരുന്നു. ഒരു സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന്റെ അഭാവത്തിൽ, എല്ലാ മേഖലകളിലും ഗവൺമെന്റ് ഇടപെടലുകളായിരുന്നു പ്രബലമായിരുന്നത്. നമ്മുടെ യുവപ്രതിഭകൾക്കും അവരുടെ കഴിവുകൾക്കും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല," ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ യുവാക്കളുടെ കഴിവിലുള്ള തന്റെ വിശ്വാസത്തെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ആത്മവിശ്വാസമാണ് യുവ നവീനകർക്ക് (innovators) കരുത്തേകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പുതിയ വികസന രീതിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പ്രസ്താവിച്ചു.സ്റ്റാർട്ടപ്പ് ഇന്ത്യ (Startup India), ഡിജിറ്റൽ ഇന്ത്യ (Digital India), ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (Ease of Doing Business), നികുതി-അനുസരണ നടപടികളുടെ ലളിതവൽക്കരണം തുടങ്ങിയ പ്രധാന പരിഷ്കാരങ്ങളെയും സംരംഭങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. മുമ്പ് ഗവൺമെന്റ് നിയന്ത്രണത്തിലായിരുന്ന മേഖലകൾ സംരംഭകർക്കായി തുറന്നുകൊടുത്തതിലൂടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് ഇവ വേഗത പകർന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിരാകാശ മേഖലയെ ഒരു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, “5-6 വർഷം മുമ്പ് വരെ ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഐഎസ്ആർഒയിൽ (ISRO) മാത്രം നിക്ഷിപ്തമായിരുന്നു. ഞങ്ങൾ ബഹിരാകാശ മേഖല സ്വകാര്യ സംരംഭങ്ങൾക്കായി തുറന്നുകൊടുക്കുകയും ആവശ്യമായ സംവിധാനങ്ങളും സ്ഥാപനങ്ങളും രൂപീകരിക്കുകയും ചെയ്തു.”സ്വകാര്യ പങ്കാളിത്തത്തിന് അനുമതി നൽകിയത് 300-ലധികം സ്റ്റാർട്ടപ്പുകളുടെ ഉദയത്തിന് കാരണമായെന്ന് ശ്രീ മോദി കുറിച്ചു. സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് (Skyroot Aerospace), അഗ്നികുൽ കോസ്‌മോസ് (Agnikul Cosmos) എന്നിവയുടെ നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, യുവാക്കളുടെ നേതൃത്വത്തിലുള്ള നൂതന ആശയങ്ങൾ എങ്ങനെയാണ് ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ ഇന്ത്യയെ ഒരു ആഗോള നേതാവായി മാറ്റുന്നതെന്ന് എടുത്തുപറഞ്ഞു.
സങ്കീർണ്ണമായ നിയമങ്ങളും ലൈസൻസിംഗും മൂലം മുൻപ് തടസ്സപ്പെട്ടിരുന്ന ഡ്രോൺ മേഖലയെ, നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ എങ്ങനെ മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ലളിതമാക്കിയ നിയമങ്ങൾ ഡ്രോൺ സാങ്കേതികവിദ്യയിൽ യുവാക്കളുടെ നേതൃത്വത്തിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കി. 'മെയ്ഡ് ഇൻ ഇന്ത്യ' ഡ്രോണുകളിലൂടെയും 'നമോ ഡ്രോൺ ദീദി' (Namo Drone Didis) പോലുള്ള പദ്ധതികളിലൂടെയും ഇത് രാജ്യസുരക്ഷയ്ക്കും കൃഷിക്കും ഗുണകരമായിത്തീർന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം നിയന്ത്രിച്ചിരുന്ന പ്രതിരോധ മേഖലയിലെ പ്രധാന പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ഇന്ന് ഇന്ത്യയിൽ ആയിരത്തിലധികം പ്രതിരോധ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു യുവാവ് ഡ്രോണുകൾ നിർമ്മിക്കുമ്പോൾ, മറ്റൊരാൾ ആന്റി ഡ്രോൺ സംവിധാനങ്ങൾ വികസിപ്പിക്കുന്നു. ഒരാൾ നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ക്യാമറകൾ നിർമ്മിക്കുന്നു, മറ്റുള്ളവർ റോബോട്ടിക്സ് മേഖലയിൽ പ്രവർത്തിക്കുന്നു," ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.
പുതിയ തലമുറയിലെ ക്രിയേറ്റർമാരെ വളർത്തുന്നതിലും സംസ്‌കാരം, ഉള്ളടക്കം (content), സർഗ്ഗാത്മകത എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ 'ഓറഞ്ച് ഇക്കണോമി'യുടെ (Orange Economy) വളർച്ചയെ നയിക്കുന്നതിലും ഡിജിറ്റൽ ഇന്ത്യ പദ്ധതി ചെലുത്തിയ സ്വാധീനത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
"സംസ്‌കാരം, ഉള്ളടക്കം, സർഗ്ഗാത്മകത എന്നിവയുൾപ്പെട്ട 'ഓറഞ്ച് ഇക്കണോമിയിൽ' അഭൂതപൂർവ്വമായ വളർച്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. മീഡിയ, സിനിമ, ഗെയിമിംഗ്, സംഗീതം, ഡിജിറ്റൽ ഉള്ളടക്കം, വിആർ-എക്സ്ആർ (VR-XR) തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഒരു പ്രധാന ആഗോള ഹബ്ബായി ഉയർന്നുവരുകയാണ്," ശ്രീ മോദി കുറിച്ചു. "'വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ്' (WAVES) യുവ ക്രിയേറ്റർമാർക്കുള്ള പ്രധാന വിക്ഷേപണ തറയായി മാറിക്കഴിഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഏത് മേഖലയായാലും ഇന്ത്യയിൽ ഇന്ന് പരിധിയില്ലാത്ത അവസരങ്ങളുടെ വാതിലുകളാണ് തുറക്കപ്പെടുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ നിരന്തരമായ പിന്തുണ ഉറപ്പുനൽകിക്കൊണ്ട്, സ്വന്തം ആശയങ്ങളുമായി ധൈര്യപൂർവ്വം മുന്നോട്ട് പോകാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഒരു ദശകത്തിനിടെ ആരംഭിച്ച പരിഷ്കരണ അജണ്ടകൾക്ക് വേഗത വർദ്ധിച്ചിട്ടുണ്ടെന്നും, അതിന്റെ ഹൃദയഭാഗത്ത് യുവാക്കളാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും യുവ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ അടുത്ത തലമുറ ജിഎസ്ടി (GST) പരിഷ്കാരങ്ങളെയും 12 ലക്ഷം രൂപ വരെയുള്ള ആദായനികുതി ഇളവുകളെയും അദ്ദേഹം എടുത്തുപറഞ്ഞു.നിർമ്മിത ബുദ്ധി (AI), അത്യാധുനിക നിർമ്മാണ മേഖലകൾ എന്നിവ കാരണമുണ്ടാകുന്ന ഊർജ്ജ ആവശ്യകതയിലെ വർദ്ധനവിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സിവിൽ ആണവോർജ്ജ മേഖലയിലെ പരിഷ്കാരങ്ങളെയും 'ശാന്തി ആക്ടി'നെയും (SHANTI Act) കുറിച്ച് സംസാരിച്ചു. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ്‌വ്യവസ്ഥയിലുടനീളം ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇത്തരം പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി അദ്ദേഹം കുറിച്ചു.
ആഗോളതലത്തിലുള്ള തൊഴിൽശക്തിയുടെ ക്ഷാമം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അന്താരാഷ്ട്ര അവസരങ്ങൾക്കായി ഇന്ത്യൻ യുവാക്കളെ സജ്ജരാക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. "ലോകമെമ്പാടും ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയിലെ യുവാക്കൾ സജ്ജരാണെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി നൈപുണ്യ വികസനവുമായി (Skill development) ബന്ധപ്പെട്ട മേഖലകളിൽ തുടർച്ചയായ പരിഷ്കാരങ്ങൾ നടത്തിവരുന്നു," ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ശേഷം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഇപ്പോൾ പരിഷ്കാരങ്ങൾ വരുത്തിവരികയാണെന്ന് അദ്ദേഹം ആവർത്തിച്ചു. "വിദേശ സർവ്വകലാശാലകളും ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നുണ്ട്. അടുത്തിടെ, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപത്തോടെ പിഎം സേതു (PM SETU) പരിപാടിക്ക് തുടക്കം കുറിച്ചു. ഇതിന് കീഴിൽ ആയിരക്കണക്കിന് ഐടിഐകൾ (ITIs) നവീകരിക്കും. ഇതുവഴി വ്യവസായ മേഖലയുടെ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ആവശ്യങ്ങൾക്കനുസരിച്ച് യുവാക്കൾക്ക് പരിശീലനം നൽകാൻ സാധിക്കും," ശ്രീ മോദി കുറിച്ചു.
ഒരു രാജ്യം സ്വയംപര്യാപ്തവും വികസിതവുമാകാൻ ആത്മവിശ്വാസം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൊളോണിയൽ കാലത്തെ മെക്കാളെ (Macaulay) പ്രഭുവിൻ്റെ വിദ്യാഭ്യാസ നയങ്ങളെ പരാമർശിച്ച അദ്ദേഹം, അത്തരം നയങ്ങൾ ഇന്ത്യക്കാർക്കിടയിൽ സ്വന്തം പൈതൃകത്തോടും ഉൽപ്പന്നങ്ങളോടും കഴിവുകളോടും ഒരുതരം അപകർഷതാബോധം ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടി.ഈ മനോഭാവത്തെ മറികടക്കാൻ ഇന്ത്യയിലെ യുവാക്കൾ കൂട്ടായി പ്രതിജ്ഞയെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു, “ഇനി പത്ത് വർഷം കഴിഞ്ഞാൽ മെക്കാളെയുടെ ധിക്കാരപരമായ നയങ്ങൾക്ക് 200 വർഷം തികയും. അതിനാൽ, ഇന്ത്യയെ ഈ മനോഭാവത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് രാജ്യത്തെ ഓരോ യുവാക്കളും പ്രതിജ്ഞയെടുക്കണം.”
ഇന്ത്യയുടെ തനതായ പൈതൃകത്തെ വിലമതിക്കുന്നതോടൊപ്പം തന്നെ ആഗോളതലത്തിലുള്ള അറിവുകളെ സ്വാഗതം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ആനോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ" (എല്ലാ ദിശകളിൽ നിന്നും മംഗളകരവും ഗുണകരവും ഉത്തമവുമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ) എന്ന വേദ സൂക്തം അദ്ദേഹം ഇതിനായി ഉദ്ധരിച്ചു."ലോകമെമ്പാടുമുള്ള മികച്ച മാതൃകകളിൽ നിന്ന് നിങ്ങൾ പാഠങ്ങൾ ഉൾക്കൊള്ളണം, എന്നാൽ സ്വന്തം പൈതൃകത്തെയും ആശയങ്ങളെയും കുറച്ചുകാണുന്ന പ്രവണത ഒരിക്കലും നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്," ശ്രീ മോദി പ്രസ്താവിച്ചു.
ആഗോള ആശയങ്ങളെ സ്വീകരിച്ചപ്പോഴും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകളെ വെല്ലുവിളിക്കുകയും മികച്ചൊരു രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നം പകരുകയും ചെയ്ത സ്വാമി വിവേകാനന്ദനെ ശ്രീ മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൂർണ്ണ ഊർജ്ജസ്വലതയോടെ മുന്നേറാനും, ശാരീരികക്ഷമത നിലനിർത്താനും, എപ്പോഴും സന്തോഷത്തോടെയിരിക്കാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു. യുവാക്കളുടെ കഴിവിലുള്ള തന്റെ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം ഉപസംഹരിച്ചു: “എനിക്ക് നിങ്ങളിലോരോരുത്തരിലും നിങ്ങളുടെ കഴിവുകളിലും ഊർജ്ജത്തിലും പൂർണ്ണ വിശ്വാസമുണ്ട്. ഈ വാക്കുകളോടെ, ഞാൻ നിങ്ങൾക്കേവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ദേശീയ യുവജന ദിനാശംസകൾ നേരുന്നു.”
-NK-
( റിലീസ് ഐ.ഡി: 2216653)
സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada