പ്രധാനമന്ത്രിയുടെ ഓഫീസ്
ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
23 NOV 2025 9:41PM by PIB Thiruvananthpuram
ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യ-കാനഡ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.
നിർണായക സാങ്കേതികവിദ്യകൾ, ആണവോർജ്ജം, വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ ത്രികക്ഷി സഹകരണം വർദ്ധിപ്പിക്കുന്ന ഓസ്‌ട്രേലിയ–കാനഡ–ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തം അംഗീകരിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കാനഡ ആതിഥേയത്വം വഹിച്ച ജി7 ഉച്ചകോടിയുടെ ഭാഗമായി 2025 ജൂണിൽ കനനാസ്‌കിസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കും 2025 ഒക്ടോബറിൽ വിദേശകാര്യ മന്ത്രിമാർ ചേർന്ന് ഉഭയകക്ഷി സഹകരണത്തിനായുള്ള പുതിയ റോഡ്‌മാപ്പ് പുറത്തിറക്കിയതിനും ശേഷം ബന്ധങ്ങളിൽ ഉണ്ടായ പുതിയ മുന്നേറ്റത്തെ അവർ അഭിനന്ദിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ബഹിരാകാശം, ശാസ്ത്രം, സാങ്കേതികവിദ്യ, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. 2026 ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് പ്രധാനമന്ത്രി കാർണി പിന്തുണ അറിയിച്ചു.
ഉഭയകക്ഷി വ്യാപാരം 2030ഓടെ 50 ബില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഉന്നത നിലവാരമുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചർച്ചകൾ ആരംഭിക്കാൻ നേതാക്കൾ സമ്മതിച്ചു. ഇരുപക്ഷവും തങ്ങളുടെ ദീർഘകാല സിവിൽ ആണവ സഹകരണം വീണ്ടും ഉറപ്പിക്കുകയും ദീർഘകാല യുറേനിയം വിതരണ ക്രമീകരണങ്ങളിലൂടെയുള്ള സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും ശ്രദ്ധിക്കുകയും ചെയ്തു.
പതിവ് ഉന്നതതല വിനിമയങ്ങളുടെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി കാർണിയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു.
***
AT
(Release ID: 2193378)
Visitor Counter : 8