വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാർത്തകളെയും ഡീപ്ഫേക്കുകളെയും ചെറുക്കാന്‍ ചട്ടക്കൂട് ശക്തിപ്പെടുത്തി കേന്ദ്രസർക്കാർ

प्रविष्टि तिथि: 12 DEC 2025 2:06PM by PIB Thiruvananthpuram
ഭരണഘടന അനുച്ഛേദം 19(1) പ്രകാരം രാജ്യത്തെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ജനാധിപത്യ പ്രക്രിയകളെയും ക്രമസമാധാനത്തെയും പ്രതികൂലമായി ബാധിക്കച്ചേക്കാവുന്ന തരത്തില്‍ വ്യാജവും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങളും നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകളും വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍  വർധിച്ചുവരുന്നത് സംബന്ധിച്ച് സർക്കാരിന് അവബോധമുണ്ട്.  
വസ്തുതാവിരുദ്ധമോ തെറ്റിദ്ധാരണാജനകമോ ആയ വിവരങ്ങള്‍ വാർത്തയായി അവതരിപ്പിക്കുന്നതാണ് വ്യാജ വാർത്ത എന്ന തരത്തില്‍ പൊതുവായി മനസ്സിലാക്കുന്നത്.  വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് നിയമപരവും സ്ഥാപനപരവുമായി വിപുലമായ  ചട്ടക്കൂട് നിലവിലുണ്ട്.

ഇലക്ട്രോണിക് മാധ്യമങ്ങൾ  

ടെലിവിഷന്‍ ചാനലുകള്‍ 1995 -ലെ കേബിൾ ടിവി നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) നിയമപ്രകാരം പ്രോഗ്രാം കോഡ്  പിന്തുടരുന്നു.  

അശ്ലീലമോ അപകീർത്തികരമോ മനഃപൂർവം തെറ്റായ വിവരങ്ങളോ തെറ്റിദ്ധാരണാജനകമായ സൂചനകളോ അര്‍ധ  സത്യങ്ങളോ അടങ്ങിയ  ഉള്ളടക്കം ഇത് വിലക്കുന്നു.

നിയമലംഘനങ്ങള്‍ തടയാന്‍ ഈ നിയമപ്രകാരം രൂപീകരിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍  ത്രിതല പരാതി പരിഹാര സംവിധാനം സ്ഥാപിക്കുന്നു:

ആദ്യതലം: പ്രക്ഷേപകരുടെ സ്വയം നിയന്ത്രണം
രണ്ടാംതലം: പ്രക്ഷേപകരുടെ സ്വയം-നിയന്ത്രണ സംഘടനകള്‍ വഴി നടപ്പാക്കുന്ന നിയന്ത്രണം
മൂന്നാംതലം: കേന്ദ്ര സര്‍ക്കാര്‍  ഏർപ്പെടുത്തുന്ന മേൽനോട്ട സംവിധാനം

ഉപദേശങ്ങൾ, മുന്നറിയിപ്പുകൾ, ക്ഷമാപണ സ്ക്രോളുകൾ, താൽക്കാലികമായി സംപ്രേക്ഷണം നിർത്തിവെയ്ക്കാന്‍ നല്‍കുന്ന നിർദേശങ്ങൾ എന്നിവയിലൂടെയാണ് പ്രോഗ്രാം കോഡ് ലംഘനങ്ങൾ  കൈകാര്യം ചെയ്യുന്നത്.  

അച്ചടി മാധ്യമങ്ങൾ  
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിക്കുന്ന പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങൾ വ്യാജമോ അപകീർത്തികരമോ തെറ്റിദ്ധാരണാജനകമോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് അച്ചടി മാധ്യമങ്ങളെ തടയുന്നു.

മാനദണ്ഡ ലംഘനങ്ങളെക്കുറിച്ച് പ്രസ് കൗണ്‍സിലിന് അന്വേഷിക്കാം.  

പരാതികൾ പരിശോധിച്ച ശേഷം  പത്രങ്ങൾക്കും എഡിറ്റർമാർക്കും പത്രപ്രവർത്തകർക്കും  മുന്നറിയിപ്പ്, താക്കീത്, ശാസന തുടങ്ങിയ നടപടികൾ പിസിഐ  സ്വീകരിക്കുന്നു.

ഡിജിറ്റൽ മാധ്യമങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളില്‍ വാർത്തയോ  സമകാലിക വിവരങ്ങളോ  പ്രസിദ്ധീകരിക്കുന്നവർക്ക് 2021 -ലെ ഐടി നിയമങ്ങൾ പ്രകാരം ധാര്‍മിക പെരുമാറ്റച്ചട്ടം  രൂപീകരിച്ചിട്ടുണ്ട്.

വസ്തുതാവിരുദ്ധമായ വിവരങ്ങളും പ്രകടമായി വ്യാജമോ അടിസ്ഥാനരഹിതമോ തെറ്റിദ്ധാരണാജനകമോ ആയ വിവരങ്ങളും പങ്കുവെക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയാൻ ഡിജിറ്റില്‍ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക്  ബാധ്യതയുണ്ട്.

പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് ത്രിതല പരാതി പരിഹാര സംവിധാനവും വ്യവസ്ഥ ചെയ്തിട്ടുണ്ട്:

വ്യാജമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിശ്ചിത സമയപരിധിയ്ക്കകം കൈകാര്യം ചെയ്യാൻ പരാതിപരിഹാര ഉദ്യോഗസ്ഥരെ പ്ലാറ്റ്‌ഫോമുകൾ നിയമിക്കണം.

പ്രകടമായി വ്യാജമോ വസ്തുതാവിരുദ്ധമോ തെറ്റിദ്ധാരണാജനകമോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാന്‍ ഐടി നിയമങ്ങളിലെ രണ്ടാം ഭാഗം പ്ലാറ്റ്ഫോമുകള്‍ക്ക്  ഉത്തരവാദിത്തം നൽകുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും  പ്രതിരോധത്തിനും രാജ്യസുരക്ഷയ്ക്കും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾക്കും ക്രമസമാധാനത്തിനുമൊപ്പം മേല്‍പ്പറഞ്ഞ  കാര്യങ്ങളുമായി ബന്ധപ്പെട്ട  കുറ്റകൃത്യപ്രേരണ തടയാനും ഐടി നിയമത്തിലെ വകുപ്പ് 69-എ പ്രകാരം സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.

ഫാക്ട് ചെക്ക് യൂണിറ്റ്  

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പരിശോധിക്കുന്നതിന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഫാക്റ്റ് ചെക്ക് യൂണിറ്റ്  സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും  അംഗീകൃത സ്രോതസ്സുകളിൽ നിന്ന് വാർത്തകളുടെ ആധികാരികത ഇതുവഴി പരിശോധിക്കുന്നു.

തുടർന്ന് ശരിയായ വിവരങ്ങൾ  ഫാക്ട്ചെക്ക് യൂണിറ്റ്  സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നു.

സമൂഹത്തിൻ്റെ അടിത്തറ രൂപീകരിക്കുന്ന സ്ഥാപനങ്ങളെയും ജനങ്ങളുടെ  വിശ്വാസ്യതയെയും സർക്കാർ ശക്തിപ്പെടുത്തുന്നു.  തെറ്റായ വിവരങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം സൃഷ്ടിപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് സർക്കാര്‍ സമീപനം.

രാജ്യസഭയിൽ ഇന്ന് ശ്രീ മുഹമ്മദ് നദിമുൽ ഹഖിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നല്‍കിയതാണ് ഈ വിവരങ്ങൾ.  
 
SKY
 
*****
 

(रिलीज़ आईडी: 2202938) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Gujarati , Tamil , Telugu , Kannada