iffi banner

IFFI 56-ാം പതിപ്പിന് തുടക്കം കുറിച്ച് 'ദി ബ്ലൂ ട്രെയിൽ'

ഗബ്രിയേൽ മസ്കാരോയുടെ ഡിസ്റ്റോപ്പിയൻ കഥയായ ‘ദ ബ്ലൂ ട്രെയിൽ’—മാതൃഭാഷയായ പോർച്ചുഗീസിൽ ‘ഓ ഉൽട്ടിമോ അസുൽ’ എന്നറിയപ്പെടുന്ന ചിത്രം—ഇന്ന് 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യ്ക്ക് തുടക്കം കുറിക്കുകയും വ്യാപക പ്രശംസയും അത്ഭുതവും ഉണർത്തി അരങ്ങേറുകയും ഗോവൻ തീരങ്ങളിൽ സർവ്വാത്മനാ സ്വീകരിക്കപ്പെടുകയും ചെയ്തു.

ചിത്രം തിരശ്ശീലയിൽ തെളിയുന്നതിന് മുമ്പ്, മരിയ അലഹാന്ദ്ര റോഹാസ്, അർതുറോ സലാസർ ആർബി, ക്ലാരിസ പിൻഹീറോ, റോസ മലഗുട്ട, ഗബ്രിയേൽ മസ്കാരോ എന്നിവരുള്‍പ്പെടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറശില്പികളും പ്രവർത്തകരും ചുവന്ന പരവതാനിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ആശയവിനിമയ പരിപാടിയിൽ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി  പ്രമോദ് സാവന്ത്, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി  സഞ്ജയ് ജാജു, IFFI ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ഇതിഹാസ നടൻ നന്ദമുരി ബാലകൃഷ്ണ എന്നിവരും പങ്കെടുത്തു.

ചിത്രത്തെക്കുറിച്ച് ശേഖർ കപൂർ ഇങ്ങനെ പറഞ്ഞു, “ബെർലിൻ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമാണിത്, അന്ന് സിൽവർ ബിയർ നേടിക്കൊണ്ട് രണ്ടാമത്തെ ചിത്രമായി മാറി, വികാരനിർഭരമായ ഒരു ചിത്രമാണിത്, അതിനെക്കുറിച്ച് ആഴത്തിലുള്ള വിശകലം ഞാൻ സംവിധായകന് വിട്ടുകൊടുക്കുന്നു.”

സംവിധായകൻ ഗബ്രിയേൽ മസ്ക്കാരോ തന്റെ സിനിമയെ ഇങ്ങനെ വിശദീകരിച്ചു:“ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനുള്ള സമയമായി എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന, നമ്മെ പിന്തുണയ്ക്കുന്ന ഒരു പ്രായമായ സ്ത്രീയെക്കുറിച്ചാണ് ഈ സിനിമ.”

IFFI യുടെ ഭാവി സംബന്ധിച്ച്  ശേഖർ കപൂർ ശുഭ പ്രതീക്ഷ പങ്കു വച്ചു:“രണ്ട് മൂന്നുവർഷങ്ങൾക്കുള്ളിൽ  ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഒരു മഹോത്സവമായി ഇത് മാറും. വളരെ പെട്ടെന്ന് കാൻ ചലച്ചിത്രമേളയോളം നാം വളരും.”


ഒരു ഡിസ്റ്റോപ്പിയൻ ഡ്രാമ:

മനസിനെ മഥിക്കുന്ന ഡിസ്റ്റോപ്പിയൻ ബ്രസീൽ പശ്ചാത്തലത്തിൽ, വിധിയുടെ തണുത്തുറഞ്ഞ കരങ്ങളെയും മുതിർന്നവരുടെ കോളനിയിൽ ഒതുക്കി നിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെയും വെല്ലുവിളിക്കുന്ന 77 വയസ്സുള്ള തെരേസ എന്ന ഉത്സാഹഭരിതയായ വനിതയെ 'ദി ബ്ലൂ ട്രെയിൽ' പിന്തുടരുന്നു. സ്വപ്നങ്ങളാൽ നിറഞ്ഞ ഹൃദയവും ബന്ധനങ്ങളെ നിരസിക്കുന്ന ആത്മാവുമായി, ആദ്യമായി ആകാശത്തെ ആലിംഗനം ചെയ്യാനും പറക്കുന്നതിന്റെ അത്ഭുതം അനുഭവിക്കാനുമായി അവൾ ആമസോണിലൂടെ ധീരമായ ഒരു യാത്ര ആരംഭിക്കുന്നു. പരമ്പരാഗത മാർഗ്ഗങ്ങളിൽ നിന്ന് വ്യതിചലിച്ചുള്ള  ഈ യാത്രയിൽ, അവൾ ഒരു ബോട്ടിൽ കടന്നുപോകുകയും, വഴിയാത്രയിൽ വിവിധ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഓരോ പുതിയ അനുഭവവും, ഓരോ വെല്ലുവിളിയും, ഓരോ ചെറുനിമിഷത്തിലെ മാന്ത്രിക പ്രകാശവും—തെരേസയുടെ ധീരതയെയും ബോധത്തെയും പരീക്ഷിക്കുന്നു. വളവുകളും തിരിവുകളും അതിജീവിക്കുന്ന തെരേസയുടെ ഈ യാത്ര, സ്വാതന്ത്ര്യത്തിന്റെയും പ്രതിരോധശേഷിയുടെയും, സമൂഹം പ്രായത്തെ അധികരിച്ച് വരയ്ക്കുന്ന അതിരുകൾ മറികടന്ന് സ്വന്തം നിബന്ധനകളിൽ ജീവിതം ആസ്വദിക്കുന്നതിന്റെയും അപരിമേയമായ ആനന്ദത്തിന്റെ ഗഹനമായ സാക്ഷ്യമായി മാറുന്നു.
 
SKY
 
******
 

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2192380   |   Visitor Counter: 8