പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ ശാന്തി ശിഖർ - ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി, ബ്രഹ്മകുമാരിസമൂഹത്തെ അഭിസംബോധന ചെയ്തു
സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഊർജ്ജദായകമെന്ന ദർശനത്തിലൂടെ നാം വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്: പ്രധാനമന്ത്രി
ലോകസമാധാനം എന്ന ആശയം ഇന്ത്യയുടെ അടിസ്ഥാന ചിന്താഗതിയുടെ അവിഭാജ്യ ഘടകമാണ്: പ്രധാനമന്ത്രി
എല്ലാ ജീവജാലങ്ങളിലും ദൈവീകത കാണുന്നവരാണ് നമ്മൾ. ആത്മാവിൽ അനന്തതയെ ദർശിക്കുന്നവരാണ് നമ്മൾ; ഇവിടുത്തെ ഓരോ മതപരമായ ചടങ്ങും അവസാനിക്കുന്നത് ഗൗരവമേറിയ പ്രാർത്ഥനയോടെയാണ്— ലോക ക്ഷേമത്തിനായുള്ള പ്രാർത്ഥന, എല്ലാ ജീവജാലങ്ങളുടെയും നന്മയ്‌ക്കായുള്ള പ്രാർത്ഥന: പ്രധാനമന്ത്രി
ലോകത്ത് എവിടെയെങ്കിലും പ്രതിസന്ധിയോ ദുരന്തമോ ഉണ്ടാകുമ്പോഴെല്ലാം, ആദ്യ പ്രതികരണമായി, സഹായം എത്തിച്ചുകൊണ്ട്, വിശ്വസ്ത പങ്കാളിയായി, ഇന്ത്യ മുന്നോട്ട് വരുന്നു: പ്രധാനമന്ത്രി
Posted On:
01 NOV 2025 12:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ ആത്മീയ പഠനം, സമാധാനം, ധ്യാനം എന്നിവയ്ക്കായുള്ള ആധുനിക കേന്ദ്രമായ "ശാന്തി ശിഖർ" ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രഹ്മകുമാരി സമൂഹത്തെ അഭിസംബോധന ചെയ്തു.
ഛത്തീസ്ഗഢ് സംസ്ഥാനം സ്ഥാപിതമായതിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ ദിനം സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനൊപ്പം ഝാർഖണ്ഡും ഉത്തരാഖണ്ഡും സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ശ്രീ മോദി ആശംസകൾ നേർന്നു. "സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഇന്ധനം എന്ന ദർശനത്തിലൂടെ നമ്മൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്," പ്രധാനമന്ത്രി പറഞ്ഞു.
വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ ബ്രഹ്മകുമാരീസിനെ പോലുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബ്രഹ്മകുമാരീസ് കുടുംബവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെടാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ ആത്മീയ പ്രസ്ഥാനം ആൽമരംപോലെ പടർന്ന് പന്തലിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011-ൽ അഹമ്മദാബാദിൽ നടന്ന 'ഫ്യൂച്ചർ ഓഫ് പവർ' പരിപാടി, 2012-ൽ സ്ഥാപനത്തിന്റെ 75-ാം വാർഷികം, 2013-ലെ പ്രയാഗ്രാജ് പരിപാടി എന്നിവ ശ്രീ മോദി അനുസ്മരിച്ചു. ഡൽഹിയിൽ വന്നതിനു ശേഷവും, ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട പ്രചാരണമായാലും, സ്വച്ഛ് ഭാരത് അഭിയാനായാലും, അതുമല്ലെങ്കിൽ ജൽ ജൻ അഭിയാനുമായി ബന്ധപ്പെടാനുള്ള അവസരമായാലും, അവരുമായി സംവദിക്കുമ്പോഴെല്ലാം അവരുടെ പ്രവർത്തനങ്ങളിലെ ഗൗരവവും അർപ്പണബോധവും താൻ നിരന്തരം നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മകുമാരീസ് സ്ഥാപനവുമായി തനിക്കുള്ള ആഴമേറിയ വ്യക്തിപരമായ ബന്ധം പ്രകടമാക്കിയ പ്രധാനമന്ത്രി, ദാദി ജാനകിയുടെ സ്നേഹവും രാജയോഗിനി ദാദി ഹൃദയ മോഹിനിയുടെ മാർഗ്ഗനിർദ്ദേശവും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓർമ്മകളാണെന്ന് അനുസ്മരിച്ചു. 'ശാന്തി ശിഖർ – അക്കാദമി ഫോർ എ പീസ്ഫുൾ വേൾഡ്' എന്ന ആശയത്തിൽ അവരുടെ ചിന്തകൾ സാക്ഷാത്കരിക്കപ്പെടുന്നത് താൻ കാണുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും കാലങ്ങളിൽ ആഗോള സമാധാനത്തിന് വേണ്ടിയുള്ള അർത്ഥവത്തായ ശ്രമങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി ഈ സ്ഥാപനം ഉയർന്നുവരുമെന്ന് ശ്രീ മോദി പറഞ്ഞു. ശ്ലാഘനീയമായ ഈ സംരംഭത്തിന്, പരിപാടിയിൽ സന്നിഹിതരായ ഏവർക്കും ഇന്ത്യയിലും വിദേശത്തുമുള്ള ബ്രഹ്മകുമാരീസ് കുടുംബാംഗങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
പെരുമാറ്റം ധർമ്മത്തിന്റെയും, തപസ്സിന്റെയും, അറിവിന്റെയും ഏറ്റവും ഉദാത്ത രൂപമാണെന്നും, നീതിപൂർവകമായ പെരുമാറ്റത്തിലൂടെ നേടാനാവാത്തതായി ഒന്നുമില്ലെന്നും, പരമ്പരാഗതമായ ഒരുചൊല്ല് ഉദ്ധരിച്ചുകൊണ്ട് ശ്രീ മോദി വിശദീകരിച്ചു. വാക്കുകൾ പ്രവൃത്തികളായി മാറുന്നിടത്താണ് യഥാർത്ഥ പരിവർത്തനം സംഭവിക്കുന്നതെന്നും, അതാണ് ബ്രഹ്മകുമാരീസ് സ്ഥാപനത്തിന്റെ ആത്മീയ ശക്തിയുടെ ഉറവിടമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടുത്തെ ഓരോ സഹോദരിമാരും കഠിനമായ തപസ്സും ആത്മീയ അച്ചടക്കവും പാലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ സ്വത്വം തന്നെ ലോകത്തും പ്രപഞ്ചത്തിലും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രഹ്മകുമാരിസിന്റെ പ്രഥമ പ്രാർത്ഥന "ഓം ശാന്തി" ആണെന്നും, അതിൽ 'ഓം' ബ്രഹ്മത്തെയും മുഴുവൻ പ്രപഞ്ചത്തെയും സൂചിപ്പിക്കുന്നുവെന്നും, 'ശാന്തി' സമാധാനത്തിനായുള്ള അഭിലാഷത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ടാണ് ബ്രഹ്മകുമാരിസിന്റെ ചിന്തകൾ ഓരോ വ്യക്തിയുടെയും ആന്തരിക ബോധത്തിൽ അത്രയധികം ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലോകസമാധാനം എന്ന ആശയം ഇന്ത്യയുടെ അടിസ്ഥാന ചിന്തയുടെയും ആത്മീയ ബോധത്തിന്റെയും അവിഭാജ്യ ഘടകമാണ്," പ്രധാനമന്ത്രി പറഞ്ഞു. ഓരോ ജീവിയിലും ദൈവീകത കാണുകയും ആത്മാവിൽ അനന്തതയെ ദർശിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ക്ഷേമത്തിനും എല്ലാ ജീവജാലങ്ങൾക്കിടയിലും നന്മയുണ്ടാകാനും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് ഇന്ത്യയിലെ ഓരോ മതപരമായ ചടങ്ങും അവസാനിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ഉദാരമായ ചിന്തയും വിശ്വാസവും ആഗോള ക്ഷേമവും തമ്മിലുള്ള തടസ്സമില്ലാത്ത സംഗമം ഇന്ത്യയുടെ നാഗരിക സ്വഭാവത്തിൽ അന്തർലീനമായിട്ടുള്ളതാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ആത്മീയത സമാധാനത്തിന്റെ പാഠം പഠിപ്പിക്കുക മാത്രമല്ല, ഓരോ ഘട്ടത്തിലും സമാധാനത്തിന്റെ വഴി കാണിച്ചുതരികയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിയന്ത്രണം ആത്മജ്ഞാനത്തിലേക്ക് നയിക്കുന്നു, ആത്മജ്ഞാനം ആത്മാവബോധത്തിലേക്ക് നയിക്കുന്നു, ആത്മാവബോധം ആന്തരിക സമാധാനത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പാതയിൽ സഞ്ചരിക്കുന്നതിലൂടെ, ശാന്തി ശിഖർ അക്കാദമിയിലെ അന്വേഷകർ ആഗോള സമാധാനത്തിന്റെ ഉപാധികളായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഗോള സമാധാനത്തിനായുള്ള ദൗത്യത്തിൽ, പ്രായോഗിക നയങ്ങൾക്കും പരിശ്രമങ്ങൾക്കും ഉള്ള പ്രാധാന്യം പോലെയാണ് ആശയങ്ങൾക്കും ഉള്ള പ്രാധാന്യമെന്ന് അടിവരയിട്ടുകൊണ്ട്, ഈ ദിശയിലുള്ള തങ്ങളുടെ പങ്ക് നിറവേറ്റാൻ ഇന്ത്യ ആത്മാർത്ഥമായി ശ്രമിക്കുകയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "ലോകത്ത് എവിടെയെങ്കിലും പ്രതിസന്ധിയോ ദുരന്തമോ ഉണ്ടാകുമ്പോൾ, സഹായം നൽകാൻ ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയായി, ആദ്യ പ്രതികരണമായി മുന്നോട്ട് വരുന്നു," പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇന്നത്തെ പാരിസ്ഥിതിക വെല്ലുവിളികൾക്കിടയിൽ, പ്രകൃതി സംരക്ഷണത്തിനായുള്ള ആഗോളതലത്തിലെ പ്രമുഖ ശബ്ദമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതി നമുക്ക് നൽകിയതിനെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂവെന്നും ശ്രീ മോദി പറഞ്ഞു. നമ്മുടെ ഗ്രന്ഥങ്ങളും അതിന്റെ സൃഷ്ടാക്കളും ഈ ധാർമ്മികത നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മൾ നദികളെ അമ്മമാരായും, ജലത്തെ ദിവ്യമായും കണക്കാക്കുന്നുവെന്നും, വൃക്ഷങ്ങളിൽ ദൈവസാന്നിധ്യം ദർശിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും ഉപയോഗിക്കുന്നതിൽ ഈ വികാരമാണ് നമ്മെ നയിക്കുന്നത് എന്നും, അത് വെറും ചൂഷണത്തിനായിട്ടല്ല, മറിച്ച് തിരികെ നൽകാനുള്ള മനോഭാവത്തോടെയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിന് സുരക്ഷിതമായ ഭാവിക്കുള്ള വിശ്വസനീയമായ പാത നൽകാൻ ഈ ജീവിതരീതിയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിക്ക് വേണ്ടിയുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഇന്ത്യ മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യുന്നു എന്ന് അടിവരയിട്ടുകൊണ്ട്, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' പോലുള്ള സംരംഭങ്ങളും ഇന്ത്യയുടെ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന കാഴ്ചപ്പാടും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ആശയങ്ങളുമായി ലോകം കൂടുതൽ കൂടുതൽ യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിശാസ്ത്രപരമായ അതിർത്തികളെ മറികടന്ന് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ഇന്ത്യ മിഷൻ ലൈഫ് ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സമൂഹത്തെ തുടർച്ചയായി ശാക്തീകരിക്കുന്നതിൽ ബ്രഹ്മകുമാരീസ് സ്ഥാപനങ്ങളുടെ പ്രധാന പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി
ശാന്തി ശിഖർ പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്നും ഈ സ്ഥാപനത്തിൽ നിന്ന് പ്രസരിക്കുന്ന ഊർജ്ജം രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആഗോള സമാധാനമെന്ന ആശയവുമായി ബന്ധിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. , ശാന്തി ശിഖർ – അക്കാദമി ഫോർ എ പീസ്ഫുൾ വേൾഡ് സ്ഥാപിച്ചതിൽ എല്ലാവർക്കും ഒരിക്കൽക്കൂടി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു.
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രാമേൻ ഡേക്ക, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ് എന്നിവരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
***
SK
(Release ID: 2185206)
Visitor Counter : 10
Read this release in:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Kannada