പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈയിൽ നടന്ന മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
प्रविष्टि तिथि:
29 OCT 2025 6:57PM by PIB Thiruvananthpuram
മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, സർബാനന്ദ സോനോവാൾ ജി, ശന്തനു താക്കൂർ ജി, കീർത്തി വർദ്ധൻ സിംഗ് ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, ഷിപ്പിംഗ്, മറ്റ് വ്യവസായങ്ങളിൽ നിന്നുള്ള നേതാക്കൾ, മറ്റ് വിശിഷ്ടാതിഥികൾ, സ്ത്രീകളേ, മാന്യരേ,
സുഹൃത്തുക്കളേ,
ഗ്ലോബൽ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. 2016 ൽ മുംബൈയിലാണ് ഈ പരിപാടി ആരംഭിച്ചത്, ഇന്ന് ഈ ഉച്ചകോടി ഒരു യഥാർത്ഥ ആഗോള പരിപാടിയായി പരിണമിച്ചിരിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. ഈ പരിപാടിയിൽ 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം തന്നെ ശക്തമായ ഒരു സന്ദേശം നൽകുന്നു. ഷിപ്പിംഗ് ഭീമന്മാരുടെ സിഇഒമാർ മുതൽ സ്റ്റാർട്ടപ്പുകൾ വരെയും, നയരൂപീകരണക്കാർ മുതൽ നിക്ഷേപകർ വരെയും എല്ലാവരും ഇന്ന് ഇവിടെ സന്നിഹിതരാണ്. ചെറിയ ദ്വീപ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും സന്നിഹിതരാണ്. നിങ്ങളുടെ കൂട്ടായ ദർശനം ഈ ഉച്ചകോടിയുടെ സമന്വയത്തെയും ഊർജ്ജത്തെയും വർദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ,
ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രധാന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപയുടെ ധാരണാപത്രങ്ങളും ഷിപ്പിംഗ് മേഖലയിൽ ഒപ്പുവച്ചു. ഭാരതത്തിന്റെ സമുദ്ര സാധ്യതകളിൽ ലോകം വളരുന്ന വിശ്വാസത്തെ ഇത് വ്യക്തമാക്കുന്നു. ഈ പരിപാടിയിലെ നിങ്ങളുടെ സാന്നിധ്യം ഈ ദർശനത്തോടുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
സുഹൃത്തുക്കളേ,
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ, ഭാരതത്തിന്റെ സമുദ്ര മേഖല വളരെ വേഗത്തിലും ഊർജ്ജസ്വലതയിലും മുന്നേറുകയാണ്. പ്രത്യേകിച്ച്, 2025 എന്ന വർഷം ഭാരതത്തിന്റെ സമുദ്ര വ്യവസായത്തിന് ഒരു നാഴികക്കല്ലാണ്. ഈ വർഷത്തെ ചില പ്രധാന നേട്ടങ്ങൾ ഞാൻ എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിലെ ഭാരതത്തിന്റെ ആദ്യത്തെ ആഴക്കടൽ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ഹബ് ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നു. അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ അവിടെ എത്തി, അത് ഓരോ ഇന്ത്യക്കാരനും വളരെയധികം അഭിമാനകരമായ നിമിഷമായിരുന്നു. 2024–25 ൽ, ഭാരതത്തിന്റെ പ്രധാന തുറമുഖങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ചരക്ക് അളവ് കൈകാര്യം ചെയ്തുകൊണ്ട് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. കൂടാതെ, ഒരു ഇന്ത്യൻ തുറമുഖം ആദ്യമായി മെഗാവാട്ട് തോതിലുള്ള തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ സൗകര്യം ആരംഭിച്ചു, ഇത് നമ്മുടെ കാണ്ട്ല തുറമുഖം നേടിയിട്ടുണ്ട്. ഭാരത് മുംബൈ കണ്ടെയ്നർ ടെർമിനലിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ജെഎൻപിടിയിൽ (ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ്) മറ്റൊരു പ്രധാന നാഴികക്കല്ല് കൈവരിച്ചു. ഇത് ടെർമിനലിന്റെ കൈകാര്യം ചെയ്യൽ ശേഷി ഇരട്ടിയാക്കി, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമാക്കി മാറ്റി. ഭാരതത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെയാണ് (എഫ് ഡി ഐ) ഇത് സാധ്യമായത്, ഇതിനായി സിംഗപ്പൂരിൽ നിന്നുള്ള ഞങ്ങളുടെ പങ്കാളികൾക്ക് ഞാൻ പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഈ വർഷം, സമുദ്രമേഖലയിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾക്കായി ഭാരതം പ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയൽ ഷിപ്പിംഗ് നിയമങ്ങൾ ഞങ്ങൾ റദ്ദാക്കുകയും ആധുനികവും ഭാവി ലക്ഷ്യമിട്ടുള്ളതുമായ 21-ാം നൂറ്റാണ്ടിലെ നിയമനിർമ്മാണം വഴി അവയെ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഈ പുതിയ നിയമങ്ങൾ സംസ്ഥാന മാരിടൈം ബോർഡുകളെ ശാക്തീകരിക്കുകയും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുകയും തുറമുഖ മാനേജ്മെന്റിന്റെ ഡിജിറ്റലൈസേഷൻ വികസിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
മർച്ചന്റ് ഷിപ്പിംഗ് ആക്ടിന് കീഴിൽ, ഞങ്ങൾ ഇന്ത്യൻ സമുദ്ര നിയമങ്ങളെ അന്താരാഷ്ട്ര കൺവെൻഷനുകളുമായി സമന്വയിപ്പിച്ചിരിക്കുന്നു. ഈ വിന്യാസം സുരക്ഷാ ഉറപ്പ് ശക്തിപ്പെടുത്തുകയും സുഗമമായി ബിസിനസ്സ് ചെയ്യുന്നത് വർദ്ധിപ്പിക്കുകയും ഗവൺമെന്റ് ഇടപെടൽ കുറയ്ക്കുകയും ചെയ്തു. ഈ ശ്രമങ്ങൾ നിക്ഷേപകരുടെയും എല്ലാ പങ്കാളികളുടെയും ആത്മവിശ്വാസം കൂടുതൽ വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
വ്യാപാരം സുഗമവും എളുപ്പവുമാക്കുന്നതിനാണ് തീരദേശ ഷിപ്പിംഗ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വിതരണ ശൃംഖല സുരക്ഷ വർദ്ധിപ്പിക്കുകയും ഭാരതത്തിന്റെ നീണ്ട തീരപ്രദേശത്ത് സന്തുലിത വികസനം ഉറപ്പാക്കുകയും ചെയ്യുന്നു. അതുപോലെ, ഒരു രാഷ്ട്രം - ഒരു തുറമുഖ പ്രക്രിയ തുറമുഖവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മാനദണ്ഡമാക്കുകയും ഡോക്യുമെന്റേഷൻ ജോലികൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഷിപ്പിംഗ് മേഖലയിലെ ഈ പരിഷ്കാരങ്ങൾ ഒരു തരത്തിൽ, നമ്മുടെ ദശാബ്ദക്കാലത്തെ പരിഷ്കരണ യാത്രയുടെ തുടർച്ചയാണ്. കഴിഞ്ഞ പത്ത് പതിനൊന്ന് വർഷക്കാലത്തേക്ക് തിരിഞ്ഞുനോക്കിയാൽ, ഭാരതത്തിന്റെ സമുദ്രമേഖലയിലെ പരിവർത്തനം ശരിക്കും ചരിത്രപരമാണ്. മാരിടൈം ഇന്ത്യ ദർശനത്തിന് കീഴിൽ 150-ലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. തൽഫലമായി, പ്രധാന തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയായി, കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടതിന് ശേഷം തിരികെ പോകാനെടുക്കുന്ന സമയം(ടേൺഎറൗണ്ട് സമയം) ഗണ്യമായി കുറഞ്ഞു, ക്രൂയിസ് ടൂറിസം പുതിയ കുതിപ്പ് കൈവരിച്ചു, ഉൾനാടൻ ജലപാതകളിലെ ചരക്ക് നീക്കം 700%-ത്തിലധികം വളർന്നു, പ്രവർത്തനക്ഷമമായ ജലപാതകളുടെ എണ്ണം 3 ൽ നിന്ന് 32 ആയി വർദ്ധിച്ചു, നമ്മുടെ തുറമുഖങ്ങളുടെ വാർഷിക മിച്ചം ഒരു ദശാബ്ദത്തിനുള്ളിൽ ഒമ്പത് മടങ്ങ് വർദ്ധിച്ചു.
സുഹൃത്തുക്കളേ,
ഇന്ന് വികസ്വര രാജ്യങ്ങളിലെ ഏറ്റവും കാര്യക്ഷമമായ തുറമുഖങ്ങളിൽ ഒന്നായി ഭാരതത്തിന്റെ തുറമുഖങ്ങൾ കണക്കാക്കപ്പെടുന്നു എന്നത് അഭിമാനകരമാണ്, കൂടാതെ പല കാര്യങ്ങളിലും അവ വികസിത രാജ്യങ്ങളിലെ തുറമുഖങ്ങളെപ്പോലും മറികടക്കുന്നു. കുറച്ച് കണക്കുകൾ കൂടി ഞാൻ പങ്കുവെക്കട്ടെ: ഭാരതത്തിലെ ശരാശരി കണ്ടെയ്നർ തങ്ങൽ സമയം മൂന്ന് ദിവസത്തിൽ താഴെയായി കുറഞ്ഞു, ഇത് നിരവധി വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. കപ്പലുകളുടെ ശരാശരി ടേൺഎറൗണ്ട് സമയം 96 മണിക്കൂറിൽ നിന്ന് വെറും 48 മണിക്കൂറായി കുറഞ്ഞു. ഈ മെച്ചപ്പെടുത്തലുകൾ ഇന്ത്യൻ തുറമുഖങ്ങളെ കൂടുതൽ മത്സരാധിഷ്ഠിതവും ആഗോള ഷിപ്പിംഗ് ലൈനുകൾക്ക് ആകർഷകവുമാക്കി. ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് പ്രകടന സൂചികയിലും ഭാരതം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
സുഹൃത്തുക്കളേ,
ഷിപ്പിംഗ് മേഖലയിലെ മാനവ വിഭവശേഷി മേഖലയിലും ഭാരതം ആഗോളതലത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ നാവികരുടെ എണ്ണം 1.25 ലക്ഷത്തിൽ നിന്ന് 3 ലക്ഷത്തിലധികമായി ഉയർന്നു. ലോകമെമ്പാടും നിങ്ങൾ ഏത് തീരപ്രദേശം സന്ദർശിച്ചാലും, ഇന്ത്യൻ നാവികരുള്ള ഒരു കപ്പൽ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും. ഇന്ന്, നാവികരുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളിൽ ഭാരതം ഇടം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിന്റെ കാൽഭാഗം ഇതിനകം കടന്നുപോയി. ഈ നൂറ്റാണ്ടിലെ അടുത്ത 25 വർഷങ്ങൾ കൂടുതൽ നിർണായകമാകും. അതുകൊണ്ടാണ് നമ്മുടെ ശ്രദ്ധ നീല സമ്പദ്‌വ്യവസ്ഥയിലും സുസ്ഥിര തീരദേശ വികസനത്തിലുമുള്ളത്. ഗ്രീൻ ലോജിസ്റ്റിക്സ്, തുറമുഖ കണക്റ്റിവിറ്റി, തീരദേശ വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവയിൽ ഞങ്ങൾ ശക്തമായ ഊന്നൽ നൽകുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ പ്രധാന മുൻഗണനകളിൽ ഒന്നാണ് കപ്പൽ നിർമ്മാണം. ലോകത്തിലെ പ്രധാന കപ്പൽ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായിരുന്നു ഭാരതം. ഇവിടെ നിന്ന് വളരെ അകലെയല്ലാതെ അജന്ത ഗുഹകളുണ്ട്, അവിടെ മൂന്ന് മാസ്റ്റുള്ള കപ്പൽ രൂപകൽപ്പന ചിത്രീകരിക്കുന്ന ആറാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗ് നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾ ആലോചിക്കണം, ആറാം നൂറ്റാണ്ടിലെ ഒരു നൂതന ത്രീ-മാസ്റ്റഡ് കപ്പൽ രൂപകൽപ്പന ചിത്രീകരിക്കുന്ന ഒരു കലാസൃഷ്ടി , അത് മറ്റ് രാജ്യങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷം മാത്രമാണ് സ്വീകരിച്ചത്. നിരവധി നൂറ്റാണ്ടുകളുടെ ഇടവേള ഉണ്ടായിരുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിൽ നിർമ്മിച്ച കപ്പലുകൾ ഒരുകാലത്ത് ആഗോള വ്യാപാരത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. പിന്നീട്, കപ്പൽ പൊളിക്കൽ മേഖലയിലും നമ്മൾ മുന്നേറി. ഇപ്പോൾ, കപ്പൽ നിർമ്മാണത്തിൽ പുതിയ ഉയരങ്ങളിലെത്താനുള്ള ശ്രമങ്ങൾ ഭാരതം വീണ്ടും ത്വരിതപ്പെടുത്തുകയാണ്. ഭാരതം ഇപ്പോൾ വലിയ കപ്പലുകൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പദവി നൽകിയിട്ടുണ്ട്. ഈ നയ തീരുമാനം ഇവിടെയുള്ള എല്ലാ കപ്പൽ നിർമ്മാതാക്കൾക്കും പുതിയ വഴികൾ തുറക്കും. ഇത് പുതിയ ധനസഹായ ഓപ്ഷനുകൾ നൽകും, പലിശ ചെലവുകൾ കുറയ്ക്കും, വായ്പാ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും.
സുഹൃത്തുക്കളേ,
ഈ പരിഷ്കരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന്, ഗവൺമെന്റ് ഏകദേശം 70,000 കോടി രൂപ നിക്ഷേപിക്കും. ഇത് ആഭ്യന്തര ശേഷി വർദ്ധിപ്പിക്കും, ദീർഘകാല ധനസഹായം പ്രോത്സാഹിപ്പിക്കും, ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് കപ്പൽശാലകളുടെ വികസനത്തിലേക്ക് നയിക്കും, വിപുലമായ സമുദ്ര കഴിവുകൾ സൃഷ്ടിക്കാൻ സഹായിക്കും, നമ്മുടെ യുവാക്കൾക്ക് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് നിങ്ങൾക്കെല്ലാവർക്കും പുതിയ നിക്ഷേപ അവസരങ്ങൾ തുറന്നു നൽകും.
സുഹൃത്തുക്കളേ,
ഇത് ഛത്രപതി ശിവാജി മഹാരാജിന്റെ നാടാണ്. സമുദ്ര സുരക്ഷയ്ക്ക് അടിത്തറ പാകുക മാത്രമല്ല, അറബിക്കടലിന്റെ വ്യാപാര പാതകളിൽ ഭാരതത്തിന്റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്തത് ഛത്രപതി ശിവാജി മഹാരാജാണ്. സമുദ്രങ്ങൾ വെറും അതിർത്തികളല്ല, മറിച്ച് അവസരങ്ങളിലേക്കുള്ള കവാടങ്ങളുമാണെന്ന് അദ്ദേഹത്തിന്റെ ദർശനം നമ്മെ പഠിപ്പിച്ചു. ഇന്ന്, ഭാരതം അതേ മനോഭാവത്തോടെയും ദർശനത്തോടെയും മുന്നോട്ട് നീങ്ങുകയാണ്.
സുഹൃത്തുക്കളേ,
ആഗോള വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഭാരതം ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരമുള്ള മെഗാ തുറമുഖങ്ങൾ ഞങ്ങൾ വികസിപ്പിക്കുകയാണ്, മഹാരാഷ്ട്രയിലെ വാധവനിൽ 76,000 കോടി രൂപയുടെ പുതിയ തുറമുഖം നിർമ്മിക്കപ്പെടുന്നു. നമ്മുടെ പ്രധാന തുറമുഖങ്ങളുടെ ശേഷി നാലിരട്ടിയാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. കണ്ടെയ്നറൈസ്ഡ് കാർഗോയിൽ ഭാരതത്തിന്റെ പങ്ക് വർദ്ധിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുന്നതിൽ നിങ്ങൾ ഞങ്ങളുടെ പ്രധാന പങ്കാളികളാണ്. നിങ്ങളുടെ ആശയങ്ങൾ, നൂതനാശയങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, തുറമുഖങ്ങളിലും ഷിപ്പിംഗിലും ഭാരതം 100% എഫ്ഡിഐ അനുവദിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾ അതിവേഗം വളരുകയാണ്. "മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" എന്ന ദർശനത്തിന് കീഴിൽ, ഞങ്ങൾ വിവിധ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാന ഗവൺമെന്റുകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക്, ഭാരതത്തിന്റെ ഷിപ്പിംഗ് മേഖലയിൽ ഏർപ്പെടാനും വികസിപ്പിക്കാനും ഇതാണ് ശരിയായ സമയം, അനുയോജ്യ സമയം.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മറ്റൊരു വലിയ ശക്തി നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യവും വിശ്വാസ്യതയുമാണ്. ആഗോള സമുദ്രങ്ങൾ പ്രക്ഷുബ്ധമാകുമ്പോൾ, ലോകം സ്ഥിരതയുള്ള ഒരു വിളക്കുമാടം തേടുന്നു, ഭാരതത്തിന് ആ വിളക്കുമാടത്തിന്റെ പങ്ക് വളരെ ശക്തിയോടെ വഹിക്കാൻ കഴിയും. ആഗോള പിരിമുറുക്കങ്ങൾ, വ്യാപാര തടസ്സങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന വിതരണ ശൃംഖലകൾ എന്നിവയ്ക്കിടയിൽ, തന്ത്രപരമായ സ്വയംഭരണത്തിന്റെയും സമാധാനത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും പ്രതീകമായി ഭാരതം നിലകൊള്ളുന്നു. നമ്മുടെ സമുദ്ര-വ്യാപാര സംരംഭങ്ങൾ ഈ വിശാലമായ ദർശനത്തിന്റെ ഭാഗമാണ്. ഇതിനുള്ള ഒരു തിളക്കമുള്ള ഉദാഹരണമാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇത് ആഗോള വ്യാപാര പാതകളെ പുനർനിർവചിക്കുകയും ശുദ്ധമായ ഊർജ്ജവും സ്മാർട്ട് ലോജിസ്റ്റിക്സും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ ശ്രദ്ധ എല്ലാവരേയും ഉൾക്കൊള്ളുന്ന സമുദ്ര വികസനത്തിലാണ്. സാങ്കേതികവിദ്യ, പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ചെറു ദ്വീപ് വികസ്വര രാജ്യങ്ങളും, ഒട്ടും വികസിതമല്ലാത്ത രാജ്യങ്ങളും ശാക്തീകരിക്കപ്പെടുമ്പോൾ മാത്രമേ ഇത് കൈവരിക്കാൻ കഴിയൂ. കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, സമുദ്ര സുരക്ഷ എന്നിവയുടെ വെല്ലുവിളികളെ നാം ഒരുമിച്ച് നേരിടണം.
സുഹൃത്തുക്കളേ,
സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോകത്തിന് സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും നമുക്കെല്ലാവർക്കും ഒത്തുചേരാം. ഈ ഉച്ചകോടിയുടെ ഭാഗമായതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും ഒരിക്കൽ കൂടി അറിയിക്കുന്നു.
നന്ദി.
****
(रिलीज़ आईडी: 2186581)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada