പ്രധാനമന്ത്രിയുടെ ഓഫീസ്
23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന
प्रविष्टि तिथि:
05 DEC 2025 5:31PM by PIB Thiruvananthpuram
ഇന്ത്യ - റഷ്യ: വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ഉറപ്പിച്ച, കാലം തെളിയിച്ച പുരോഗമന പങ്കാളിത്തം
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വിശിഷ്ടവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ നേതാക്കള്‍ ആവര്‍ത്തിച്ചു. 2000 ഒകേ്ടാബറില്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശന വേളയില്‍ സ്ഥാപിതമായ ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനത്തിന്റെ 25-ാം വാര്‍ഷികവുമാണിത്.
പരസ്പര വിശ്വാസം, ഇരു രാജ്യങ്ങളുടെയും പ്രധാന ദേശീയ താല്‍പ്പര്യങ്ങളോടുള്ള പരസ്പര ബഹുമാനം, തന്ത്രപരമായ ഒത്തുചേരല്‍ എന്നിവയാല്‍ സവിശേഷമായ ദീര്‍ഘകാലമായതും കാലം തെളിയിച്ചതുമായ ഈ ബന്ധത്തിന്റെ പ്രത്യേക സ്വഭാവത്തെ നേതാക്കള്‍ ഊന്നിപ്പറഞ്ഞു. പങ്കാളിത്ത ഉത്തരവാദിത്തങ്ങളുള്ള പ്രധാന ശക്തികള്‍ എന്ന നിലയില്‍, ആഗോള സമാധാനത്തിന്റേയും സ്ഥിരതയുടേയും നങ്കൂരമായി ഈ സുപ്രധാന ബന്ധം തുടരുന്നു. തുല്യവും അവിഭാജ്യവുമായ സുരക്ഷയുടെ അടിസ്ഥാനത്തില്‍ അത് ഉറപ്പാക്കപ്പെടണമെന്നതിനും അവര്‍ അടിവരയിട്ടു.
രാഷ്ട്രീയവും തന്ത്രപരവും, സൈനികവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, ഊര്‍ജ്ജം, ശാസ്ത്ര സാങ്കേതിക വിദ്യ, ആണവം, ബഹിരാകാശം, സാംസ്‌കാരികം, വിദ്യാഭ്യാസം, മാനുഷിക സഹകരണം എന്നിവയുള്‍പ്പെടെ സഹകരണത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന ബഹുമുഖവും പരസ്പര പ്രയോജനകരവുമായ ഇന്ത്യ-റഷ്യ ബന്ധങ്ങളെ നേതാക്കള്‍ ക്രിയാത്മകമായി വിലയിരുത്തി. പരമ്പരാഗത മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണത്തിനുള്ള പുതിയ വഴികളെക്കുറിച്ച് ഇരുപക്ഷവും സജീവമായി പര്യവേഷണം നടത്തുന്നതിലും അവര്‍ സംതൃപ്തി രേഖപ്പെടുത്തി.
സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതും അനിശ്ചിതത്വമുള്ളതുമായ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളതായി തുടരുന്നുവെന്നതിന് നേതാക്കള്‍ അടിവരയിട്ടു. സമകാലികവും സന്തുലിതവും പരസ്പര പ്രയോജനകരവും സുസ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമവും ഇരുപക്ഷവും നടത്തി. എല്ലാ ശ്രേണികളിലുമുള്ള ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ വികസനത്തിൽ നൽകുന്ന മുന്‍ഗണന എന്നത് ഒരു പങ്കിട്ട വിദേശ നയമാണ്. തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനും നേതാക്കള്‍ സമ്മതിച്ചു.
യെക്കാറ്റെറിന്‍ബര്‍ഗിലും കസാനിലും രണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറന്നതിനെ സ്വാഗതം ചെയ്ത നേതാക്കള്‍ അന്തര്‍-പ്രാദേശിക സഹകരണം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എത്രയും വേഗം അവ പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
കസാനില്‍ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെയും ടിയാന്‍ജിനില്‍ നടന്ന 25-ാമത് എസ്.സി.ഒ ഉച്ചകോടിയുടെയും ഇടയ്ക്ക് നടന്ന കൂടിക്കാഴ്ചകള്‍; ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രിയും ചേര്‍ന്ന് അദ്ധ്യക്ഷത വഹിച്ച വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികത്വം, സാംസ്‌കാരിക സഹകരണം (ഐ.ആര്‍.ഐ.ജി.സി-ടി.ഇ.സി)എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-റഷ്യ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മീഷന്റെ (ഐ.ആര്‍.ഐ.ജി.സി) 26-ാമത് സെഷന്‍, ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാര്‍ ചേര്‍ന്ന് അദ്ധ്യക്ഷത വഹിച്ച സൈനിക, സൈനിക-സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള (ഐ.ആര്‍.ഐ.ജി.സി-എം.ആന്റ് എം.ടി.സി) ഐ.ആര്‍.ഐ.ജി.സിയുടെ 22-ാമത് സെഷന്‍; ലോക്സഭാ സ്പീക്കര്‍, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി, ആഭ്യന്തര, പ്രതിരോധ, യുവജനകാര്യ സ്പോര്‍ട്സ്, ടെക്സ്‌റ്റൈല്‍സ് സഹമന്ത്രിമാര്‍, ഇന്ത്യന്‍ ഭാഗത്തുനിന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരുടേയും റഷ്യയുടെ സ്‌റ്റേറ്റ് ഡ്യൂമ ചെയര്‍മാന്‍, ഒന്നാം ഉപപ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ഊര്‍ജ്ജ മന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ സന്ദര്‍ശനങ്ങളും; ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലെ തന്ത്രപരമായ സംഭാഷണങ്ങള്‍, വിദേശകാര്യ ഓഫീസ് കൂടിയാലോചനകള്‍, യു.എന്‍ വിഷയങ്ങളിലെ കൂടിയാലോചനകള്‍, ഭീകരതയെ ചെറുക്കുന്നതിനുള്ള സംയുക്ത കര്‍മ്മസമിതിയുടെ യോഗം ഉള്‍പ്പെടെ കഴിഞ്ഞ ഉച്ചകോടിക്ക് ശേഷം എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.
വ്യാപാര, സാമ്പത്തിക പങ്കാളിത്തം
റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, പുതിയ സാങ്കേതിക, നിക്ഷേപ പങ്കാളിത്തങ്ങളില്‍ ദ്രുതഗതിയില്‍ മുന്നേറ്റമുണ്ടാക്കുക, പ്രത്യേകിച്ച് വികസിത ഉന്നത സാങ്കേതിക മേഖലകളും, പുതിയ വഴികളും സഹകരണ രൂപങ്ങളും കണ്ടെത്തുക എന്നിവ ഉള്‍പ്പെടെ സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പൊതുവായ അഭിലാഷം നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു.
2030 വരെ തന്ത്രപരമായ മേഖലകളുടെ വികസനത്തിനായുള്ള ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണ (2030 പരിപാടി) പരിപാടി അംഗീകരിച്ചതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള മേഖലകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയും യുറേഷ്യന്‍ സാമ്പത്തിക യൂണിയനും തമ്മില്‍ ചരക്കുകളുടെ സ്വതന്ത്ര വ്യാപാര കരാറിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുന്നതിനെ നേതാക്കള്‍ അഭിനന്ദിച്ചു. നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും പരസ്പര ഗുണകരമായ ഒരു കരാറിനായി ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശവും അവര്‍ ഇരുപക്ഷത്തിനും നല്‍കി.
ഇന്ത്യ-റഷ്യ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക്, ടെക്‌നിക്കല്‍, കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ (ഐ.ആര്‍.ഐ.ജി.സി-ടി.ഇ.സി) യുടെ 25-ാമത്, 26-ാമത് സെഷനുകളുടെയും ന്യൂഡല്‍ഹിയിലും (2024 നവംബര്‍ ) മോസ്‌കോയിലും (2025 ഓഗസ്റ്റ് ) നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിന്റേയും ഫലങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
ലോക വ്യാപാര സംഘടനയെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തിക്കൊണ്ട് തുറന്നതും, ഉള്‍ച്ചേര്‍ക്കുന്നതും, സുതാര്യവും, വിവേചനരഹിതവുമായ ഒരു ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ പ്രാധാന്യത്തിനും ഇരു കക്ഷികളും അടിവരയിട്ടു. താരിഫ്, താരിഫ് ഇതര വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കല്‍, ലോജിസ്റ്റിക്‌സിലെ പ്രതിബന്ധങ്ങള്‍ നീക്കല്‍, ബന്ധിപ്പിക്കലിന്റെ പ്രോത്സാഹനം, സുഗമമായ പണമിടപാട് സംവിധാനങ്ങള്‍ ഉറപ്പാക്കല്‍, ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ക്ക് പരസ്പരം സ്വീകാര്യമായ പരിഹാരങ്ങള്‍ കണ്ടെത്തല്‍, ഇരു രാജ്യങ്ങളുടെയും ബിസിനസുകള്‍ തമ്മിലുള്ള പതിവ് ഇടപെടലുകള്‍ എന്നിവ 2030 ഓടെ 100 ബില്യണ്‍ യു.എസ് ഡോളറിന്റെ പുതുക്കിയ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യം സമയബന്ധിതമായി കൈവരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണെന്നതും ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു.
ഉഭയകക്ഷി വ്യാപാരത്തിന്റെ തടസ്സമില്ലാത്ത പരിപാലനം ഉറപ്പാക്കുന്നതിന് ദേശീയ കറന്‍സികളുടെ ഉപയോഗത്തിലൂടെ ഉഭയകക്ഷി ഒത്തുതീര്‍പ്പ് സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നത് തുടരാന്‍ റഷ്യയും ഇന്ത്യയും സമ്മതിച്ചു. അതിനുപുറമെ, ദേശീയ പണമടയ്ക്കല്‍ സംവിധാനങ്ങള്‍, സാമ്പത്തിക സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍, കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സി വേദികള്‍ എന്നിവയുടെ പരസ്പര പ്രവര്‍ത്തനക്ഷമത സാദ്ധ്യമാക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനകള്‍ തുടരാനും ഇരുപക്ഷവും സമ്മതിച്ചു.
ഇന്ത്യയിലേയ്ക്ക് വളങ്ങളുടെ വിതരണം ദീര്‍ഘകാലത്തേയ്ക്ക് ഉറപ്പാക്കുന്നതിനുള്ള നടപടികളെ സ്വാഗതം ചെയ്ത ഇരുപക്ഷവും ഈ മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
വിദഗ്ധ തൊഴിലാളികളുടെ ചലനക്ഷമതയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിലും (2025 ജൂണ്‍ ) ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും (2025 സെപ്റ്റംബര്‍ ) ഉണ്ടായ ഇന്ത്യന്‍ പ്രതിനിധികളുടെ പങ്കാളിത്തത്തെ റഷ്യന്‍ പക്ഷം സ്വാഗതം ചെയ്തു. ഈ സാമ്പത്തിക ഫോറങ്ങള്‍ക്കിടയില്‍ സംഘടിപ്പിച്ച ഇന്ത്യ-റഷ്യ ബിസിനസ് ഡയലോഗ് ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക, നിക്ഷേപ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയ സംഭാവനയേയും ഇരുപക്ഷവും ചൂണ്ടിക്കാട്ടി.
ഊര്‍ജ്ജ സ്രോതസ്സുകള്‍, വിലയേറിയ കല്ലുകള്‍, ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ധാതു വിഭവങ്ങളുടേയും അന്താരാഷ്ട്ര വിതരണ ശൃംഖലകളുടെ സ്ഥിരതയ്ക്ക് നിര്‍ണ്ണായകമായ അസംസ്‌കൃത വസ്തുക്കളുടേയും ഉല്‍പ്പാദനപരവും പരസ്പരം പ്രയോജനകരവുമായ ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി. പരമാധികാര രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ റഷ്യയും ഇന്ത്യയും ഈ മേഖലയില്‍ നടത്തുന്ന കാര്യക്ഷമമായ സഹകരണം അവരുടെ ദേശീയ സുരക്ഷയുടെയും സാമൂഹിക ക്ഷേമത്തിന്റെയും ഒരു പ്രധാന ഘടകമാണ്.
ഊര്‍ജ്ജ പങ്കാളിത്തം
പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമെന്ന നിലയില്‍ ഊര്‍ജ്ജ മേഖലയിലെ തങ്ങളുടെ വിശാലമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്യുകയും പ്രശംസിക്കുകയും ചെയ്തു. എണ്ണ, എണ്ണ ഉല്‍പ്പന്നങ്ങള്‍, എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍ സാങ്കേതികവിദ്യകള്‍, എണ്ണപ്പാട സേവനങ്ങള്‍, അപ്സ്ട്രീം സാങ്കേതികവിദ്യകള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍, എല്‍.എന്‍.ജി, എല്‍.പി.ജി അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍, അവരുടെ രാജ്യങ്ങളില്‍ നിലവിലുള്ള വിവിധ പദ്ധതികള്‍, ഭൂഗര്‍ഭ കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ (യു.സി.ജി) സാങ്കേതികവിദ്യ, ആണവ പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ നിലവിലുള്ളതും സാദ്ധ്യതയുള്ളതുമായ സഹകരണം ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ അവര്‍ ഊര്‍ജ്ജ മേഖലയിലെ അവരുടെ നിക്ഷേപകര്‍ നേരിടുന്ന വിവിധ ആശങ്കകള്‍ പരിഹരിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.
ഗതാഗതവും ബന്ധിപ്പിക്കലും (കണക്റ്റിവിറ്റി)
അന്താരാഷ്ട്ര ഉത്തര - ദക്ഷിണ ഗതാഗത ഇടനാഴി (ഐ.എന്‍.എസ്.ടി.സി), ചെന്നൈ-വ്ളാഡിവോസ്‌റ്റോക്ക് (ഈസ്‌റ്റേണ്‍ മാരിടൈം-കിഴക്കന്‍ സമുദ്രപാത) ഇടനാഴി, വടക്കന്‍ സമുദ്രപാത (നോര്‍ത്തേണ്‍ സീ റൂട്ട്) എന്നിവയെ പിന്തുണയ്ക്കുന്നതിനായി ബന്ധിപ്പിക്കല്‍ (കണക്റ്റിവിറ്റി) മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ലോജിസ്റ്റിക് ലിങ്കുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഗതാഗത ഇടനാഴികള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹകരണം ആഴത്തിലാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. ധ്രുവ ജലാശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സ്‌പെഷ്യലിസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനെയും അവര്‍ സ്വാഗതം ചെയ്തു.
റഷ്യയുടെയും ഇന്ത്യയുടെയും റെയില്‍വേകള്‍ തമ്മില്‍ പരസ്പര പ്രയോജനകരമായ സാങ്കേതിക വിനിമയ മേഖലയില്‍ പങ്കാളിത്തം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, നടത്തുന്ന ഫലപ്രദമായ സഹകരണം ഇരുപക്ഷവും ചൂണ്ടിക്കാട്ടി.
റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലും ആർട്ടിക്കിലുമുള്ള സഹകരണം
റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലും
ആര്‍ട്ടിക്കിലും വ്യാപാര, നിക്ഷേപ സഹകരണം തീവ്രമാക്കുന്നതിനുള്ള സന്നദ്ധത ഇരുപക്ഷവും സ്ഥിരീകരിച്ചു.
റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ 2024-2029 കാലയളവില്‍ വ്യാപാരം, സാമ്പത്തിക, നിക്ഷേപ മേഖലകളിലെ ഇന്ത്യ-റഷ്യ സഹകരണ പരിപാടി ഇന്ത്യയും റഷ്യയുടെ വിദൂര കിഴക്കൻ മേഖലയും തമ്മിലുള്ള കൂടുതല്‍ സഹകരണത്തിന് ആവശ്യമായ ചട്ടക്കൂട് ലഭ്യമാക്കുന്നു, പ്രത്യേകിച്ച് കൃഷി, ഊര്‍ജ്ജം, ഖനനം, മനുഷ്യശക്തി, വജ്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്ര ഗതാഗതം തുടങ്ങിയ മേഖലകളില്‍.
ആര്‍ട്ടിക് സംബന്ധമായ വിഷയങ്ങളില്‍ പതിവായി ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിട്ട ഇരുപക്ഷവും വടക്കന്‍ കടല്‍ പാതയില്‍ ബഹുമുഖ ഉഭയകക്ഷി സഹകരണത്തില്‍ ഉണ്ടായ പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്തു. 2025 മാര്‍ച്ചില്‍ മര്‍മാന്‍സ്‌കില്‍ നടന്ന ആറാമത് അന്താരാഷ്ട്ര ആര്‍ട്ടിക് ഫോറത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പങ്കാളിത്തത്തെ റഷ്യന്‍ പക്ഷം അഭിനന്ദിച്ചു. ആര്‍ട്ടിക് കൗണ്‍സിലില്‍ ഒരു നിരീക്ഷകനെന്ന നിലയില്‍ സജീവ പങ്ക് വഹിക്കാനുള്ള സന്നദ്ധത ഇന്ത്യന്‍ പക്ഷം പ്രകടിപ്പിക്കുകയും ചെയ്തു.
സിവില്‍ ആണവ സഹകരണം, ബഹിരാകാശ സഹകരണം
ഇന്ധന ചക്രം, കൂടംകുളം ആണവ നിലയം (കെ.കെ.എന്‍.പി.പി) പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പിന്തുണ, വൈദ്യുതി ഇതര ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ ആണവോര്‍ജ്ജത്തില്‍ സഹകരണം വിശാലമാക്കാനും അതോടൊപ്പം ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിലും അനുബന്ധ ഉയര്‍ന്ന സാങ്കേതികവിദ്യകളിലും പുതിയ ആശയവിനിമയ അജന്‍ഡ വികസിപ്പിക്കുന്നതിനുമുള്ള ഉദ്ദേശ്യം ഇരു പക്ഷവും സ്ഥിരീകരിച്ചു. 2047 ഓടെ ഇന്ത്യയുടെ ആണവോര്‍ജ്ജ ശേഷി 100 ജിഗാവാട്ടായി ഉയര്‍ത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ കണക്കിലെടുത്ത്, തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു സുപ്രധാന ഘടകമെന്ന നിലയില്‍ ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിലെ സഹകരണത്തിന്റെ പ്രാധാന്യം ഇരു പക്ഷവും ചൂണ്ടിക്കാട്ടി.
ബാക്കിയുള്ള ആണവോര്‍ജ്ജ നിലയങ്ങളുടെ (എന്‍.പി.പി) നിര്‍മ്മാണം ഉള്‍പ്പെടെ കെ.കെ.എന്‍. പി.പി നടപ്പിലാക്കിയതില്‍ കൈവരിച്ച പുരോഗതിയെ ഇരു പക്ഷവും സ്വാഗതം ചെയ്യുകയും ഉപകരണങ്ങളുടെയും ഇന്ധനത്തിന്റെയും വിതരണത്തിനുള്ള സമയപരിധി പാലിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.
ഇന്ത്യയിലെ രണ്ടാമത്തെ ആണവോര്‍ജ്ജ നിലയത്തെക്കുറിച്ച് (എന്‍.പി.പി) കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടി; നേരത്തെ ഒപ്പുവച്ച കരാറുകള്‍ക്കനുസൃതമായി രണ്ടാമത്തെ നിലയത്തിന് വേണ്ട സ്ഥലം ഔദ്യോഗികമായി അന്തിമമാക്കുന്നതിന് ഇന്ത്യന്‍ പക്ഷം ശ്രമിക്കും.
റഷ്യന്‍ രൂപകല്‍പ്പനയിലുള്ള വി.വി.ഇ.ആര്‍, എന്‍.പി.പികള്‍ക്കായുള്ള സംയുക്ത ഗവേഷണ വികസനം, റഷ്യ രൂപകല്‍പ്പന ചെയ്ത വലിയ ശേഷിയുള്ള എന്‍.പി.പികളുടെ പ്രാദേശികവല്‍ക്കരണം ആണവ ഉപകരണങ്ങളുടെ സംയുക്ത നിര്‍മ്മാണം, ഇന്ധന അസംബ്ലികള്‍ എന്നിവയെക്കുറിച്ച് പരസ്പരം അംഗീകരിക്കാവുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള സാങ്കേതികവും വാണിജ്യപരവുമായ ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
ബഹിരാകാശ സഹകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ഇരുപക്ഷവും, മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികള്‍, ഉപഗ്രഹ നാവിഗേഷന്‍, ഗ്രഹ പര്യവേക്ഷണം എന്നിവയുള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ബഹിരാകാശം ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും റഷ്യന്‍ സ്‌റ്റേറ്റ് ബഹിരാകാശ കോര്‍പ്പറേഷനായ റോസ്‌കോസ്മോസും തമ്മിലുള്ള മെച്ചപ്പെട്ട പങ്കാളിത്തത്തെ സ്വാഗതവും ചെയ്തു. റോക്കറ്റ് എഞ്ചിന്‍ വികസനം, ഉല്‍പ്പാദനം, ഉപയോഗം എന്നിവയില്‍ പരസ്പര പ്രയോജനകരമായ സഹകരണത്തിലെ പുരോഗതിയും അവര്‍ ചൂണ്ടിക്കാട്ടി.
സൈനിക, സൈനിക സാങ്കേതിക സഹകരണം
പരമ്പരാഗതമായി ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു സ്തംഭമാണ് സൈനിക, സൈനിക-സാങ്കേതിക സഹകരണം. നിരവധി പതിറ്റാണ്ടുകളുടെ സംയുക്ത ശ്രമങ്ങളിലൂടെയും ഫലപ്രദമായ സഹകരണത്തിലൂടെയും ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളര്‍ന്ന ഇതിനെ മുന്നോട്ടുകൊണ്ടുപോകുന്നത് ഐ.ആര്‍.ഐ.ജി.സി-എം.ആന്റ് എം.ടി.സി ആണ്.
2025 ഡിസംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ നടന്ന ഐ.ആര്‍.ഐ.ജി.സി-എം.ആന്റ് എം.ടി.സിയുടെ 22-ാമത് സെഷന്റെ ഫലങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു. സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ അന്വേഷണത്തിന്റെ പ്രതികരണമായി, പങ്കാളിത്തത്തെ നിലവില്‍ സംയുക്ത ഗവേഷണ വികസനം, സഹ-വികസനം, നൂതന പ്രതിരോധ സാങ്കേതികവിദ്യയുടെയും സംവിധാനങ്ങളുടെയും സഹ-ഉല്‍പ്പാദനം എന്നിവയിലേക്ക് പുനഃക്രമീകരിക്കുകയാണ്.
2025 ജൂണില്‍ ക്വിംഗ്ദാവോയില്‍ നടന്ന എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടത്തിനിടയില്‍ പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പതിവ് സൈനിക ബന്ധങ്ങളില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. സായുധ സേനകളുടെ സംയുക്ത സൈനികാഭ്യാസമായ ഇന്ദ്രയെ ചലനക്ഷമത നിലനിര്‍ത്തുന്നതിനും സൈനിക പ്രതിനിധി സംഘങ്ങളുടെ വിനിമയം വിപുലീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പരസ്പര സൗഹൃദമുള്ള മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും പരിപാലനത്തിന് വേണ്ടി സ്‌പെയര്‍ പാര്‍ട്സ്, ഘടകങ്ങള്‍, അഗ്രഗേറ്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സംയുക്ത നിര്‍മ്മാണം സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലൂടെയും സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും മെയ്ക്ക്-ഇന്‍-ഇന്ത്യ പരിപാടി പ്രകാരം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപക്ഷവും സമ്മതിച്ചു.
ശാസ്ത്ര-സാങ്കേതിക മേഖലയിലെ സഹകരണം
നിര്‍ണ്ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് (ഗവണ്‍മെന്റുകള്‍ തമ്മിലും), അക്കാദമിയ, സ്വകാര്യ മേഖല എന്നിവയുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇരുപക്ഷവും ആഹ്വാനം ചെയ്തു.
ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും നൂതന ഉല്‍പ്പാദനങ്ങളിലും നിര്‍ണ്ണായക ധാതുക്കളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ ഇരുപക്ഷവും, നിര്‍ണ്ണായക ധാതുക്കളുടെയും റെയര്‍ എര്‍ത്തുകളുടെയും പര്യവേക്ഷണം, സംസ്‌കരണം, പുനരുപയോഗം എന്നിവയിലെ സഹകരണം ആഴത്തിലാക്കുന്നതിനും താല്‍പര്യം പ്രകടിപ്പിച്ചു.
ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലെ സംയുക്ത ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരുപക്ഷവും ''ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയ സഹകരണത്തിനുള്ള റോഡ്മാപ്പിലൂടെ (റോഡ് മാപ്പ് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് ഇന്നോവേഷന്‍ കോര്‍പ്പറേഷന്‍)'' സഹകരണം ശക്തിപ്പെടുത്താന്‍ ആഹ്വാനവും ചെയ്തു. സംയുക്ത ഗവേഷണ-വികസനം, സാങ്കേതികവിദ്യകളുടെ സഹ-വികസനം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിന് ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എസ്.എം.ഇ) സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഗവണ്‍മെന്റും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിനും അവര്‍ സമ്മതിച്ചു. വിവര സംരക്ഷണം, നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ, നിയമ നിര്‍വ്വഹണം എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ മേഖലയിലെ സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനും അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിജ്ഞാന കൈമാറ്റം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, നൂതനാശയക്കാരുടെയും സംരംഭകരുടെയും കൂടുതല്‍ ഇടപെടല്‍ എന്നിവ സാദ്ധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി സോഫ്റ്റ് സപ്പോര്‍ട്ട് പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ആശയവിനിമയത്തിന്റെ സമ്പന്നമായ നിലവിലുള്ള അനുഭവം കണക്കിലെടുത്ത്, വിവിധ തരത്തിലുള്ള അക്കാദമിക് മൊബിലിറ്റി, വിദ്യാഭ്യാസ പരിപാടികള്‍, ശാസ്ത്ര-ഗവേഷണ പദ്ധതികള്‍, പ്രത്യേക അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നത് ഉള്‍പ്പെടെ വിദ്യാഭ്യാസ-ശാസ്ത്ര സംഘടനകള്‍ തമ്മിലുള്ള പങ്കാളിത്ത ബന്ധം വികസിപ്പിക്കുന്നതിന് ഇരുപക്ഷവും പരസ്പര താല്‍പ്പര്യം പ്രകടിപ്പിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയില്‍ സംയുക്ത ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍-റഷ്യന്‍ സഹകരണത്തിനായുള്ള മാർഗരേഖയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സഹകരണം വികസിപ്പിക്കുന്നതിനുള്ള സന്നദ്ധതയും ഇരുപക്ഷവും സ്ഥിരീകരിച്ചു.
സാംസ്‌കാരിക സഹകരണം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഘടകമാണ് സാംസ്‌കാരിക ഇടപെടലും ജനങ്ങള്‍ തമ്മിലുള്ള വിനിമയവുമെന്ന് ഇരുപക്ഷവും സമ്മതിച്ചു. ഇരു രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര സാംസ്‌കാരിക വേദികള്‍, പുസ്തകമേളകള്‍, ഉത്സവങ്ങള്‍, കലാ മത്സരങ്ങള്‍ എന്നിവയിലെ പങ്കാളിത്തത്തെ അഭിനന്ദിച്ച അവര്‍ ഇന്ത്യയുടെയും റഷ്യയുടെയും സംസ്‌കാരത്തിന്റെ പൂര്‍ണ്ണമായ പ്രകടനം ലക്ഷ്യമിട്ട്, അവരുടെ രാജ്യങ്ങളില്‍ തുല്യ അടിസ്ഥാനത്തില്‍ സാംസ്‌കാരിക വിനിമയ ഉത്സവങ്ങള്‍ നടത്തുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലും റഷ്യയിലും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പരസ്പര പങ്കാളിത്തവും സംയുക്ത ചലച്ചിത്ര നിര്‍മ്മാണ വികസനവും ഉള്‍പ്പെടെ ചലച്ചിത്ര വ്യവസായത്തില്‍ സഹകരണം വികസിപ്പിക്കുക എന്ന ആശയത്തെ ഇരുപക്ഷവും പിന്തുണച്ചു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ടൂറിസ്റ്റ് വിനിമയത്തിലെ സ്ഥിരമായ വര്‍ദ്ധനവിനെ അഭിനന്ദിച്ച ഇരുപക്ഷവും, ഇരു രാജ്യങ്ങളും ഇ-വിസ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഭാവിയില്‍ വിസ വ്യവസ്ഥ കൂടുതല്‍ ലളിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും അവര്‍ സമ്മതിച്ചു.
ഇന്ത്യയിലേയും റഷ്യയിലേയും വിദഗ്ധര്‍, ചിന്തകര്‍, സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള മെച്ചപ്പെട്ട കൈമാറ്റങ്ങളേയും ബന്ധങ്ങളേയും ഇരുപക്ഷവും അഭിനന്ദിച്ചു. ഇന്ത്യയുടെയും റഷ്യയുടേയും തന്ത്രപരവും നയരൂപീകരണവുമായ കേന്ദ്രങ്ങളും ബിസിനസുകളും തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വര്‍ഷങ്ങളായി ഈ സംഭാഷണപാതകള്‍ പ്രോത്സാഹനം നല്‍കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള പരമ്പരാഗതമായ ശക്തമായ സഹകരണം അംഗീകരിച്ചുകൊണ്ട്, വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ ഇരുപക്ഷവും അഭിനന്ദിക്കുകയും സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാന്‍
സമ്മതിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയിലും ബഹുരാഷ്ട്ര വേദികളിലും സഹകരണം
ഐക്യരാഷ്ട്രസഭയിലെ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉന്നത തലത്തിലുള്ള രാഷ്ട്രീയ സംഭാഷണവും സഹകരണവും ഇരുപക്ഷവും ശ്രദ്ധയിൽ കൊണ്ടുവരികയും അത് കൂടുതൽ ആഴത്തിലാക്കാൻ സമ്മതമറിയിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ കേന്ദ്ര ഏകോപന പങ്കുവഹിച്ചുകൊണ്ട്, ബഹുമുഖ സഹകരണം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം പരമപ്രധാനമാണെന്ന് നേതാക്കൾ അടിവരയിടുകയും യുഎൻ ചാർട്ടറിന്റെ ലക്ഷ്യങ്ങളോടും തത്വങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.
സമകാലിക ആഗോള യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ പ്രാതിനിധ്യവും അത് ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും വേണ്ടി ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ സമഗ്രമായ പരിഷ്കരണത്തിന് ഇരുപക്ഷവും ആഹ്വാനം ചെയ്തു. പരിഷ്കരിക്കപ്പെട്ടതും വിപുലീകരിച്ചതുമായ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് റഷ്യ തങ്ങളുടെ ഉറച്ച പിന്തുണ ആവർത്തിച്ചു.
ജി20 യിലെ തങ്ങളുടെ സഹകരണം ഇരുപക്ഷവും എടുത്തുപറയുകയും അത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക, ധനകാര്യ സഹകരണത്തിനുള്ള പ്രധാന വേദിയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ മുൻഗണനകളെ ഏകീകരിച്ചതും, അതുപോലെ ആഫ്രിക്കൻ യൂണിയനെ, ഫോറത്തിലെ സ്ഥിരാംഗങ്ങളുടെ നിരയിലേക്ക് പ്രവേശിപ്പിച്ചതുമാണ് 2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രധാനപ്പെട്ട പ്രായോഗിക അനന്തരഫലം
എന്ന് അവർ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ അധ്യക്ഷതയ്ക്ക് കീഴിൽ 'വോയിസ് ഓഫ് ഗ്ലോബൽ സൗത്ത്' വെർച്വൽ ഉച്ചകോടികൾ സംഘടിപ്പിച്ചതിനെ അവർ സ്വാഗതം ചെയ്തു, ഇത് ആഗോള കാര്യങ്ങളിൽ വികസ്വര രാജ്യങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ സുപ്രധാന സന്ദേശം നൽകിയിട്ടുണ്ട്.
വളർന്നുവരുന്നതും വികസിതവുമായ സമ്പദ്‌വ്യവസ്ഥകൾക്ക് സമത്വത്തിലും പരസ്പര പ്രയോജനത്തിലും സംവാദത്തിനുള്ള വേദി ഒരുക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സാമ്പത്തിക ഫോറമാണ് ജി20 എന്ന് അവർ ഊന്നിപ്പറഞ്ഞു. സമവായത്തെ അടിസ്ഥാനമാക്കി, അതിന്റെ പ്രധാന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള, ജി20 യുടെ തുടർച്ചയായതും ഉൽപ്പാദനപരവുമായ പ്രവർത്തനത്തിന്റെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞു.
ബ്രിക്‌സ് പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറയുകയും രാഷ്ട്രീയ-സുരക്ഷ, സാമ്പത്തിക-ധനകാര്യ, സാംസ്കാരിക-ജനകീയ സഹകരണം എന്നീ മൂന്ന് സ്തംഭങ്ങൾക്ക് കീഴിൽ വികസിപ്പിച്ച BRICS-ലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ പ്രതിജ്ഞാബദ്ധരാവുകയും ചെയ്തു. പരസ്പര ബഹുമാനം, പരസ്പര ധാരണ, പരമാധികാര സമത്വം, ഐക്യം, ജനാധിപത്യം, തുറന്ന സമീപനം, എല്ലാവരെയും ഉൾക്കൊള്ളൽ, സഹകരണം, സമവായം എന്നിങ്ങനെയുള്ള BRICS മനോഭാവത്തിൽ തങ്ങൾക്കുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചുറപ്പിച്ചു. 2026-ലെ ഇന്ത്യയുടെ വരാനിരിക്കുന്ന BRICS അധ്യക്ഷതയ്ക്ക് റഷ്യ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ചട്ടക്കൂടിനുള്ളിൽ യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും ആവർത്തിച്ചു. റഷ്യൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 2025 നവംബർ 17-18 തീയതികളിൽ മോസ്കോയിൽ നടന്ന SCO കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് യോഗം വിജയകരമായി സംഘടിപ്പിച്ചതിന് ഇന്ത്യ റഷ്യൻ ഭാഗത്തെ അഭിനന്ദിച്ചു. SCO സാംസ്കാരിക സംവാദ ഫോറം (SCO Civilizational Dialogue Forum) സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നേതൃത്വത്തെ റഷ്യയും അഭിനന്ദിച്ചു. ഇതിന്റെ പ്രഥമ സമ്മേളനം 2026-ൽ ഇന്ത്യയിൽ നടക്കും.
അന്താരാഷ്ട്ര നിയമത്തിന്റെ സാർവത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങളെയും സാംസ്കാരികവും നാഗരികവുമായ വൈവിധ്യത്തെയും അടിസ്ഥാനമാക്കി, പ്രാതിനിധ്യമുള്ളതും ജനാധിപത്യപരവും നീതിയുക്തവുമായ ഒരു ബഹുമുഖ ലോകക്രമം രൂപീകരിക്കുന്നതിൽ SCO വഹിക്കുന്ന വർധിച്ചുവരുന്ന പങ്കിനെ കുറിച്ച് ഇരുപക്ഷവും പ്രതിപാദിച്ചു.
രാഷ്ട്രീയം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, സംസ്കാരം, മാനുഷിക ബന്ധങ്ങൾ എന്നീ മേഖലകളിലെ SCO യുടെ സാധ്യതകളും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഈ പശ്ചാത്തലത്തിൽ, തീവ്രവാദം, ഭീകരവാദം, വിഘടനവാദം, മയക്കുമരുന്ന് കടത്ത്, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ, വിവര സുരക്ഷാ ഭീഷണികൾ എന്നിവ നേരിടുന്ന മേഖലകളിൽ SCO യുടെ ആധുനികവൽക്കരണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും എടുത്തുപറഞ്ഞു. താഷ്കെന്റിൽ സാർവത്രിക സുരക്ഷാ വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനുള്ള യൂണിവേഴ്‌സൽ സെന്റർ, ദുഷാൻബെയിൽ മയക്കുമരുന്ന് വിരുദ്ധ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും.
പരിഷ്കരിച്ച ബഹുമുഖ സഹകരണത്തിനായുള്ള ശ്രമങ്ങൾ, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെയും ബഹുമുഖ വികസന ബാങ്കുകളുടെയും പരിഷ്കരണം, സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക, സുസ്ഥിരത വർദ്ധിപ്പിക്കുക, നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിതരണ ശൃംഖലകളുടെ സുസ്ഥിരതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കൽ, സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാര മാനദണ്ഡങ്ങൾ പാലിക്കൽ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ G20, BRICS, SCO എന്നിവയ്ക്കുള്ളിൽ സഹകരണം തുടരാൻ ഇരു രാജ്യങ്ങളും സമ്മതമറിയിച്ചു.
ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള യുഎൻ സമിതിക്കുള്ളിൽ (UN COPUOS) സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ലക്ഷ്യംവയ്ക്കുന്നു.
വ്യാപക നാശം വിതയ്ക്കുന്ന ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ആഗോള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിന് റഷ്യ ശക്തമായ പിന്തുണ അറിയിച്ചു. ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഇരുപക്ഷവും അഭ്യർത്ഥിച്ചു. കയറ്റുമതി നിയന്ത്രണങ്ങളുടെ വ്യാപനരഹിത സ്വഭാവവും സുരക്ഷയും വാണിജ്യപരമായ പരിഗണനകളും സാങ്കേതികവിദ്യയുടെ സമാധാനപരമായ ഉപയോഗങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയിലെ സഹകരണം തുടരാനുള്ള തങ്ങളുടെ ഉദ്ദേശ്യവും ഇരുപക്ഷവും എടുത്തുപറഞ്ഞു.
കിഴക്കൻ ഏഷ്യൻ ഉച്ചകോടി, ആസിയാൻ റീജിയണൽ ഫോറം, ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ് പ്ലസ് എന്നിവയുൾപ്പെടെ, പ്രാദേശിക സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ മേഖലാ വേദികളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും അടിവരയിട്ടു.
ജൈവായുധങ്ങളുടെ വികസനം, ഉത്പാദനം, ശേഖരണം എന്നിവ നിരോധിക്കുന്നതും അവ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൺവെൻഷൻ (BTWC) കർശനമായി പാലിക്കുകയും സ്ഥിരമായി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു. സ്ഥാപനവൽക്കരണത്തിലൂടെയും ഫലപ്രദമായ പരിശോധനാ സംവിധാനമുള്ള, നിയമപരമായി ബാധ്യതയുള്ള പ്രോട്ടോക്കോൾ സ്വീകരിക്കുന്നതിലൂടെയും ഇത് സാധ്യമാക്കാം. BTWC യുടെ പ്രവർത്തനങ്ങൾ ആവർത്തിക്കുന്ന ഏതൊരു സംവിധാനവും സ്ഥാപിക്കുന്നതിനെ ഇരു രാജ്യങ്ങളും എതിർക്കുന്നു.
ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിക്കുന്നതും, ബഹിരാകാശത്ത് നിന്നോ ബഹിരാകാശത്തിന് പുറത്ത് നിന്നോ ബഹിരാകാശത്തിന് നേരെയോ ബലം പ്രയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് നിരോധിക്കുന്നതുമായ നിയമപരമായ ഉടമ്പടിക്ക് വേണ്ടിയുള്ള ചർച്ചകൾ അടിയന്തിരമായി ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു. അത്തരമൊരു ഉടമ്പടിയുടെ അടിസ്ഥാനം, 'ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിക്കുന്നതും ബഹിരാകാശ വസ്തുക്കൾക്കെതിരെ ശക്തി ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് തടയുന്നതിനുള്ള ഉടമ്പടി'യുടെ കരടും, 2024-ൽ അംഗീകരിച്ച ബന്ധപ്പെട്ട ഗവൺമെന്റൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ആകാം എന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുകയും അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗ്ഗങ്ങളെ, പ്രത്യേകിച്ച് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദേശാടന പക്ഷികളെ സംരക്ഷിക്കുകയും ചെയ്യുന്ന, അന്താരാഷ്ട്ര ഉടമ്പടികളിൽ പ്രതിഫലിക്കുന്ന തത്വങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു.
അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) ചേരുന്നതിനായി റഷ്യൻ ഭാഗം ചട്ടക്കൂട് കരാർ (Framework Agreement) അംഗീകരിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സൗര സഖ്യത്തിലും, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മയിലും (CDRI) റഷ്യ താമസിയാതെ ചേരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, വികസ്വര രാജ്യങ്ങൾക്കും പരിവർത്തന ഘട്ടത്തിലുള്ള സമ്പദ്‌വ്യവസ്ഥകൾക്കും കാലാവസ്ഥാ ധനസഹായത്തിലേക്കും സാങ്കേതികവിദ്യകളിലേക്കുമുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ബഹുമുഖ വികസന ബാങ്കുകളെ യുക്തിസഹമായി പരിഷ്കരിക്കുന്നതിനും വേണ്ടിയുള്ള സംയുക്ത സമീപനങ്ങൾ വികസിപ്പിക്കുന്നത് തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.
ഭീകരവാദ വിരുദ്ധ പ്രവർത്തനം
ഭീകരവാദം, തീവ്രവാദം, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരതയ്ക്ക് ധനസഹായം നൽകൽ, അനധികൃത മയക്കുമരുന്ന് കടത്ത് തുടങ്ങിയ പൊതുവായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്നതിനുള്ള ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചുറപ്പിച്ചു.
തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കങ്ങൾ, ഭീകരവാദത്തിന് ധനസഹായം നൽകുന്ന ശൃംഖലകൾ, സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തെ തടയുന്നതിനും നേരിടുന്നതിനുമുള്ള തങ്ങളുടെ ശക്തമായ പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. 2025 ഏപ്രിൽ 22-ന് ഇന്ത്യയിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായതും, 2024 മാർച്ച് 22-ന് റഷ്യയിൽ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായതുമായ ഭീകരാക്രമണങ്ങളെ അവർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഭീകരതയുടെ എല്ലാ പ്രവൃത്തികളെയും, അവയുടെ പ്രചോദനം ഏത്തരത്തിലുള്ള മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ന്യായീകരണങ്ങളാൽ ആണെങ്കിൽ പോലും, എപ്പോൾ, എവിടെ, ആരാൽ ചെയ്യപ്പെട്ടാലും, അവയെല്ലാം കുറ്റകരവും നീതികരിക്കാനാവാത്തതുമാണെന്ന് അവർ അസന്ദിഗ്ധമായി വ്യക്തമാക്കി. അൽ ഖ്വയ്ദ, ISIS/ദയേഷ്, അനുബന്ധ സംഘടനകൾ എന്നിവയുൾപ്പെടെ യുഎൻ ലിസ്റ്റ് ചെയ്ത എല്ലാ ഭീകര സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യോജിച്ച നടപടിക്ക് അവർ ആഹ്വാനം ചെയ്തു. ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കുക, ഭീകരവാദ ആശയങ്ങളുടെ വ്യാപനം തടയുക, ഭീകരവാദത്തിന് ധനസഹായം നൽകുന്ന വഴികളും അന്തർദേശീയ കുറ്റകൃത്യങ്ങളുമായുള്ള അതിന്റെ ബന്ധവും ഇല്ലാതാക്കുക, വിദേശ ഭീകര പോരാളികൾ ഉൾപ്പെടെയുള്ള ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കം തടയുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും ശക്തമായ അടിത്തറയിൽ, രഹസ്യ അജണ്ടകളോ ഇരട്ടത്താപ്പുകളോ ഇല്ലാതെ ഈ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അന്താരാഷ്ട്ര ഭീകരവാദത്തോടും തീവ്രവാദത്തോടും അതിന്റെ എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താൻ ഇരുപക്ഷവും ആഹ്വാനം ചെയ്തു. കൂടാതെ, യുഎൻ രക്ഷാ സമിതിയുടെയും യുഎൻ പൊതുസഭയുടെയും പ്രസക്തമായ പ്രമേയങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതിന്റെയും യുഎൻ ആഗോള ഭീകരവിരുദ്ധ തന്ത്രം സന്തുലിതമായി നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത നേതാക്കൾ എടുത്തുപറഞ്ഞു.
ഭീകരവാദത്തെ ചെറുക്കുന്നതിൽ രാജ്യങ്ങൾക്കും അതത് അധികൃതർക്കുമുള്ള പ്രാഥമിക ഉത്തരവാദിത്തം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയം സ്വീകരിക്കാനും, യുഎൻ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ സമഗ്ര കൺവെൻഷൻ എത്രയും വേഗത്തിൽ അന്തിമമാക്കുകയും അംഗീകരിക്കുകയും ചെയ്യാനും, ഒപ്പം അക്രമാസക്തമായ തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കുന്നതിനുള്ള യുഎൻ പൊതുസഭയുടെയും യുഎൻ രക്ഷാ സമിതിയുടെയും പ്രമേയങ്ങൾ നടപ്പിലാക്കാനും അവർ ആഹ്വാനം ചെയ്തു.
2022 ഒക്ടോബറിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന യുഎൻഎസ്‌സി ഭീകരവാദ വിരുദ്ധ സമിതിയുടെ (CTC) പ്രത്യേക യോഗം ഇരുപക്ഷവും അനുസ്മരിക്കുകയും, ഭീകരവാദ ആവശ്യങ്ങൾക്കായി പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഐകകണ്ഠ്യേന അംഗീകരിച്ച 'ഡൽഹി പ്രഖ്യാപനത്തെ' സ്വാഗതം ചെയ്യുകയും ചെയ്തു. പേയ്‌മെന്റ് സാങ്കേതികവിദ്യകൾ, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ധനസമാഹരണ രീതികൾ, ആളില്ലാ വിമാനങ്ങളുടെ (UAV-കൾ അല്ലെങ്കിൽ ഡ്രോണുകൾ) ദുരുപയോഗം എന്നിവ പോലുള്ള വിവരസാങ്കേതികവിദ്യാ വിനിമയ സാങ്കേതികവിദ്യകൾ (ICT) ഭീകരവാദികൾ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾ ഈ പ്രഖ്യാപനം ഉൾക്കൊള്ളുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഓൺലൈൻ മേഖലയിൽ തീവ്രവാദവൽക്കരണവും തീവ്രവാദ ആശയങ്ങളുടെ വ്യാപനവും തടയുന്നതിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഈ മേഖലയിൽ കൂടുതൽ സഹകരണം വികസിപ്പിക്കാനുള്ള സന്നദ്ധതയും ഇരുപക്ഷവും പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച്, SCO, BRICS എന്നിവയ്ക്കുള്ളിൽ പ്രസക്തമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെ അനുകൂലവും സംതൃപ്തവുമായ ചലനാത്മകത നേതാക്കൾ ചൂണ്ടിക്കാട്ടി.
മേഖലാ, അന്തർദേശീയ വിഷയങ്ങൾ
ഇരു രാജ്യങ്ങളിലെയും സുരക്ഷാ കൗൺസിലുകൾ തമ്മിലുള്ള സംഭാഷണ സംവിധാനം ഉൾപ്പെടെ, അഫ്ഗാനിസ്ഥാനിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത ഏകോപനത്തെ ഇരുപക്ഷവും അഭിനന്ദിച്ചു. മോസ്കോ ഫോർമാറ്റ് മീറ്റിംഗുകളുടെ പ്രധാന പങ്ക് അവർ എടുത്തുപറഞ്ഞു.
ISIS, ISKP, അനുബന്ധ സംഘടനകൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഭീകര സംഘങ്ങൾക്കെതിരായ ഭീകരവാദ വിരുദ്ധ നടപടികളെ നേതാക്കൾ സ്വാഗതം ചെയ്യുകയും അഫ്ഗാനിസ്ഥാനിലെ ഭീകരവാദത്തിനെതിരായ പോരാട്ടം സമഗ്രവും ഫലപ്രദവുമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അഫ്ഗാൻ ജനതയ്ക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
സംയമനം പാലിക്കാനും പൗരന്മാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമം പാലിക്കാനും ആഹ്വാനം ചെയ്തുകൊണ്ട്, മിഡിൽ ഈസ്റ്റിലെ/പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു രാജ്യങ്ങളും ആവർത്തിച്ചു. സാഹചര്യം കൂടുതൽ വഷളാക്കുകയും പ്രാദേശിക സ്ഥിരത അപകടത്തിലാക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. ഇറാൻ ആണവ പ്രശ്നം സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ എടുത്തുപറഞ്ഞു. ഗാസയിലെ മാനുഷിക സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തുകയും, സംഘർഷം അവസാനിപ്പിക്കാനും മാനുഷിക സഹായം നൽകാനും സുസ്ഥിരമായ സമാധാനത്തിനും വേണ്ടി തങ്ങൾക്കിടയിൽ എത്തിച്ചേർന്ന കരാറുകളും ധാരണകളുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതിന്റെ പ്രാധാന്യം ശക്തമായി എടുത്തുപറയുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷന്റെയും (UNFCCC), പാരീസ് ഉടമ്പടിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ കാർബൺ ബഹിർഗമനം എന്നിവ സംബന്ധിച്ച ധാരണാപത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ 2025 സെപ്റ്റംബർ 10-ന് ന്യൂഡൽഹിയിൽ നടന്ന കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ കാർബൺ ബഹിർഗമനം എന്നിവ സംബന്ധിച്ച സംയുക്ത റഷ്യ-ഇന്ത്യ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. പാരീസ് ഉടമ്പടിയിലെ ആർട്ടിക്കിൾ 6 നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ വികസിപ്പിക്കൽ, സുസ്ഥിര സാമ്പത്തിക ഉപാധികളുടെ ഉപയോഗം എന്നിവ സംബന്ധിച്ച ഉഭയകക്ഷി സംഭാഷണം കൂടുതൽ ഊർജ്ജിതമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.
കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രധാന വിഷയങ്ങളിൽ G20, BRICS, SCO എന്നിവയ്ക്കുള്ളിൽ ആശയവിനിമയം തുടരാൻ ഇരുപക്ഷവും സമ്മതിച്ചു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയെക്കുറിച്ചുള്ള BRICS കോൺടാക്റ്റ് ഗ്രൂപ്പിനുള്ളിലെ ഏകോപിത ശ്രമത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ ഇരുപക്ഷവും സ്വാഗതം ചെയ്തു; അതിൽ വ്യാപാരം, കാലാവസ്ഥ, സുസ്ഥിര വികസനം എന്നിവയ്‌ക്കായുള്ള ബ്രിക്‌സ് ലബോറട്ടറി ആരംഭിക്കുന്നതും ഉൾപ്പെടുന്നു. 2026-ൽ ഇന്ത്യയുടെ അധ്യക്ഷതയിൽ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്ന മേഖലയിൽ BRICS-ൽ ഫലപ്രദമായ സഹകരണം ഉണ്ടാക്കുന്നതിനായി ഇരുപക്ഷവും പ്രോത്സാഹനം നൽകി.
പ്രത്യേകവും വിശേഷാധികാരമുള്ളതുമായ ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിരോധശേഷിയിലും, ഇരു രാജ്യങ്ങളുടെയും വിദേശനയ മുൻഗണനകളിലെ സംയുക്തവും പരസ്പര പൂരകവുമായ സമീപനങ്ങളിലും ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. അത് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ബഹുമുഖ ലോകത്തും ബഹുമുഖ ഏഷ്യയിലും പ്രധാന ശക്തികൾ എന്ന നിലയിൽ ഇന്ത്യയും റഷ്യയും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി തുടർന്നും പരിശ്രമിക്കുമെന്ന് അവർ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ തനിക്കും പ്രതിനിധി സംഘത്തിനും നൽകിയ ആദരണീയമായ ആതിഥ്യത്തിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുകയും 2026-ൽ 24-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
*****
(रिलीज़ आईडी: 2199789)
आगंतुक पटल : 3