പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റുമായി ടെലിഫോൺ സംഭാഷണം നടത്തി


ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നു ശ്രീലങ്കയിലുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി​

ഇന്ത്യയുടെ സമയബന്ധിതവും ഫലപ്രദവുമായ സഹായത്തിനു പ്രസിഡന്റ് ദിസനായകെ അഗാധമായ നന്ദി രേഖപ്പെടുത്തി

‘മഹാസാഗർ’ കാഴ്ചപ്പാടിന് അനുസൃതമായും ‘ആദ്യം പ്രതികരിക്കുന്ന രാഷ്ട്രം’ എന്ന നിലയിലും ഓപ്പറേഷൻ സാഗർബന്ധുവിലൂടെ തൂടർന്നും ഇന്ത്യ പിന്തുണയേകുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകി

प्रविष्टि तिथि: 01 DEC 2025 8:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രീലങ്കൻ പ്രസിഡന്റ് ശ്രീ അനുര കുമാര ദിസനായകെയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നു ശ്രീലങ്കയിലുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധിയുടെ ഈ വേളയിൽ ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും ഉറച്ച പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്താനന്തരം ഇന്ത്യ നൽകിയ സഹായത്തിനും, രക്ഷാസംഘങ്ങളെയും ദുരിതാശ്വാസ സാമഗ്രികളെയും വേഗത്തിൽ വിന്യസിച്ചതിനും പ്രസിഡന്റ് ദിസനായകെ നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ സമയബന്ധിതവും ഫലപ്രദവുമായ പ്രതികരണത്തെ ശ്രീലങ്കൻ ജനത വിലമതിക്കുന്നതായും അദ്ദേഹം അറിയിച്ചു.

പ്രതിസന്ധിഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി നിലവിൽ നടന്നുവരുന്ന ‘ഓപ്പറേഷൻ സാഗർബന്ധു’വിനു കീഴിൽ ഇന്ത്യ ശ്രീലങ്കയ്ക്കു തുടർച്ചയായ പിന്തുണ നൽകുമെന്നു പ്രസിഡന്റ് ദിസനായകെയ്ക്കു ശ്രീ മോദി ഉറപ്പു നൽകി. ശ്രീലങ്ക പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും പൊതുസേവനങ്ങൾ പുനരാരംഭിക്കുകയും ദുരിതബാധിതപ്രദേശങ്ങളിലെ ഉപജീവനമാർഗങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, ‘മഹാസാഗർ’ കാഴ്ചപ്പാടിന് അനുസൃതമായും ‘ആദ്യം പ്രതികരിക്കുന്ന രാഷ്ട്രം’ എന്ന സ്ഥാപിതനിലപാടിന്റെ അടിസ്ഥാനത്തിലും, വരുംദിവസങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നു ശ്രീ മോദി ഉറപ്പുനൽകി.

വളരെയടുത്ത ബന്ധം തുടർ​ന്നുകൊണ്ടുപോകാനും ഇരുനേതാക്കളും ധാരണയായി.

-NK-


(रिलीज़ आईडी: 2197304) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Gujarati