വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2025: വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
31 DEC 2025 8:54AM by PIB Thiruvananthpuram
വേവ്സ് (WAVES)
ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയെ പിന്തുണയ്ക്കുന്നതിനായി 2025-ൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരവധി സുപ്രധാന സംരംഭങ്ങൾ നടപ്പിലാക്കി. അതിൽ ഏറ്റവും ശ്രദ്ധേയമായത് വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് ഉച്ചകോടിയായ വേവ്സ് (WAVES) 2025 ആയിരുന്നു.
വേവ്സ് എന്നത് കേവലമൊരു പരിപാടി മാത്രമല്ലെന്നും മറിച്ച് സംസ്കാരത്തിൻ്റേയും സർഗ്ഗാത്മകതയുടേയും ആഗോള ബന്ധത്തിൻ്റേയും തരംഗമാണെന്നും വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളോട് വലിയ സ്വപ്നങ്ങൾ കാണാനും അവരുടെ കഥകൾ ലോകത്തോട് പറയാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വിശാലമായ സൃഷ്ടിപരമായ ആവാസവ്യവസ്ഥയുമായി സഹകരിക്കാൻ ആഗോള നിക്ഷേപകരേയും യുവജനങ്ങളേയും ക്ഷണിച്ചുകൊണ്ട് "ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക" എന്ന ഇന്ത്യയുടെ കാഴ്ചപ്പാടും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച വേവ്സ് 2025-ൽ പതിനായിരത്തിലധികം പ്രതിനിധികൾ, ആയിരത്തിലധികം സ്രഷ്ടാക്കൾ, മുന്നൂറിലധികം കമ്പനികൾ, മുന്നൂറ്റി അൻപതിലധികം സ്റ്റാർട്ടപ്പുകൾ എന്നിവർ പങ്കെടുത്തു. ബ്രോഡ്കാസ്റ്റിംഗ്, ഇൻഫോടെയ്ൻമെൻ്റ്, AVGC-XR, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ ഈ ഉച്ചകോടിയുടെ ഭാഗമായി.
വേവ്സ് പ്ലാറ്റ്‌ഫോം അതിൻ്റെ മൂന്ന് ഭാവി ലംബങ്ങളിലൂടെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു:
1) ക്രിയേറ്റോസ്ഫിയർ & ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് (CIC): സ്രഷ്ടാക്കളെ കേന്ദ്രബിന്ദുവാക്കി മാറ്റുന്ന നവീനമായ ഒരാശയമാണിത്. സിനിമ, വിഎഫ്എക്സ് (VFX), വിആർ (VR), ആനിമേഷൻ, ഗെയിമിംഗ്, കോമിക്സ്, സംഗീതം, ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിലെ ആശയങ്ങളെ മികച്ച അനുഭവങ്ങളാക്കി മാറ്റുന്ന ഒരു സർഗ്ഗാത്മക കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു.
2) വേവ്എക്സ് (WaveX): നവീകരണവും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരുനൂറിലധികം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. മുപ്പതിലധികം സ്റ്റാർട്ടപ്പുകൾക്ക് മൈക്രോസോഫ്റ്റ്, ആമസോൺ, ലുമികായ് തുടങ്ങിയ ആഗോള വ്യവസായ പ്രമുഖർക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. കൂടാതെ, നൂറോളം സ്റ്റാർട്ടപ്പുകൾ പ്രദർശന സ്റ്റാളുകളിലൂടെ അവരുടെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
3) വേവ്സ് ബസാർ (WAVES Bazaar): ഫിലിംസ്, ഗെയിം ഡെവലപ്പർമാർ, ആനിമേഷൻ & വിഎഫ്എക്സ് സേവനങ്ങൾ, എക്സ്ആർ, വിആർ & എആർ സേവനങ്ങൾ, റേഡിയോ & പോഡ്‌കാസ്റ്റ്, കോമിക്സ് & ഇ-ബുക്കുകൾ, വെബ്-സീരീസ്, സംഗീതം എന്നിവയ്ക്കായുള്ള ആഗോള ഇ-മാർക്കറ്റ് പ്ലേസ് ആണിത്. "ക്രാഫ്റ്റ്-ടു-കൊമേഴ്‌സ്" എന്ന നിലയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സംരംഭം ക്യുറേറ്റഡ് ഫെസ്റ്റിവൽ/ഇവൻ്റ് പങ്കാളിത്തം, ബി2ബി മീറ്റിംഗുകൾ, സഹ-നിർമ്മാണങ്ങൾ, നിക്ഷേപങ്ങൾ, സഹകരണങ്ങൾ എന്നിവയിലൂടെ വ്യവസായ പങ്കാളികളുമായി ഏകോപിപ്പിച്ച് ഇന്ത്യൻ സ്രഷ്ടാക്കളേയും സ്ഥാപനങ്ങളേയും ആഗോള, ആഭ്യന്തര വിപണികളുമായി ബന്ധിപ്പിക്കുന്നു.
ആഗോള, ആഭ്യന്തര ഔട്ട്റീച്ച് പരിപാടി (ഓഗസ്റ്റ്–ഡിസംബർ 2025)
2025 ഓഗസ്റ്റിനും നവംബറിനും ഇടയിൽ, നാല് ഭൂഖണ്ഡങ്ങളിലായി നടന്ന 12 പ്രധാന അന്താരാഷ്ട്ര പരിപാടികളിലും, 4 പ്രധാന ആഭ്യന്തര വ്യവസായ പരിപാടികളിലും വേവ്സ് ബസാർ വിപുലമായ പ്രചാരണ പരിപാടികൾ നടത്തി. ഈ ഇടപെടലുകൾ അഭൂതപൂർവമായ വളർച്ചയ്ക്കും താഴെ പറയുന്ന നേട്ടങ്ങൾക്കും കാരണമായി:
. ഏകദേശം 4,334 കോടി രൂപയുടെ സാധ്യതയുള്ള ബിസിനസ്സ്, നിക്ഷേപ ചർച്ചകൾ നടന്നു.
. 10 ധാരണാപത്രങ്ങൾ /എൽഒഐകൾ ഒപ്പുവച്ചു, 3 എണ്ണം നിർദ്ദേശിക്കപ്പെട്ടു.
. 9000-ലധികം ആസൂത്രിതമായ ബിസിനസ് മീറ്റിംഗുകൾക്ക് (B2B) സൗകര്യമൊരുക്കി.
. ഇന്ത്യ-ജപ്പാൻ ക്രിയേറ്റീവ് കോറിഡോർ, ഇന്ത്യ-കൊറിയ AVGC സഹകരണ ചട്ടക്കൂട്, ഇന്ത്യ-ഓസ്‌ട്രേലിയ ക്രിയേറ്റീവ് കൊളാബറേഷൻ എന്നിവയ്ക്ക് തുടക്കം കുറിച്ചു.
പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളിൽ മെൽബൺ ഫിലിം ഫെസ്റ്റിവൽ, ഗെയിംസ്കോം, വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഒസാക്ക വേൾഡ് എക്സ്പോ, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF 50), ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടോക്കിയോ ഗെയിം ഷോ, ഐബർസീരീസ്, MIPCOM, റെഡ് സീ ഫിലിം ഫെസ്റ്റിവൽ, ഫോക്കസ് ലണ്ടൻ, സിംഗപ്പൂരിലെ ഏഷ്യ ടിവി ഫോറം മാർക്കറ്റ് എന്നിവ ഉൾപ്പെടുന്നു.
പ്രധാന ആഭ്യന്തര പങ്കാളിത്തങ്ങൾ: ഐഎഫ്എഫ്ഐ/വേവ്സ് ഫിലിം ബസാർ (ഗോവ), ഇന്ത്യ ജോയ് (ഹൈദരാബാദ്), ഐജിഡിസി (ചെന്നൈ), സിഐഐ- ബിഗ് പിക്ചർ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT)
ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് (VFX), ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നീ മേഖലകൾക്കായി 2024 സെപ്റ്റംബർ 19-ന് മുംബൈയിൽ ഒരു നാഷണൽ സെൻ്റർ ഓഫ് എക്സലൻസ് (NCoE) കേന്ദ്ര സർക്കാർ സ്ഥാപിച്ചു. ഇതിനായി 391.15 കോടി രൂപയുടെ ബജറ്റ് സഹായം അനുവദിച്ചു. ഈ സ്ഥാപനം പിന്നീട് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT)’ എന്നറിയപ്പെട്ടു. എഫ്ഐസിസിഐ- യും സിഐഐ- യും വ്യവസായ പങ്കാളികളായുള്ള ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. മുംബൈയിലെ എൻ.എഫ്.ഡി.സി ക്യാമ്പസിലാണ് ഇതിൻ്റെ താത്കാലിക ക്യാംപസ് പ്രവർത്തനം ആരംഭിച്ചത്.
പ്രവർത്തനത്തിൻ്റെ ആദ്യ ഘട്ടം 2025 ജൂലൈ 18-ന് മുംബൈയിലെ IICT-NFDC ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു. അത്യാധുനിക ക്ലാസ് മുറികളും എട്ട് നൂതന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമർപ്പിത സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെൻ്ററും ഉൾപ്പെടെ പൂർണ്ണമായും പ്രവർത്തനക്ഷമമായ നാല് നിലകളാണ് (4 മുതൽ 7 വരെ) ഇവിടെയുള്ളത്. ആഗോള വ്യവസായ മാനദണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രൊഫഷണൽ ഗ്രേഡ് സ്ക്രീനിംഗ്, സൗണ്ട് ഡിസൈൻ, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള ഒരു ഹൈ-എൻഡ് തിയേറ്റർ സൗകര്യവും ഇവിടെ പൂർത്തിയായി. ഗോരേഗാവ് ഫിലിം സിറ്റിയിൽ 10 ഏക്കറിലായി നിർമ്മിക്കുന്ന സ്ഥിരം ക്യാംപസിലേക്ക് IICT- യുടെ ദർശനം വ്യാപിക്കുന്നു. AR/VR/XR മേഖലകളിൽ പ്രായോഗിക പരിശീലനം നല്കുന്ന അത്യാധുനിക ഇമ്മേഴ്‌സീവ് സ്റ്റുഡിയോ ഇവിടെ സജ്ജീകരിക്കും. ഇത് ഇന്ത്യയുടെ വിനോദ വ്യവസായത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യാർത്ഥികളെ നേരിട്ട് ഉൾപ്പെടുത്തുന്നു.
പ്രധാന പുരോഗതികൾ:
a) ഗൂഗിൾ, മെറ്റാ, എൻവിഡിയ, മൈക്രോസോഫ്റ്റ്, ആപ്പിൾ, അഡോബ്, WPP തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതികവിദ്യ,മീഡിയ കമ്പനികളുമായി ഒന്നിലധികം ധാരണാപത്രങ്ങളിലൂടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചു.
b) ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വെബ്‌സൈറ്റിൽ (https://www.iict.org) ആകെ 18 കോഴ്‌സുകൾ പ്രസിദ്ധീകരിച്ചു. വിവിധ പ്രോഗ്രാമുകളിലായി നൂറിലധികം വിദ്യാർത്ഥികൾ ഇതിനകം പ്രവേശനം നേടി. നിലവിൽ 8 സ്റ്റാർട്ടപ്പുകളാണ് IICT-യിൽ ഇൻകുബേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
ഇന്ത്യയുടെ ലൈവ് ഇവൻ്റ് വ്യവസായം
കോൺസേർട്ട് സമ്പദ്‌വ്യവസ്ഥയെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായി മാറ്റുക എന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ലൈവ് ഇവൻ്റ് ഡെവലപ്‌മെൻ്റ് സെൽ (LEDC) രൂപീകരിച്ചു. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവർ ഈ സെല്ലിൽ ഉൾപ്പെടുന്നു. ഈ മേഖലയുടെ ഏകോപിതവും ഘടനാപരവുമായ വളർച്ച സുഗമമാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ
· ഫയർ ഫോഴ്സ്, ട്രാഫിക്, നഗരസഭ തുടങ്ങിയവയിൽ നിന്നുള്ള അനുമതികൾക്ക് വേഗത്തിലുള്ള അംഗീകാരങ്ങളും നിക്ഷേപ സൗഹൃദ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനായി ഇന്ത്യ സിനിമ ഹബ് (ICH) പ്ലാറ്റ്‌ഫോമിൽ സിംഗിൾ-വിൻഡോ ക്ലിയറൻസ് സംവിധാനം വികസിപ്പിക്കുന്നു.
· സംസ്ഥാനങ്ങൾക്കായുള്ള മാതൃകാ SOP-കൾ തയ്യാറാക്കുകയും അനാവശ്യ അനുമതികൾ ഒഴിവാക്കുകയും ചെയ്യുക.
ഡിജിറ്റൽ പൈറസി തടയുന്നതിനുള്ള സർക്കാർ നടപടികൾ
ചലച്ചിത്ര, വിനോദ മേഖലയുൾപ്പെടെയുള്ള സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയിൽ പൈറസിയുടെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാണ്. പൈറസി എന്ന പ്രശ്നം പരിഹരിക്കുന്നതിനായി നിയമനിർമ്മാണം, കർശനമായ നടപ്പാക്കൽ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെയുള്ള ബഹുതല സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പൈറസി വിരുദ്ധ തന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകോപിതമായ പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി ആഭ്യന്തരം, MeitY, DPIIT, ടെലികോം എന്നിവയുൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു അന്തർ-മന്ത്രാലയ സമിതി (IMC) രൂപീകരിച്ചു.
ദൂരദർശൻ്റേയും കമ്മ്യൂണിറ്റി റേഡിയോയുടേയും നേട്ടങ്ങൾ
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും വിദ്യാഭ്യാസപരമായി സഹായിക്കുന്നതിനും നല്കിയ സംഭാവനകൾ പരിഗണിച്ച് ദൂരദർശന് ഇസിഐ മീഡിയ അവാർഡ് (ടിവി വിഭാഗം) ലഭിച്ചു. 2025 ജനുവരി 25-ന് ദേശീയ വോട്ടർ ദിനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചു.
പ്രാദേശിക ആശയവിനിമയം, വിദ്യാഭ്യാസം, വികസനം എന്നിവയ്ക്കുള്ള പ്രധാന മാർഗ്ഗമായി 2025-ലും കമ്മ്യൂണിറ്റി റേഡിയോ വിപുലീകരണം തുടർന്നു. ഈ വർഷം 22 പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടെ രാജ്യത്തുടനീളമുള്ള ആകെ സ്റ്റേഷനുകളുടെ എണ്ണം 551 ആയി ഉയർന്നു. മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ നാഷണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം സംഘടിപ്പിച്ചു. കൂടാതെ, കമ്മ്യൂണിറ്റി റേഡിയോ സൗകര്യമില്ലാത്ത മേഖലകളിലും സ്റ്റേഷനുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 5 ബോധവൽക്കരണ ശില്പശാലകളും ഒരു പ്രാദേശിക സമ്മേളനവും സംഘടിപ്പിച്ചു.
IFFI 2025 (56-ാംപതിപ്പ്), വേവ്സ് / ഫിലിം ബസാർ
· ഗോവയിൽ നടന്ന 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI 2025) 81 രാജ്യങ്ങളിൽ നിന്നായി 240-ലധികം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. നിരവധി ആഗോള, അന്തർദ്ദേശീയ, ഏഷ്യൻ പ്രീമിയറുകൾക്ക് വേദിയായ ഈ മേള ഒരു പ്രധാന അന്താരാഷ്ട്ര ചലച്ചിത്രോത്സവമെന്ന നിലയിലുള്ള അതിൻ്റെ സ്ഥാനം അടിവരയിടുന്നു.
· നവീകരണത്തിനും ഉൾക്കൊള്ളലിനും മുൻഗണന നൽകിയ IFFI 2025-ൽ, ഇന്ത്യയിലെ ആദ്യത്തെ എഐ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കൂടാതെ വിഎഫ്എക്സ് , സിജിഐ, ഡിജിറ്റൽ പ്രൊഡക്ഷൻ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ നടത്തിക്കൊണ്ട് ചലച്ചിത്രമേളയെ പുതിയ സാങ്കേതികവിദ്യകളുമായും ഭാവിയിലെ തൊഴിൽ നൈപുണ്യങ്ങളുമായും ബന്ധിപ്പിച്ചു.
· പനാജിയിലൂടെ നടന്ന ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് പരേഡ് IFFI- യെ തെരുവ് തലത്തിലുള്ള ഒരു പൊതുജന ആഘോഷമായി മാറ്റി. ഇത് ചലച്ചിത്രമേളയുടെ ജനകേന്ദ്രീകൃതമായ ദേശീയ സാംസ്‌കാരിക പദവി ശക്തിപ്പെടുത്തുകയും ഗോവയെ ഒരു സർഗ്ഗാത്മക കേന്ദ്രമായി ബ്രാൻഡ് ചെയ്യുന്നതിന് ഊർജ്ജം നല്കുകയും ചെയ്തു.
. IFFI 2025 നോടൊപ്പം നടന്ന വേവ്സ് ഫിലിം ബസാർ, 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,500-ലധികം പ്രതിനിധികളുമായി അഭൂതപൂർവമായ ആഗോള പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഇത് ദക്ഷിണേഷ്യൻ ചലച്ചിത്ര വിപണിയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലുകളിൽ ഒന്നായി മാറി. ഇന്ത്യയുടെ ഉള്ളടക്ക ആവാസവ്യവസ്ഥയിലുള്ള ശക്തവും വളർന്നുവരുന്നതുമായ ആഗോള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ പരിപാടിയിൽ 15-ലധികം രാജ്യങ്ങളിൽ നിന്നുള്ള 320 പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.
സിബിഎഫ്‌സി (CBFC): ഡിജിറ്റൽ, ബഹുഭാഷാ, ലിംഗസമത്വ സർട്ടിഫിക്കേഷൻ രംഗത്തെ പുരോഗതി
· ഇ-സിനിപ്രമാൺ പോർട്ടലിലൂടെ സിബിഎഫ്‌സി ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രക്രിയ ലളിതമാക്കി. ഇതിലൂടെ അപേക്ഷകൾ പൂർണ്ണമായും ഇലക്ട്രോണിക് രീതിയിൽ പ്രോസസ്സ് ചെയ്യാനും ഡിജിറ്റലായി ഒപ്പിട്ട സുരക്ഷിതമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു.
. ഇ-സിനിപ്രമാൺ പോർട്ടലിൽ പുതിയ ബഹുഭാഷാ സർട്ടിഫിക്കേഷൻ മോഡ്യൂൾ ആരംഭിച്ചു. ഒരു സിനിമയുടെ വിവിധ ഭാഷാ പതിപ്പുകൾക്കായി ഇനി ഒരൊറ്റ അപേക്ഷ നല്കിയാൽ മതിയാകും. അംഗീകരിച്ച എല്ലാ ഭാഷകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏകീകൃതമായ ഒരു ബഹുഭാഷാ സർട്ടിഫിക്കറ്റാണ് ഇതിലൂടെ ലഭിക്കുന്നത്.
· സർട്ടിഫിക്കേഷൻ പ്രക്രിയയിൽ ലിംഗസമത്വം ശക്തിപ്പെടുത്തുന്നതിനായി, ഓരോ എക്സാമിനിംഗ്, റിവൈസിംഗ് കമ്മിറ്റികളിലും 50 ശതമാനം സ്ത്രീ പങ്കാളിത്തം സി.ബി.എഫ്.സി ഉറപ്പുവരുത്തി.
****
(रिलीज़ आईडी: 2210301)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada