പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
പാർട്ടി വ്യത്യാസമില്ലാതെ, പുതുതലമുറ എംപിമാർക്കും ആദ്യമായി പാർലമെന്റ് അംഗമായവർക്കും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നുണ്ടെന്ന് നാം ഉറപ്പാക്കണം: പ്രധാനമന്ത്രി
ജനാധിപത്യ സംവിധാനത്തിന് ജനങ്ങൾക്കായി നിരവധി സംഭാവന നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു: പ്രധാനമന്ത്രി
രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ ശൈത്യകാല സമ്മേളനം നവ ഊർജ്ജം പകരും: പ്രധാനമന്ത്രി
प्रविष्टि तिथि:
01 DEC 2025 12:41PM by PIB Thiruvananthpuram
2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്", ശ്രീ മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ അതിന്റെ ജനാധിപത്യ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലതയും ചൈതന്യവും നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച്, വോട്ടർമാരുടെ റെക്കോർഡ് എണ്ണം രാജ്യത്തിന്റെ ജനാധിപത്യ ശക്തിയുടെ ദൃഢമായ സ്ഥിരീകരണമാണെന്ന് അദ്ദേഹം പ്രശംസിച്ചു. ജനാധിപത്യ പ്രക്രിയയിൽ പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും കൊണ്ടുവരുന്ന ശ്രദ്ധേയവും പ്രോത്സാഹജനകവുമായ ഒരു പ്രവണതയായി സ്ത്രീ വോട്ടർമാരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തമാകുമ്പോൾ, ഈ ജനാധിപത്യ ചട്ടക്കൂട് രാജ്യത്തിന്റെ സാമ്പത്തിക ശേഷികളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ജനാധിപത്യത്തിന് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്," പ്രധാനമന്ത്രി പറഞ്ഞു. "വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾ പുതിയ ഉയരങ്ങളിലെത്തുന്നതിന്റെ വേഗത ആത്മവിശ്വാസം പ്രചോദിപ്പിക്കുകയും നമുക്ക് പുതിയ ശക്തി നൽകുകയും ചെയ്യുന്നു", ശ്രീ മോദി അടിവരയിട്ടു.
ദേശീയ താൽപ്പര്യം, ക്രിയാത്മക സംവാദം, നയാധിഷ്ഠിത ഫലങ്ങൾ എന്നിവയിൽ സമ്മേളനം കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു. പാർലമെന്റ് രാജ്യത്തിനായി എന്താണ് വിഭാവനം ചെയ്യുന്നതെന്നും അത് എന്ത് നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനാധിപത്യ ഉത്തരവാദിത്തം നിറവേറ്റാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അർത്ഥവത്തായതും പ്രസക്തവുമായ വിഷയങ്ങൾ ഉന്നയിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള നിരാശ പാർലമെന്റ് നടപടിക്രമങ്ങളിൽ നിഴൽ വീഴ്ത്താൻ അനുവദിക്കരുതെന്ന് അദ്ദേഹം പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിന്ന് ഉണ്ടാകുന്ന അഹന്ത സമ്മേളനത്തിൽ പ്രകടിപ്പിക്കരുതെന്ന് അടിവരയിട്ടുകൊണ്ട്, "ശീതകാല സമ്മേളനം സന്തുലിതാവസ്ഥ, ഉത്തരവാദിത്തം, പൊതുജന പ്രതിനിധികളിൽ നിന്ന് പ്രതീക്ഷിക്കുന്ന അന്തസ്സ് എന്നിവ പ്രതിഫലിപ്പിക്കണം" - ശ്രീ മോദി പറഞ്ഞു.
വിവരാധിഷ്ഠിത സംവാദത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു, നന്നായി പ്രവർത്തിക്കുന്ന കാര്യങ്ങൾ മെച്ചപ്പെടുത്താനും ആവശ്യമുള്ളിടത്ത് ക്രിയാത്മകവും കൃത്യവുമായ വിമർശനം നൽകാനും അംഗങ്ങളോട് ആവശ്യപ്പെട്ടു, അങ്ങനെ പൗരന്മാർക്ക് കൂടുതൽ അറിവ് ലഭിക്കും. "ഈ ജോലി പ്രയാസകരമാണ്, പക്ഷേ ഇത് രാഷ്ട്രത്തിന് അത്യന്താപേക്ഷിതമാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യമായി എംപിമാരായി നിയമിതരായവരും യുവ എംപിമാരുമായ പലർക്കും അവരുടെ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നതിനോ ദേശീയ വികസന ചർച്ചകളിൽ സംഭാവന നൽകുന്നതിനോ മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പാർട്ടി വ്യതാസമില്ലാതെ പലരും കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ എംപിമാർക്ക് അവർ അർഹിക്കുന്ന വേദി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. "സഭയും രാഷ്ട്രവും പുതിയ തലമുറയുടെ ഉൾക്കാഴ്ചകളിൽ നിന്നും ഊർജ്ജത്തിൽ നിന്നും പ്രയോജനം നേടണം," അദ്ദേഹം പറഞ്ഞു.
പാർലമെന്റ്, നയരൂപീകരണത്തിനും സേവനത്തിനുമുള്ള സ്ഥലമാണെന്നും നാടകീയരംഗങ്ങൾക്കോ മുദ്രാവാക്യം വിളിക്കലിനോ ഉള്ളതല്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നാടകീയരംഗങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും അനുയോജ്യമായ മറ്റ് സ്ഥലങ്ങളുണ്ട്. പാർലമെന്റിൽ, നമ്മുടെ ശ്രദ്ധ നയത്തിലായിരിക്കണം, നമ്മുടെ ഉദ്ദേശ്യം വ്യക്തമായിരിക്കണം," അദ്ദേഹം പറഞ്ഞു.
ബഹുമാനപ്പെട്ട പുതിയ ചെയർമാൻ ഉപരിസഭയുടെ അധ്യക്ഷതയ്ക്ക് തുടക്കം കുറിക്കുന്നത്, ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി എടുത്തുകാട്ടി. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, ചെയർമാന്റെ നേതൃത്വം പാർലമെന്ററി പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജി എസ് ടി പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ വിശ്വാസത്തിന്റെ ശക്തമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അവയെ അടുത്ത തലമുറ പരിഷ്കാരങ്ങളായി സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയിൽ നിരവധി പ്രധാന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശീതകാല സമ്മേളനം ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമീപകാല പാർലമെന്ററി പ്രവണതകളിൽ ആശങ്ക പ്രകടിപ്പിച്ച ശ്രീ മോദി, അടുത്ത കാലത്തായി, നമ്മുടെ പാർലമെന്റ് തിരഞ്ഞെടുപ്പുകൾക്കുള്ള സന്നാഹ വേദിയായോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള നിരാശ പ്രകടിപ്പിക്കാനുള്ള സ്ഥലമായോ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞു. “രാജ്യം ഈ രീതികൾ അംഗീകരിച്ചിട്ടില്ല. അവരുടെ സമീപനവും തന്ത്രവും മാറ്റേണ്ട സമയമാണിത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള എളുപ്പ മാർഗങ്ങൾ
അവർക്ക് നൽകാൻ പോലും ഞാൻ തയ്യാറാണ്,” ശ്രീ മോദി കൂട്ടിച്ചേർത്തു.
“ഈ ഉത്തരവാദിത്തങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് നാമെല്ലാവരും മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രാജ്യം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചുവെന്ന് ഞാൻ രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു”, ശ്രീ മോദി ആവർത്തിച്ചു. പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തോടെയുള്ള മുന്നേറ്റത്തെ സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “രാജ്യം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്, ആ യാത്രയിൽ പുതിയ ഊർജ്ജവും ശക്തിയും നിറയ്ക്കുന്നതിൽ ഈ സഭ നിർണായക പങ്ക് വഹിക്കും”.
***
NK
(रिलीज़ आईडी: 2197469)
आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Tamil
,
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu