'നാളെയുടെ സർഗാത്മക മനസ്സുകൾ' 2025 ആരംഭിക്കുമ്പോൾ ഇന്ത്യയിലെ സർഗാത്മക സ്രഷ്ടാക്കളുടെ പുതുതലമുറ അരങ്ങിലിറങ്ങുന്നു
സിഎംഒടി വെറും ചലച്ചിത്ര നിർമ്മാണത്തെക്കുറിച്ചുള്ളതല്ല, മറിച്ച് രാജ്യത്തിന്റെ സർഗ്ഗാത്മക ഭാവി രൂപപ്പെടുത്തുന്നതാണിത്: കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ
ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ വളർന്നുവരുന്ന യുവ ചലച്ചിത്ര സ്രഷ്ടാക്കൾക്ക് വേണ്ടിയുള്ള ഒരു കേളീഗേഹമായി പ്രകൃതിരമണീയമായ തീരദേശ നഗരത്തെ മാറ്റിക്കൊണ്ട്, ഇന്ന് ഗോവയിൽ ആരംഭിച്ച 'നാളെയുടെ സർഗാത്മക മനസ്സുകൾ' (ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ - CMOT) 2025-ന്റെ അഞ്ചാം പതിപ്പിനൊപ്പം ഇന്ത്യയിലെ പുതുതലമുറ സർഗ്ഗാത്മക സ്രഷ്ടാക്കൾ വേദിയിലെത്തി.
സർഗ്ഗാത്മകതയുടെയും സഹകരണത്തിന്റെയും ചലച്ചിത്രപര മായാജാലത്തിന്റെയും ചക്രവാതത്തിൽ ആശയങ്ങൾ തിരക്കഥയിൽ നിന്ന് തിരശ്ശീലയിലേക്ക് കുതിക്കുന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ഊർജ്ജസ്വലമായൊരു ചലച്ചിത്ര നിർമാണ മത്സരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്, വളർന്നുവരുന്ന 125 താരങ്ങൾ ചുവടുവെക്കുന്നു. ഇത് വെറുമൊരു ഉത്സവ പരിപാടിയല്ല - നാളത്തെ സംവിധായകരും, അഭിനേതാക്കളും, കഥാകൃത്തുക്കളും വൻവിജയം കൊയ്യുന്ന അവരുടേതായ കഥകൾ നിർമ്മിക്കാൻ തുടങ്ങുന്നത് ഇവിടെയാണ്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ മത്സരം ഉദ്ഘാടനം ചെയ്യുകയും മത്സരാർഥികളുടെ അഭിനിവേശത്തെയും സർഗ്ഗാത്മകതയെയും പ്രശംസിക്കുകയും ചെയ്തു. 2021 മുതൽ ഈ സംരംഭത്തിന്റെ സ്ഥിരമായ വളർച്ച ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവ കഥാകൃത്തുക്കൾക്ക് ഒരു അന്താരാഷ്ട്ര വേദി ലഭ്യമാക്കിയതിന് സിഎംഒടിയെ പ്രശംസിച്ചു. ''ഇന്ത്യയിലെ വളർന്നുവരുന്ന സർഗാത്മക സ്രഷ്ടാക്കളെ ആഗോള നിർമ്മാതാക്കളുമായും സർഗ്ഗാത്മക ശൃംഖലകളുമായും ബന്ധിപ്പിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. ഇത് ചലച്ചിത്രനിർമ്മാണത്തെക്കുറിച്ച് മാത്രമല്ല - രാജ്യത്തിന്റെ സർഗ്ഗാത്മക ഭാവി രൂപപ്പെടുത്തുന്നതിനെക്കുറിച്ചുമാണ്,'' എന്ന് അദ്ദേഹം പറഞ്ഞു.
'ഈ ഉയർന്ന സമ്മർദ്ദ അനുഭവങ്ങൾ നിങ്ങളുടെ കഴിവുകളെ മൂർച്ച കൂട്ടുകയും നിങ്ങളുടെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരികയും ചെയ്യുന്നു' എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 48 മണിക്കൂർ ദൈർഘ്യമുള്ള തീവ്രമായ ചലച്ചിത്രനിർമ്മാണ വെല്ലുവിളി ഏറ്റെടുക്കാൻ ഡോ. മുരുകൻ മത്സരാർഥികളോട് ആഹ്വാനം ചെയ്തു.
ഊർജ്ജസ്വലവും നൂതനാശയങ്ങളിൽ അധിഷ്ഠിതവുമായ ഒരു സൃഷ്ടിപരമായ മേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി, പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യയുടെ സർഗാത്മക ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും ഓറഞ്ച് (സർഗാത്മക) സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന മുംബൈയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട യുവാക്കളെ അഭിനന്ദിക്കുകയും, അവരുടെ ഉൾച്ചേർക്കലിനെ ഒരു സുപ്രധാന നേട്ടമായി വിശേഷിപ്പിക്കുകയും ചെയ്തു. അവരുടെ ആവേശത്തെ പ്രശംസിച്ചുകൊണ്ട്, കഴിഞ്ഞ വർഷത്തെ മത്സരത്തിൽ നിർമ്മിക്കപ്പെട്ട അസാധാരണ ചലച്ചിത്രങ്ങളെ അദ്ദേഹം ഓർത്തെടുത്തു, അന്തിമ പ്രദർശനം 'ഏകദേശം ഓസ്‌കാറിന് സമാനം' ആയിരുന്നെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
സമ്മർദ്ദത്തിൻ കീഴിൽ അപരിചിതർ ഒത്തുചേർന്ന് ആകർഷകമായ കഥകൾ സൃഷ്ടിക്കുന്ന അപൂർവ സഹകരണമാണ് സിഎംഒടി വളർത്തിയെടുക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'നിങ്ങളിൽ പലരും ഇന്ത്യയുടെ ഭാവി കഥാകൃത്തുക്കളും ആഗോള സാംസ്‌കാരിക അംബാസഡർമാരുമായി മാറും,' അടുത്തിടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഒരു സിഎംഒടി പൂർവ്വ മത്സരാർഥിയുടെ ഉദാഹരണത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഷോർട്ട്‌സ് ഇന്റർനാഷണലിന്റെ സ്ഥാപകനും സിഇഒയുമായ കാർട്ടർ പിൽച്ചർ, ഈ വർഷത്തെ സിഎംഒടിയെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ആവേശകരമായ പതിപ്പുകളിൽ ഒന്നായാണ് വിശേഷിപ്പിച്ചത്. മറ്റൊരു ആഗോളമേളകളിലുമില്ലാത്ത അതുല്യമായ ഒരു വേദി നിർമ്മിച്ചതിന് അദ്ദേഹം കേന്ദ്രമന്ത്രാലയത്തെ പ്രശംസിച്ചു. 'മുൻ പതിപ്പുകളിലെ മത്സരാർഥികൾ ഇതിനകം തന്നെ കാനിലും, ലോകമെമ്പാടുമുള്ള പ്രധാന ചലച്ചിത്രമേളകളിലും ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്, കൂടാതെ ഓസ്‌കാർ ചുരുക്കപ്പട്ടികയിൽ പോലും ഇടം നേടിയിട്ടുമുണ്ട്,' അദ്ദേഹം പറഞ്ഞു. പഠിക്കാനും സഹകരിക്കാനും സൃഷ്ടിപരമായ അതിരുകൾ ഭേദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താൻ സർഗാത്മക സ്രഷ്ടാക്കളോട് അഭ്യർത്ഥിച്ച പിൽച്ചർ, ഹ്രസ്വ രൂപത്തിലുള്ള കഥപറച്ചിലാണ് ഇപ്പോൾ ആഗോള വിനോദത്തിന്റെ കാതലെന്ന് ആവർത്തിച്ചു.
ജോയിന്റ് സെക്രട്ടറി (ചലച്ചിത്രം) ഡോ. അജയ് നാഗഭൂഷൺ, എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ ശ്രീ. പ്രകാശ് മഗ്ദൂം എന്നിവരും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
****
Release ID:
2192574
| Visitor Counter:
6