iffi banner

ഗോവയിലെ കലാ അക്കാദമിയിൽ നടക്കുന്ന ഐഎഫ്എഫ്ഐ 2025-ലെ മാസ്റ്റർക്ലാസുകൾ കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ചലച്ചിത്രകാരന്മാരും ആഗോള പങ്കാളികളും വൈവിധ്യമാർന്ന വിജ്ഞാന സെഷനുകളിൽ പങ്കെടുക്കുന്നു

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI 2025) മാസ്റ്റർക്ലാസ് പരമ്പര കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ഗോവയിലെ കലാ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ജോയിൻ്റ് സെക്രട്ടറി ഡോ. അജയ് നാഗഭൂഷൺ, പ്രശസ്ത ചലച്ചിത്രകാരൻ  ശ്രീ മുസാഫർ അലി,  ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ  മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും, നിർമ്മാതാവ് ശ്രീ രവി കൊട്ടാരക്കര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
 

 
ചരിത്രപരമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ മാസ്റ്റർക്ലാസ് പരമ്പരയുടെ  ഉദ്ഘാടനം ആദ്യമായി പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ  നടന്നു. എല്ലാവർക്കും പ്രവേശനം നല്കുന്നതിനും വിശാലമായ പങ്കാളിത്തത്തിനുമുള്ള ചലച്ചിത്രമേളയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
 


 
ആഗോളതലത്തിലെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സിനിമാ സ്വാധീനത്തെ പ്രതിനിധീകരിക്കുന്ന ഇരുനൂറിലധികം സിനിമകൾ ഐഎഫ്എഫ്ഐ 2025-ൽ പ്രദർശിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എൽ. മുരുകൻ പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിൻ്റെ  യാത്രയുമായി ഈ മേള പൊരുത്തപ്പെടുന്നുവെന്നും ആഗോളതലത്തിൽ സർഗ്ഗാത്മകമായ ചുവടുവയ്പ്പ് വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ പങ്കാളിത്തവും സംഭാവനയും മന്ത്രി അടിവരയിട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  നാരി ശക്തിയോടും വനിതാ ശാക്തീകരണത്തോടുമുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമായി സ്ത്രീകൾ സംവിധാനം ചെയ്ത 50 സിനിമകൾ ഈ വർഷം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഐഎഫ്എഫ്ഐ 2025-ലെ മാസ്റ്റർക്ലാസ് വിഭാഗത്തിൽ പാനൽ ചർച്ചകൾ, ശില്പശാലകൾ, റൗണ്ട് ടേബിൾ സംവാദങ്ങൾ, അഭിമുഖ സെഷനുകൾ, ഫയർസൈഡ് ചാറ്റുകൾ, സംഭാഷണ ശില്പശാലകൾ എന്നിവയുൾപ്പെടെ വിപുലമായ അറിവ് പങ്കിടൽ ഫോർമാറ്റുകൾ അവതരിപ്പിക്കും. വിധു വിനോദ് ചോപ്ര, അനുപം ഖേർ, മുസാഫർ അലി, ഷാദ് അലി, ശേഖർ കപൂർ, രാജ്കുമാർ ഹിരാനി, ആമിർ ഖാൻ, വിശാൽ ഭരദ്വാജ്, സുഹാസിനി മണിരത്‌നം തുടങ്ങിയ പ്രശസ്ത സിനിമാ വ്യക്തിത്വങ്ങൾ മേളയിലുടനീളം വിവിധ സെഷനുകൾ നയിക്കും.



പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ മുസാഫർ അലി മാസ്റ്റർക്ലാസ് പരമ്പരയുടെ ആദ്യ സെഷന് നേതൃത്വം നല്കിക്കൊണ്ട്  വരാനിരിക്കുന്ന ദിവസങ്ങളിലെ ചർച്ചകൾക്ക് തുടക്കം കുറിച്ചു.

ഈ വർഷത്തെ മാസ്റ്റർക്ലാസുകൾ സമകാലികവും ഭാവിയിലേക്കുള്ളതുമായ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യും. നിർമ്മിതബുദ്ധി, സുസ്ഥിരത എന്നിവയേക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഛായാഗ്രഹണം, വിഎഫ്എക്സ്, എസ്എഫ്എക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതിക ശില്പശാലകളും  ഇതിൽ ഉൾപ്പെടും. കൂടാതെ ചലച്ചിത്ര രംഗത്തെ പ്രമുഖർ നയിക്കുന്ന നാടക അഭിനയത്തെക്കുറിച്ചുള്ള മാസ്റ്റർക്ലാസുകൾ പഠനാനുഭവത്തിന് കൂടുതൽ ആഴം നല്കും.

ഓസ്‌ട്രേലിയ, ജപ്പാൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഐഎഫ്എഫ്ഐ 2025 ആകർഷിച്ചു. ഇത് സിനിമാ സഹകരണത്തിനും കഴിവുകളുടെ കൈമാറ്റത്തിനുമുള്ള ഒരു ആഗോള വേദിയായി ചലച്ചിത്രമേളയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഐഎഫ്എഫ്ഐ യുടെ വാർഷിക പാരമ്പര്യത്തിൻ്റെ  ഭാഗമായി ഇന്ത്യൻ സിനിമയ്ക്ക് നല്കിയ ദീർഘകാല സംഭാവനകളെ ആദരിച്ചുകൊണ്ട് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, സിനിമാ ഇതിഹാസം ഗുരുദത്ത് എന്നിവരുൾപ്പെടെയുള്ള അതുല്യ കലാകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. 
 
****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2192499   |   Visitor Counter: 9