വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അച്ചടിമാധ്യമ രംഗത്തെ ശക്തിപ്പെടുത്താൻ സർക്കാർ പരസ്യങ്ങളുടെ നിരക്ക് ഘടന പരിഷ്കരിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അച്ചടിമാധ്യമങ്ങളിലെ പരസ്യ നിരക്കിൽ 26% വർധന; കളർ പരസ്യങ്ങൾക്ക് പ്രീമിയം നിരക്കുകൾ
Posted On:
17 NOV 2025 4:24PM by PIB Thiruvananthpuram
പരസ്യങ്ങളുടെ നിരക്ക് 26% വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു ലക്ഷം കോപ്പി ദിനപത്രങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യങ്ങൾക്ക് ചതുരശ്ര സെൻ്റിമീറ്ററിന് 47.40 രൂപയിൽ നിന്ന് 59.68 രൂപയാക്കി ഉയര്‍ത്തിയതോടെ 26 ശതമാനമാണ് നിരക്ക് വര്‍ധിച്ചത്. കളർ പരസ്യങ്ങൾക്കും മുൻഗണനാ സ്ഥാനങ്ങൾക്കും നൽകേണ്ട പ്രീമിയം നിരക്കുകളുമായി ബന്ധപ്പെട്ട സമിതിയുടെ ശിപാർശകളും സർക്കാർ അംഗീകരിച്ചു.
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലെ നോഡൽ മാധ്യമ സംവിധാനമായ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനാണ് (സിബിസി) വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകൾക്കും വേണ്ടി സിബിസിയുടെ പാനലില്‍ ഉള്‍പ്പെട്ട അച്ചടി മാധ്യമങ്ങളടക്കം വിവിധ മാധ്യമങ്ങളിൽ പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. 8-ാമത് നിരക്ക് ഘടനാ സമിതിയുടെ (ആര്‍എസ്‍സി) ശിപാർശകളുടെ അടിസ്ഥാനത്തിൽ 2019 ജനുവരി 9-നായിരുന്നു അച്ചടിമാധ്യമ പരസ്യങ്ങള്‍ക്ക് സിബിസി നിശ്ചയിച്ച നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത്. ഇതിന് മൂന്ന് വർഷം കാലാവധിയുണ്ടായിരുന്നു.
അച്ചടി മാധ്യമ ചെലവുകൾ സമിതി വിലയിരുത്തി
അച്ചടിമാധ്യമങ്ങളിലെ സർക്കാർ പരസ്യങ്ങളുടെ നിരക്കുകൾ പരിഷ്കരിക്കുന്നതിന് എഎസ് & എഫ്എയുടെ (വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം) അധ്യക്ഷതയിൽ 2021 നവംബർ 11-നാണ് 9-ാമത് നിരക്കുഘടനാ സമിതി രൂപീകരിച്ചത്.
2021 നവംബറിനും 2023 ഓഗസ്റ്റിനുമിടയിൽ സമിതി നടത്തിയ നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎന്‍എസ്), ഓൾ ഇന്ത്യ സ്മോൾ ന്യൂസ് പേപ്പർ അസോസിയേഷൻ (എഐഎസ്എന്‍എ), സ്മോൾ-മീഡിയം-ബിഗ് ന്യൂസ് പേപ്പർ സൊസൈറ്റി (എസ്എംബിഎന്‍എസ്) തുടങ്ങി ചെറുകിട, ഇടത്തരം, വന്‍കിട പത്രങ്ങളുടെ വിവിധ അസോസിയേഷനുകളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും നിവേദനങ്ങൾ പരിഗണിച്ചു. ന്യൂസ് പ്രിൻ്റിൻ്റെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ), കൂലി, പണപ്പെരുപ്പ നിരക്ക്, ഇറക്കുമതി ചെയ്ത ന്യൂസ് പ്രിൻ്റ് നിരക്കിൻ്റെ പ്രവണത, പ്രവര്‍ത്തന ചെലവ് തുടങ്ങി പരസ്യ നിരക്കുകളെ സ്വാധീനിക്കുന്ന വിവിധ മാനദണ്ഡങ്ങളെക്കുറിച്ചും സമിതി വിശദമായി ചർച്ച ചെയ്തു. 2023 സെപ്റ്റംബർ 23-നാണ് സമിതി ശിപാർശകൾ സമർപ്പിച്ചത്.
വരുമാന വര്‍ധനയും അച്ചടിമാധ്യമ മേഖലയുടെ ശാക്തീകരണവും
അച്ചടിമാധ്യമങ്ങളിലെ സർക്കാർ പരസ്യങ്ങളുടെ നിരക്കുകൾ ഉയര്‍ത്തുന്നത് സർക്കാരിനും മാധ്യമ മേഖലയ്ക്കും നിരവധി സുപ്രധാന നേട്ടങ്ങളുണ്ടാക്കും. മറ്റ് മാധ്യമ വേദികളുമായി മത്സരം നിലനിൽക്കുന്ന ഇക്കാലത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ച പ്രവര്‍ത്തനച്ചെലവിൻ്റെ പശ്ചാത്തലത്തിൽ ഉയർന്ന പരസ്യ നിരക്കുകൾ അച്ചടിമാധ്യമങ്ങള്‍ക്ക് ആവശ്യമായ വരുമാന പിന്തുണ നൽകുന്നു. പ്രവർത്തനങ്ങൾ നിലനിർത്താനും ഗുണമേന്മയുള്ള പത്രപ്രവർത്തനം ഉറപ്പാക്കാനും പ്രാദേശിക വാർത്താ സംരംഭങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിലൂടെ അച്ചടിമാധ്യമങ്ങള്‍ക്ക് മികച്ച ഉള്ളടക്കത്തിൽ നിക്ഷേപം നടത്താനും അതുവഴി പൊതുജന താല്പര്യത്തിലൂന്നി കൂടുതൽ ഫലപ്രദമായ സേവനം ഉറപ്പാക്കാനും ഇത് വഴിയൊരുക്കുന്നു.
പരസ്യ നിരക്കുകളിലെ വർധന മാധ്യമ ഉപഭോഗത്തിലെ വിശാല പ്രവണതകളുമായും ചേര്‍ന്നുനില്‍ക്കുന്നു. വൈവിധ്യമാർന്ന മാധ്യമ സംവിധാനത്തിൽ അച്ചടിമാധ്യമങ്ങളുടെ മൂല്യം തിരിച്ചറിയുന്നതിലൂടെ ആശയവിനിമയ തന്ത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പൗരന്മാരിലേക്ക് വിവരങ്ങൾ ഫലപ്രദമായി എത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സർക്കാറിന് സാധിക്കുന്നു.
*****
(Release ID: 2191076)
Visitor Counter : 6
Read this release in:
English
,
Khasi
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada