പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'പ്രഗതി യുടെ 50-ാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.



കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, പ്രഗതി നയിക്കുന്ന ആവാസവ്യവസ്ഥ 85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ വേഗത്തിലാക്കാൻ സഹായിച്ചു: പ്രധാനമന്ത്രി


പ്രഗതിയുടെ അടുത്ത ഘട്ടത്തിനായുള്ള പ്രധാനമന്ത്രിയുടെ മന്ത്രം: ലളിതമാക്കാൻ പരിഷ്കരിക്കുക , വിതരണത്തിനായി പ്രവർത്തിക്കുക , സ്വാധീനമുണ്ടാക്കാൻ പരിവർത്തനം ചെയ്യുക .

പരിഷ്കരണ വേഗത നിലനിർത്തുന്നതിനും സേവന വിതരണം ഉറപ്പാക്കുന്നതിനും 'പ്രഗതി' അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ താൽപ്പര്യം മുൻനിർത്തി ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണ് പ്രഗതിയെന്നും, ഇത് വകുപ്പുകൾക്കിടയിലുള്ള ഒറ്റപ്പെട്ട പ്രവർത്തനരീതി (Silo-based functioning) ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് സാമൂഹിക മേഖലയിൽ, ചീഫ് സെക്രട്ടറി തലത്തിൽ 'പ്രഗതി' മാതൃകയിലുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു.

അൻപതാം യോഗത്തിൽ, അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 40,000 കോടിയിലധികം രൂപ ചെലവ് വരുന്ന അഞ്ച് നിർണ്ണായക അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.

പിഎം ശ്രീ (PM SHRI) സ്കൂളുകളെ സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കൂളുകൾക്ക് ഒരു മാതൃകയാക്കി മാറ്റാൻ ശ്രമം നടത്തനം: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 DEC 2025 8:11PM by PIB Thiruvananthpuram

സജീവ ഭരണത്തിനും  കൃത്യസമയത്തുള്ള നടപ്പാക്കലിനുമായുള്ള  ഐ.സി.ടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ (PRAGATI) 50-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന സഹകരണാത്മകവും ഫലപ്രാപ്തിയിൽ അധിഷ്ഠിതവുമായ ഭരണനിർവഹണ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. സാങ്കേതികവിദ്യയിൽ ഊന്നിയുള്ള നേതൃത്വം, തത്സമയ നിരീക്ഷണം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സുസ്ഥിരമായ സഹകരണം എന്നിവ എങ്ങനെയാണ് ദേശീയ മുൻഗണനകളെ പ്രായോഗികമായ നേട്ടങ്ങളാക്കി മാറ്റിയതെന്ന് ഈ നാഴികക്കല്ല് അടിവരയിടുന്നു.

50-ാം പ്രഗതി (PRAGATI) യോഗത്തിനിടെ നടത്തിയ  അവലോകനം

യോഗത്തിൽ റോഡ്, റെയിൽവേ, വൈദ്യുതി, ജലവിഭവം, കൽക്കരി എന്നീ മേഖലകളിലായി അഞ്ച് നിർണ്ണായക അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. 5 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികളുടെ മൊത്തം ചെലവ് 40,000 കോടി രൂപയിലധികമാണ്.

പിഎം ശ്രീ (PM SHRI) പദ്ധതിയെക്കുറിച്ചുള്ള അവലോകന വേളയിൽ, സമഗ്രവും ഭാവിയിലേക്കായി സജ്ജവുമായ സ്കൂൾ വിദ്യാഭ്യാസത്തിന് ഈ പദ്ധതി ഒരു ദേശീയ മാനദണ്ഡമായി മാറണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് വെറും അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചാകരുത്, മറിച്ച് അത് കൃത്യമായ ഫലപ്രാപ്തിയിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . പിഎം ശ്രീ പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹം എല്ലാ ചീഫ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. കൂടാതെ, പിഎം ശ്രീ സ്കൂളുകൾ സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കൂളുകൾക്ക് ഒരു മാതൃകയാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഈ സവിശേഷ അവസരത്തിൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഭരണസംസ്കാരത്തിൽ പ്രകടമായ ആഴത്തിലുള്ള പരിവർത്തനത്തിന്റെ പ്രതീകമാണ് ഈ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. തീരുമാനങ്ങൾ സമയബന്ധിതമാകുകയും, ഏകോപനം കാര്യക്ഷമമാകുകയും, ഉത്തരവാദിത്തം നിശ്ചയിക്കപ്പെടുകയും ചെയ്യുമ്പോൾ സർക്കാർ പ്രവർത്തനങ്ങളുടെ വേഗത സ്വാഭാവികമായും വർദ്ധിക്കുമെന്നും അതിന്റെ സ്വാധീനം പൗരന്മാരുടെ ജീവിതത്തിൽ നേരിട്ട് ദൃശ്യമാകുമെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

'പ്രഗതി'യുടെ  ഉത്ഭവം

ഈ പ്രവർത്തനരീതിയുടെ ഉത്ഭവത്തെക്കുറിച്ച് അനുസ്മരിക്കവേ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജന പരാതികൾ അച്ചടക്കത്തോടെയും സുതാര്യമായും സമയബന്ധിതമായും മനസ്സിലാക്കി പരിഹരിക്കുന്നതിനായി താൻ 'സ്വാഗത് ' (SWAGAT - State Wide Attention on Grievances by Application of Technology) എന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ആ അനുഭവത്തിന്റെ കരുത്തിൽ, കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം അതേ മനോഭാവത്തോടെ വലിയ പദ്ധതികളെയും പ്രധാന പരിപാടികളെയും പരാതി പരിഹാര സംവിധാനങ്ങളെയും അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി 'പ്രഗതി' എന്ന പേരിൽ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ഇതിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു.

വ്യാപ്തിയും സ്വാധീനവും

വർഷങ്ങളായി 'പ്രഗതി'  നയിക്കുന്ന ആവാസവ്യവസ്ഥ 85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ വേഗത്തിലാക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രധാന ക്ഷേമ പദ്ധതികൾ വലിയ തോതിൽ നടപ്പിലാക്കുന്നതിന് പിന്തുണ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

2014 മുതൽ 377 പദ്ധതികളാണ് പ്രഗതിയുടെ കീഴിൽ അവലോകനം ചെയ്തത്. ഈ പദ്ധതികളിലായി തിരിച്ചറിഞ്ഞ 3,162 പ്രശ്നങ്ങളിൽ 2,958 എണ്ണവും (ഏകദേശം 94 ശതമാനം) പരിഹരിക്കപ്പെട്ടു. ഇത് പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനും അധികച്ചെലവ് കുറയ്ക്കാനും ഏകോപനത്തിലെ പരാജയങ്ങൾ ഇല്ലാതാക്കാനും വളരെയധികം സഹായിച്ചു.

ഇന്ത്യ കൂടുതൽ വേഗത്തിൽ മുന്നേറുമ്പോൾ പ്രഗതിയുടെ പ്രസക്തിയും വർദ്ധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കരണ വേഗത നിലനിർത്തുന്നതിനും സേവന വിതരണം ഉറപ്പാക്കുന്നതിനും പ്രഗതി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കൽ

2014 മുതൽ കൃത്യമായ സേവന വിതരണവും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന ഒരു ഭരണസംവിധാനം സ്ഥാപിക്കാൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ടെന്നും, ഇതിലൂടെ ജോലികൾ തുടർച്ചയായ ഫോളോ-അപ്പുകളോടെ(അനന്തര നടപടികളിലൂടെ)നിശ്ചിത സമയപരിധിക്കുള്ളിലും ബജറ്റിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻപ് ആരംഭിച്ചതും എന്നാൽ പൂർത്തിയാക്കാതെ ഉപേക്ഷിച്ചതോ വിസ്മരിക്കപ്പെട്ടതോ ആയ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും ദേശീയ താൽപ്പര്യം മുൻനിർത്തി പൂർത്തിയാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി തടസ്സപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികൾ 'പ്രഗതി' പ്ലാറ്റ്‌ഫോമിന് കീഴിൽ ഏറ്റെടുത്തതിനുശേഷം പൂർത്തിയാക്കുകയോ അല്ലെങ്കിൽ അവയിലെ തടസ്സങ്ങൾ നിർണ്ണായകമായി നീക്കം ചെയ്യുകയോ ചെയ്തു. 1997-ൽ വിഭാവനം ചെയ്ത അസമിലെ ബോഗിബീൽ റെയിൽ-കം-റോഡ് പാലം, 1995-ൽ നിർമ്മാണം ആരംഭിച്ച ജമ്മു-ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക്, 1997-ൽ പദ്ധതിയിട്ട നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, 2007-ൽ അംഗീകാരം ലഭിച്ച ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ നവീകരണവും വിപുലീകരണവും, 2008-ലും 2009-ലുമായി അനുമതി ലഭിച്ച ഗാദർവാര, ലാറ (LARA) സൂപ്പർ തെർമൽ പവർ പ്രോജക്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തുടർച്ചയായ ഉന്നതതല നിരീക്ഷണത്തിന്റെയും സർക്കാരുകൾ തമ്മിലുള്ള ഏകോപനത്തിന്റെയും സ്വാധീനമാണ് ഈ നേട്ടങ്ങൾ തെളിയിക്കുന്നത്.

ഒറ്റപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് 'ടീം ഇന്ത്യ'യിലേക്ക്


പദ്ധതികൾ പരാജയപ്പെടുന്നത് ലക്ഷ്യബോധത്തിന്റെ കുറവുകൊണ്ട് മാത്രമല്ല, മറിച്ച് ഏകോപനമില്ലായ്മയും വകുപ്പുകൾ ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതും (Silo-based functioning) കൊണ്ടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ പങ്കാളികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നതിലൂടെയും ഒരു പൊതു ലക്ഷ്യത്തിനായി അവരെ ഏകോപിപ്പിക്കുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാൻ 'പ്രഗതി' സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ടീമായി പ്രവർത്തിക്കുകയും, മന്ത്രാലയങ്ങളും വകുപ്പുകളും തങ്ങളുടെ പരിധികൾക്കപ്പുറം ചിന്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന സഹകരണ ഫെഡറലിസത്തിന്റെ ഫലപ്രദമായ മാതൃകയായാണ് അദ്ദേഹം 'പ്രഗതി'യെ വിശേഷിപ്പിച്ചത്. പ്രഗതിയുടെ തുടക്കം മുതൽ ഭാരത സർക്കാരിലെ ഏകദേശം 500 സെക്രട്ടറിമാരും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഇതിന്റെ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പങ്കാളിത്തത്തിനും പ്രതിബദ്ധതയ്ക്കും താഴേത്തട്ടിലെ അറിവിനും അദ്ദേഹം നന്ദി അറിയിച്ചു. ഇത് പ്രഗതിയെ വെറുമൊരു അവലോകന വേദി എന്നതിലുപരി യഥാർത്ഥ പ്രശ്നപരിഹാര പ്ലാറ്റ്‌ഫോമായി മാറ്റാൻ സഹായിച്ചു.

ദേശീയ മുൻഗണനകൾക്കായി മതിയായ വിഭവങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും വിവിധ മേഖലകളിൽ സുസ്ഥിരമായ നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള മുഴുവൻ ശൃംഖലയെയും ശക്തിപ്പെടുത്താനും ടെൻഡർ നടപടികൾ മുതൽ പദ്ധതി പൂർത്തിയാക്കുന്നത് വരെയുള്ള കാലതാമസം കുറയ്ക്കാനും അദ്ദേഹം എല്ലാ മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്തു.

പരിഷ്കരിക്കുക, പ്രവർത്തിക്കുക, പരിവർത്തനം ചെയ്യുക (Reform, Perform, Transform)

ഈ സവിശേഷ അവസരത്തിൽ, 'പ്രഗതി'യുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള തന്റെ വ്യക്തമായ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി പങ്കുവെച്ചു. "ലളിതമാക്കാൻ പരിഷ്കരിക്കുക, സേവന വിതരണത്തിനായി പ്രവർത്തിക്കുക, സ്വാധീനമുണ്ടാക്കാൻ പരിവർത്തനം ചെയ്യുക" എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച  മന്ത്രം.

*പരിഷ്കരണം എന്നാൽ വെറും നടപടിക്രമങ്ങളിൽ നിന്ന് പരിഹാരങ്ങളിലേക്കുള്ള മാറ്റമാകണമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ ലളിതമാക്കുകയും ജീവിതം സുഗമമാക്കുന്നതിനും (Ease of Living) ബിസിനസ്സ് എളുപ്പമാക്കുന്നതിനും(Ease of Doing Business) അനുയോജ്യമായ രീതിയിൽ സംവിധാനങ്ങളെ മാറ്റിയെടുക്കുകയും വേണം.

 *പ്രവർത്തനം എന്നാൽ സമയം, ചിലവ്, ഗുണമേന്മ എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുക എന്നതാകണം. പ്രഗതിയിലൂടെ ശക്തിപ്പെട്ട ഫലപ്രാപ്തിയിലധിഷ്ഠിതമായ ഭരണനിർവഹണം ഇനി കൂടുതൽ ആഴത്തിൽ ജനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*കൃത്യസമയത്തുള്ള സേവനങ്ങൾ, പരാതികളുടെ വേഗത്തിലുള്ള പരിഹാരം, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ എന്നിവയിലൂടെ പൗരന്മാർക്ക് യഥാർത്ഥത്തിൽ എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം പരിവർത്തനത്തെ അളക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രഗതിയും വികസിത ഭാരതം @ 2047 എന്ന  ലക്ഷ്യത്തിലേക്കുള്ള യാത്രയും

വികസിത ഭാരതം @ 2047 എന്നത് ഒരു ദേശീയ ദൗത്യവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ട ലക്ഷ്യവുമാണെന്നും, അത് കൈവരിക്കുന്നതിനുള്ള ശക്തമായ ഒരു ചാലകശക്തിയാണ് 'പ്രഗതി'യെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് സാമൂഹിക മേഖലയിൽ, ചീഫ് സെക്രട്ടറി തലത്തിൽ 'പ്രഗതി' മാതൃകയിലുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

പ്രഗതിയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനായി, പദ്ധതിയുടെ ഓരോ ഘട്ടത്തിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രഗതിയുടെ 50-ാം യോഗം എന്നത് കേവലം ഒരു നാഴികക്കല്ലല്ല, മറിച്ച് അതൊരു പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും ഉയർന്ന ഗുണമേന്മ ഉറപ്പാക്കുന്നതിനും പൗരന്മാർക്ക് പ്രകടമായ നേട്ടങ്ങൾ ലഭ്യമാക്കുന്നതിനും വരും വർഷങ്ങളിൽ പ്രഗതിയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാബിനറ്റ് സെക്രട്ടറിയുടെ പ്രസന്റേഷൻ(വിവരണം) 

പ്രഗതിയുടെ 50-ാം നാഴികക്കല്ലിന്റെ ഭാഗമായി കാബിനറ്റ് സെക്രട്ടറി ഹ്രസ്വമായ ഒരു പ്രസന്റേഷൻ നടത്തി. പ്രഗതിയുടെ പ്രധാന നേട്ടങ്ങൾ അദ്ദേഹം ഇതിൽ എടുത്തുപറഞ്ഞു. ഇന്ത്യയുടെ നിരീക്ഷണ-ഏകോപന സംവിധാനത്തെ പ്രഗതി എങ്ങനെ പുനർനിർമ്മിച്ചുവെന്നും, മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണവും കേന്ദ്ര-സംസ്ഥാന പിന്തുടരൽ പ്രക്രിയയും എങ്ങനെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന സംസ്കാരം ഉറപ്പിച്ചത് വഴി പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും, പദ്ധതികളുടെ ഗുണഫലങ്ങൾ അവസാന ഗുണഭോക്താവിലേക്കും കൃത്യമായി എത്തിക്കാനും, പൊതുജന പരാതികൾ ഗുണനിലവാരത്തോടെ പരിഹരിക്കാനും സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

-SK-


( റിലീസ് ഐ.ഡി: 2214654) സന്ദര്‍ശക കൗണ്ടര്‍ : 25