ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഡൽഹി സർവകലാശാലയിൽ ‘ലഹരിമുക്ത ക്യാമ്പസ്’ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
13 JAN 2026 1:52PM by PIB Thiruvananthpuram
ഡൽഹി സർവകലാശാലയിലെ ‘ലഹരിമുക്ത ക്യാമ്പസ്’ പ്രചാരണ പരിപാടിയ്ക്ക് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് തുടക്കം കുറിച്ചു. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്ന് പിൻതിരിപ്പിക്കുകയും വികസിതവും സ്വയംപര്യാപ്തവുമായ ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യുന്നതിനായി സുസ്ഥിരവും സമഗ്രവുമായ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ശക്തമായ രാഷ്ട്രങ്ങൾക്ക് ശക്തമായ നേതൃത്വം അനിവാര്യമാണെന്ന് അടിവരയിട്ട ഉപരാഷ്ട്രപതി, സർവകലാശാലകൾ വെറും അക്കാദമിക് പഠനകേന്ദ്രങ്ങൾ മാത്രമല്ലെന്നും മൂല്യങ്ങൾ രൂപപ്പെടുത്തുകയും നേതൃപാടവം വളർത്തുകയും രാജ്യത്തിന്റെ ഭാവി രൂപവല്ക്കരിക്കുയും ചെയ്യുന്ന മഹത്തായ സ്ഥാപനങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാല പോലുള്ള മഹത്തായ ഒരു സ്ഥാപനം ലഹരിയുപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ, അത് സമൂഹത്തിനാകെ നൽകുന്ന സന്ദേശം ശക്തവും മഹത്തരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നഷാ മുക്ത് പരിസർ അഭിയാന് കീഴിലുള്ള ഒരു സമർപ്പിത ഇ-പ്രതിജ്ഞാ പ്ലാറ്റ്‌ഫോമും (https://pledge.du.ac.in/home) മൊബൈൽ ആപ്ലിക്കേഷനും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ലഹരിമുക്ത ക്യാമ്പസിനായി പ്രതിജ്ഞയെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, എല്ലാ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവിഭാജ്യ ഘടകമായി ‘ ലഹരിമുക്ത ക്യാമ്പസ്’ പ്രചാരണ പരിപാടി മാറുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ യുവതയുടെ രാഷ്ട്രമാണെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ലഹരിവസ്തുക്കളുടെ ദുരുപയോഗം കേവലം വ്യക്തിഗത പ്രശ്നം മാത്രമല്ലെന്നും അതിലുപരി ഗുരുതരമായ സാമൂഹിക വെല്ലുവിളിയും പൊതുജനാരോഗ്യ ആശങ്കയും രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടത്തിന് ഭീഷണിയുമാണെന്നും അടിവരയിട്ടു. ലഹരിയുപയോഗം ശാരീരിക- മാനസിക ആരോഗ്യം, അക്കാദമിക് പ്രകടനം, കുടുംബ ഐക്യം, ഉൽപ്പാദനക്ഷമത, ദേശീയ സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മയക്കുമരുന്നുഭീകരതയുമായുള്ള അതിന്റെ ബന്ധം ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾ ആരോഗ്യവാന്മാരായും ലഹരിഉപയോഗ ത്തിനെതിരായും ലക്ഷ്യബോധത്തോടെയും മുന്നേറുമ്പോഴേ വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനാകൂ എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ലഹരി വസ്തുക്കളോട് വിമുഖതയുള്ള യുവാക്കൾ, കഴിവുകൾ അഭിവൃദ്ധിപ്പെടുത്താനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ചയ്ക്കും ദേശീയ വികസനത്തിനും അർത്ഥവത്തായ സംഭാവനകൾ നൽകാനും കൂടുതൽ ശേഷിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി , ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങൾ അച്ചടക്കം, മാനസിക സന്തുലിതാവസ്ഥ, മാനസിക- ശാരീരിക വിശുദ്ധി എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്ന് പറഞ്ഞു. ധ്യാനവും യോഗയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രമങ്ങളിൽ ഈ ധാർമ്മികത പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണം, നവീകരണം, സന്നദ്ധസേവനം, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് യുവാക്കളുടെ ഊർജ്ജം തിരിച്ചുവിടുന്നതിനുള്ള മൈ ഭാരത് പോർട്ടൽ, പി.എം. അനുസന്ധൻ യോജന തുടങ്ങിയ സംരംഭങ്ങളെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
മാനസികാരോഗ്യം, ജീവിത നൈപുണ്യം, വിദ്യാർത്ഥികളുടെ ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന 2020-ലെ ദേശീയ വിദ്യാഭ്യാസ നയം ഈ സമഗ്രമായ ദർശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ലഹരി വിമുക്ത ക്യാമ്പസ് പ്രചാരണ പരിപാടി പോലുള്ള സംരംഭങ്ങൾ സുരക്ഷിതവും, എല്ലാവരേയും ഉൾക്കൊള്ളുന്നതും, പരിപോഷിപ്പിക്കുന്നതുമായ പഠന അന്തരീക്ഷങ്ങൾ സൃഷ്ടിക്കുമെന്നും അത് വഴി അവ ദേശീയവിദ്യാഭ്യാസ നയത്തിന്റെ ആത്മാവിനെ പ്രതിധ്വനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോധവൽക്കരണ പരിപാടികൾ, കൗൺസിലിംഗ് സംവിധാനങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന സംരംഭങ്ങൾ, പങ്കാളി സഹകരണം എന്നിവയെ സമന്വയിപ്പിച്ചതിന് ഡൽഹി സർവകലാശാലയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. വിദ്യാർത്ഥികൾ മാറ്റത്തിന്റെ ദൂതന്മാരാകുമ്പോൾ, അതിന്റെ പ്രതിഫലനം കാമ്പസുകൾക്കപ്പുറം കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാഗ്രത പാലിക്കാനും, ദുരിതത്തിലായ സഹപാഠികളെ പിന്തുണയ്ക്കാനും, ലഹരിഉപയോഗത്തിനെതിരെ ശബ്ദമുയർത്താനും, മാതൃകയാകാനും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ഡൽഹി സർവകലാശാല ഒരു മാതൃകാ ലഹരിമുക്ത ക്യാമ്പസായി ഉയർന്നുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ആരോഗ്യകരവും ശക്തവും വികസിതവുമായ രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നഷാ മുക്ത് ഭാരത് അനിവാര്യമാണെന്ന് പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഡൽഹി വിദ്യാഭ്യാസ മന്ത്രി ശ്രീ ആശിഷ് സൂദ്, ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് എന്നിവർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥർ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
LPSS
*****
( റിലീസ് ഐ.ഡി: 2214173)
സന്ദര്‍ശക കൗണ്ടര്‍ : 39