പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു

Posted On: 23 NOV 2025 2:33PM by PIB Thiruvananthpuram

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.

യോഗം തികച്ചും അവസരോചിതമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഇത് ആഫ്രിക്കൻ മണ്ണിലെ ആദ്യ ജി20 ഉച്ചകോടിക്ക് അനുബന്ധമായാണ് നടന്നതെന്നും, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ തുടർച്ചയായി നാല് ജി20 അധ്യക്ഷ പദവികൾ നേടിയതിന്റെ പരിസമാപ്തിയാണ് ഈ യോഗമെന്നും ചൂണ്ടിക്കാട്ടി. ഈ നാല് അധ്യക്ഷ പദവികളിൽ അവസാനത്തെ മൂന്നെണ്ണം ഐ.ബി.എസ്.എ. അംഗരാജ്യങ്ങളുടേതായിരുന്നു. മനുഷ്യ കേന്ദ്രീകൃത വികസനം, ബഹുമുഖ പരിഷ്കരണം, സുസ്ഥിര വളർച്ച എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി സുപ്രധാന ഉദ്യമങ്ങൾക്കു ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഐ.ബി.എസ്.എ മൂന്ന് രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമല്ലെന്നും, മൂന്ന് ഭൂഖണ്ഡങ്ങളെയും, മൂന്ന് പ്രധാന ജനാധിപത്യ രാജ്യങ്ങളെയും, മൂന്ന് പ്രധാന സാമ്പത്തിക ശക്തികളെയും ബന്ധിപ്പിക്കുന്ന സുപ്രധാന വേദി കൂടിയാണ് ഇതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ആഗോള ഭരണ സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ആഗോള ഭരണ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് യു.എൻ. രക്ഷാ സമിതിയുടെ പരിഷ്കരണം എന്നത് ഇനി ഒരു താല്പര്യം മാത്രമല്ല, മറിച്ച് അനിവാര്യതയാണെന്ന ശക്തമായ സന്ദേശം നൽകാൻ അദ്ദേഹം ഐബിഎസ്എയോട് ആവശ്യപ്പെട്ടു.

ഭീകരതയെ ചെറുക്കുന്നതിൽ, അടുത്ത ഏകോപനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി തീവ്രവാദ വിരുദ്ധ വിഷയത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കി. മനുഷ്യ കേന്ദ്രീകൃത വികസനം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യയുടെ നിർണായക പങ്ക് എടുത്തു കാണിച്ചുകൊണ്ട്, യു.പി.ഐ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, കോ-വിൻ പോലുള്ള ആരോഗ്യ പ്ലാറ്റ്‌ഫോമുകൾ, സൈബർ സുരക്ഷാ ചട്ടക്കൂടുകൾ, വനിതകൾ നയിക്കുന്ന സാങ്കേതിക സംരംഭങ്ങൾ എന്നിവ മൂന്ന് രാജ്യങ്ങൾക്കുമിടയിൽ പങ്കുവെക്കുന്നതിനായി ഒരു 'ഐ.ബി.എസ്.എ. ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ്' സ്ഥാപിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സുരക്ഷിതവും വിശ്വസനീയവും മനുഷ്യ കേന്ദ്രീകൃതവുമായ എ.ഐ. മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ സംഭാവന നൽകാനുള്ള ഐ.ബി.എസ്.എയുടെ സാധ്യതയും പ്രധാനമന്ത്രി എടുത്തു കാണിച്ചു. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിയിലേക്ക് ഐ.ബി.എസ്.എ. നേതാക്കളെ അദ്ദേഹം ക്ഷണിച്ചു.

വികസനം പരസ്പര പൂരകമാക്കാനും സുസ്ഥിര വളർച്ചയ്ക്ക് മാതൃകയാകാനും ഐബിഎസ്എയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുധാന്യങ്ങൾ, പ്രകൃതിദത്ത കൃഷി, ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷി, ഹരിത ഊർജ്ജം, പരമ്പരാഗത വൈദ്യശാസ്ത്രം, ആരോഗ്യ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ അദ്ദേഹം എടുത്തുകാട്ടി.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ നാൽപ്പതോളം രാജ്യങ്ങളിലെ പദ്ധതികളെ പിന്തുണയ്ക്കുന്ന ഐ.ബി.എസ്.എ. ഫണ്ടിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദക്ഷിണ-ദക്ഷിണ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ കഴിയുന്ന കൃഷിക്കുവേണ്ടിയുള്ള ഐ.ബി.എസ്.എ. ഫണ്ട് അദ്ദേഹം നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണമായും ഇവിടെ [https://www.pib.gov.in/PressReleasePage.aspx?PRID=2193134] ലഭ്യമാണ്.

****

AT 

 

 


(Release ID: 2193311) Visitor Counter : 4