വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ചലച്ചിത്രരംഗത്തെ നൂതനാശയങ്ങള്‍ക്കും ഉള്‍ച്ചേര്‍ക്കലിനും പ്രാധാന്യം നല്‍കി, വനിതാ ചലച്ചിത്ര പ്രവർത്തകരെയും നവപ്രതിഭകളെയും സർഗാത്മക മികവിനെയും IFFI 2025 ആഘോഷമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ
Posted On:
07 NOV 2025 5:10PM by PIB Thiruvananthpuram
2025 നവംബർ 20 മുതൽ 28 വരെ ഗോവയില്‍ സംഘടിപ്പിക്കുന്ന 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ വിളംബര പരിപാടി ഇന്ന് ന്യൂഡൽഹിയിൽ നടന്നു. 81 രാജ്യങ്ങളില്‍നിന്ന് 240-ലേറെ സിനിമകളും 13 ലോക പ്രീമിയര്‍ ചിത്രങ്ങളും 4 അന്താരാഷ്ട്ര പ്രീമിയര്‍ ചിത്രങ്ങളും 46 ഏഷ്യൻ പ്രീമിയര്‍ ചിത്രങ്ങളും വിപുലവും വൈവിധ്യപൂർണവുമായ മേളയെ അടയാളപ്പെടുത്തുന്നു. 127 രാജ്യങ്ങളിൽ നിന്ന് 2,314 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് അപേക്ഷിച്ചത്. ആഗോള ചലച്ചിത്രമേളകളില്‍ ഐഎഫ്എഫ്ഐയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് അടിവരയിടുന്നു.

നൂതനാശയങ്ങളെയും ഉൾച്ചേര്‍ക്കലിനെയും പ്രതിഫലിപ്പിക്കുന്ന നിരവധി പുതിയ സംരംഭങ്ങൾ ഈ വർഷത്തെ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള അവതരിപ്പിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു. 50-ലേറെ വനിതാ സംവിധായകരുടെ സിനിമകള്‍ ഈ വർഷം പ്രദർശിപ്പിക്കുന്നത് ചലച്ചിത്രരംഗത്തെ സ്ത്രീശക്തിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സർക്കാരിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍, സ്ട്രീമിങ് ഉള്ളടക്കങ്ങളിലെ മികവിനെ അംഗീകരിക്കുന്നതിന് ഒടിടി പുരസ്കാരങ്ങള്‍ ഈ വർഷവും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരക്കഥാരചന, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദവിന്യാസം തുടങ്ങിയ മേഖലകളിലെ നവീനവും വളർന്നുവരുന്നതുമായ പ്രതിഭകളെ മേള തുടർന്നും പിന്തുണയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സിനിമകളുടെ വ്യാജപതിപ്പിനെതിരായ നിയമങ്ങൾ ശക്തിപ്പെടുത്താനും ചലച്ചിത്ര സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ ലളിതമാക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹുഭാഷാ സിനിമകൾക്ക് സിബിഎഫ്‌സി നടപ്പാക്കാന്‍ പോകുന്ന 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' സാക്ഷ്യപത്രം രാജ്യത്തിൻ്റെ സാംസ്കാരിക ഐക്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിൽ പോലും ഇന്ത്യൻ ചിത്രങ്ങള്‍ ഹോളിവുഡ് സിനിമകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലൂടെ ഇന്ത്യൻ സിനിമ ആഗോളതലത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു. ജപ്പാൻ, സ്പെയിൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ വർഷം രാജ്യാന്തര ചലച്ചിത്രമേളയില്‍ പുതിയ സഹകരണങ്ങൾക്ക് തുടക്കംകുറിക്കും. സംസ്ഥാനങ്ങളും സാംസ്കാരിക സംഘങ്ങളും പ്രൊഡക്ഷൻ ഹൗസുകളും പങ്കെടുക്കുന്ന ബൃഹത്തായ കാർണിവൽ പരേഡ് മേളയെ ഊർജസ്വലമാക്കുമെന്നും വിപുലമായ ഫിലിം ബസാർ അന്താരാഷ്ട്ര സഹനിർമാണങ്ങൾക്ക് പ്രോത്സാഹനമേകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഊർജസ്വലമായ വിനോദ - സാംസ്കാരിക പരിപാടി 'ഐഎഫ്-ഫിയസ്റ്റ’ സംഗീതവും സംസ്കാരവും വിനോദവും ആഘോഷമാക്കും. സിനിമ, ഭക്ഷണം, കല, സംവേദനാത്മക അനുഭവങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ സമൂഹങ്ങളെ ഒരുമിപ്പിക്കാൻ രൂപകല്പന ചെയ്ത ഈ പരിപാടി ചലച്ചിത്രമേളയില്‍ യുവജന - പൊതുജന പങ്കാളിത്തം വർധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാവുന്ന നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ വിനോദ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും കഥാഖ്യാനത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന സർഗാത്മക ഉപകരണമായി അതിനെ ചേര്‍ത്തുനിര്‍ത്തണമെന്ന് ശ്രീ ജാജു വ്യക്തമാക്കി.

ചലച്ചിത്ര നിർമാണത്തിൻ്റെയും ആസ്വാദനത്തിൻ്റെയും ലോകത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെന്നും കഥകളോട് ജനങ്ങള്‍ കാണിക്കുന്ന ഇഷ്ടം രാജ്യത്ത് ആഘോഷിക്കപ്പെടുന്നുവെന്നും ഐഎഫ്എഫ്ഐ 2025 ഡയറക്ടർ ശ്രീ ശേഖർ കപൂർ പറഞ്ഞു. കഥാഖ്യാനം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങൾക്കിടയിൽ തിരിച്ചറിവും സമാധാനവും കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയിലൂടെ യുവ ചലച്ചിത്ര പ്രവർത്തകരെ ശാക്തീകരിക്കുന്ന പ്രസ്ഥാനമാണ് ഫിലിം ബസാര്‍ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ കഥകൾ ലോകത്തോട് പങ്കുവെയ്ക്കാൻ സഹായിക്കുന്ന സർഗാത്മക ഉപകരണമായി നിര്‍മിതബുദ്ധിയെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓഝ, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ചലച്ചിത്രവിഭാഗം ജോയിൻ്റ് സെക്രട്ടറി ഡോ. അജയ് നാഗഭൂഷൺ, ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ ശ്രീ രാജാ ബുന്ദേല, എൻ എഫ് ഡി സി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മാഗ്ദം, ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ ശ്രീ ധരം ഗുലാത്തി എന്നിവർ ചലച്ചിത്രമേളയുടെ വിളംബരപരിപാടിയിൽ പങ്കെടുത്തു.
IFFI 56-ാം പതിപ്പിലെ പ്രധാന സവിശേഷതകളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2187436
***
(Release ID: 2187571)
Visitor Counter : 5