പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ സൂറത്തിൽ നിർമ്മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു; മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു
ബുള്ളറ്റ് ട്രെയിൻ നിർവ്വഹണത്തിൽ നിന്നുള്ള പാഠങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടി
രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനും പുതിയ എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള തോന്നൽ ഉണ്ടാകുമ്പോൾ, അത് വലിയ പ്രചോദനത്തിന്റെ ഉറവിടമായി മാറുമെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു
प्रविष्टि तिथि:
16 NOV 2025 3:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ഗുജറാത്തിലെ സൂറത്തിൽ നിർമ്മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സന്ദർശിക്കുകയും മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. സന്ദർശനത്തിനിടെ, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സംഘവുമായി അദ്ദേഹം സംവദിച്ചു.വേഗത, സമയക്രമം എന്നിവയുൾപ്പെടെ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. പദ്ധതി ഒരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് തൊഴിലാളികൾ അദ്ദേഹത്തിന് ഉറപ്പ് നൽകി.
ഗുജറാത്തിലെ നവസാരിയിലുള്ള നോയ്‌സ് ബാരിയർ ഫാക്ടറിയിൽ ജോലി ചെയ്തതിന്റെ അനുഭവം കേരളത്തിൽ നിന്നുള്ള ഒരു എഞ്ചിനീയർ പങ്കുവെച്ചു. റീബാർ കേജുകളുടെ വെൽഡിങ്ങിനായി റോബോട്ടിക് യൂണിറ്റുകൾ വിന്യസിച്ചിട്ടുള്ള കാര്യം എഞ്ചിനീയർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു . ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ചതിന്റെ അനുഭവം വ്യക്തിപരമായി എങ്ങനെ കാണുന്നുവെന്നും ഈ ചരിത്ര നേട്ടത്തെക്കുറിച്ച് അവർ അവരുടെ കുടുംബങ്ങളുമായി എന്താണ് പങ്കിടുന്നതെന്നും ശ്രീ മോദി അവരോട് ചോദിച്ചു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിൽ സംഭാവന ചെയ്യാനായതിൽ അവർ അഭിമാനം പ്രകടിപ്പിച്ചു, ഇത് ഒരു "സ്വപ്ന പദ്ധതി" എന്നും തന്റെ കുടുംബത്തിന് ഒരു "അഭിമാന നിമിഷം" എന്നും അവർ വിശേഷിപ്പിച്ചു.
രാഷ്ട്രസേവനത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട്, രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കാനും പുതിയ എന്തെങ്കിലും സംഭാവന ചെയ്യാനും ഉള്ള തോന്നൽ ഉണ്ടാകുമ്പോൾ, അത് വലിയ പ്രചോദനത്തിന്റെ ഉറവിടമായി മാറുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ച ശാസ്ത്രജ്ഞർക്ക് എങ്ങനെ തോന്നിയിരിക്കുമെന്നും ഇന്ന് നൂറുകണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടുന്നതെങ്ങനെയെന്നും അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ ബഹിരാകാശ യാത്രയുമായി പദ്ധതിക്ക് ഒരു സമാന്തരം, അദ്ദേഹം വരച്ചുകാട്ടി.
മറ്റൊരു ജീവനക്കാരിയായ,ലീഡ് എഞ്ചിനീയറിംഗ് മാനേജരായി സേവനമനുഷ്ഠിക്കുന്ന, ബെംഗളൂരുവിൽ നിന്നുള്ള ശ്രുതി, കർശനമായ രൂപകൽപ്പനയേയും , എഞ്ചിനീയറിംഗ് നിയന്ത്രണ പ്രക്രിയകളെയും കുറിച്ച് വിശദീകരിച്ചു. നിർവ്വഹണത്തിന്റെ ഓരോ ഘട്ടത്തിലും, തന്റെ ടീം, ഗുണദോഷങ്ങൾ വിലയിരുത്തുകയും, പരിഹാരങ്ങൾ തിരിച്ചറിയുകയും, കുറ്റമറ്റ നടപ്പാക്കൽ ഉറപ്പാക്കാൻ ബദലുകൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നുവെന്ന് അവർ എടുത്തുപറഞ്ഞു.
ഇവിടെ നിന്ന് നേടിയ അനുഭവങ്ങൾ ഒരു ബ്ലൂ ബുക്ക് പോലെ രേഖപ്പെടുത്തുകയും സമാഹരിക്കുകയും ചെയ്താൽ, ബുള്ളറ്റ് ട്രെയിനുകൾ വലിയ തോതിൽ നടപ്പിലാക്കുന്നതിലേക്ക് രാജ്യത്തിന് നിർണായകമായി നീങ്ങാൻ കഴിയുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ആവർത്തിച്ചുള്ള പരീക്ഷണങ്ങൾ ഒഴിവാക്കി നിലവിലുള്ള മാതൃകകളിൽ നിന്നുള്ള പാഠങ്ങൾ ആവർത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചില നടപടികൾ എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രമേ പുനരാഖ്യാനം അർത്ഥവത്തായി മാറൂ എന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അല്ലാത്തപക്ഷം, ലക്ഷ്യമോ ദിശയോ ഇല്ലാതെ പുനർനിർമ്മാണം സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം രേഖകൾ സൂക്ഷിക്കുന്നത് ഭാവിയിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. "നമ്മൾ ഇവിടെ നമ്മുടെ ജീവിതം സമർപ്പിക്കുകയും രാജ്യത്തിനായി വിലപ്പെട്ട എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും," പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഒരു ജീവനക്കാരൻ തന്റെ പ്രതിബദ്ധതയെ ഒരു കവിതയിലൂടെ ഹൃദയംഗമമായ വാക്കുകളിൽ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സമർപ്പണത്തെ പ്രശംസിക്കുകയും നന്ദിയോടെ പ്രതികരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സന്നിഹിതനായിരുന്നു.
പശ്ചാത്തലം
ഇന്ത്യയുടെ അതിവേഗ കണക്റ്റിവിറ്റി യുഗത്തിലേക്കുള്ള കുതിപ്പിന്റെ പ്രതീകവും , ഇന്ത്യയിലെ ഏറ്റവും അഭിലഷണീയമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നുമായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ (MAHSR-Mumbai–Ahmedabad High-Speed Rail Corridor) പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി സൂറത്തിലെ നിർമ്മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സന്ദർശിച്ചു.
MAHSR, ഏകദേശം 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്, ഗുജറാത്തിലും ദാദ്ര & നാഗർ ഹവേലിയിലും 352 കിലോമീറ്ററും മഹാരാഷ്ട്രയിൽ 156 കിലോമീറ്ററും ഉൾക്കൊള്ളുന്നു. സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂററ്റ്, ബിലിമോറ, വാപി, ബോയ്സർ, വിരാർ, താനെ, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കും, ഇത് ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഒരു പരിവർത്തനാത്മക ചുവടുവയ്പ്പായി അടയാളപ്പെടുത്തും.
അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി നൂതന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ പദ്ധതിയിൽ 465 കിലോമീറ്റർ (റൂട്ടിന്റെ ഏകദേശം 85%) വയഡക്‌ടുകൾ ഉൾപ്പെടുന്നു, ഇത് കുറഞ്ഞ പരിസ്ഥിതി ആഘാതവും മെച്ചപ്പെട്ട സുരക്ഷയും ഉറപ്പാക്കുന്നു. ഇതുവരെ, 326 കിലോമീറ്റർ വയഡക്‌ട് ജോലികൾ പൂർത്തിയായി, കൂടാതെ നദികൾക്ക് കുറുകെ നിർമ്മിക്കുന്ന 25 പാലങ്ങളിൽ 17 എണ്ണം ഇതിനകം പൂർത്തീകരിക്കുകയും ചെയ്തു.
പദ്ധതി പൂർത്തിയാകുന്നതോടെ, ബുള്ളറ്റ് ട്രെയിൻ, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയ്ക്കുകയും ,അതുവഴി നഗരങ്ങൾക്കിടയിലെ യാത്ര വേഗത്തിലുള്ളതും ആയാസരഹിതവും കൂടുതൽ സുഖകരവുമാക്കി വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും . ഈ പദ്ധതിയുടെ മുഴുവൻ ഇടനാഴിയിലും ബിസിനസ്സ്, ടൂറിസം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ഉത്തേജിപ്പിക്കുന്നതിലൂടെ, പ്രാദേശിക വികസനം ത്വരിതപ്പെടുകയും ചെയ്യും.
ഏകദേശം 47 കിലോമീറ്റർ ദൈർഘ്യമുള്ള സൂറത്ത്-ബിലിമോറ ഭാഗം പൂർത്തീകരണ ഘട്ടത്തിലാണ്, സിവിൽ ജോലികളും ട്രാക്ക്-ബെഡ് ലേയിംഗും പൂർണ്ണമായും പൂർത്തിയായി. സൂറത്ത് സ്റ്റേഷന്റെ രൂപകൽപ്പന നഗരത്തിലെ ലോകപ്രശസ്ത വജ്ര വ്യവസായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നടത്തിയിട്ടുള്ളത്,ഇത് ചാരുതയും പ്രവർത്തനക്ഷമതയും പ്രതിഫലിപ്പിക്കുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സ്റ്റേഷൻ രൂപകൽപ്പന.വിശാലമായ കാത്തിരിപ്പ് ലോഞ്ചുകൾ, വിശ്രമമുറികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൂററ്റ് മെട്രോ, സിറ്റി ബസുകൾ, ഇന്ത്യൻ റെയിൽവേ ശൃംഖല എന്നിവയുമായി തടസ്സമില്ലാത്ത മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യും.
***
NK
(रिलीज़ आईडी: 2199873)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada