iffi banner

ഐഎഫ്എഫ്‌ഐ അംബാസഡർമാരുടെ വട്ടമേശ സമ്മേളനത്തിൽ ഇന്ത്യ സഹ-നിർമ്മാണ സാധ്യതകൾ പ്രദർശിപ്പിച്ചു, കൂടുതൽ ആഴത്തിലുള്ള സാംസ്കാരിക–സാങ്കേതിക സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം.

അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ (IFFI) ഭാഗമായി ഇന്ന് ഡോണ പൗളയിലെ താജ് സിഡാഡെ ദി ഗോവ ഹെറിറ്റേജ് ഹോട്ടലിൽ നടന്ന അംബാസഡർമാരുടെ വട്ടമേശസമ്മേളനം വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ ഒന്നിപ്പിച്ചു. സഹനിർമ്മാണ അവസരങ്ങൾ, സൃഷ്ടിപരമായ –സാമ്പത്തിക വളർച്ച, ഗഹനമായ സാംസ്കാരിക വിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദ്വിപക്ഷ ഓഡിയോ–വിഷ്വൽ സഹകരണം മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ സമ്മേളനം ചർച്ച ചെയ്തു.

ഇന്ത്യയും പങ്കാളി രാജ്യങ്ങളും തമ്മിലുള്ള സംവാദത്തിനും പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുത്തുന്നതിനുമുള്ള വേദിയായ വട്ടമേശ സമ്മേളനം, ഉയർന്നുവരുന്ന ചലച്ചിത്രനിർമാണ സാധ്യതകളിലും സാങ്കേതിക പങ്കാളിത്തങ്ങളിലുമാണ് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ആഗോളവും സൃഷ്ടിപരവുമായ സമ്പ്രദായങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായകമായ റെഗുലേറ്ററി ഏകീകരണവും ചർച്ചയുടെ പ്രധാന ഭാഗമായി നടന്നു. സഹനിർമ്മാണ കരാറുകൾ മുഖേന സാമ്പത്തിക മൂല്യം വർധിപ്പിക്കൽ, സാംസ്കാരിക–സാങ്കേതിക ഇടപെടലുകൾ വിപുലമാക്കൽ, വിദേശത്ത് പ്രവർത്തിക്കുന്ന സിനിമാ നിർമ്മാതാക്കൾക്കുള്ള നിയമപ്രക്രിയകൾ ലഘൂകരിക്കൽ, കൂടുതൽ പരസ്പര ബന്ധിതവും  സൃഷ്ടിപരവുമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.

ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ അന്തരീക്ഷത്തെയും നിർമ്മാണ ഹബ് എന്ന നിലയിലുള്ള അതിന്റെ വളർച്ചയേയും സംബന്ധിച്ച് വാർത്താ വിനിമയ മന്ത്രാലയ സെക്രട്ടറി ശ്രീ.സഞ്ജയ് ജാജു തന്റെ സ്വാഗതപ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു.

"സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തങ്ങൾ ആഴത്തിലാക്കുന്നതിനും" വട്ടമേശ സമ്മേളനം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ബഹുഭാഷാ പ്രതിഭകളുടെ കൂട്ടായ്മയെയും "ലോകത്തിന്റെ സ്റ്റുഡിയോ എന്ന നിലയിൽ ആഗോള കഥകൾ  നിർമ്മിക്കാനും പങ്കിടാനും കഴിയുന്നിടം" എന്ന നിലയിലേക്കുള്ള അതിന്റെ വളർച്ചയെയും അദ്ദേഹം  ഊന്നിപ്പറഞ്ഞു.

വൈവിധ്യമാർന്ന ചിത്രീകരണ ലൊക്കേഷനുകളിൽ നിന്ന് ആധുനിക ആനിമേഷൻ, VFX സ്റ്റുഡിയോകൾ വരെ വ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ കഴിവുകളെ അദ്ദേഹം വിശദീകരിച്ചു. ഐഎഫ്എഫ്ഐയുടെ പ്രധാന വേദിയായ WAVES ഫിലിം ബസാറിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം പ്രതിനിധികളെ ക്ഷണിച്ചു. ഇന്ത്യയുമായുള്ള പങ്കാളിത്തം വിപുലമായ  ആഗോള പ്രവാസി സമൂഹത്തെ ഇതിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വട്ടമേശ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയത്തിന്റെ സഹമന്ത്രി ഡോ. എൽ. മുരുകൻ, ദൃശ്യശ്രാവ്യ സഹകരണത്തെ ശക്തിപ്പെടുത്താനുള്ള “ഏറ്റവും ഫലപ്രദമായ മാർഗം” ആണ് സഹ നിർമ്മാണമെന്ന് അഭിപ്രായപ്പെട്ടു. വി.എഫ്.എക്‌സ്, ആനിമേഷൻ, അടുത്ത തലമുറ നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവയുടെ അതിവേഗ പുരോഗതി ഇന്ത്യയുടെ മാധ്യമ -വിനോദ വ്യവസായത്തെ 2025ഓടെ 31.6 ബില്യൺ യുഎസ് ഡോളറിൽ എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സംയുക്ത വികസന പദ്ധതികൾ, ലളിതമായ അനുമതി സംവിധാനങ്ങൾ, പ്രതിഭയും വിഭവങ്ങളും രാജ്യങ്ങൾക്കിടയിൽ കൂടുതൽ സ്വതന്ത്രമായി നടപ്പിലാക്കാനുള്ള സൗകര്യം, സിനിമാ നിർമ്മാതാക്കൾക്കുള്ള ഉയർന്ന സൃഷ്ടിപരമായ സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നതിൽ ദ്വൈപക്ഷിക കരാറുകളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയുടെ ഏകോപനം ശക്തമാക്കിയതിലൂടെ ഇന്ത്യ പൈറസിക്കെതിരായ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി. ഇത് അന്താരാഷ്ട്ര നിർമ്മാണങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മന്ത്രിമാരുടെ പ്രസ്താവനകൾക്ക് ശേഷം, NFDC യുടെ കൺസൾട്ടന്റായ ശ്രുതി രാജ്കുമാർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പൈറസി വിരുദ്ധ ചട്ടക്കൂട്  വട്ടമേശ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഡിജിറ്റൽ ചോർച്ച തടയുന്നതിനും ഉള്ളടക്ക ഉടമകളെ സംരക്ഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത സാങ്കേതിക ഇടപെടലുകളും നയതല സംവിധാനങ്ങളും അവതരണത്തിൽ വിശദമായി പ്രതിപാദിച്ചു.

 

ക്യൂബയും നേപ്പാളും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരും, ഇസ്രായേൽ, ഗയാന, ഓസ്‌ട്രേലിയ, അയർലണ്ട്, മൊറോക്കോ, ടോഗോ, കോറ്റ് ദിവ്വാർ എന്നിവയെ പ്രതിനിധീകരിച്ചെത്തിയ മുതിർന്ന നയതന്ത്രജ്ഞ പ്രതിനിധികളും വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. അവരുടെ രാജ്യങ്ങളിലെ ചലച്ചിത്ര വ്യവസായങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അനുഭവങ്ങളും അവർ യോഗത്തിൽ പങ്കുവച്ചു.

 

ഇന്ത്യയുടെ സൃഷ്ടിപരമായ തൊഴിലാളി ശക്തിയുമായി സഹകരിക്കാനുള്ള സാധ്യതകൾ, അതിന്റെ സാങ്കേതിക മികവുകൾ വിനിയോഗിക്കാനുള്ള അവസരങ്ങൾ, പരസ്പരം സിനിമാ രംഗത്തെ സമ്പുഷ്ടമാക്കാനാവുന്ന സഹനിർമാണ സാധ്യതകൾ എന്നിവയെക്കുറിച്ച് പ്രതിനിധികൾ ആശയങ്ങൾ പങ്കു വച്ചു.

 

വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ (എക്സ്പിഡി) ശ്രീ രാജേഷ് പരിഹാർ ചടങ്ങിന് നന്ദി പറയവേ ,  നയതന്ത്രജ്ഞരുടെ സംഭാവനകളെ  അംഗീകരിക്കുകയും സഹകരണ - ആഗോള ഓഡിയോ-വിഷ്വൽ പരിസ്ഥിതി വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധയെ അടിവരയിടുകയും  ചെയ്തു. IFFI 2025 ലെ അംബാസഡർമാരുടെ വട്ടമേശ സമ്മേളനം ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ, കൂടുതൽ ഊർജ്ജസ്വലമായ മാധ്യമ പങ്കാളിത്തങ്ങൾ, കഥപറച്ചിലിന്റെ ഭാവിയെക്കുറിച്ചുള്ള  സഹകരണ കാഴ്ചപ്പാട് എന്നിവ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയായി മാറി.

*****


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2192696   |   Visitor Counter: 4