പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 129-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (28-12-2025)
प्रविष्टि तिथि:
28 DEC 2025 11:47AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് വീണ്ടും സ്വാഗതം, അഭിനന്ദനങ്ങൾ. 2026 എന്ന വർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഒരു വർഷത്തിന്റെ മുഴുവൻ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു - നിരവധി ഫോട്ടോഗ്രാഫുകൾ, നിരവധി ചർച്ചകൾ, രാജ്യത്തെ ഒന്നിപ്പിച്ച നിരവധി നേട്ടങ്ങൾ. 2025 ഓരോ ഭാരതീയനും അഭിമാനം തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമുക്ക് നൽകി. ദേശീയ സുരക്ഷ മുതൽ കായിക മേഖലകൾ വരെ, ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഭാരതം എല്ലായിടത്തും ശക്തമായ ഒരു മുദ്ര പതിപ്പിച്ചു. ഈ വർഷം, 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഇന്നത്തെ ഭാരതം അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലോകം വ്യക്തമായി കണ്ടു. 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ, ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും ചിത്രങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നു. ആളുകൾ അവരുടെ വികാരങ്ങൾ അവരുടേതായ രീതിയിൽ പ്രകടിപ്പിച്ചു.
സുഹൃത്തുക്കളേ, 'വന്ദേമാതരം' 150 വർഷം പൂർത്തിയാക്കിയപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നു. '#വന്ദേമാതരം150' ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ പ്രചാരണത്തിൽ നാട്ടുകാർ ആവേശത്തോടെ പങ്കെടുത്തു. സുഹൃത്തുക്കളേ, 2025 കായികരംഗത്തും അവിസ്മരണീയമായ ഒരു വർഷമായിരുന്നു. നമ്മുടെ പുരുഷ ക്രിക്കറ്റ് ടീം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടി. വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടി. Women’s Blind T20 ലോകകപ്പ് നേടി ഭാരതത്തിന്റെ പെൺമക്കൾ ചരിത്രം സൃഷ്ടിച്ചു. ഏഷ്യാ കപ്പ് ടി20യിലും അഭിമാനത്തോടെ ത്രിവർണ്ണ പതാക ഉയർത്തി. ഒരു പ്രതിബന്ധത്തിനും ആവേശത്തെ തടയാൻ കഴിയില്ലെന്ന് ലോക ചാമ്പ്യൻഷിപ്പിൽ നിരവധി മെഡലുകൾ നേടി പാരാ അത്‌ലറ്റുകൾ തെളിയിച്ചു. ശാസ്ത്ര-ബഹിരാകാശ മേഖലയിലും ഭാരതം വലിയ കുതിച്ചുചാട്ടം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഭാരതീയനായി ശുഭാൻഷു ശുക്ല മാറി. പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ശ്രമങ്ങളും 2025 ന്റെ മുഖമുദ്രയായി. ഭാരതത്തിലെ ചീറ്റകളുടെ എണ്ണം ഇപ്പോൾ 30-ൽ അധികമായി. 2025 ൽ വിശ്വാസം, സംസ്കാരം, ഭാരതത്തിന്റെ തനതായ പൈതൃകം എന്നിവയെല്ലാം ഒത്തുചേർന്നു. വർഷത്തിന്റെ തുടക്കത്തിൽ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. വർഷാവസാനം അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണച്ചടങ്ങ് ഓരോ ഭാരതീയനിലും അഭിമാനം നിറച്ചു. സ്വദേശിവസ്തുക്കളോടുള്ള ആവേശവും പ്രകടമായിരുന്നു. ഒരു ഭാരതീയന്റെ വിയർപ്പിൽ കുതിർന്നതും ഭാരത മണ്ണിന്റെ സുഗന്ധം നിറഞ്ഞതുമായ ഉല്പന്നങ്ങൾ മാത്രമാണ് ജനങ്ങൾ വാങ്ങുന്നത്. ഇന്ന്, 2025 ഭാരതത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വർഷം പല മേഖലകളിലും പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടിവന്നു എന്നതും സത്യമാണ്. ഇപ്പോൾ, 2026ൽ പുതിയ പ്രതീക്ഷകളോടും പുതിയ പ്രതിജ്ഞകളോടും കൂടി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം ഭാരതത്തെ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഭാരതത്തിന്റെ പ്രതീക്ഷയുടെ ഏറ്റവും വലിയ ഉറവിടം നമ്മുടെ യുവശക്തിയാണ്. ശാസ്ത്ര മേഖലയിലെ നമ്മുടെ നേട്ടങ്ങൾ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യയുടെ വികാസം എന്നിവ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഭാരതത്തിലെ യുവാക്കൾക്ക് എപ്പോഴും പുതിയത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, അവർ അത്രത്തോളം ബോധവാന്മാരുമാണ്. രാഷ്ട്രനിർമ്മാണത്തിൽ എങ്ങനെ തങ്ങളുടെ സംഭാവന കൂടുതൽ വർദ്ധിപ്പിക്കാമെന്ന് എന്റെ യുവ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. അവർക്ക് എങ്ങനെ അവരുടെ ആശയങ്ങൾ പങ്കിടാൻ കഴിയും? പല യുവസുഹൃത്തുക്കളും എന്റെ മുന്നിൽ അവരുടെ ആശയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്ന് ചോദിക്കുന്നു? നമ്മുടെ യുവ സഹപ്രവർത്തകരുടെ ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരമാണ് 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്'. ഇതിന്റെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം നടന്നു, ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് കുറച്ച് നാളുകൾക്കുള്ളിൽ നടക്കാൻ പോകുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം 12-ന് ദേശീയ യുവജന ദിനം ആഘോഷിക്കും. ഈ ദിവസം ഒരു 'യംഗ് ലീഡേഴ്‌സ് ഡയലോഗും' നടക്കും, ഞാൻ തീർച്ചയായും പങ്കെടുക്കും. നൂതനാശയങ്ങൾ, ഫിറ്റ്‌നസ്, സ്റ്റാർട്ടപ്പുകൾ, കൃഷി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നമ്മുടെ യുവാക്കൾ അവരുടെ ആശയങ്ങൾ പങ്കിടും. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ വളരെ ഉത്സുകനാണ്.
സുഹൃത്തുക്കളേ, ഈ പരിപാടിയിൽ നമ്മുടെ യുവാക്കളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നു. 50 ലക്ഷത്തിലധികം യുവാക്കൾ ഇതിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ഒരു ഉപന്യാസ മത്സരവും നടന്നു. ഈ മത്സരത്തിൽ തമിഴ്‌നാട് ഒന്നാമതും ഉത്തർപ്രദേശ് രണ്ടാമതും എത്തി.
സുഹൃത്തുക്കളേ, ഇന്ന്, രാജ്യമെമ്പാടുമുള്ള യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കുന്നു. യുവാക്കൾക്ക് അവരുടെ യോഗ്യതയും താൽപ്പര്യങ്ങളും അനുസരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ വികസിച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരു വേദിയാണ് 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ', ആശയങ്ങൾ പ്രവർത്തനത്തിലേക്ക് മാറ്റുന്ന മറ്റൊരു മാധ്യമം. സുഹൃത്തുക്കളേ, 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025' ഈ മാസം സമാപിച്ചു. ഈ ഹാക്കത്തണിൽ, 80-ലധികം സർക്കാർ വകുപ്പുകളുടെ 270-ലധികം പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ ഇടപെട്ട് പ്രവർത്തിച്ചു. ഗതാഗത പ്രശ്‌നം പോലുള്ള യഥാർത്ഥ ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ വിദ്യാർത്ഥികൾ നൽകി. ഇതിൽ 'സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്റ്'മായി ബന്ധപ്പെട്ട വളരെ രസകരമായ കാഴ്ചപ്പാടുകൾ യുവാക്കൾ പങ്കുവെച്ചു. സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള അവരുടെ ആശയങ്ങളും യുവാക്കൾ അവതരിപ്പിച്ചു. ഗ്രാമങ്ങളിലെ ഡിജിറ്റൽ ബാങ്കിംഗിനായുള്ള സൈബർ സുരക്ഷാ ഫ്രെയിം വർക്കിനെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി. കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിരവധി യുവാക്കൾ വ്യാപൃതരായിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ 7-8 വർഷത്തിനിടെ, 13 ലക്ഷത്തിലധികം വിദ്യാർത്ഥികളും 6,000-ത്തിലധികം സ്ഥാപനങ്ങളും 'സ്മാർട്ട് ഇന്ത്യ ഹാക്കത്തണിൽ' പങ്കെടുത്തിട്ടുണ്ട്. നൂറുകണക്കിന് പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങളും യുവാക്കൾ നൽകിയിട്ടുണ്ട്. ഇതുപോലുള്ള ഹാക്കത്തണുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ട്. ഈ ഹാക്കത്തണുകളുടെ ഭാഗമാകാൻ ഞാൻ എന്റെ യുവ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്നത്തെ ജീവിതം സാങ്കേതികവിദ്യയിൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ എടുത്തിരുന്ന മാറ്റങ്ങൾ ഇപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കുന്നു. ചിലപ്പോൾ, റോബോട്ടുകൾ മനുഷ്യർക്ക് പകരക്കാരാകുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മുടെ വേരുകളുമായി ബന്ധം പുലർത്തുന്നത് മനുഷ്യന്റെ വികാസത്തിന് നിർണായകമാണ്. നമ്മുടെ അടുത്ത തലമുറ പുതിയ ചിന്തകളും പുതിയ രീതികളും ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ മുറുകെ പിടിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
സുഹൃത്തുക്കളേ, നിങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെക്കുറിച്ച് കേട്ടിരിക്കണം. ഗവേഷണവും നൂതനാശയ വികസനവുമാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവിടത്തെ ചില വിദ്യാർത്ഥികൾ അവരുടെ പഠനത്തിലും ഗവേഷണത്തിലും, സംഗീതവും ഉൾപ്പെടുത്തണമെന്ന് കരുതി. അവിടെ നിന്നാണ് ഒരു ചെറിയ സംഗീത ക്ലാസ് ആരംഭിച്ചത്. വലിയ വേദിയോ വലിയ ബജറ്റോ ഇതിന് ആവശ്യമില്ലായിരുന്നു. ക്രമേണ, ഈ സംരംഭം വളർന്നു, ഇന്ന് നമ്മൾ അതിനെ 'ഗീതാഞ്ജലി IISc' എന്ന് വിളിക്കുന്നു. ഇത് ഇനി ഒരു ക്ലാസ് മാത്രമല്ല, കാമ്പസിന്റെ സാംസ്കാരിക കേന്ദ്രംതന്നെയാണ്. ഇത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം, നാടോടി പാരമ്പര്യങ്ങൾ, മറ്റ് ക്ലാസിക്കൽ വിഭാഗങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പരിശീലിക്കുന്നു. പ്രൊഫസർമാരും അവരുടെ കുടുംബങ്ങളും ഇതിനോടൊപ്പം ചേരുന്നു. ഇന്ന്, ഇരുനൂറിലധികം ആളുകൾ ഇതിന്റെ ഭാഗമാണ്. വിദേശത്തേക്ക് ചേക്കേറിയവർ പോലും ഓൺലൈനിൽ ചേരുകയും ഈ ഗ്രൂപ്പിന്റെ കണ്ണിയായിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.
സുഹൃത്തുക്കളേ, നമ്മുടെ വേരുകളുമായി ബന്ധം നിലനിർത്താനുള്ള ഈ ശ്രമം ഭാരതത്തിൽ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ താമസിക്കുന്ന ഭാരതീയരും ഇതിൽ പങ്കാളികളാകുന്നു. ഇതിന് ഒരുദാഹരണം, രാജ്യത്തിന് പുറത്ത് ദുബായ് ആണ്. അവിടെ താമസിക്കുന്ന കന്നഡ കുടുംബങ്ങൾ സ്വയം ഒരു പ്രധാന ചോദ്യം ഉന്നയിച്ചു: നമ്മുടെ കുട്ടികൾ സാങ്കേതിക ലോകത്ത് പുരോഗമിക്കുകയാണ്, പക്ഷേ അവർ സ്വന്തം ഭാഷയിൽ നിന്ന് അകന്നുപോകുകയാണോ? "കന്നഡ പാഠശാല" ജനിച്ചത് അങ്ങനെയാണ് - കുട്ടികളെ കന്നഡ എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഒരു ഉദ്യമം. ഇന്ന്, ആയിരത്തിലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ശരിക്കും, ‘കന്നഡ നാടു, നുഡി നമ്മ ഹെമ്മേ’. കന്നഡ ഭൂമിയും ഭാഷയും നമ്മുടെ അഭിമാനമാണ്.
സുഹൃത്തുക്കളേ, ഒരു പഴയ ചൊല്ലുണ്ട്: "മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്." മണിപ്പൂരിൽ നിന്നുള്ള ഒരു യുവാവായ മൊയിരാംഗ്ഥേം സേഠ് ഈ ചൊല്ല് വീണ്ടും സത്യമാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് 40 വയസ്സുപോലുമില്ല. മൊയിരാംഗ്ഥേം താമസിച്ചിരുന്ന മണിപ്പൂരിലെ ഉൾപ്രദേശത്ത് വൈദ്യുതിയുടെ ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ഈ വെല്ലുവിളി മറികടക്കാൻ, അദ്ദേഹം പ്രാദേശികമായ പരിഹാരമാർഗങ്ങളിൽ ഉറച്ചുനിന്നു, ഒടുവിൽ അദ്ദേഹത്തിന് പരിഹാരം ലഭിച്ചു. സൗരോർജ്ജം! നമ്മുടെ മണിപ്പൂരിൽ, സൗരോർജ്ജം ഉത്പാദിപ്പിക്കുന്നത് എന്തായാലും എളുപ്പമാണ്. അതിനാൽ, മൊയിരാംഗ്ഥേം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു കാമ്പെയ്‌ൻ ആരംഭിച്ചു, ഈ കാമ്പെയ്‌ൻ കാരണം, ഇന്ന് അദ്ദേഹത്തിന്റെ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ സൗരോർജ്ജം എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിലും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം സൗരോർജ്ജം ഉപയോഗിച്ചു എന്ന് എടുത്തുപറയണം. ഇന്ന്, അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാരണം, മണിപ്പൂരിലെ നിരവധി ഹെൽത്ത് സെന്ററുകളിൽ സൗരോർജ്ജം ലഭിക്കുന്നു. മണിപ്പൂരിലെ സ്ത്രീശക്തിക്കും ഈ പ്രവർത്തനത്തിൽ നിന്ന് ധാരാളം പ്രയോജനം ലഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും കലാകാരന്മാർക്കും ഇത് സഹായകമായി.
സുഹൃത്തുക്കളേ, ഇന്ന്, 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന' പ്രകാരം, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സർക്കാർ ഏകദേശം 75,000 മുതൽ 80,000 രൂപ വരെ നൽകുന്നു. മൊയിരാംഗ്ഥേമിന്റെ ശ്രമങ്ങൾ വ്യക്തിപരമാണെങ്കിലും, സൗരോർജ്ജവുമായി ബന്ധപ്പെട്ട എല്ലാ കാമ്പെയ്‌നുകൾക്കും അവ പുതിയ പ്രചോദനം നൽകുന്നു. 'മൻ കി ബാത്ത്' വഴി ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി നമുക്ക് ജമ്മു കശ്മീരിലേക്ക് പോകാം. ജമ്മു കശ്മീരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെക്കുറിച്ചുള്ള ഒരു കഥ ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ, ജെഹൻപോര എന്നൊരു സ്ഥലമുണ്ട്. വർഷങ്ങളായി ആളുകൾ അവിടെ ചില കുന്നുകൾ കാണുന്നുണ്ടായിരുന്നു. ഇവ സാധാരണ കുന്നുകളായിരുന്നു, ഇവ എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീട്, ഒരു ദിവസം, ഒരു പുരാവസ്തു ഗവേഷകൻ ഇവയെ ശ്രദ്ധിച്ചു. അദ്ദേഹം ഈ പ്രദേശം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ, ഈ കുന്നുകൾ അസാധാരണമായി തോന്നി. ഇതിനെത്തുടർന്ന്, ഈ കുന്നുകളെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു. മുകളിൽ നിന്ന് ഫോട്ടോയെടുക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു, ഭൂമി മാപ്പ് ചെയ്തു. തുടർന്ന് ചില അത്ഭുതകരമായ കാര്യങ്ങൾ കണ്ടെത്തി. ഈ കുന്നുകൾ പ്രകൃതിദത്തമല്ലെന്ന് തെളിഞ്ഞു. അവ ഒരു വലിയ മനുഷ്യനിർമിത ഘടനയുടെ അവശിഷ്ടങ്ങളായിരുന്നു. അത് രസകരമായ ഒരു ബന്ധത്തിന് വഴി തെളിച്ചു. കശ്മീരിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ഫ്രാൻസിലെ ഒരു മ്യൂസിയത്തിന്റെ ആർക്കൈവുകളിൽ നിന്ന് പഴയതും മങ്ങിയതുമായ ഒരു ഫോട്ടോ കണ്ടെത്തി. ബാരാമുള്ളയുടെ ആ ഫോട്ടോയിൽ മൂന്ന് ബുദ്ധ സ്തൂപങ്ങൾ ദൃശ്യമായിരുന്നു. ഇവിടെ നിന്ന്, കാര്യങ്ങൾ വഴിതിരിഞ്ഞു. കശ്മീരിന്റെ മഹത്തായ ഭൂതകാലം നമുക്ക് വെളിപ്പെട്ടു. ഈ ചരിത്രം ഏകദേശം രണ്ടായിരം വർഷങ്ങൾ പഴക്കമുള്ളതാണ്. കശ്മീരിലെ ജെഹൻപോറയിലുള്ള ഈ ബുദ്ധസമുച്ചയം, കശ്മീരിന്റെ ഭൂതകാലത്തെയും അതിന്റെ സമ്പന്നമായ സ്വത്വത്തെയും ഓർമ്മിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഹൃദയസ്പർശിയായ ഒരുദ്യമത്തെക്കുറിച്ച് ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി ഫിജിയിൽ ഒരു അഭിനന്ദനീയമായ സംരംഭം നടക്കുന്നുണ്ട്. അവിടത്തെ പുതിയ തലമുറയെ തമിഴ് ഭാഷയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ തലങ്ങളിൽ തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഫിജിയിലെ റാക്കി-റാക്കി മേഖലയിലെ ഒരു സ്കൂളിൽ ആദ്യമായി തമിഴ് ദിനം ആഘോഷിച്ചു. ആ ദിവസം, കുട്ടികൾക്ക് അവരുടെ ഭാഷയിൽ അഭിമാനിതരാകാനുള്ള ഒരു വേദി ലഭിച്ചു. അവർ തമിഴിൽ കവിതകൾ ചൊല്ലി, പ്രസംഗങ്ങൾ നടത്തി, ആത്മവിശ്വാസത്തോടെ വേദിയിൽ അവരുടെ സംസ്കാരം പ്രദർശിപ്പിച്ചു.
സുഹൃത്തുക്കളേ, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തിനുള്ളിൽ തുടർച്ചയായി നടക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ പാർലമെന്റ് മണ്ഡലമായ കാശിയിൽ നാലാമത്തെ "കാശി തമിഴ് സംഗമം" നടന്നു. ഇപ്പോൾ, ഞാൻ നിങ്ങളുമായി ഒരു ഓഡിയോ ക്ലിപ്പ് പങ്കിടാൻ പോകുന്നു. തമിഴ് സംസാരിക്കാൻ ശ്രമിക്കുന്ന ഈ കുട്ടികൾ എവിടെ നിന്നുള്ളവരാണെന്ന് കേട്ട് ഊഹിക്കുക.
# (ഓഡിയോ ക്ലിപ്പ് 1 പായൽ) #
സുഹൃത്തുക്കളേ, തമിഴിൽ വളരെ ഒഴുക്കോടെ സംസാരിക്കുന്ന ഈ കുട്ടികൾ വാരണാസിയിലെ കാശിയിൽ നിന്നുള്ളവരാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അവരുടെ മാതൃഭാഷ ഹിന്ദിയാണ്, പക്ഷേ തമിഴ് ഭാഷയോടുള്ള അവരുടെ താല്പര്യമാണ് അവരെ തമിഴ് പഠിക്കാൻ പ്രേരിപ്പിച്ചത്. ഈ വർഷം, വാരണാസിയിൽ നടന്ന 'കാശി തമിഴ് സംഗമ' വേളയിൽ, തമിഴ് പഠിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി. 'തമിഴ് പഠിക്കുക - തമിഴ് കർക്കലാം' എന്ന വിഷയത്തിൽ, വാരണാസിയിലെ 50-ലധികം സ്കൂളുകളിൽ പ്രത്യേക കാമ്പെയ്‌നുകളും നടത്തി. ഇതിന്റെ ഫലങ്ങൾ ഈ ഓഡിയോ ക്ലിപ്പിൽ നമുക്ക് കേൾക്കാം.
# (ഓഡിയോ ക്ലിപ്പ് 2 വൈഷ്ണവി) #
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യവും വളരെ സമ്പന്നമാണ്. 'മൻ കി ബാത്തി'ൽ 'കാശി തമിഴ് സംഗമ'ത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കുട്ടികളിലും യുവാക്കളിലും തമിഴ് ഭാഷയോട് ഒരു പുതുതാൽപ്പര്യം ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു - ഇതാണ് ഭാഷയുടെ ശക്തി, ഇതാണ് ഭാരതത്തിന്റെ ഐക്യം.
സുഹൃത്തുക്കളേ, അടുത്ത മാസം നമ്മൾ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. അത്തരം അവസരങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, സ്വാതന്ത്ര്യ സമര സേനാനികളോടും ഭരണഘടനാ ഉപജ്ഞാതാക്കളോടും നമ്മൾ നന്ദിയുള്ളവരായിരിക്കും. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനായി ഒരു നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകി. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിന്റെ നിരവധി നായകന്മാർക്കും നായികമാർക്കും അർഹമായ ബഹുമാനം ലഭിച്ചില്ല. അത്തരമൊരു സ്വാതന്ത്ര്യ സമര സേനാനിയാണ് ഒഡീഷയിലെ പാർവതി ഗിരി. അവരുടെ ജന്മശതാബ്ദി 2026 ജനുവരിയിൽ ആഘോഷിക്കും. 16-ാം വയസ്സിൽ അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തു. സുഹൃത്തുക്കളേ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനുശേഷം, പാർവതി ഗിരി തന്റെ ജീവിതം സാമൂഹിക സേവനത്തിനും ആദിവാസി ക്ഷേമത്തിനുമായി സമർപ്പിച്ചു. അവർ നിരവധി അനാഥാലയങ്ങൾ സ്ഥാപിച്ചു. അവരുടെ പ്രചോദനാത്മകമായ ജീവിതം തലമുറകൾക്ക് വഴികാട്ടിയാണ്.
"പാർവതി ഗിരി ജിങ്കു ശ്രദ്ധാഞ്ജലി അർപ്പൺ കരുഛി. പാർവതിഗിരിക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു."
സുഹൃത്തുക്കളേ, നമ്മുടെ പൈതൃകം മറക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീരന്മാരുടെയും വീരാംഗനകളുടെയും മഹത്തായ കഥ അടുത്ത തലമുറയ്ക്ക് കൈമാറണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചപ്പോൾ സർക്കാർ ഒരു പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിലെ ഒരു ഭാഗം "അൺസങ് ഹീറോസ്" എന്ന് ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാന്മാരെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഈ വെബ്‌സൈറ്റ് സന്ദർശിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "മൻ കി ബാത്ത്" സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു അത്ഭുതകരമായ അവസരം നൽകുന്നു. ഇന്ന്, നമുക്കെല്ലാവർക്കും ആശങ്കാജനകമായി മാറിയിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തിറക്കി. ന്യുമോണിയ, യു.ടി.ഐ. പോലുള്ള നിരവധി രോഗങ്ങൾക്കെതിരെ ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ലെന്ന് അതിൽ പറയുന്നു. ഇത് നമുക്കെല്ലാവർക്കും വളരെയധികം ആശങ്കാജനകമാണ്. റിപ്പോർട്ട് അനുസരിച്ച്, ഇതിനുള്ള ഒരു പ്രധാന കാരണം ആളുകൾ അശ്രദ്ധമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതാണ്. ആൻറിബയോട്ടിക്കുകൾ ചിന്തിക്കാതെ കഴിക്കേണ്ട മരുന്നുകളല്ല. അവ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഇക്കാലത്ത്, ഒരു ഗുളിക കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ രോഗങ്ങളും അണുബാധകളും ആൻറിബയോട്ടിക്കുകളാൽ നിയന്ത്രിക്കപ്പെടാൻ കഴിയാതെയായി. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആൻറിബയോട്ടിക്കുകളുടെ കാര്യത്തിൽ ഇത് മനസ്സിൽ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ പറയുന്നതെന്തെന്നാൽ - മരുന്നുകൾക്ക് ഗൈഡൻസ് ആൻറിബയോട്ടിക്കുകൾക്ക് ഡോക്ടർ - ആവശ്യമാണ്. ഈ ശീലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പരമ്പരാഗത കലകൾ സമൂഹത്തെ ശാക്തീകരിക്കുക മാത്രമല്ല, ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാർസാപുരം ജില്ലയിലെ ലെയ്‌സ് ക്രാഫ്റ്റ് ഇപ്പോൾ രാജ്യമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. തലമുറകളായി സ്ത്രീകളുടെ കൈകളിലാണ് ഈ ലെയ്‌സ് ക്രാഫ്റ്റ്. രാജ്യത്തെ സ്ത്രീകൾ ഇത് വളരെ ക്ഷമയോടെയും കൃത്യതയോടെയും സംരക്ഷിച്ചു. ഇന്ന്, ഈ പാരമ്പര്യം പുതിയ രൂപത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ആന്ധ്രാപ്രദേശ് സർക്കാരും നബാർഡും സംയുക്തമായി കരകൗശല വിദഗ്ധരെ പുതിയ ഡിസൈനുകൾ പഠിപ്പിക്കുകയും അവർക്ക് മികച്ച നൈപുണ്യ പരിശീലനം നൽകുകയും പുതിയ വിപണികളുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാർസാപുരം ലെയ്‌സിന് ജിഐ ടാഗും ലഭിച്ചു. ഇന്ന്, 500-ലധികം ഉൽപ്പന്നങ്ങൾ ഇതിൽ നിന്ന് നിർമ്മിക്കുന്നു, കൂടാതെ 250-ലധികം ഗ്രാമങ്ങളിലായി ഏകദേശം 100,000 സ്ത്രീകൾക്ക് ഇതിൽ നിന്ന് തൊഴിൽ ലഭിക്കുന്നു.
സുഹൃത്തുക്കളേ, പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, തദ്ദേശീയരെ ശാക്തീകരിക്കുന്ന ആളുകളെ മുന്നിലെത്തിക്കാനുള്ള ഒരു വേദി കൂടിയാണ് 'മൻ കി ബാത്ത്'. മണിപ്പൂരിലെ ചുരാചാന്ദ്പൂരിലെ മാർഗരറ്റ് രാംതാർസിം അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. മണിപ്പൂരിലെ പരമ്പരാഗത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ - മുള, മരം എന്നിവയിൽ നിന്ന് നിർമ്മിച്ച വസ്തുക്കൾ എന്നിവയെല്ലാം വിശാലമായ കാഴ്ചപ്പാടോടെയാണ് അവർ നോക്കിയത്. ഇതുമൂലം ഒരു കരകൗശല കലാകാരിയിൽ നിന്ന് ജനങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഒരു വ്യക്തിയായി അവർ മാറി. ഇന്ന്, മാർഗരറ്റിന്റെ യൂണിറ്റിൽ 50-ലധികം കലാകാരന്മാർ ജോലി ചെയ്യുന്നു, അവരുടെ കഠിനാധ്വാനത്തിലൂടെ, ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ, മണിപ്പൂരിൽ നിന്നുള്ള മറ്റൊരു ഉദാഹരണം സേനാപതി ജില്ലയിലെ താമസക്കാരിയായ ചോഖോനെ കൃചേനയാണ്. അവരുടെ കുടുംബം മുഴുവനും പരമ്പരാഗത കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. കൃചേന ഈ പരമ്പരാഗത അനുഭവം കൂടുതൽ വിപുലീകരിച്ചു. അവർ പുഷ്പകൃഷി അഭിനിവേശമാക്കി. ഇന്ന്, അവർ ഈ ജോലിയെ വിവിധ വിപണികളുമായി ബന്ധിപ്പിക്കുകയും തന്റെ പ്രദേശത്തെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, പരമ്പരാഗത അറിവ് ആധുനിക ദർശനത്തോടൊപ്പം ഉപയോഗിക്കുമ്പോൾ, അത് സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാർഗമായി മാറുമെന്നതിന്റെ തെളിവാണ് ഈ ഉദാഹരണം. സമാനമായ
വിജയ കഥകൾ നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കുക.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ കാര്യം, വർഷം മുഴുവനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവാന്തരീക്ഷം നിലനിൽക്കുന്നു എന്നതാണ്. മാത്രമല്ല, സംസ്ഥാനങ്ങളുടെ പ്രാദേശിക ഉത്സവങ്ങളും നടക്കുന്നു. അതായത്, നിങ്ങൾ യാത്ര ചെയ്യാൻ തീരുമാനിച്ചാൽ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു കോണ് അതിന്റേതായ സവിശേഷമായ ആഘോഷങ്ങൾക്കായി ഒരുങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അത്തരമൊരു ഉത്സവം നിലവിൽ റാൻ ഓഫ് കച്ചിൽ നടക്കുന്നുണ്ട്. ഈ വർഷം, കച്ച് റണോത്സവ് നവംബർ 23 ന് ആരംഭിച്ച് ഫെബ്രുവരി 20 വരെ തുടരും. കച്ചിന്റെ വൈവിധ്യമാർന്ന നാടോടി സംസ്കാരം - നാടോടി സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ എന്നിവ - ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. റാൻ ഓഫ് കച്ചിന്റെ ധവള ഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നത് തന്നെ ആനന്ദകരമായ ഒരു അനുഭവമാണ്. രാത്രിയിൽ, വൈറ്റ് റാൻ പ്രദേശത്ത് നിലാവ് പരക്കുമ്പോൾ, ആ കാഴ്ച അതിശയിപ്പിക്കുന്നതാണ്. റാൻ ഉത്സവിന്റെ ടെന്റ് സിറ്റി വളരെ ജനപ്രിയമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദേശത്തുനിന്നും പോലും 200,000-ത്തിലധികം ആളുകൾ റണോത്സവത്തിൽ പങ്കെടുത്തതായി എനിക്ക് വിവരം ലഭിച്ചു. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭാരതത്തിന്റെ വൈവിധ്യം ആസ്വദിക്കുകയും ചെയ്യുക.
സുഹൃത്തുക്കളേ, 2025 ലെ 'മൻ കി ബാത്ത്'ന്റെ അവസാന അദ്ധ്യായമാണിത്. 2026ൽ, ഇതേ ആവേശത്തോടെയും ഉത്സാഹത്തോടെയും അടുപ്പത്തോടെയും മനസ്സിലെ കാര്യങ്ങൾ പങ്കുവെക്കാൻ നമ്മൾ തീർച്ചയായും 'മൻ കി ബാത്ത്'ൽ ഒത്തുചേരും. 'മൻ കി ബാത്ത്' നമ്മളെയെല്ലാം പുതിയ ഊർജ്ജം, പുതിയ വിഷയങ്ങൾ, നാട്ടുകാരുടെ പ്രചോദനാത്മകമായ അസംഖ്യം കഥകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. എല്ലാ മാസവും ജനങ്ങൾ 'വികസിത ഭാരത'ത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പങ്കിടുന്ന നിരവധി സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നു. ഈ ദിശയിലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും പരിശ്രമങ്ങളും കാണുന്നത് ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഈ സന്ദേശങ്ങളെല്ലാം എന്നിലേക്ക് എത്തുമ്പോൾ, 'വികസിത ഭാരതം' എന്ന ദൃഢനിശ്ചയം തീർച്ചയായും സാക്ഷാത്ക്കരിക്കപ്പെടും. ഈ വിശ്വാസം എല്ലാ ദിവസവും കൂടുതൽ ശക്തമാകുന്നു. ഈ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയിൽ 2026 ഒരു പ്രധാന നാഴികക്കല്ലായിരിക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ജീവിതം സന്തോഷകരമാകട്ടെ. ഈ ആഗ്രഹത്തോടെ, ഈ അദ്ധ്യായത്തിന് വിടപറയുന്നതിനുമുമ്പ്, ഞാൻ തീർച്ചയായും പറയും - 'Fit India Movement' - നിങ്ങളെല്ലാവരും ശാരീരികക്ഷമതയിൽ ശ്രദ്ധിക്കണം. ഈ തണുപ്പുകാലം വ്യായാമത്തിന് വളരെ അനുയോജ്യമാണ്, വ്യായാമം ചെയ്യുക. 2026-ന്റെ എല്ലാ ആശംസകളും. നന്ദി. വന്ദേമാതരം.
*********
(रिलीज़ आईडी: 2209157)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
Punjabi
,
Punjabi
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Tamil
,
Kannada