പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്താം വാർഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

ഇന്ത്യയിലെ യുവാക്കൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: പ്രധാനമന്ത്രി
വെറും 10 വർഷത്തിനുള്ളിൽ സ്റ്റാർട്ടപ്പ് ഇന്ത്യാ മിഷൻ ഒരു വിപ്ലവമായി മാറി; ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ്: പ്രധാനമന്ത്രി

ഇന്ന് റിസ്ക് ഏറ്റെടുക്കൽ മുഖ്യധാരയായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി
സ്റ്റാർട്ടപ്പ് ഇന്ത്യ എന്നത് വെറുമൊരു പദ്ധതിയല്ല, മറിച്ച് വൈവിധ്യമാർന്ന മേഖലകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മഴവിൽ ദർശനമാണ്: പ്രധാനമന്ത്രി

നമ്മുടെ സ്റ്റാർട്ടപ്പുകൾ ഉത്പാദന മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്: പ്രധാനമന്ത്രി

സ്റ്റാർട്ടപ്പുകളുടെ ധൈര്യവും ആത്മവിശ്വാസവും നൂതനാശയങ്ങളും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 16 JAN 2026 3:22PM by PIB Thiruvananthpuram

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ഭാവിയായ സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നൂതനാശയക്കാരുടെയും സാന്നിധ്യത്തിൽ, ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷം എന്ന സവിശേഷമായ ചടങ്ങിൽ എല്ലാവരും ഒത്തുചേർന്നിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കൃഷി, ഫിൻടെക്, മൊബിലിറ്റി, ആരോഗ്യം, സുസ്ഥിരത എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ചില പ്രതിനിധികളുമായി താൻ അൽപ്പസമയം മുമ്പ് സംവദിച്ചുവെന്നും അവരുടെ ആശയങ്ങൾ തന്നെ ആകർഷിച്ചുവെങ്കിലും അവരുടെ ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് തന്നെ കൂടുതൽ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷം മുമ്പാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ചതെന്ന് അനുസ്മരിച്ച ശ്രീ മോദി, ഈ സംരംഭത്തിന്റെ വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തുകയും യുവാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ യുവാക്കൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വശമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, പുതിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം കാണിച്ച യുവ നൂതനാശയക്കാരെ അഭിനന്ദിച്ചു.

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്താം വാർഷികം എന്ന നാഴികക്കല്ലാണ് ഇന്ന് കുറിക്കുന്നതെന്നും ഈ യാത്ര വെറുമൊരു ​ഗവൺമെന്റ് പദ്ധതിയുടെ വിജയഗാഥ മാത്രമല്ല, മറിച്ച് ദശലക്ഷക്കണക്കിന് സ്വപ്നങ്ങളുടെ യാത്രയും എണ്ണമറ്റ ഭാവനകളുടെ സാക്ഷാത്കാരവുമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. പത്തു വർഷം മുമ്പ് വ്യക്തിഗത പരിശ്രമങ്ങൾക്കും നവീകരണങ്ങൾക്കും വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ആ സാഹചര്യങ്ങളെ വെല്ലുവിളിക്കുകയും യുവാക്കൾക്ക് തുറന്ന ആകാശം നൽകിക്കൊണ്ട് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിക്കുകയും ചെയ്തുവെന്നും ഇന്ന് അതിന്റെ ഫലങ്ങൾ രാഷ്ട്രത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. “വെറും 10 വർഷത്തിനുള്ളിൽ സ്റ്റാർട്ടപ്പ് ഇന്ത്യ മിഷൻ ഒരു വിപ്ലവമായി മാറി. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ്,” ശ്രീ മോദി ഉദ്ഘോഷിച്ചു. പത്ത് വർഷം മുമ്പ് രാജ്യത്ത് 500-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് അത് 2 ലക്ഷത്തിലധികമായി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ ഇന്ത്യയിൽ നാല് യൂണികോണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് ഏകദേശം 125 സജീവ യൂണികോണുകളുണ്ടെന്നും ലോകം ഈ വിജയഗാഥ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും കാലങ്ങളിൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് യാത്ര ചർച്ച ചെയ്യപ്പെടുമ്പോൾ, ഈ ഹാളിലുള്ള പല യുവാക്കളും സ്വയം മികച്ച കേസ് സ്റ്റഡികളായി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നത്തെ സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി മാറുകയും ഐപിഒകൾ (IPO) ആരംഭിക്കുകയും കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2025-ൽ മാത്രം ഏകദേശം 44,000 പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും സ്റ്റാർട്ടപ്പ് ഇന്ത്യയുടെ തുടക്കത്തിന് ശേഷമുള്ള ഏതൊരു വർഷത്തെക്കാളും വലിയ വർദ്ധനവാണിതെന്നും ഈ കണക്കുകൾ ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ തൊഴിലവസരങ്ങളും നവീകരണവും വളർച്ചയും എങ്ങനെ നയിക്കുന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

സ്റ്റാർട്ടപ്പ് ഇന്ത്യ രാജ്യത്ത് ഒരു പുതിയ സംസ്കാരത്തിന് ജന്മം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ മോദി, മുമ്പ് പുതിയ ബിസിനസ്സുകളും സംരംഭങ്ങളും പ്രധാനമായും വലിയ വ്യവസായ കുടുംബങ്ങളിലെ കുട്ടികളാണ് ആരംഭിച്ചിരുന്നതെന്നും അവർക്ക് മാത്രമേ ഫണ്ടിംഗും പിന്തുണയും എളുപ്പത്തിൽ ലഭിച്ചിരുന്നുള്ളൂവെന്നും അഭിപ്രായപ്പെട്ടു. ഭൂരിഭാഗം മധ്യവർഗ-ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കും ജോലി സ്വപ്നം കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. സ്റ്റാർട്ടപ്പ് ഇന്ത്യ പരിപാടി ഈ മനോഭാവം മാറ്റിയെന്നും ഇപ്പോൾ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള യുവാക്കൾ പോലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നുവെന്നും ഏറ്റവും നിർണായകമായ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഈ മനോഭാവം തനിക്ക് വളരെയധികം മൂല്യമുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തെ പെൺമക്കൾ ഈ പരിവർത്തനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികം കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു. വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ആവാസവ്യവസ്ഥയായി മാറുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ മുന്നേറ്റം ഇന്ത്യയുടെ സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

ഇന്ന് രാജ്യം അതിന്റെ ഭാവി കാണുന്നത് സ്റ്റാർട്ടപ്പ് വിപ്ലവത്തിലാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകൾക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിന് പല ഉത്തരങ്ങളുണ്ടാകും: ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്, ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്, ഇന്ത്യ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നു, പുതിയ മേഖലകൾ ഉയർന്നുവരുന്നു—ഈ വസ്തുതകളെല്ലാം സത്യമാണ്. എന്നിരുന്നാലും, തന്റെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത് സ്റ്റാർട്ടപ്പ് ആവേശമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ സുഖസൗകര്യങ്ങളിൽ ഒതുങ്ങിക്കൂടാനോ പഴയ പാതകൾ പിന്തുടരാനോ ആഗ്രഹിക്കുന്നില്ല, പകരം അവർ തങ്ങൾക്കായി പുതിയ പാതകൾ വെട്ടിത്തെളിക്കാനും പുതിയ ലക്ഷ്യസ്ഥാനങ്ങളും പുതിയ നാഴികക്കല്ലുകളും തേടാനും ആഗ്രഹിക്കുന്നു. കഠിനാധ്വാനത്തിന്റെ കൊടുമുടിയിലൂടെ മാത്രമേ ഇത്തരം പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൈവരിക്കാനാകൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ആഗ്രഹങ്ങൾ കൊണ്ടല്ല, സംരംഭത്തിലൂടെയാണ് ജോലികൾ പൂർത്തിയാകുന്നത് എന്നർത്ഥം വരുന്ന ഒരു ചൊല്ല് അദ്ദേഹം ഓർമ്മിപ്പിച്ചു. സംരംഭത്തിന്റെ ആദ്യ നിബന്ധന ധൈര്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ ഘട്ടത്തിലെത്താൻ യുവാക്കൾ കാണിച്ച അപാരമായ ധൈര്യത്തെയും അവർ ഏറ്റെടുത്ത റിസ്കുകളെയും അദ്ദേഹം അംഗീകരിച്ചു. നേരത്തെ രാജ്യത്ത് റിസ്ക് എടുക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് അത് മുഖ്യധാരയായി മാറിയെന്നും പ്രതിമാസ ശമ്പളത്തിനപ്പുറം ചിന്തിക്കുന്നവരെ അംഗീകരിക്കുക മാത്രമല്ല ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു. ഒരുകാലത്ത് അപ്രസക്തമെന്ന് കരുതിയിരുന്ന ആശയങ്ങൾ ഇന്ന് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിസ്‌ക് ഏറ്റെടുക്കുന്നതിലുള്ള തന്റെ ശക്തമായ ശ്രദ്ധ ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇത് കാലങ്ങളായി തന്റെ ‌ശീലമാണെന്ന് ചൂണ്ടിക്കാട്ടി. ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത ജോലികൾ, തിരഞ്ഞെടുപ്പിലോ അധികാരത്തിലോ തോൽവി സംഭവിക്കുമെന്ന ഭയത്താൽ പതിറ്റാണ്ടുകളായി ഗവൺമെന്റുകൾ ഒഴിവാക്കിയിരുന്ന പ്രശ്നങ്ങൾ, രാഷ്ട്രീയമായി വലിയ അപകടസാധ്യതയുള്ളവയെന്ന് മുദ്രകുത്തപ്പെട്ടവ എന്നിവ പൂർത്തിയാക്കുന്നത് താൻ എപ്പോഴും തന്റെ ഉത്തരവാദിത്തമായി കരുതിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. നവീനാശയക്കാരെപ്പോലെ തന്നെ, രാഷ്ട്രത്തിന് എന്തെങ്കിലും ആവശ്യമാണെങ്കിൽ ആ റിസ്ക് ആരെങ്കിലും ഏറ്റെടുക്കണമെന്ന് താനും വിശ്വസിക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള നഷ്ടം തന്റേതാണെങ്കിലും അതിന്റെ ഗുണം ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ നിർമ്മിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കുട്ടികളിൽ നവീകരണത്തിന്റെ ചൈതന്യം ഉണർത്തുന്നതിനായി സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചുവെന്നും ദേശീയ പ്രശ്നങ്ങൾ പരിഹരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹാക്കത്തോണുകൾ ആരംഭിച്ചുവെന്നും വിഭവങ്ങളുടെ അഭാവം മൂലം ആശയങ്ങൾ നശിച്ചുപോകാതിരിക്കാൻ ഇൻകുബേഷൻ സെന്ററുകൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സങ്കീർണ്ണമായ നിയമപാലനങ്ങൾ, നീണ്ട അനുമതി കാലയളവുകൾ, ഇൻസ്പെക്ടർ രാജിനെക്കുറിച്ചുള്ള ഭയം എന്നിവ ഒരുകാലത്ത് നൂതനാശയങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സങ്ങളായിരുന്നുവെന്ന് അനുസ്മരിച്ച ശ്രീ മോദി, അതുകൊണ്ടാണ് തന്റെ ​ഗവൺമെന്റ് വിശ്വാസത്തിന്റെയും സുതാര്യതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതെന്ന് കൂട്ടിച്ചേർത്തു. ജൻ വിശ്വാസ് ആക്ടിന് കീഴിൽ 180-ലധികം വ്യവസ്ഥകൾ കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് വ്യവഹാരങ്ങളേക്കാൾ കൂടുതൽ തങ്ങളുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നവീനാശയക്കാർക്ക് വിലപ്പെട്ട സമയം ലാഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല നിയമങ്ങളിലും സ്വയം സർട്ടിഫിക്കേഷൻ ഇപ്പോൾ സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും ലയനങ്ങളും എക്സിറ്റുകളും എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സ്റ്റാർട്ടപ്പ് ഇന്ത്യ എന്നത് വെറും ഒരു പദ്ധതിയല്ല, മറിച്ച് വൈവിധ്യമാർന്ന മേഖലകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മഴവിൽ ദർശനമാണ്”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. പ്രതിരോധ നിർമ്മാണ മേഖലയിൽ, മുമ്പ് സ്ഥാപിതരായ വൻകിടക്കാരുമായി മത്സരിക്കുന്നത് സ്റ്റാർട്ടപ്പുകൾക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു, എന്നാൽ ഐഡെക്സ് (iDEX) വഴി തന്ത്രപ്രധാന മേഖലകളിൽ പുതിയ സംഭരണ പാതകൾ തുറന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് സ്വകാര്യ പങ്കാളിത്തത്തിന് മുന്നിൽ അടഞ്ഞുകിടന്നിരുന്ന ബഹിരാകാശ മേഖല ഇപ്പോൾ തുറന്നുകൊടുത്തുവെന്നും ഈ രംഗത്ത് ഏകദേശം 200 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുകയും ആഗോള അംഗീകാരം നേടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. അതുപോലെ, കാലഹരണപ്പെട്ട നിയമങ്ങൾ ഇന്ത്യയെ ദീർഘകാലം പിന്നോട്ട് വലിച്ചിരുന്ന ഡ്രോൺ മേഖലയിലും പരിഷ്കാരങ്ങളും നവീനാശയക്കാരിലുള്ള വിശ്വാസവും മാറ്റം കൊണ്ടുവന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൊതു സംഭരണത്തിൽ, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM) വിപണിപ്രവേശനം വിപുലീകരിച്ചുവെന്നും ഏകദേശം 35,000 സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസ്സുകളെയും ഉൾപ്പെടുത്തിയതായും ഏകദേശം 50,000 കോടി രൂപയുടെ 5 ലക്ഷത്തോളം ഓർഡറുകൾ അവർക്ക് ലഭിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്റ്റാർട്ടപ്പുകൾ തങ്ങളുടെ വിജയത്തിലൂടെ ഓരോ മേഖലയിലും പുതിയ വളർച്ചാ വഴികൾ തുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂലധനമില്ലാതെ മികച്ച ആശയങ്ങൾക്ക് പോലും വിപണിയിൽ എത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പരാമർശിച്ചു, അതുകൊണ്ടാണ് തങ്ങളുടെ ഗവൺമെന്റ് നവീനാശയക്കാർക്ക് സാമ്പത്തിക ലഭ്യത ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്റ്റാർട്ടപ്പുകൾക്കായുള്ള 'ഫണ്ട് ഓഫ് ഫണ്ട്സ്' വഴി 25,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയപ്പോൾ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്, ഇൻ-സ്പേസ് സീഡ് ഫണ്ട്, നിധി സീഡ് സപ്പോർട്ട് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ നിക്ഷേപം നൽകുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഒരു ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ചിട്ടുണ്ടെന്നും അതുവഴി ഈടില്ലാത്തത് സർഗ്ഗാത്മകതയ്ക്ക് തടസ്സമാകില്ലെന്നും ശ്രീ മോദി പ്രസ്താവിച്ചു.

ഇന്നത്തെ ഗവേഷണം നാളത്തെ ബൗദ്ധിക സ്വത്തായി മാറുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1 ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന നൂതനാശയ പദ്ധതിക്കും ഒപ്പം സൺറൈസ് മേഖലകളിൽ ദീർഘകാല നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ഡീപ്പ് ടെക് ഫണ്ട് ഓഫ് ഫണ്ട്സിനും തുടക്കം കുറിച്ചതായി പറഞ്ഞു.

സാമ്പത്തിക സുരക്ഷയിലും തന്ത്രപരമായ സ്വയംഭരണത്തിലും നിർണ്ണായക പങ്ക് വഹിക്കുന്ന വളർന്നുവരുന്ന മേഖലകളിൽ പുതിയ ആശയങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ഭാവിയിലേക്ക് സജ്ജമാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു, ഇതിന് പ്രധാന ഉദാഹരണമായി അദ്ദേഹം നിർമ്മിത ബുദ്ധിയെ (AI) ചൂണ്ടിക്കാട്ടി. AI വിപ്ലവത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് വലിയ നേട്ടമുണ്ടാകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തം അതിന്റെ സ്റ്റാർട്ടപ്പുകൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരിയിൽ ഇന്ത്യ 'എഐ ഇംപാക്ട് സമ്മിറ്റിന്' ആതിഥേയത്വം വഹിക്കുമെന്ന് പരാമർശിച്ച ശ്രീ മോദി, ഇത് യുവാക്കൾക്ക് വലിയൊരു അവസരമാണെന്ന് പറഞ്ഞു. ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവ് പോലുള്ള വെല്ലുവിളികൾ അദ്ദേഹം അംഗീകരിച്ചുവെങ്കിലും, ഇന്ത്യ എഐ മിഷനിലൂടെ പരിഹാരങ്ങൾ നൽകുന്നുണ്ടെന്നും 38,000-ലധികം ജിപിയു-കൾ (GPU) ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് വലിയ സാങ്കേതികവിദ്യ ലഭ്യമാക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതേസമയം തദ്ദേശീയമായ എഐ ഇന്ത്യൻ സെർവറുകളിൽ ഇന്ത്യൻ പ്രതിഭകൾ വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. സെമികണ്ടക്ടറുകൾ, ഡാറ്റ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലും സമാനമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ അഭിലാഷം പങ്കാളിത്തത്തിൽ മാത്രം ഒതുങ്ങരുത്, മറിച്ച് ആഗോള നേതൃത്വമാണ് ലക്ഷ്യമിടേണ്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ആശയങ്ങളിൽ പ്രവർത്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സ്റ്റാർട്ടപ്പുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളിലും സേവന മേഖലകളിലും ഇന്ത്യക്ക് നേട്ടങ്ങളുണ്ടായിരുന്നുവെന്നും ഇനി സ്റ്റാർട്ടപ്പുകൾ ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണെന്നും അദ്ദേഹം പരാമർശിച്ചു. ഭാവി നയിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള പുതിയ ഉൽപ്പന്നങ്ങളും സവിശേഷമായ സാങ്കേതിക ആശയങ്ങളും സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ ഓരോ ശ്രമത്തിലും ഗവൺമെന്റ് അവർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീ മോദി ഉറപ്പുനൽകി, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന അവരുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും നവീനതയിലും അഗാധമായ വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷം രാജ്യത്തിന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ടെന്നും അടുത്ത പതിറ്റാണ്ടിലെ ലക്ഷ്യം പുതിയ സ്റ്റാർട്ടപ്പ് പ്രവണതകളിലും സാങ്കേതികവിദ്യകളിലും ഇന്ത്യ ലോകത്തെ നയിക്കുക എന്നതാകണമെന്നും പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

*പശ്ചാത്തലം*

നൂതനാശയങ്ങൾ പരിപോഷിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, നിക്ഷേപാധിഷ്ഠിത വളർച്ച സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യയെ തൊഴിലന്വേഷകരുടെ രാജ്യത്തിന് പകരം തൊഴിൽ ദാതാക്കളുടെ രാഷ്ട്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016 ജനുവരി 16-നാണ് പ്രധാനമന്ത്രി സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഇന്ത്യയുടെ സാമ്പത്തിക നവീന ഘടനയുടെ ആണിക്കല്ലായി സ്റ്റാർട്ടപ്പ് ഇന്ത്യ ഉയർന്നുവന്നു. ഇത് സ്ഥാപനപരമായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും മൂലധനത്തിലേക്കും മെന്റർഷിപ്പിലേക്കും പ്രവേശനം വിപുലീകരിക്കുകയും വിവിധ മേഖലകളിലും ഭൂപ്രദേശങ്ങളിലും സ്റ്റാർട്ടപ്പുകൾക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം വളർത്തുകയും ചെയ്തു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഈ കാലയളവിൽ അഭൂതപൂർവമായ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു, രാജ്യത്തുടനീളം 2,00,000-ലധികം സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടു. ഈ സംരംഭങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നവീനതയിലധിഷ്ഠിതമായ സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യമാർന്ന മേഖലകളിലെ ആഭ്യന്തര മൂല്യശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും കാര്യമായ ചാലകശക്തികളായി മാറി.

NK

****


(रिलीज़ आईडी: 2215779) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada