പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ഡെഡിയാപാഡയിൽ ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ജൻജാതീയ ഗൗരവ് ദിവസ് പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
₹9,700 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി
ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ ബോധമണ്ഡലത്തിൻ്റെ അവിഭാജ്യ ഘടകമാണ് ഗോത്ര അഭിമാനം; രാജ്യത്തിന്റെ അഭിമാനവും ആത്മാഭിമാനവും സ്വാതന്ത്ര്യവും അപകടത്തിലായപ്പോഴെല്ലാം നമ്മുടെ ഗോത്രസമൂഹങ്ങൾ മുൻപന്തിയിൽ നിന്നു: പ്രധാനമന്ത്രി
സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ഗോത്ര സമൂഹത്തിൻ്റെ സംഭാവന നമുക്ക് മറക്കാൻ കഴിയില്ല: പ്രധാനമന്ത്രി
ഇന്ന് ഗോത്രഭാഷാ പ്രോത്സാഹന കേന്ദ്രത്തിനായുള്ള ശ്രീ ഗോവിന്ദ് ഗുരു ചെയറും ഉദ്ഘാടനം ചെയ്തു; ഭീൽ, ഗാമിത്, വസാവ, ഗരാസിയ, കോകനി, സന്താൾ, രഠ്‍വ, നായക്, ഡബ്‍ല, ചൗധരി, കോക്ന, കുംഭി, വാർലി, ദോഡിയ തുടങ്ങിയ ഗോത്രസമൂഹങ്ങളുടെ ഭാഷാഭേദങ്ങളെക്കുറിച്ച് ഈ കേന്ദ്രം പഠിക്കും; ഈ സമൂഹങ്ങളുമായി ബന്ധപ്പെട്ട കഥകളും പാട്ടുകളും സംരക്ഷിക്കപ്പെടും: പ്രധാനമന്ത്രി
അരിവാൾ കോശ രോഗം വളരെക്കാലമായി ആദിവാസി സമൂഹങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയിരുന്നു. ഇതിനെ ചെറുക്കുന്നതിനായി, ഗോത്രമേഖലകളിലെ ഡിസ്പെൻസറികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു; അരിവാൾ കോശ രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഒരു ക്യാമ്പയിൻ പുരോഗമിക്കുന്നു: പ്രധാനമന്ത്രി
ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തിൻ്റെ ഈ പുണ്യവേളയിൽ സബ്കാ സാഥ്, സബ്കാ വികാസ് എന്ന മന്ത്രത്തെ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞയെടുക്കണം; ആരും പുരോഗതിയിൽ പിന്നോട്ട് പോകരുത്, ആരും വികസനത്തിൽ നിന്ന് പുറത്താകരുത്; മണ്ണിന്റെ ആദരണീയ പുത്രൻ, ധർത്തി ആബയുടെ പാദങ്ങളിൽ അർപ്പിക്കുന്ന ഏറ്റവും വലിയ ആദരമാണിത്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
15 NOV 2025 5:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഡെഡിയാപാഡയിൽ വെച്ച് ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ജൻജാതീയ ഗൗരവ് ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. ചടങ്ങിൽ 9,700 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. മാ നർമ്മദയുടെ പുണ്യഭൂമി ഇന്ന് മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞ ശ്രീ മോദി, ഒക്ടോബർ 31 ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ഇതേ വേദിയിൽ ആഘോഷിച്ചതും ഇന്ത്യയുടെ ഐക്യവും വൈവിധ്യവും ആഘോഷിക്കുന്നതിനായി ഭാരത് പർവ് ആരംഭിച്ചതും അനുസ്മരിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തിന്റെ മഹത്തായ ആഘോഷത്തോടെ, ഭാരത് പർവിന്റെ പാരമ്യത്തിന് നാം സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ശുഭ വേളയിൽ അദ്ദേഹം ഭഗവാൻ ബിർസ മുണ്ടയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും മുഴുവൻ ഗോത്ര മേഖലകളിലും സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ ഉണർത്തിയ ഗോവിന്ദ് ഗുരുവിന്റെ അനുഗ്രഹങ്ങളും ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വേദിയിൽ വെച്ച് അദ്ദേഹം ഗോവിന്ദ് ഗുരുവിനും ആദരമർപ്പിച്ചു. കുറച്ച് മുമ്പ് തനിക്ക് ദേവ്മോഗ്ര മാതാവിൻ്റെ ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചുവെന്നും അവരുടെ പാദങ്ങളിൽ ഒരിക്കൽ കൂടി വണങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ത് കബീറിൻ്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രദേശമാണ് ഡെഡിയാപാഡയും സാഗ്ബാരയുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സന്ത് കബീറിൻ്റെ നാടായ വാരാണസിയിലെ പാർലമെൻ്റ് അംഗമാണ് താനെന്നും അതിനാൽ സന്ത് കബീറിന് തൻ്റെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വേദിയിൽ വെച്ച് അദ്ദേഹം സന്ത് കബീറിനും ആദരമർപ്പിച്ചു.
ദേശീയ വികസനവുമായും ഗോത്രവർഗ്ഗ ക്ഷേമവുമായും ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നിർവഹിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പി.എം.-ജൻമൻ (PM-JANMAN) പദ്ധതിക്കും മറ്റ് പദ്ധതികൾക്കും കീഴിൽ, ഈ മേഖലയിലെ ഒരു ലക്ഷം കുടുംബങ്ങൾക്ക് സ്ഥിരം വീടുകൾ നൽകി. നിരവധി ഏകലവ്യ മോഡൽ സ്കൂളുകളുടെയും ആശ്രമം സ്കൂളുകളുടെയും ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ബിർസ മുണ്ട ട്രൈബൽ യൂണിവേഴ്സിറ്റിയിൽ ശ്രീ ഗോവിന്ദ് ഗുരു ചെയർ സ്ഥാപിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യം, റോഡ്, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നിരവധി പദ്ധതികൾക്കും തുടക്കം കുറിച്ചു. ഈ വികസന, സേവന സംരംഭങ്ങൾക്ക് അദ്ദേഹം എല്ലാവരെയും അഭിനന്ദിച്ചു.
2021-ൽ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികം ഔദ്യോഗികമായി ജൻജാതീയ ഗൗരവ് ദിവസ് ആയി ആചരിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ഗോത്രവർഗ്ഗ അഭിമാനം ഇന്ത്യയുടെ ബോധമണ്ഡലത്തിൻ്റെ അവിഭാജ്യ ഘടകമാണ്. രാഷ്ട്രത്തിൻ്റെ അഭിമാനവും ആത്മാഭിമാനവും സ്വാതന്ത്ര്യവും അപകടത്തിലായപ്പോഴെല്ലാം ഗോത്രസമൂഹങ്ങൾ മുൻപന്തിയിൽ നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഈ ചൈതന്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗോത്രവർഗ്ഗ സമൂഹത്തിൽ നിന്നുള്ള എണ്ണമറ്റ ധീരന്മാർ സ്വാതന്ത്ര്യത്തിൻ്റെ ദീപശിഖ മുന്നോട്ട് കൊണ്ടുപോയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തിൽകാ മാഞ്ചി, റാണി ഗായിദിൻല്യു, സിദ്ധോ-കാൻഹോ, ഭൈരവ് മുർമു, ബുദ്ധു ഭഗത്, അല്ലൂരി സീതാരാമ രാജു എന്നിവരെ ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ പ്രചോദകരായ വ്യക്തികളായി അദ്ദേഹം പേരെടുത്തു പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള താന്തിയ ഭീൽ, ഛത്തീസ്ഗഡിൽ നിന്നുള്ള വീർ നാരായൺ സിംഗ്, ജാർഖണ്ഡിൽ നിന്നുള്ള തെലങ്ക ഖാഡിയ, അസമിൽ നിന്നുള്ള രൂപചന്ദ് കോംവർ, ഒഡീഷയിൽ നിന്നുള്ള ലക്ഷ്മൺ നായക് എന്നിവരെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വലിയ ത്യാഗങ്ങൾ ചെയ്ത ധീര വ്യക്തികളായി അദ്ദേഹം പരാമർശിച്ചു. ഗോത്രവർഗ്ഗ സമൂഹം എണ്ണമറ്റ കലാപങ്ങൾക്ക് നേതൃത്വം നൽകുകയും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി രക്തം ചിന്തുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗോത്ര സമൂഹത്തിൽ നിന്നുള്ള നിരവധി ധീരരായ ദേശസ്‌നേഹികളുടെ നാടാണ് ഗുജറാത്തെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഭഗത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഗോവിന്ദ് ഗുരു, പഞ്ച്മഹലിൽ ബ്രിട്ടീഷ് ഗവൺമെൻ്റിനെതിരെ നീണ്ട പോരാട്ടം നടത്തിയ രാജാ രൂപ്സിംഗ് നായക്, ഏകി പ്രസ്ഥാനത്തിന് തുടക്കമിട്ട മോത്തിലാൽ തേജാവത്, ഗാന്ധിജിയുടെ തത്വങ്ങൾ ഗോത്രസമൂഹത്തിലേക്ക് എത്തിച്ച ദശ്രിബെൻ ചൗധരി എന്നിവരെ അദ്ദേഹം പരാമർശിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ നിരവധി അധ്യായങ്ങൾ ഗോത്രവർഗ്ഗ അഭിമാനത്താലും വീര്യത്താലും അലങ്കരിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യസമരത്തിലെ ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ സംഭാവനകൾ ഭാവി തലമുറയിലേക്ക് കൈമാറേണ്ടതിൻ്റെ പ്രാധാന്യം ശ്രീ മോദി തുടർന്ന് ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളം നിരവധി ഗോത്രവർഗ്ഗ മ്യൂസിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ രാജ്പിപ്‍ലയിൽ 25 ഏക്കറിൽ ഒരു ഗോത്ര മ്യൂസിയം നിർമ്മിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഛത്തീസ്ഗഡ് സന്ദർശിച്ചപ്പോൾ അദ്ദേഹം അവിടെ ഷഹീദ് വീർ നാരായൺ സിംഗ് ഗോത്ര മ്യൂസിയം ഉദ്ഘാടനം ചെയ്ത കാര്യം അദ്ദേഹം പങ്കുവെച്ചു. ബിർസ മുണ്ടയെ തടവിലാക്കിയ ജയിൽ റാഞ്ചിയിൽ ഒരു ഗോത്ര മ്യൂസിയമായി വിപുലീകരിക്കുന്ന കാര്യവും അദ്ദേഹം പരാമർശിച്ചു.
ഗോത്രഭാഷാ പ്രോത്സാഹന കേന്ദ്രത്തിനായുള്ള ശ്രീ ഗോവിന്ദ് ഗുരു ചെയർ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച ശ്രീ മോദി, ഈ കേന്ദ്രം ഭീൽ, ഗാമിത്, വസാവ, ഗരാസിയ, കോകനി, സന്താൾ, രഠ്‍വ, നായക്, ഡബ്‍ല, ചൗധരി, കോക്ന, കുംഭി, വാർലി, ദോഡിയ തുടങ്ങിയ ഗോത്രസമൂഹങ്ങളുടെ ഭാഷാഭേദങ്ങളെക്കുറിച്ച് പഠിക്കുമെന്ന് പ്രസ്താവിച്ചു. ഈ സമൂഹങ്ങളുമായി ബന്ധപ്പെട്ട കഥകളും പാട്ടുകളും സംരക്ഷിക്കപ്പെടും. ആയിരക്കണക്കിന് വർഷത്തെ അനുഭവത്തിലൂടെ ആർജ്ജിച്ച അറിവ് ഗോത്രസമൂഹത്തിനുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ജീവിതരീതി ശാസ്ത്രത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ കഥകൾ തത്വചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്നും അവരുടെ ഭാഷകൾ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ് വഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സമ്പന്നമായ പാരമ്പര്യവുമായി പുതിയ തലമുറയെ ബന്ധിപ്പിക്കാൻ ശ്രീ ഗോവിന്ദ് ഗുരു ചെയർ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കോടിക്കണക്കിന് വരുന്ന നമ്മുടെ ഗോത്രവർഗ്ഗ സഹോദരങ്ങൾക്ക് സംഭവിച്ച അനീതിയെക്കുറിച്ചും ജൻജാതീയ ഗൗരവ് ദിവസ് ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച പ്രതിപക്ഷം ഗോത്രസമൂഹങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോത്രമേഖലകൾ പോഷകാഹാരക്കുറവ്, ആരോഗ്യപരിരക്ഷയുടെ അഭാവം, മതിയായ വിദ്യാഭ്യാസ സൗകര്യമില്ലായ്മ, മോശം കണക്റ്റിവിറ്റി എന്നിവയാൽ കഷ്ടപ്പെട്ടു. ഈ കുറവുകൾ ഗോത്രമേഖലകളുടെ നിർവചിക്കുന്ന സവിശേഷതകളായി മാറി, അതേസമയം മുൻ ഗവൺമെന്റുകൾ നിഷ്ക്രിയരായി തുടർന്നു. ഗോത്രക്ഷേമം എല്ലായ്പ്പോഴും തങ്ങളുടെ പാർട്ടിയുടെ പരമമായ മുൻഗണനയാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഗോത്രസമൂഹങ്ങൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാനും വികസനത്തിൻ്റെ പ്രയോജനങ്ങൾ അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ഗവൺമെന്റിൻ്റെ അചഞ്ചലമായ നിശ്ചയദാർഢ്യം ആവർത്തിച്ചുറപ്പിച്ചു.
ശ്രീ അടൽ ബിഹാരി വാജ്പേയി ജിയുടെ ഭരണകാലത്ത് തങ്ങളുടെ പാർട്ടി ഗോത്രകാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിച്ചുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. എന്നാൽ, അടൽ ജിയുടെ കാലശേഷം, തുടർന്നുള്ള ഭരണകൂടം ഈ മന്ത്രാലയത്തെ പത്ത് വർഷം അവഗണിച്ചു. 2013-ൽ അന്നത്തെ ഗവൺമെന്റ് ഗോത്രക്ഷേമത്തിനായി ഏതാനും ആയിരം കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷം ഗോത്ര താൽപ്പര്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുകയും മന്ത്രാലയത്തിൻ്റെ ബജറ്റ് വർദ്ധിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന്, ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ ബജറ്റ് പലമടങ്ങ് വർദ്ധിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഗുജറാത്തിലെ ഗോത്രമേഖലകളുടെ അവസ്ഥ ഒരു കാലത്ത് അത്ര നല്ലതല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അംബാജി മുതൽ ഉമർഗാം വരെയുള്ള ഗോത്രമേഖലകളിൽ ഒരൊറ്റ ശാസ്ത്ര സ്കൂൾ പോലും ഉണ്ടായിരുന്നില്ലെന്ന് എടുത്തുപറഞ്ഞു. ഡെഡിയാപാഡ, സാഗ്ബാര തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തൻ്റെ കാലം ഓർത്തെടുത്തുകൊണ്ട്, ഡെഡിയാപാഡയിൽ നിന്നാണ് താൻ കന്യാ കേളവാണി മഹോത്സവം ആരംഭിച്ചതെന്ന് അദ്ദേഹം പരാമർശിച്ചു. ആ സമയത്ത് നിരവധി കുട്ടികൾ തന്നെ കാണാൻ വരുമായിരുന്നു—ചിലർ ഡോക്ടർമാരാകാൻ ആഗ്രഹിച്ചു, മറ്റു ചിലർ എഞ്ചിനീയർമാരോ ശാസ്ത്രജ്ഞരോ ആകാൻ ആഗ്രഹിച്ചു. മുന്നോട്ട് പോകാൻ താൻ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സാഹചര്യത്തിൽ മാറ്റം വരുത്തുന്നതിനായി അശ്രാന്ത പരിശ്രമം നടത്തിയതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. അതിൻ്റെ ഫലമായി, ഇപ്പോൾ ഗുജറാത്തിലെ ഗോത്രമേഖലയിൽ 10,000-ത്തിലധികം സ്കൂളുകളുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഡസൻ കണക്കിന് സയൻസ്, കൊമേഴ്സ്, ആർട്സ് കോളേജുകൾ ഗോത്രമേഖലകളിൽ സ്ഥാപിക്കപ്പെട്ടു. ഗോത്രവർഗ്ഗ കുട്ടികൾക്കായി തങ്ങളുടെ ഗവൺമെന്റ് നൂറുകണക്കിന് ഹോസ്റ്റലുകൾ നിർമ്മിക്കുകയും ഗുജറാത്തിൽ രണ്ട് ഗോത്ര സർവ്വകലാശാലകൾ സ്ഥാപിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ശ്രമങ്ങൾ ഈ മേഖലയിൽ കാര്യമായ പരിവർത്തനത്തിന് കാരണമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരുപത് വർഷം മുമ്പ്, കുട്ടികൾ തന്നോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ സ്വപ്നങ്ങൾ ഉണ്ടായിരുന്നു—ചിലർ ഡോക്ടർമാരാകാനും മറ്റു ചിലർ എഞ്ചിനീയർമാരോ ശാസ്ത്രജ്ഞരോ ആകാനും ആഗ്രഹിച്ചു. ഇന്ന്, ആ കുട്ടികളിൽ പലരും ഡോക്ടർമാരും എഞ്ചിനീയർമാരും ഗവേഷകരുമായി മാറി. ഗോത്രവർഗ്ഗ കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാൻ ഗവൺമെന്റ് രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനുള്ളിൽ മാത്രം രാജ്യത്തുടനീളമുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി കേന്ദ്ര ഗവൺമെന്റ് ₹18,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ അവശ്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി, ഈ സ്കൂളുകളിൽ ചേരുന്ന ഗോത്രവർഗ്ഗ കുട്ടികളുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധനവുണ്ടായി.
ഗോത്രവർഗ്ഗ യുവജനങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ, എല്ലാ മേഖലകളിലും മികവ് പുലർത്താനുള്ള ശക്തി അവർക്കുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, അവരുടെ ധൈര്യം, കഠിനാധ്വാനം, കഴിവ് എന്നിവ പാരമ്പര്യമായി ലഭിച്ചതാണെന്ന് അഭിപ്രായപ്പെട്ടു. കായികരംഗം ഇന്ന് ഇതിന് വ്യക്തമായ ഉദാഹരണമായി നിലകൊള്ളുന്നുവെന്നും ഗോത്രവർഗ്ഗ യുവജനങ്ങൾ ലോകമെമ്പാടും ത്രിവർണ്ണ പതാകയുടെ അഭിമാനം ഉയർത്തുന്നതിൽ കാര്യമായ സംഭാവനകൾ നൽകുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മേരി കോം, തോന്നയ്ക്കൽ ഗോപി, ദ്യുതി ചന്ദ്, ബൈച്ചുങ് ബൂട്ടിയ തുടങ്ങിയ പേരുകൾ മുൻപ് സുപരിചിതമായിരുന്നെങ്കിൽ, ഇപ്പോൾ എല്ലാ പ്രധാന മത്സരങ്ങളിലും ഗോത്രമേഖലകളിൽ നിന്ന് പുതിയ കായികതാരങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചുവെന്നും ആ വിജയത്തിൽ ഗോത്രസമൂഹത്തിൽ നിന്നുള്ള ഒരു മകൾ നിർണ്ണായക പങ്ക് വഹിച്ചുവെന്നും പ്രധാനമന്ത്രി പങ്കുവെച്ചു. ഗോത്രമേഖലകളിലെ പുതിയ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഗവൺമെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഗോത്രമേഖലകളിൽ കായിക സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നോക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുക എന്ന കാഴ്ചപ്പാടോടെയാണ് തങ്ങളുടെ ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരു കാലത്ത് പിന്നോക്കമായി കണക്കാക്കപ്പെട്ടിരുന്ന നർമ്മദ ജില്ലയെ അദ്ദേഹം ഒരു വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജില്ലയ്ക്ക് മുൻഗണന നൽകുകയും അഭിലാഷ ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇന്ന് വിവിധ വികസന മാനദണ്ഡങ്ങളിൽ ഗണ്യമായി പുരോഗമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരിവർത്തനം ആ മേഖലയിലെ ഗോത്രവർഗ്ഗ സമൂഹത്തിന് വളരെയധികം പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗോത്രവർഗ്ഗം കൂടുതലുള്ള സംസ്ഥാനങ്ങളിലും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലും നിരവധി കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ നേരിട്ട് ആരംഭിക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. സൗജന്യ ചികിത്സയ്ക്കായി 2018-ൽ ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചത് ഓർമ്മിപ്പിച്ചുകൊണ്ട്, ഈ പദ്ധതി ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് തുടങ്ങിയതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ന്, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഗോത്രവർഗ്ഗ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഈ പദ്ധതിക്ക് കീഴിൽ ₹5 ലക്ഷം വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ആയുഷ്മാൻ ആരോഗ്യ മന്ദിർ സംരംഭം ഗോത്രവർഗ്ഗം കൂടുതലുള്ള ഛത്തീസ്ഗഡിൽ നിന്നാണ് ആരംഭിച്ചതെന്നും അത് ഗോത്രവർഗ്ഗക്കാർക്ക് കാര്യമായ പ്രയോജനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോത്രസമൂഹങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് തങ്ങളുടെ ഗവൺമെന്റ് പ്രത്യേക മുൻഗണന നൽകുന്നുവെന്ന് അടിവരയിട്ട് പറഞ്ഞ ശ്രീ മോദി, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ, റോഡുകൾ, ആശുപത്രി സൗകര്യങ്ങൾ എന്നിവ ഇല്ലാത്ത പ്രദേശങ്ങൾ ഉണ്ടായിരുന്നുവെന്ന് എടുത്തുപറഞ്ഞു. അത്തരം പ്രദേശങ്ങളുടെ വികസനം പരിഹരിക്കുന്നതിനായി, ജാർഖണ്ഡിലെ ഖുന്തിയിൽ നിന്ന് പി.എം-ജൻമൻ (PM-JANMAN) പദ്ധതി ആരംഭിച്ചു. ഈ സംരംഭത്തിനായി ₹24,000 കോടി ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ധർത്തി ആബാ ഗോത്ര ഗ്രാമ ഉത്കർഷ അഭിയാൻ പിന്നോക്ക ഗോത്ര ഗ്രാമങ്ങളിൽ വികസനത്തിന്റെ ഒരു പുതിയ അധ്യായം രചിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള 60,000-ത്തിലധികം ഗ്രാമങ്ങൾ ഈ ക്യാമ്പയിനിൽ പങ്കുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് സ്ഥലങ്ങളിൽ ആദ്യമായി പൈപ്പ് വഴിയുള്ള കുടിവെള്ളം ലഭിച്ചു, നൂറുകണക്കിന് സ്ഥലങ്ങളിൽ ഇപ്പോൾ ടെലിമെഡിസിൻ സേവനങ്ങളുണ്ട്. ഈ ക്യാമ്പയിൻ്റെ കീഴിൽ ഗ്രാമസഭകളെ വികസനത്തിൻ്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, കൃഷി, ഉപജീവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി അധിഷ്ഠിത പദ്ധതികൾ ഗ്രാമങ്ങളിൽ ആവിഷ്‌കരിക്കുന്നുണ്ട്. ദൃഢനിശ്ചയമുണ്ടെങ്കിൽ ഏറ്റവും അസാധ്യമായ ലക്ഷ്യങ്ങൾ പോലും നേടാനാകുമെന്ന് ഈ ക്യാമ്പയിൻ തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഗോത്രജീവിതത്തിൻ്റെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യാൻ ഗവൺമെന്റ് സമഗ്ര സമീപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു. ചെറുകിട വനവിഭവങ്ങളുടെ എണ്ണം 20-ൽ നിന്ന് ഏകദേശം 100 ആയി വർദ്ധിപ്പിച്ചുവെന്നും വനവിഭവങ്ങളുടെ MSP ഉയർത്തിയെന്നും അദ്ദേഹം അറിയിച്ചു. ഗോത്രസമൂഹത്തിന് പ്രയോജനം ചെയ്യുന്ന ചെറുധാന്യങ്ങൾ (ശ്രീ അന്ന) ഗവൺമെന്റ് സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗുജറാത്തിൽ വൻബന്ധു കല്യാൺ യോജന ആരംഭിച്ചപ്പോൾ അത് ഗോത്രവർഗ്ഗക്കാർക്ക് പുതിയ സാമ്പത്തിക ശക്തി നൽകിയതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇപ്പോൾ ജൻജാതീയ കല്യാൺ യോജന ആരംഭിച്ചത്.
അരിവാൾ കോശ രോഗം വളരെക്കാലമായി ആദിവാസി സമൂഹങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതിനെ ചെറുക്കുന്നതിനായി ഗോത്രമേഖലകളിലെ ഡിസ്പെൻസറികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിച്ചു. അരിവാൾ കോശ രോഗത്തെ നേരിടാൻ രാജ്യവ്യാപകമായി ഒരു ക്യാമ്പയിൻ നടന്നുവരുന്നു. ഈ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള ആറ് കോടി ഗോത്രവർഗ്ഗ സഹോദരീ, സഹോദരന്മാരെ ഇതിനകം പരിശോധനയ്ക്ക് വിധേയമാക്കി.
വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് പ്രസ്താവിച്ചു. ഭാഷാപരമായ തടസ്സങ്ങൾ കാരണം മുൻപ് പിന്നോക്കം പോയ ഗോത്രവർഗ്ഗ കുട്ടികൾ ഇപ്പോൾ പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിലൂടെ പുരോഗമിക്കുകയും രാജ്യത്തിന്റെ വികസനത്തിന് കൂടുതൽ സജീവമായി സംഭാവന നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തിലെ ഗോത്രസമൂഹങ്ങളുടെ സമ്പന്നമായ കലാപൈതൃകം എടുത്തുപറഞ്ഞുകൊണ്ട്, അവരുടെ പെയിൻ്റിംഗുകളും കലാസൃഷ്ടികളും സവിശേഷമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ കലാ രൂപങ്ങൾക്ക് പുരോഗതി നൽകിയ കലാകാരൻ പരേശ്ഭായി രഠ്‍വയെ അദ്ദേഹം പരാമർശിക്കുകയും അദ്ദേഹത്തെ ഗവൺമെന്റ് പത്മ അവാർഡ് നൽകി ആദരിച്ച കാര്യം പങ്കുവെക്കുകയും ചെയ്തു.
ഏതൊരു സമൂഹത്തിൻ്റെയും പുരോഗതിക്ക് ജനാധിപത്യത്തിൽ അർത്ഥവത്തായ പങ്കാളിത്തം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗോത്രസമൂഹത്തിലെ അംഗങ്ങൾ ഉന്നത സ്ഥാനങ്ങളിൽ എത്തി രാഷ്ട്രത്തെ നയിക്കുന്നത് കാണാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ന്, ഇന്ത്യയുടെ രാഷ്ട്രപതി ഒരു ഗോത്രവർഗ്ഗ വനിതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പാർട്ടിയും സഖ്യവും ഗോത്രവർഗ്ഗ നേതാക്കളെ പാർട്ടിയിലും ഗവൺമെന്റിലും ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർത്താൻ സ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിലെ ശ്രീ വിഷ്ണുദേവ് സായ്, ഒഡീഷയിലെ ശ്രീ മോഹൻ ചരൺ മാജി, അരുണാചൽ പ്രദേശിലെ ശ്രീ പേമ ഖണ്ഡു, നാഗാലാൻഡിലെ ശ്രീ നൈഫിയു റിയോ എന്നിവരുടെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ ഗോത്രവർഗ്ഗ നേതാക്കൾ മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. പല സംസ്ഥാന നിയമസഭകളിലും പാർട്ടി ഗോത്രവർഗ്ഗ സ്പീക്കർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള ശ്രീ മംഗുഭായ് പട്ടേൽ നിലവിൽ മധ്യപ്രദേശ് ഗവർണറായി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ സർബാനന്ദ സോനോവാൾ ഇപ്പോൾ തങ്ങളുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രത്തിൻ്റെ വികസനത്തിനായുള്ള ഈ നേതാക്കളുടെ സേവനങ്ങളും സംഭാവനകളും സമാനതകളില്ലാത്തതും അസാധാരണവുമാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മന്ത്രത്തിൻ്റെ ശക്തി ഇന്ന് രാജ്യത്തിനുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു. ഈ മന്ത്രം വർഷങ്ങളായി കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ദേശീയ ഐക്യം ശക്തിപ്പെടുത്തിയെന്നും ദീർഘകാലം അവഗണിക്കപ്പെട്ട ഗോത്രസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തിൻ്റെ പുണ്യ വേളയിൽ, ഈ മന്ത്രത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു. വികസനത്തിൽ ആരും പിന്നോട്ട് പോകരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതാണ് ധർത്തി ആബയ്ക്ക് നൽകുന്ന യഥാർത്ഥ ആദരമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും വികസിത ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, ഈ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ജൻജാതീയ ഗൗരവ് ദിവസ് ആശംസകൾ നേർന്നു.
ജൻജാതീയ ഗൗരവ് ദിവസ്, ഗോത്രസമൂഹങ്ങൾ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യങ്ങളുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളുന്നുവെന്നും ഭാവി തലമുറകൾക്കുള്ള അഭിലാഷങ്ങളെ ഉൾക്കൊള്ളുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ്, ഇന്ത്യയിലുടനീളം ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികമായ നവംബർ 15, ജൻജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാരമ്പര്യത്തിൽ വേരൂന്നിക്കൊണ്ട് പുതിയ ശക്തിയോടും ഊർജ്ജസ്വലതയോടും മുന്നോട്ട് പോകണമെന്നും മഹത്വത്തിൻ്റെ പുതിയ പടവുകൾ കീഴടക്കണമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരുൾപ്പെടെ മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
ഗോത്രവർഗ്ഗ സമൂഹങ്ങളെ ഉയർത്തുന്നതിനും പ്രദേശത്തെ ഗ്രാമീണ, വിദൂര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഡെഡിയാപാഡയിലെ പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി നിർവഹിച്ചു.
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN), ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ അഭിയാൻ (DA-JAGUA) എന്നിവയ്ക്ക് കീഴിൽ നിർമ്മിച്ച 1,00,000 വീടുകളുടെ ഗൃഹപ്രവേശത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.
ഗോത്ര വിദ്യാർത്ഥികൾക്കായി ഏകദേശം ₹1,900 കോടി രൂപയുടെ 42 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS), കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി പ്രവർത്തിക്കുന്ന 228 മൾട്ടി-പർപ്പസ് സെന്ററുകൾ, ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജിലെ സെന്റർ ഓഫ് കോംപിറ്റൻസ്, ഗോത്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനായി മണിപ്പൂരിലെ ഇംഫാലിലെ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TRI) കെട്ടിടം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, ഗോത്ര മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്തിലെ 14 ഗോത്ര ജില്ലകൾക്കായി 250 ബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ആദിവാസി മേഖലകളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി 748 കിലോമീറ്റർ പുതിയ റോഡുകൾക്കും DA-JAGUAയ്ക്ക് കീഴിൽ കമ്മ്യൂണിറ്റി ഹബ്ബുകളായി പ്രവർത്തിക്കുന്നതിനായി 14 ട്രൈബൽ മൾട്ടി-മാർക്കറ്റിംഗ് സെന്ററുകൾക്കും (TMMC) പ്രധാനമന്ത്രി തറക്കല്ലിടും. 2,320 കോടി രൂപയിലധികം വിലമതിക്കുന്ന 50 പുതിയ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും, ഇത് ഗോത്രവർഗ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത വർദ്ധിപ്പിക്കും.
***
NK
( റിലീസ് ഐ.ഡി: 2199877)
സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada